ഒന്ന്
മുതുമുത്തച്ഛനു പണ്ട്
പരുമുറ്റി പനിച്ചപ്പോള്‍
കടലാവണക്കരച്ച്
കഷായം വെയ്ക്കാന്‍
ചുവടോ, ടേഴിലംപാല-
പട്ടുവീണ പറമ്പിലെ
പശമണ്ണു കുഴച്ചൊരു
കലം മെനഞ്ഞു.
കഷായക്കൂ, ട്ടടുപ്പത്ത്
തിളവെട്ടി പതയുമ്പോള്‍
പരുവിന്റെ മുഖം താനേ
പഴുത്തുപൊട്ടി
മുപ്പതുനാള്‍ മുടങ്ങാതെ
മേമ്പൊടിയും കഷായവും;
പനി നേരത്തോടുനേരം
പടി കടന്നു.
''കലം പൊട്ടിച്ചെറിയല്ലേ
കുറിപ്പടി കളയല്ലേ,
ദുഷിപ്പിന്റെ വരുംകാല-
ത്തുപകരിക്കും;
തലമുറ,യ്ക്കൊരാള്‍ക്കെന്ന
കണക്കിനീ പനിവീണ്ടും
വരുമ്പോഴാര്, എവിടെ?
എന്നറിയില്ലല്ലോ...''
പറവടിച്ചള,ന്നേഴു
പതംവാങ്ങി മടങ്ങുമ്പോള്‍
പറയാതെ പറഞ്ഞെന്നു
വരുത്തി വൈദ്യന്‍....
കഷായക്കൊ,ത്തൊഴിക്കുമ്പോള്‍
കലംകാണാന്‍ പലരെത്തി
കഴുത്തൊപ്പമൊരാള്‍ക്കതി-
ലൊളിച്ചു പാര്‍ക്കാം!
നിലവറക്കുഴിക്കുള്ളില്‍
വാവട്ടം ചുവടറ്റം
വരിഞ്ഞ വൈക്കോല്‍ത്തിരിയില്‍
കലംപൊതിഞ്ഞു.
രണ്ട്
കടന്നു പന്തിരാണ്ടെന്ന്
അതേ മുഴു,പ്പതേ സ്ഥാനം
പരുപൊങ്ങി പനിച്ച്
അച്ഛനലറിത്തുള്ളി.
അടുപ്പത്തു കലംവെച്ചി-
ട്ടവിടെല്ലാം തിരഞ്ഞിട്ടും
കുറിപ്പടിക്കടലാസ്
വെളിപ്പെട്ടില്ല.
വൈദ്യരെ തിരഞ്ഞുപോയോ-
രതുപോലെ തിരിച്ചെത്തി
-അയാള്‍ക്കോര്‍മ്മത്തളംവെച്ച്
കിടപ്പിലത്രേ!
കടലാവണക്കരച്ച്
പിഴിഞ്ഞൂറ്റി, ഓര്‍മ്മയില്‍ നി-
ന്നടുക്കളക്കാരി വീണ്ടും
കഷായം വെച്ചു.
മൂന്നിരട്ടി മേമ്പൊടിയും
നല്ലിരിപ്പും കഴിഞ്ഞപ്പോള്‍
മുളപൊട്ടി പരുവങ്ങി
പനി കുറഞ്ഞു.
കലംമോറി കമഴ്ത്തുമ്പോള്‍
അപവാദം പറഞ്ഞാരോ
''കലം കാക്കുവോളം പനി-
യടങ്ങുകില്ല.
പരുവിന്റെ മുളനുള്ളാന്‍
കലമെറിഞ്ഞുടയ്ക്കേണം
വരുകാലത്തിനി രോഗ-
ഭയം വേണ്ടല്ലോ...''
മൂന്ന്
കാലമേറെ കഴിഞ്ഞിട്ടി-
ന്നെനിക്കാകെ തണുക്കുന്നു;
ഉമിനീരി,ലറിയാതെ
വിഷം കയ്ക്കുന്നു.
ചിലരിഷ്ടം പറഞ്ഞു
വന്നടുക്കുന്നു,ണ്ടിനിചിലര്‍
പകരുമെന്നപവാദം
പറഞ്ഞുപോകെ;
കലമില്ല കടലാവ-
ണക്കുമില്ല, കഷായക്കൂ-
ട്ടറിയില്ല തിളപ്പിക്കാ-
നടുപ്പുമില്ലാ-
തിവിടെ ഗൂഗിളില്‍ തിര-
ഞ്ഞൊടുവില്‍ ഞാനറിയുന്നു
ഭയം കപ്പലിറങ്ങുന്ന
വഴികളെല്ലാം;
തലമുറക്കണക്കാവര്‍-
ത്തനങ്ങള്‍; ജീവനെ തുട -
ച്ചെടുത്തുകൊണ്ടതിന്‍ പലാ-
യനങ്ങളെല്ലാം...
ചിത്രീകരണം - സുരേഷ്‌കുമാര്‍ കുഴിമറ്റം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates