Poems

രണ്ട് കവിതകള്‍: പ്രസന്ന വര്‍മ്മയുടെ കവിതകള്‍

ഒരു പെരുങ്കാടിനെയൊന്നാകെ ഒരൊറ്റമരത്തില്‍ ഭൂമി കുരുക്കിയിട്ടപ്പോഴാവണം നീയെന്ന ആല്‍മരമുണ്ടായത് 

പ്രസന്ന വര്‍മ്മ

1

അശരീരി 


ഒരു പെരുങ്കാടിനെയൊന്നാകെ 
ഒരൊറ്റമരത്തില്‍ ഭൂമി 
കുരുക്കിയിട്ടപ്പോഴാവണം 
നീയെന്ന ആല്‍മരമുണ്ടായത് 

ജീവിതപാഠങ്ങളുടെ കനത്ത ജടവേരുകള്‍ 
മൗനമുറഞ്ഞു തൂങ്ങുന്നതും
ശാന്തമായ നിന്റെ തണുപ്പില്‍ 
കാലം കണ്ണടച്ചുറങ്ങുന്നതും 
കോടാനുകോടി ജീവജാലങ്ങള്‍ 
നിന്നുടലില്‍ അരിച്ചുനീങ്ങുന്നതും 

എനിക്കു കാണാനാവുന്നുണ്ട് 

പക്ഷേ,

അതെന്നെ 
കാറ്റല്ലാതാക്കുന്നതെങ്ങനെ?

നിന്നിലൂടെ കടന്നുപോകാനല്ലാതെ 
നിന്നില്‍ അവസാനിക്കുവാന്‍ 
എനിക്കാകുന്നതെങ്ങനെ?

ഇലകള്‍ പൊഴിക്കുവാനല്ലാതെ 
പൂക്കള്‍ വിടര്‍ത്തുവാന്‍ 
ഞാന്‍ പഠിക്കുന്നതെങ്ങനെ?

ചിറകുകളുടെ നിസ്സഹായതയെ 
നീ 
സ്വാതന്ത്ര്യമെന്നു വിളിച്ചതെങ്ങനെ?

2

ഇഴജന്മം 

ഒച്ച് ഓടാറില്ല
നടക്കാറുമില്ല
ഇഴയലുകളാണ് ഒച്ച്

എത്തേണ്ടിടം മറന്നതുകൊണ്ട്
നിര്‍ത്താനാകാത്ത ഇഴയലുകള്‍
തിരിഞ്ഞുനോക്കാന്‍
സമയമെടുക്കുമെന്നതിനാല്‍
അളക്കാനാകാത്ത ഇഴയലുകള്‍

ഒരുനുള്ളു പ്രണയത്തിന്റെ ഉപ്പുരസംകൊണ്ട് ആര്‍ക്കും
അലിയിച്ച്  അവസാനിപ്പിക്കാനാവുന്ന ഇഴയലുകള്‍

ഇഴഞ്ഞിരുന്നു എന്നതിന്റെ ഓര്‍മ്മയ്ക്കു
ചുറ്റും ചൂഴ്ന്ന ചുമരുകളില്‍
തളര്‍ന്ന വെള്ളിനൂല്‍ വരയെഴുത്താണ് ഒച്ച്

വായിക്കാന്‍ മെനക്കെടേണ്ട
ഇഴച്ചിലിന്റെ ഭാഷ
ഓടുന്നവര്‍ക്കു വഴങ്ങില്ല
നടക്കുന്നവര്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

SCROLL FOR NEXT