ഇതുവരേയും നമ്മളെഴുതാത്ത
ഭാവനാരതികളോട് കലഹിച്ചിരുന്നവര്‍
വന്നു നില്‍ക്കുന്നു വാതായനങ്ങളില്‍
വാണിഭക്കാര്‍ വന്നുടച്ച നിലങ്ങളില്‍
നിയമശാഠ്യങ്ങളെങ്ങ്, നിരാലംബ
നിര്‍വ്വികാര തപസ്വികളെങ്ങെങ്ങ്.
നിയമപുസ്തകം നീതികള്‍ ചേറിയ
നിറമുഖങ്ങളില്‍ നേരാമറിവുകള്‍.
നിറനിലാപ്പാതിരാത്രിക്ക് കപ്പം കൊടുക്കുന്ന
വാടകക്കാര്‍ വകഞ്ഞുമാറ്റി, ചില
വിഷമവൃത്തങ്ങള്‍ വാക്കേറ്റി നില്‍ക്കുന്നു.
ഇതുവരേയും നമ്മളറിയാത്ത കൗതുകം
ഇനിവരാനുള്ള വാക്കും പരാതിയും
പഥികനേതോ വിരല്‍തൊട്ടുണര്‍ത്തുന്നു-
രുദ്രവീണയില്‍ രാസനിദ്രാടനം.
ചതിവിതച്ചവര്‍ കൊയ്യുന്നു ഭ്രാന്തിന്റെ
ദുഷ്ടലഹരിക്കിതപ്പിലെന്നോര്‍മ്മകള്‍
ദുഷ്ടദൈവത്തിന് ഭൃഷ്ടസിംഹാസനം
ശിഷ്ടശൈലങ്ങള്‍ കൊത്തിമാറ്റുവാന്‍
മുഷ്ടികൊണ്ടിടിച്ച മണ്‍പാതകള്‍
കഷ്ടകാലങ്ങള്‍ നക്കിത്തുവര്‍ത്തുന്നു.
ഇതുവരേയും നമ്മളരുതാത്ത വേഴ്ചകള്‍ക്ക്
അറുതിതേടിത്തുഴഞ്ഞ നേരാഴികള്‍
ഇന്നലത്തെ മഴക്കറുപ്പിന്റെ മേല്‍
വെള്ളിവെട്ടം വിതറുന്നതെന്തിന്.
ചിതയെരിഞ്ഞെങ്കിലാകട്ടെ, ചാരന്റെ
ചതിപെരുത്ത ചിരകാലവാഴ്വുകള്‍
കൊതിപെരുത്തവര്‍ കെട്ടുന്നു നോവിന്റെ
വിതകളും കൊയ്ത്തുപാടവും നന്മയും.
ഇതുവരെയും നമ്മളറിഞ്ഞ ദുരന്തങ്ങള്‍
ഗതിനിലച്ച തീക്കാറ്റും കവിതയും
മതിവരാത്ത ധിക്കാരവും ശാഠ്യവും
നുണയിലകള്‍ കൊഴിയാത്ത കാലവും
നിണച്ചുകപ്പിന്റെ നീതിബോധങ്ങളും
നിഴലിനോട് കയര്‍ത്ത കൗമാരവും
മഴകളോടുചൊടിച്ച യുവത്വവും
മൊഴികളെ നെഞ്ചിലേറ്റി വാര്‍ദ്ധക്യവും
മിഴികള്‍ കത്തുന്ന ചിതയും വികാരവും
തന്നയല്‍ക്കാരനോടുള്ള താപവും
ഇന്നലത്തെ മഴ നനഞ്ഞന്തിയില്‍
വന്നുണര്‍ത്തുന്ന പാട്ടും കവിതയും.
കേട്ടതില്ലെന്ന് കോമരത്തുള്ളലും
കോട്ടമില്ലെന്ന് കാണിക്കവഞ്ചിയും.
നിന്നുറഞ്ഞ വികാരവും പ്രേമവും
വന്നിടത്തേക്ക് യാത്രയാകുമ്പൊഴും
ഇതുവരെ നമ്മളാറ്റിയ നന്മകള്‍
വന്മരങ്ങള്‍ പതിച്ച നട്ടുച്ചകള്‍
വന്നുണര്‍ത്തുന്നു വാതില്‍ തുറക്കുവാന്‍
നേരമായെന്ന് നേരാമറിവുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates