Poems

'ഉലകനാഥന്‍'- ടി.പി. രാജീവന്‍ എഴുതിയ കവിത

ഉറങ്ങിക്കൊണ്ടുണരുന്നുഉലകനാഥന്‍ കാലത്ത്ജനനമരണ രജിസ്ട്രാറോഫീസ്സൂപ്രണ്ട് ഉലകനാഥന്‍ഡബിള്‍ എം.എ. രണ്ടും കറസ്‌പോണ്ടന്‍സ്അണ്ണാമലൈ!

Author : ടി.പി. രാജീവന്‍

ഉറങ്ങിക്കൊണ്ടുണരുന്നു
ഉലകനാഥന്‍ കാലത്ത്
ജനനമരണ രജിസ്ട്രാറോഫീസ്
സൂപ്രണ്ട് ഉലകനാഥന്‍
ഡബിള്‍ എം.എ. 
രണ്ടും കറസ്‌പോണ്ടന്‍സ്
അണ്ണാമലൈ!

ഉറങ്ങിക്കൊണ്ടുതന്നെ
അടുക്കള തുറക്കുന്നു
അടുപ്പില്‍ തീ കൂട്ടുന്നു
കടും കാപ്പി കാച്ചീട്ടൊരു
ഗ്ലാസുകുടിക്കുന്നു,
കുളിമുറീക്കടക്കുന്നു
പല്ലു തേപ്പു, മുഖം വടി
എന്നിത്യാദി കര്‍മ്മങ്ങള്‍
യഥാവിധി ചെയ്യുന്നു
ഉറങ്ങിക്കൊണ്ട്
ഉറങ്ങിക്കൊണ്ട്,
ഗസറ്റഡായിട്ടും
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍
തന്നെ തങ്ങും
അമ്പത്തിനാലായിട്ടും കല്യാണം കഴിക്കാത്തോന്‍
കര്‍മ്മയോഗി! സത്യസന്ധന്‍
ആരെവിടെ ജനിച്ചാലും
മരിച്ചാലും
ഒരുപോലെ കാണുന്നോന്‍
ഉലകനാഥന്‍ സൂപ്രണ്ട്.

മണിയാറടിക്കുന്നു
പാലു വന്നു മുട്ടുന്നു
പത്രം തൊട്ടുവിളിക്കുന്നു
പുറംലോകം തെളിയുന്നു.
ഉലകനാഥന്‍ കറിക്കുള്ള
കഷ്ണങ്ങളരിയുന്നു,
ഇഡ്ഢലിത്തട്ടുണരുന്നു
പ്രാതല്‍ റെഡി
പാത്രത്തില്‍ ഉച്ചയ്ക്കുള്ള
സാമ്പാറും ചോറും റെഡി,
ഉറങ്ങിത്തന്നെ
ഉലകനാഥനുറങ്ങിത്തന്നെ.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

എട്ടരയുടെ ബിടിഎസ്
ഹോണടിച്ചു റോഡുണര്‍ത്തി
സ്റ്റോപ്പില്‍ വന്നു നിന്നില്ല
അതിനു മുന്‍പേ പിന്നിലൂടെ
ഉലകനാഥന്‍ വലിഞ്ഞുകേറി
സീറ്റിലേക്കു ചാരിനിന്നു,
ഉറങ്ങിക്കൊണ്ടു
ഉറങ്ങിക്കൊണ്ടു
എല്ലാം ഉറങ്ങിക്കൊണ്ടു.

കീശയിലൊളിച്ചു പാര്‍ക്കും
വാച്ചു ചൊല്ലി
പത്തായെന്ന്.
പട്ടികയിലിന്നത്തെ
ആദ്യത്തെ ഒപ്പു വീണു
un  നെന്നു.
ഫയലിന്റെ കെട്ടഴിഞ്ഞു
പൊടി പറന്നു
ഒന്നു തുമ്മി
ഉലകനാഥന്‍ 
ഇന്നത്തെയാദ്യത്തെ
ക്വറി വരഞ്ഞു
വേഴ്ചതീര്‍ന്ന തൃപ്തിയോടെ
ഫയല്‍ മടക്കി റാക്കില്‍ വെച്ചു,
ഉറങ്ങിത്തന്നെ
ഉലകനാഥന്‍ ഉറങ്ങിത്തന്നെ. 

ഭിത്തിയിലെ ഘടികാരം
അഞ്ചായെന്നോര്‍മ്മിപ്പിച്ചു.
കൃത്യതയില്‍ കൃത്യക്കാരന്‍
ഉലകനാഥന്‍
എഴുതുന്നവിടെ നിര്‍ത്തി
പേന തിരിച്ചു ടോപ്പിട്ടു
സഞ്ചി തോളില്‍ ചാടിവീണു
ആരോടും പറയാതെ
നിര്‍മ്മമനായ് പുറത്തിറങ്ങി
വന്ന വഴി മറക്കാതെ
ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി
കിടക്ക തട്ടി വിരിക്കാതെ
വിരിപോലും മാറാതെ
കയ്യും കാലും കഴുകാതെ
മുഖത്തെ വിയര്‍പ്പൊപ്പാതെ
വെട്ടിയിട്ട വാഴപോലെ
കട്ടിലില്‍ കമിഴ്ന്നുവീണു
ഉണര്‍ന്നുകൊണ്ട്
കണ്‍ തുറന്നുണര്‍ന്നുകൊണ്ട്
ജനനമരണ രജിസ്ട്രാറോഫീസ് സൂപ്രണ്ട്
ഉലകനാഥന്‍.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി