Poems

'ചാരം'- എം.ആര്‍. രേണുകുമാര്‍ എഴുതിയ കവിത

കെട്ടിയോന്‍ചത്തപ്പോഴാണ്കെട്ടിയോന്റെആള്‍ക്കാരുടെതനിക്കൊണംപുറത്തുവന്നത്

എം.ആര്‍ രേണുകുമാര്‍

കെട്ടിയോന്‍
ചത്തപ്പോഴാണ്
കെട്ടിയോന്റെ
ആള്‍ക്കാരുടെ
തനിക്കൊണം
പുറത്തുവന്നത്

ഉള്ളതൊക്കെ
വാരിവലിച്ച്
ബാഗില്‍ കുത്തിക്കേറ്റി
എളേതിനെ
എളിയിലും വെച്ച്
മൂത്തതിനെ
കയ്യിലും തൂക്കി
കടമ്പയിറങ്ങുമ്പോള്‍
ആരെങ്കിലും
വിളിച്ചേക്കുമോന്ന്
മനസ്സൊന്നു തേങ്ങി;
പക്ഷേ, ഉണ്ടായില്ല

പരിചയക്കാരുടെ
ചോദ്യങ്ങള്‍ക്ക്
വായില്‍തോന്നിയ
മറുപടികള്‍ പറഞ്ഞ്
ബസു കയറി
ഓട്ടോ പിടിച്ച്
നടന്നുവലഞ്ഞ്
കടത്തിറങ്ങി
വീട്ടിലേക്കു നീളുന്ന
വരമ്പത്ത് കാലുതൊട്ടപ്പോള്‍
ഉള്ളുലഞ്ഞ് തൂവിപ്പോയി

കുട്ടികളെ അമ്മേടെ
കയ്യിലേക്കറിഞ്ഞിട്ട്
മുറിയുടെ മൂലയിലെ
കയറ്റുകട്ടിലിലേക്ക്
കടപുഴകിവീണു

രാത്രിവന്നുപൊതിഞ്ഞു
ആരുമില്ലാത്തവര്‍ക്ക്
രാത്രിയുണ്ടെന്ന് തോന്നി

കെട്ടിച്ചുവിട്ടാല്‍
പിന്നെ, കെട്ടിയോന്റെ
വീടാണ് വീട്
കെട്ടിയോന്‍ ചത്താല്‍
പിന്നെ, ചെന്നവീടുമില്ല
ഇറങ്ങിയ വീടുമില്ല

അമ്മയും
കിടപ്പിലായ അപ്പനും
സഹോദരനും
കൈക്കുഞ്ഞുമായിരിക്കുന്ന
അവന്റെ പെണ്ണുമായി
ഒറ്റമുറിവീട്ടില്‍
എത്രനാളുന്തിത്തള്ളും

പണ്ടേയിത്
നരകമായിരുന്നു
നിന്നെ കെട്ടിയെടുത്തതോടെ
നരകത്തിന് തീയും പിടിച്ചല്ലോ
കുടിച്ചുവളര്‍ന്ന മുലകള്‍
ഇടിച്ചുചതച്ച് അമ്മ നിന്നുതുള്ളി

കുട്ടികളെ വാരിപ്പിടിച്ച്
ഇരുട്ടിലേക്കിറങ്ങി
ഇരുട്ടെപ്പോഴുമുണ്ടല്ലോ

ഇരുട്ടതിന്റെ
കൈകളാല്‍ ചേര്‍ത്തു
ചില കൈകളിലൊക്കെ
പെട്ടുപോയി
ചില കൈകള്‍ തട്ടിമാറ്റി
ചിലതിലമര്‍ന്ന്
നൂറ്റാണ്ടുകളോളം
പെയ്തുതോര്‍ന്നു

കുട്ടികളുമായി
എവിടൊക്കെയോ
ഉറങ്ങി, ഉണര്‍ന്നു
നാട്ടില്‍ത്തന്നെ
പിടിച്ചുനിന്നു
ആരുടെ മുന്നിലും
കൈനീട്ടിയില്ല
പണിയെടുത്തു ജീവിച്ചു
പഞ്ചായത്ത്
കയറിയിറങ്ങി
മൂന്ന് സെന്റിന്റെ
ഉടമയായി
തകരഷീറ്റും
ടാര്‍പോളിനും കൊണ്ട്
കൂരവെച്ച്, വേലികെട്ടി
വിരലുകള്‍ കോര്‍ത്ത്
തലയ്ക്ക് താങ്ങുവെച്ച്
പുതിയ പുതിയ
സ്വപ്നങ്ങള്‍ നെയ്ത്
അന്തസ്സോടെ ഉറങ്ങി

അപ്പന്‍ കെട്ടുപോയപ്പോള്‍
വഴിയാധാരമായ അമ്മയെ
വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു,
കുട്ടികളെ ഒരോന്നായി
സ്‌കൂളില്‍ ചേര്‍ത്തു
കുടുംബശ്രീയില്‍
മെമ്പെറായി,
കൂട്ടുകാരായി
മണ്ണു തന്ന പഞ്ചായത്ത്
വീടും വെച്ചുതന്നു

ആരും കാണാതെ
ഇരുട്ടത്തിരുന്നു കരഞ്ഞു,
ഇരുട്ടത്തിഴഞ്ഞുവന്ന
കളിക്കൂട്ടുകാരന്റെ
ചിരപരിചിതമായ
വിരലുകളോട് പറഞ്ഞു

കെട്ട്യോളേം
പിള്ളാരേം ഒന്നും
കളഞ്ഞിട്ടുവരേണ്ട
എല്ലുറപ്പുണ്ടേല്‍
നിങ്ങക്കു തോന്നുമ്പോ
പകല്‍ വെട്ടത്തിലും
എന്റെ വീട്ടിലേക്ക് വന്നോ

നിങ്ങളൊരു
കട്ടയിരുട്ടാണ് മനുഷ്യാ
ഇരുട്ടില്ലാതെ എനിക്ക്
ജീവിക്കാനാവില്ല,
ഞാന്‍ കത്തണമെങ്കില്‍
നിങ്ങടെയൊരു
തുള്ളിയെങ്കിലും വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

SCROLL FOR NEXT