1
ദുര്‍ഗ്ഗ* മരിച്ചദിവസം
ഞങ്ങള്‍ക്ക് പഠിത്തമുണ്ടായിരുന്നില്ല.
ഒന്നും നാലും ക്ലാസ്സുകള്‍ തമ്മില്‍ കലര്‍ത്തി,
ബെഞ്ചുകളും ബ്ലാക്ക്‌ബോര്‍ഡുകളും
കുത്തിച്ചാരി ജന്നലടച്ച്,
ഇരുട്ടുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
ഞങ്ങളെല്ലാം വീര്‍പ്പടക്കിയിരുന്നു.
തറയില്‍ ഓടിനടന്ന വെളിച്ചത്തിന്റെ
നാണയത്തുട്ടുകള്‍ പെറുക്കി
ഞങ്ങള്‍ക്കു ക്ഷമകെട്ടു.
(ഒരൊറ്റ കല്പനകൊണ്ട്
വെളിച്ചമുണ്ടാക്കിയ ദൈവം
പ്രൊജക്ടറിനു പിന്നിലിരുന്ന്
'പോരാ പോരാ' എന്ന്
സൂര്യനെ പഴിച്ചു.)
അരയ്ക്കു താഴെ കീലിന്റെ കറുപ്പും
വെങ്കിളിയുടെ മേല്‍ക്കുപ്പായവുമിട്ട
ഞങ്ങളുടെ പഴയ സ്‌കൂള്‍ക്കെട്ടിടം,
അന്നൊരു ദിവസം സിനിമാകൊട്ടകയായി.
വെള്ളിവീശിയ കുമ്മായച്ചുവരില്‍
അപുവും ദുര്‍ഗ്ഗയും ഓടിക്കളിച്ചു.
വെളിച്ചത്തിന്റെ ലാവ സഹിയാതെ
ആണിപ്പഴുതില്‍നിന്ന് പുറത്തിറങ്ങിയ
പഴുതാരയും അവര്‍ക്കൊപ്പം കൂടി.
അതുനീണ്ട് തീവണ്ടിയായി,
കരിമ്പിന്‍ പൂക്കുല വകഞ്ഞുകൊണ്ട്
പാഞ്ഞുപോകുന്നതിന്റെ ഇരമ്പം
ദിവസങ്ങളോളം ഞങ്ങളില്‍ മുഴങ്ങി.
2
പെട്ടെന്ന് കാറ്റും മഴയും വന്നു;
ഇടയ്ക്ക് കറന്റുപോയപ്പോഴൊക്കെ
ചങ്കുമുട്ടിയുള്ള ഞങ്ങളുടെ വിളികേട്ട
ദൈവം നേരിട്ടുവന്ന് ഫ്യൂസുകെട്ടിത്തന്നു.
എങ്കിലും കളിമുഴുമിക്കുംമുന്‍പേ
ദുര്‍ഗ്ഗയ്ക്ക് പനിച്ചു തുടങ്ങി.
പെണ്‍കുട്ടികള്‍ മുട്ടിലുയര്‍ന്ന്
സിതാറുകള്‍ക്കൊപ്പം തേങ്ങി.
സ്‌കൂള്‍വരാന്തയിലെ നായയുടെ
ഏങ്കോണിച്ച മോങ്ങലും.
അതോടെ കളിയും മുടങ്ങി.
കുത്തഴിഞ്ഞു നീണ്ടുപോയ
പീപ്പിയിലെ ഓലക്കാലുപോലെ
ചക്രംതെറ്റിയ ഫിലിംറോളുകള്‍
ചുരുട്ടിയെടുത്ത ദൈവത്തോടൊപ്പം
അപു തീവണ്ടികയറിപ്പോകുംവരെ
ഞങ്ങളും കാത്തുനിന്നു.
3
നഗരത്തിന്റെ ഒഡേസാ** പടവുകളിലിരുന്നാണ്
അപു ആദ്യമായി ചോരകണ്ടത്;
എണ്ണമറ്റിരട്ടിക്കുന്ന കഴുമരങ്ങള്‍ കണ്ടത്;
ക്യാമ്പുകളില്‍ കൃമികളെപ്പോലെ
കുന്തളിക്കുന്ന മനുഷ്യരെ കണ്ടത്;
ഒളിവിലിരുന്ന് നിഴലും വെളിച്ചവും
പിണഞ്ഞ് മാറാടുന്നതുകണ്ടത്.
കാഴ്ചകളുടെ ചാടുരുട്ടിക്കൊണ്ട്
പിന്നൊരു ദിവസം
തെരുവിലേയ്ക്കിറങ്ങിയ ദൈവം
എത്തിക്കുത്തിനിന്ന് ആകാശത്തൊരു
സിനിമാസ്‌ക്കോപ്പ് തിരശ്ശീല വരച്ചു.
മഴവില്ലിന്റെ ഞാണഴിച്ച്
നിറങ്ങളെ വാരിത്തേച്ചു.
അങ്ങനെയാണ് ആണ്ടോടാണ്ട്
കളിയാട്ടം പതിവായത്.
4
ഏറെക്കാലങ്ങള്‍ക്കുശേഷം
കോടതി വരാന്തയില്‍ വെച്ച്
ഇന്നലെ ദുര്‍ഗ്ഗയെ വീണ്ടും കണ്ടു.
കോര്‍ത്ത കൈപ്പത്തികളുടെ
ചതുരത്തിലേയ്ക്കാവാഹിച്ചെങ്കിലും
അവള്‍ മുഖം തന്നില്ല.
അടുത്ത കളിയാട്ടത്തിന്
കാണാമെന്ന് പറഞ്ഞുപിരിയുമ്പോള്‍,
-ഇടുങ്ങിയ കാഴ്ചകളുടെ പരിധിക്ക്
താനെന്നേ പുറത്തെന്ന്-
അവള്‍ ചിരിച്ചു.
-ശേഷം സ്‌ക്രീനില്‍...
* സത്യജിത് റായിയുടെ പഥേര്‍പാഞ്ജലിയിയിലെ അനശ്വര കഥാപാത്രത്തെ ഓര്‍ക്കാം. എസ്. ദുര്‍ഗ്ഗയെന്ന പുതിയ സിനിമയേയും.
** ഐസന്‍സ്റ്റീനിന്റെ ക്ലാസ്സിക് ചലച്ചിത്രം ബാറ്റില്‍ഷിപ്പ് പൊതെംകിന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates