Reports

കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടും മാനത്തമ്പിളിമാമനെക്കാട്ടീട്ടും 'മാമു' കൊടുക്കാറില്ല അമ്മമാര്‍; ഭക്ഷണം കഴിപ്പിക്കുന്ന നേരം യൂട്യൂബ് പ്ലേചെയ്യും: കുട്ടികളുടെ ജീവനെടുക്കുന്ന ഡിജിറ്റല്‍ അടിമത്തത്തെക്കുറിച്ച്

സതീശ് സൂര്യന്‍

കൊവിഡ് കാലം കഴിഞ്ഞതിനുശേഷം നമ്മുടെ കുടുംബങ്ങളില്‍ ആശങ്ക പടര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. നമ്മുടെ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ അടിമത്തമാണ് അത്. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസമെന്നു കരുതാനാകില്ല. ഈയടുത്ത് ബംഗലൂരുവില്‍ നിന്നുവന്ന ഒരു ദുരന്തവാര്‍ത്ത നമ്മോട് പറഞ്ഞത് പതിനാലുകാരനായ മകനെ അച്ഛന്‍ അടിച്ചുകൊന്ന സംഭവമാണ്. മകന്റെ മൊബൈല്‍ ഫോണ്‍ അടിമത്തത്തില്‍ കോപം പൂണ്ടാണ് ആ പിതാവ് മകനെ അടിച്ചുകൊന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

കേരളത്തില്‍നിന്നും നമ്മള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുകയും അതിനെച്ചൊല്ലി ശകാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പതിനഞ്ചും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ ജീവനൊടുക്കുകയുണ്ടായി. ഇതേ കാരണത്താല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ കുറച്ചുകാലമായി നമ്മുടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചുതുടങ്ങിയിട്ട്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചും മറ്റും ഉണ്ടാകുന്ന അപകടങ്ങളില്‍ കുട്ടികള്‍ മരിക്കുകയോ അവര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയോ ചെയ്യുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ക്കു പുറമേയാണിത്. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ പറയുന്നത് ഡിജിറ്റല്‍ ഉപകരണങ്ങളോടുള്ള ആസക്തി (Digital addiction) നിമിത്തം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 19 കുട്ടികള്‍ക്ക് ഈ രീതിയില്‍ ജീവന്‍ നഷ്ടമായി എന്നാണ്. ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ഇത് സംബന്ധിച്ച് കെ.ജെ. മാക്‌സിയുടെ ചോദ്യത്തിനു മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഈ കണക്കുകളുണ്ട്.

ഇതേ കാലയളവില്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ മായികവലയത്തില്‍ കുടുങ്ങിയ 22 കുട്ടികള്‍ അവ മുഖേന മയക്കുമരുന്നുകള്‍ക്ക് അടിമകളായി എന്നും ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയമായി എന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള സ്ഥിതിവിവരക്കണക്കുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് വെളിവാക്കുന്നത് എന്നും കൂടി പറയണം. ഇത്തരം കേസുകളില്‍ ഒരു ഭാഗം മാത്രമാണ് മുന്നില്‍ വരുന്നതെന്നും ഡിജിറ്റല്‍ ആസക്തിയുടെ യഥാര്‍ത്ഥ ഇരകളുടെ എണ്ണം ഇതിലും ഏറെക്കൂടുതലായിരിക്കുമെന്നും പൊലിസ് പറയുന്നു.

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളാണ് കുട്ടികളെ ബാധിക്കുന്ന മറ്റൊരു ഡിജിറ്റല്‍ വെല്ലുവിളി. മദ്ധ്യകാലയുഗത്തില്‍ യൂറോപ്പിനെ ഗ്രസിച്ച ദുര്‍മന്ത്രവാദിനിപ്പേടിയെ അനുസ്മരിപ്പിക്കുംമട്ടില്‍ മാദ്ധ്യമങ്ങളില്‍ പടര്‍ന്നുപിടിച്ച ബ്ലൂവെയ്ല്‍ ചലഞ്ചുകളെ സംബന്ധിച്ച വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍നിന്നും മാഞ്ഞിട്ട് അധികമായിട്ടില്ല.

തീര്‍ച്ചയായും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നു വിളിക്കപ്പെടുന്നവ നമ്മുടെ ജീവിതത്തെ സുഗമമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അവ വേണ്ടെന്നു വെയ്ക്കാനും നമുക്കാകില്ല. അവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരിക്കുമ്പോള്‍ തന്നെ അവ സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും നാം ബോധവാന്മാരാകേണ്ടതുണ്ട് എന്ന വസ്തുതയിലേക്കാണ് നമ്മുടെ നാട്ടിലെ കുട്ടികളുടെ ആത്മഹത്യകള്‍ വിരല്‍ചൂണ്ടുന്നത്. സാങ്കേതികവിദ്യകൊണ്ട് നിരവധി പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും അവയുടെ അമിതോപയോഗവും ദുരുപയോഗവും (Overuse and abuse) കുട്ടികളിലും കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വിമാനവും റേഡിയോയും സൃഷ്ടിച്ച മാറ്റങ്ങളെ ഓര്‍മ്മിപ്പിക്കുംവിധമെങ്കിലും അവയെക്കാള്‍ ദൂരവ്യാപകമായ ഫലങ്ങളാണ് ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റങ്ങള്‍ മനുഷ്യരാശിക്കു നല്‍കിയിട്ടുള്ളത്. നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായ ആദ്യകാലങ്ങളില്‍ സെല്‍ഫോണ്‍ ചെലവേറിയ കാര്യമായതുകൊണ്ട് മിക്കവാറും സമ്പന്നവിഭാഗങ്ങളില്‍ അവയുടെ ഉപയോഗം ഒതുങ്ങി. ചിലപ്പോള്‍ അതിനു ലിംഗപരമായ ഒരു പക്ഷപാതിത്വം (Gender bias) പോലുമുണ്ടായിരുന്നു. ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ ഉള്ള വീടുകളിലെ വീട്ടമ്മമാര്‍ അത് വിനിമയത്തിനു ഉപയോഗിച്ചപ്പോള്‍ ജോലിക്കാരനായ ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. പിന്നീട് ഈ സാങ്കേതികവിദ്യ കൂടുതല്‍ പ്രചാരമാര്‍ജ്ജിച്ചതോടെ ഹൈ എന്‍ഡ് ഫോണുകളും സ്മാര്‍ട്ട് ഫോണുകളും പുരുഷന്മാരുടെ കൈകളിലും അവര്‍ മുന്‍കാലങ്ങളില്‍ കൈവശം വെച്ചുപോന്ന പരിമിതമായ ഉപയോഗങ്ങളുള്ള ഫീച്ചര്‍ ഫോണുകള്‍ അവരുടെ ഭാര്യമാരുടേയും കുടുംബാംഗങ്ങളായ സ്ത്രീകളുടെ കൈകളിലുമായി. ക്രമേണ ഭരണകൂടം തന്നേയും പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ആക്കിയതോടെ ഒരു പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാ ജോലികളും നിര്‍വ്വഹിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകളായി ഏവരുടേയും കൈകളില്‍. കൊവിഡ് കാലത്തെ അടച്ചിടലോടെ (Shut down) വീടുകളിലിരുന്നു ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി അവ ഉപയോഗിച്ചു തുടങ്ങിയതോടെ സമൂഹം പൂര്‍ണ്ണമായ ഡിജിറ്റല്‍ ആശ്രിതത്വത്തിലേയ്ക്ക് നീങ്ങി.

ചുരുക്കത്തില്‍ ടാബും മൊബൈല്‍ ഫോണും കംപ്യൂട്ടറും ടി.വിയും അടങ്ങുന്ന ഡിജിറ്റല്‍ ഡിവൈസുകള്‍ നമുക്ക് ഒഴിച്ചുകൂടാനാകാത്തവയായി മാറി. ആ ലോകത്തേയ്ക്കാണ് ഇന്ന് കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത്. പിറന്നുവീഴുന്നതു മുതല്‍ ആ കുട്ടികള്‍ കാണുന്നത് ഈ ഉപകരണങ്ങളാണ്. കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടും മാനത്തമ്പിളിമാമനെക്കാട്ടീട്ടും അമ്മമാര്‍ 'മാമു' കൊടുക്കാറില്ല കുഞ്ഞുങ്ങള്‍ക്ക് ഇന്ന്. പകരം ഭക്ഷണം കഴിപ്പിക്കുന്ന നേരത്ത് യുട്യൂബ് പ്ലേ ചെയ്യും. അനിമേഷനുകളും കാര്‍ട്ടൂണുകളും കാണിക്കും. ഇങ്ങനെയൊരു ലോകത്തേക്ക് പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത് 'ഡിജിറ്റല്‍ നേറ്റീവ്‌സ്' എന്നാണെങ്കില്‍ ജീവിതത്തിലെപ്പോഴെ സാങ്കേതികവിദ്യയുടെ ലോകത്തേയ്ക്ക് ആനയിക്കപ്പെട്ട മുന്‍തലമുറയെ 'ടെക് ഇമിഗ്രന്റ്‌സ്' എന്നാണ് വിളിക്കുന്നത്.

ഡിജിറ്റല്‍ അടിമത്തം എന്ന സാമൂഹ്യപ്രശ്‌നം

രക്ഷിതാക്കളുടേയും കുടുംബാംഗങ്ങളുടേയും മാത്രമല്ല, ഭരണകൂടത്തിന്റേയും നിയമപാലന വ്യവസ്ഥയുടേയും ഇടപെടല്‍ അനിവാര്യമാക്കുന്ന രീതിയില്‍ ഇതിനകം വളര്‍ന്നുകഴിഞ്ഞിട്ടുണ്ട് നമ്മുടെ കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ അടിമത്തം. ബ്ലൂ വെയ്‌ലിനെപ്പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടേയും സൈബര്‍ ലോകത്തെ ഇരപിടിയന്മാരുടേയും നീരാളിപ്പിടുത്തത്തില്‍നിന്നും കുട്ടികളെ മോചിപ്പിക്കാനായി 2023-ല്‍ കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിംഗ് ഡിപാര്‍ട്ട്‌മെന്റിനു കീഴില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ പ്രോഗ്രാം എന്നൊരു പദ്ധതി നടപ്പാക്കി വരികയാണ്. കൊവിഡ് കാലത്തെ അടച്ചിരുപ്പുവേളയില്‍ വീടുകളില്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവന്ന പിരിമുറുക്കങ്ങളുടേയും കുട്ടികളുടെ ആത്മഹത്യ വാര്‍ത്തകളുടേയും പശ്ചാത്തലത്തില്‍ സ്ഥാപിച്ച 'ചിരി' ഹെല്‍പ്ലൈന്‍ എന്ന സംവിധാനം മുഖേനയാണ് ഡി-ഡാഡ് കുട്ടികളുടെ ഡിജിറ്റല്‍ അടിമത്തവും അതു മുഖേനയുള്ള പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യുന്നത്.

കേരള പൊലീസിന്റെ ഡി-ഡാഡ് 15 മാസത്തിനിടെ മൊബൈല്‍ ഫോണിന്റേയും ഇന്റര്‍നെറ്റിന്റേയും അമിത ഉപയോഗത്തില്‍നിന്നു മോചിപ്പിച്ചത് 385 കുട്ടികളെയാണ് എന്നാണ് കണക്ക്. ഇതുവരെ 613 കുട്ടികള്‍ ഡി-ഡാഡ് സെന്ററുകളുടെ സഹായം തേടിയിട്ടുണ്ട്. 2023 ഏപ്രില്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കണക്കാണിത്.

കേരളത്തില്‍ ആറു കമ്മിഷണറേറ്റുകള്‍ക്ക് കീഴിലായി തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡി-ഡാഡ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പ്, വനിതാശിശുക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പുകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള അടിമത്തം, പോണ്‍സൈറ്റ് സന്ദര്‍ശന ശീലങ്ങള്‍, സാമൂഹ്യമാധ്യമങ്ങളില്‍ അമിതമായി സമയം ചെലവിടുന്നത്, വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ മുഖാന്തിരം പണം നഷ്ടമാകുന്നത്, മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം എന്നിവയൊക്കെ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ് ഇതുവരെ മുഖ്യമായും ഡി-ഡാഡിനു അഭിസംബോധന ചെയ്യേണ്ടിവന്നിട്ടുള്ളതെന്ന് ഡി-ഡാഡിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജീതാബീഗം പറയുന്നു. ഡിജിറ്റല്‍ ഡിവൈസ്-മുഖ്യമായും മൊബൈല്‍ ഫോണ്‍ -അടിമത്തത്തില്‍നിന്നും രക്ഷനേടുന്നതിനു സൗജന്യ കൗണ്‍സലിംഗും ഈ സെന്ററുകളില്‍ ലഭ്യമാണ്. ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു പുറമേ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റിനു വിധേയമാകാനുള്ള സൗകര്യം, തെറാപ്പി തുടങ്ങിയവയും ഈ കേന്ദ്രങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് 9497900200 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കുട്ടികളുടെ ഡിജിറ്റല്‍ അടിമത്തവും ഡിജിറ്റല്‍ രംഗത്തെ ചതിക്കുഴികളും വലിയ സാമൂഹ്യപ്രശ്‌നമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. കൊവിഡ് കാലത്ത് ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസത്തിനും വിനോദത്തിനുമെല്ലാം മുതിര്‍ന്നവരെപ്പോലെ കുട്ടികളും മൊബൈല്‍ ഫോണുകളേയും ടാബുകളേയും ഡിജിറ്റല്‍ ഡിവൈസുകളേയും വന്‍തോതില്‍ ആശ്രയിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രശ്‌നം കൂടുതല്‍ വളര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ചിരി എന്ന ഹെല്‍പ്ലൈന്‍ കേരള പൊലീസ് ആരംഭിക്കുന്നത്. നൂറുകണക്കിനു വിളികളാണ് ഓരോ മാസവും ഹെല്‍പ്ലൈനില്‍ ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ടാബുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ അടങ്ങുന്ന ഡിജിറ്റല്‍ ഡിവൈസുകളോടുള്ള കുട്ടികളുടെ ഇടയ്ക്ക് വ്യാപകമാകുന്ന അടിമത്തം എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനാണ് കേരള പൊലീസ് ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ അഥവാ ഡി-ഡാഡ് എന്ന സാമൂഹ്യപദ്ധതി നടപ്പാക്കിവരുന്നത്. ശരിക്കും പറഞ്ഞാല്‍ ഇത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇടപെടല്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ ആരോഗ്യവകുപ്പ് ഉള്‍പ്പെടെ മറ്റു വകുപ്പുകളും സഹകരിക്കുന്നുണ്ട്. കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് പ്രശ്‌നപരിഹാരത്തില്‍ പ്രധാനം. മിക്കപ്പോഴും കുട്ടികളുമായി ഇടപഴകുന്നതിനും അവരെ ഗൗനിക്കുന്നതിനുമൊന്നും ഇന്നത്തെക്കാലത്ത് രക്ഷിതാക്കള്‍ക്ക് സമയം കിട്ടാറില്ല. അവര്‍ക്കുവേണ്ടി കുറച്ചുസമയം നീക്കിവെയ്ക്കാന്‍ മാതാപിതാക്കളും വീട്ടിലുള്ളവരും തയ്യാറായാല്‍ മൊബൈല്‍ ഫോണിനോടുള്ള കുട്ടികളുടെ അമിത താല്പര്യം കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഫോണ്‍ പിടിച്ചുവാങ്ങി ഇനിയെടുക്കാനേ പാടില്ല എന്നു വിലക്കിയാല്‍ ഈ അടിമത്തം തീരില്ല. അവര്‍ ഫോണ്‍ കയ്യില്‍ വെയ്ക്കുന്ന സമയം കുറച്ചുകൊണ്ടുവരികയും മാതാപിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടി കുറച്ചു സമയം നീക്കിവെയ്ക്കാന്‍ തയ്യാറാകുകയും ചെയ്യുന്നത് ഗുണകരമായ മാറ്റം കുട്ടികളിലുണ്ടാക്കും. പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നതിനോ കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാതാപിതാക്കളുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ പരിഹാരം കാണുന്നതിനോ കുട്ടികള്‍ക്കു കഴിയുന്നില്ല എന്നതാണ് വലിയൊരു പ്രശ്‌നം. ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ മുഖാന്തിരമുള്ള ആശയവിനിമയമൊക്കെ ചിലപ്പോള്‍ വലിയ കെണിയാകും. അതുകൊണ്ട് എന്തുതരം ഗെയിമുകളാണ് കുട്ടികള്‍ കളിക്കുന്നത്, ഏതെല്ലാം സൈറ്റുകളാണ് കുട്ടികള്‍ സന്ദര്‍ശിക്കുന്നത്, സോഷ്യല്‍ മീഡിയാ സൈറ്റുകളിലെ അവരുടെ ഇടപെടല്‍ എന്തൊക്കെയാണ് എന്നതൊക്കെ മുതിര്‍ന്നവര്‍ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ഗെയിമുകളും കുട്ടികള്‍ക്ക് കളിക്കാനാകുന്നവയല്ല. ചിലത് 13+ ആകും. മറ്റു ചിലത് ചെറിയ കുട്ടികളെ ഉദ്ദേശിച്ചുള്ളവയാകും. ഇതെല്ലാം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലെ കെണികളാണ് ഭയക്കേണ്ട മറ്റൊന്ന്. ഈയടുത്ത് ഒരു പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി ചങ്ങാത്തം സ്ഥാപിച്ച ഒരാളെ കാണാന്‍ പോയി. അയാള്‍ ഈ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും പിന്നീട് ഇന്‍സ്റ്റഗ്രാം എക്കൗണ്ടുതന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അയാളുടെ പേരോ ഫോണ്‍നമ്പറോ ഒന്നും ആ കുട്ടിയുടെ കൈവശമില്ലായിരുന്നു. ഇത്തരത്തില്‍ നിരവധി കേസുകളുണ്ടാകുന്നുണ്ട്. ഇതിനൊക്കെ പരിഹാരം കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുകയേ ഇല്ല എന്ന് വാശിപിടിക്കുകയല്ല. അവരുമായി എന്‍ഗേജ് ചെയ്യണം. അവരോട് തുറന്നുപെരുമാറാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണം. പ്രശ്‌നങ്ങള്‍ അച്ഛനോടോ അമ്മയോടോ തുറന്നുപറയുന്നതില്‍ കുഴപ്പമില്ല എന്നു കുട്ടികള്‍ക്കു തോന്നണം. പാരന്റിംഗും തുറന്ന പെരുമാറ്റവും പരമപ്രധാനമാണ്.
എസ്. അജീതാ ബീഗം ഡി.ഐ.ജി തിരുവനന്തപുരം റേഞ്ച്, നോഡല്‍ ഓഫിസര്‍ ഡി-ഡാഡ്
കുട്ടികളുടെ ഡിജിറ്റല്‍ അടിമത്തത്തിന്റെ പ്രശ്‌നം കുട്ടികളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സൈബര്‍ ലോകത്തും ഞാനുണ്ട്, അല്ലെങ്കില്‍ ഞങ്ങളുണ്ട് എന്നു തെളിയിക്കേണ്ടത് ഇന്ന് നമ്മുടെ വ്യക്തിപരമായ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സൈബര്‍ലോകത്തും സമൂഹമുണ്ട്. അവിടെ ഇടപഴകലുണ്ട്. എന്നാല്‍, അതുമാത്രമാണ് സാമൂഹികമായ ഇടപഴകലിന്റെ ഇടം എന്നു നിര്‍വ്വചിക്കാന്‍ നമ്മളൊരുമ്പെടുന്നിടത്താണ് കുഴപ്പമിരിക്കുന്നത്. കുട്ടികള്‍ നമ്മളെയാണ് പിന്തുടരുന്നത്. അതുകൊണ്ട് അത് അവരുടെ മാത്രം തകരാറല്ല. നമ്മുടെ കയ്യില്‍ ഫോണുണ്ടാകുക, അത് പലരീതിയില്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കുക എന്നതൊക്കെ അനിവാര്യമാണ് എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. ഒരു സ്മാര്‍ട്ട് ഫോണ്‍ എന്നത് സൈബര്‍ ലോകത്തെ വ്യത്യസ്ത ശീലങ്ങളുമായി നമ്മളെ ബന്ധിപ്പിക്കുന്ന ഒന്നാണ്. പലതരം പ്രവൃത്തികളില്‍ അതുകൊണ്ട് നമുക്കേര്‍പ്പെടാം. സാമൂഹ്യമാദ്ധ്യമങ്ങളില്‍ മുഴുകാം, ദൃശ്യമാധ്യമമായി ഉപയോഗിക്കാം. അങ്ങനെ പലതരം ശീലങ്ങള്‍ നമുക്കാകാം. മുന്‍കാലങ്ങളില്‍ നമ്മള്‍ സാമൂഹ്യമായി ഇടപഴകിയിരുന്നതിന് പല ഉപാധികളുണ്ടായിരുന്നു. എല്ലാം യഥാര്‍ത്ഥ അനുഭവങ്ങളായിരുന്നു. ഒരു വിവാഹത്തിനു പോകുന്നത്, മരിച്ചിടത്ത് പോകുന്നത്, സിനിമയ്ക്ക് പോകുന്നത് അങ്ങനെ പല നിലയില്‍. എന്നാല്‍, ഇതല്ല സാമൂഹികവല്‍ക്കരണം എന്നാണ് ഇപ്പോള്‍ നമ്മള്‍ കരുതുന്നത്. അങ്ങനെ സാമൂഹികവല്‍ക്കരണം സംബന്ധിച്ച പുതിയ പൊതുബോധ നിര്‍മ്മിതിയുടെ ഇരകളാണ് കുട്ടികള്‍ എന്നാണ് നമ്മള്‍ പറയേണ്ടത്. അതായത് കുട്ടികളുടെ ഈ അടിമത്തത്തിനു മുതിര്‍ന്നവര്‍ ഉത്തരവാദികളാണ് എന്നര്‍ത്ഥം. എന്തായാലും ഡിജിറ്റല്‍ ഡിവൈസുകള്‍ നമുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാനാകില്ല. കാരണം ഡിജിറ്റല്‍ ഡിവൈസുകള്‍കൊണ്ടു ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ അനായാസേന സാദ്ധ്യമാകുന്നു എന്നതുതന്നെ. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഡിവൈസുകളുടെ ഉപയോഗം വര്‍ദ്ധിച്ച തോതില്‍ പ്രചാരത്തിലായതിനു കൊവിഡ് കാലത്തോട് നാം കടപ്പെട്ടിരിക്കുന്നു. അന്ന് രണ്ടുതരം വൈറസാണ് പടര്‍ന്നുപിടിച്ചത്. ഒന്നാമത്തേത് സാര്‍സ് കൊവിഡ് വൈറസാണ് എങ്കില്‍ രണ്ടാമത്തേത് ഡിജിറ്റല്‍ വൈറസാണ്. ഇറ്റലിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഡിജിറ്റല്‍ ഡിവൈസുകളില്‍ താല്പര്യമുള്ളവര്‍ രാജ്യത്ത് കൊവിഡിനു മുന്‍പ് 26.1 ശതമാനമായിരുന്നു എങ്കില്‍ അത് 46.7 ശതമാനമായി വര്‍ദ്ധിച്ചു എന്നാണ്. ഡിജിറ്റല്‍ അടിമത്തംകൊണ്ട് കുട്ടികള്‍ക്ക് നഷ്ടമാകുന്നത് പ്രാഥമികമായും ജീവിതായോധനത്തിനു അവശ്യം വേണ്ട നൈപുണികളാണ് (Life skills). വെര്‍ച്വല്‍ ലോകത്ത് കഴിയുന്നതുപോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്. അവിടെ ഇത്തരമൊരു തലമുറ വിഷമങ്ങള്‍ നേരിടും. ഫോണില്‍ തലപൂഴ്ത്തിയിരിക്കുന്ന ഈ 'ഗ്ലോ ജനറേഷന്റെ' മുഖങ്ങള്‍ മാത്രമേ ശോഭായമാനമായിരിക്കുന്നുള്ളൂ. കൊച്ചു തലച്ചോറുകളില്‍ അരുതാത്തതും വേണ്ടാത്തതുമായ പല ചിന്തകളാണ് ഈ ഉപകരണം പലപ്പോഴും കുത്തിനിറയ്ക്കുന്നത്. ഇതു പറയുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയേ വേണ്ട എന്നല്ല. അതിനു പ്രായവും സമയവുമൊക്കെ മാനദണ്ഡമാകണം. കുട്ടികള്‍ക്ക് പരസ്പരം എന്‍ഗേജ് ചെയ്യാന്‍ ബദല്‍ സംവിധാനങള്‍ ഉണ്ടാകണം. മാതാപിതാക്കള്‍ അതുണ്ടാക്കുന്നില്ല. പള്ളിക്കൂടങ്ങളും അതില്‍ പരാജയപ്പെടുന്നു. മിക്കപ്പോഴും മാതാപിതാക്കളുടെ പരാതി ''കുട്ടികള്‍ സദാസമയവും ഫോണിലായതുകൊണ്ട് അത് പഠനത്തെ ബാധിക്കുന്നു'' എന്നു മാത്രമാണ്. അവര്‍ 'സോഷ്യലൈസ്' ചെയ്യുന്നില്ല എന്ന പരാതിയേ അവര്‍ക്കില്ല.
ഡോ. സി.ജെ. ജോണ്‍ (മാനസികാരോഗ്യവിദഗ്ദ്ധന്‍)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT