കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ വീണ്ടും സമരത്തിലാണ്. നീതിക്കുവേണ്ടിയുള്ള ഇവരുടെ ജീവിതസമരം വര്‍ഷങ്ങള്‍ക്കിപ്പുറവും തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഈ ആവശ്യങ്ങളെ പരിഗണിക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍നിന്നും ഒഴിവാക്കപ്പെട്ട 1031 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ചികിത്സയും പെന്‍ഷനും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും ഇവര്‍ക്കു തെരുവില്‍ സമരത്തിനിറങ്ങേണ്ടി വരുന്നത്. ജനാധിപത്യ-മനുഷ്യാവകാശ ബോധ്യമുള്ള ഒരു സമൂഹത്തിനും ഭരണകൂടത്തിനും യോജിച്ചതല്ല ഈ മനുഷ്യരോട് കാണിക്കുന്ന അനീതി.
അനീതിയുടെ ചരിത്രം
6728 പേരാണ് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായി ഔദ്യോഗിക കണക്ക്. നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ 2017-ല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താന്‍ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തി. സെക്രട്ടേറിയറ്റിനു മുന്‍പില്‍ വരെ നടത്തിയ സമരത്തിനൊടുവിലായിരുന്നു ക്യാമ്പ് നടത്താനുള്ള തീരുമാനം. 1905 പേരെ മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായി കണ്ടെത്തി എന്നായിരുന്നു ക്യാമ്പിനുശേഷം അറിയിച്ചത്. എന്നാല്‍, പിന്നീട് ഈ പട്ടിക 287 എന്നതിലേക്ക് ചുരുങ്ങി. ഇത് വലിയ വിമര്‍ശനത്തിനും സമരങ്ങള്‍ക്കും വീണ്ടും ഇടയാക്കി. കാസര്‍കോടും തിരുവനന്തപുരത്തും ഇവര്‍ പിന്നെയും നീതിക്കായി സമരം ചെയ്തു. ഇതിന്റെ ഭാഗമായി 78 പേരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ തളിച്ച പഞ്ചായത്തുകള്‍ക്കു പുറമെയുള്ളവരും ലിസ്റ്റില്‍നിന്നും പുറത്തായി. ആകാശമാര്‍ഗ്ഗമുള്ള കീടനാശിനി പ്രയോഗം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്നതും പരിഗണിക്കപ്പെട്ടില്ല.
സമരം വീണ്ടും ശക്തമായി. 2019-ല്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമ്മാരുടെ നേതൃത്വത്തില്‍ പട്ടിണിസമരം നടത്തി. ഇതിനെത്തുടര്‍ന്ന് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ട 18 വയസ്സിനു താഴെയുള്ള കുട്ടികളെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്താനും ബാക്കിയുള്ളവരെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച് ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. അങ്ങനെ 1905 പേരുടെ ആദ്യപട്ടികയില്‍നിന്ന് 511 കുട്ടികള്‍ കൂടി ലിസ്റ്റില്‍ ഉള്‍പ്പെട്ടു. എന്നാല്‍, ഇതില്‍ ബാക്കിയായ 1031 പേരുടെ കാര്യത്തില്‍ പിന്നീട് യാതൊരു പരിശോധനയോ ക്യാമ്പോ നടപടികളോ ഉണ്ടായില്ല. ഇവര്‍ക്കു ചികിത്സയോ പെന്‍ഷനോ നിലവില്‍ ലഭ്യമല്ല. കിടപ്പ് രോഗികള്‍ക്ക് 2200 രൂപയും മറ്റുള്ളവര്‍ക്ക് 1200 രൂപയുമാണ് എന്‍ഡോസള്‍ഫാന്‍ മാസ പെന്‍ഷന്‍. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സയും ലഭിക്കും. പട്ടികയില്‍നിന്നു പുറത്താക്കപ്പെട്ടവരില്‍ ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും ദുരിതബാധിതരുള്ള കുടുംബങ്ങളുണ്ട്. ഇവരെ നോക്കാന്‍ മുഴുവന്‍ സമയവും വീട്ടില്‍ ആളുവേണ്ടതിനാല്‍ മറ്റു ജോലിക്കും ഉറ്റവര്‍ക്കു പോകാന്‍ കഴിയില്ല. ഈ കുടുംബങ്ങളാണ് മറ്റു വഴികളില്ലാതെ ഇപ്പോള്‍ സമരത്തിനിറങ്ങിയത്.
കാസര്‍കോട് ടൗണില്‍ എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപനം നടത്തി. കവി വീരാന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. അനുകൂലമായ തീരുമാനമില്ലെങ്കില്‍ അടുത്ത മാസം കൂടുതല്‍ സമരങ്ങള്‍ നടത്താനാണ് സമിതിയുടെ തീരുമാനം.
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും സമരം
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായി തെരഞ്ഞെടുക്കപ്പെട്ടത് 11 പഞ്ചായത്തുകളാണ്. അജാനൂര്‍, ബെള്ളൂര്‍, ബദിയടുക്ക, എന്‍മകജെ, കള്ളാര്‍, കാറഡുക്ക, കയ്യൂര്‍-ചീമേനി, കുമ്പഡാജെ, മുളിയാര്‍, പനത്തടി, പുല്ലൂര്‍-പെരിയ എന്നീ പഞ്ചായത്തുകള്‍. പക്ഷേ, സമീപ പഞ്ചായത്തുകളിലും ഇതിന്റെ ദുരിതങ്ങള്‍ പേറുന്ന നിരവധി പേരുണ്ട്. ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി ജന്മിമാരില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് ഇവിടെ പ്ലാന്റേഷന്‍ കോര്‍പറേഷന് വിട്ടുനല്‍കിയത്. 1970-കളുടെ ആദ്യം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവ് കൃഷി ആരംഭിച്ചു. കാസര്‍കോട്, ചീമേനി, രാജപുരം എസ്റ്റേറ്റുകളിലായി 5000-ത്തോളം ഹെക്ടറിലായിരുന്നു കൃഷി. ഉല്പാദനം കൂട്ടാന്‍ '70-കളുടെ മധ്യത്തോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ ഹെലികോപ്റ്റര്‍ വഴി തളിക്കാന്‍ തുടങ്ങി. എന്‍മകജെ പഞ്ചായത്തിലെ പദ്രെയിലാണ് കാസര്‍കോട് ആദ്യമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹെലികോപ്റ്റര്‍ വഴി കീടനാശിനി തളിച്ചത്. അക്കാലത്തുതന്നെ മൃഗങ്ങളിലും മറ്റു ജീവജാലങ്ങളിലും മനുഷ്യരിലും ഇതിന്റെ ദൂഷ്യഫലങ്ങള്‍ പ്രകടമാകുകയും ആളുകള്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്തിരുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ തുടങ്ങിയിട്ടും 45 വര്‍ഷത്തോളമായി. എന്‍മകജെ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ ശ്രീപദ്രെയാണ് ആദ്യമായി വാര്‍ത്തയായി പുറത്തെത്തിച്ചത്. സുധ എന്ന കന്നട വാരികയിലായിരുന്നു അദ്ദേഹം വിശദമായ ലേഖനം എഴുതിയത്. പിന്നീട് ഉദയവാണി കന്നഡ പത്രത്തിലും ഇംഗ്ലീഷ് വാരികയിലും അദ്ദേഹം തന്നെ ലേഖനങ്ങള്‍ എഴുതി. എണ്‍പതുകളോടെ തന്നെ വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞെങ്കിലും ജനങ്ങള്‍ സംഘടിക്കുന്നതും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാകുന്നതും 1990-കളോടെയാണ്.
പെരിയ കൃഷിഭവനിലെ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റായിരുന്ന ലീലാകുമാരിയമ്മ നല്‍കിയ പരാതിയില്‍ 1998-ല്‍ ആകാശമാര്‍ഗമുള്ള എന്‍ഡോസള്‍ഫാന്‍ തളി ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി നിരോധിച്ചു. ഇതിനെതിരെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും 2000 ഒക്ടോബറില്‍ ഹൈക്കോടതിയും നിരോധനം ശരിവെച്ചു. 1990-കളില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരേണ്ടിവരികയാണ്.
കമ്പനിയില്‍നിന്ന് പണം ഈടാക്കാതെ സര്‍ക്കാര്‍
''പെന്‍ഷന്‍ മുടങ്ങി നാലുമാസമായി. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് അഞ്ചുമാസമായി. സെല്ലിന്റെ പ്രവര്‍ത്തനം പോലും ചുരുക്കിക്കൊണ്ടുവരികയാണ്. എന്റെ അഭിപ്രായത്തില്‍ ഇതു നിര്‍ത്തിവെക്കാനുള്ള ആലോചനയാണ് നടക്കുന്നതെന്ന്'' എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.
''പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരൊക്കെ ഗുരുതരമായ അവസ്ഥയിലുള്ളവരാണ്. ഒരു വീട്ടില്‍ തന്നെ അസുഖബാധിതരായ മൂന്നു പേരുള്ള കുടുംബങ്ങള്‍ വരെയുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും പുറത്താക്കപ്പെട്ടവരാണിവര്‍. എല്ലാ കാലത്തും ചികിത്സയും ധനസഹായവും തുടര്‍ന്നുപോകണോ എന്നാണ് ഇതിന് എതിരെ നില്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഇതൊരു പദ്ധതി നിന്നുപോകുന്നതുപോലെ നിര്‍ത്തിവെക്കാന്‍ പറ്റുന്നതാണോ. ഈ മനുഷ്യര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരല്ലേ. ഇല്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങള്‍ ഇവിടെയില്ല എന്നൊരു പഠനം നടത്തട്ടെ. ഒഴിവാക്കപ്പെട്ടവരില്‍ പലരും കാരണം ചോദിച്ചുകൊണ്ട് മന്ത്രിമാര്‍ക്കടക്കം കത്തുകള്‍ നല്‍കിയിരുന്നു. ചിലര്‍ക്കു ലഭിച്ച മറുപടി ദുരന്തബാധിത പഞ്ചായത്തില്‍പെട്ടവരല്ല എന്നാണ്. ആകാശത്തിലൂടെ തളിക്കുമ്പോള്‍ 11 പഞ്ചായത്തില്‍ മാത്രമല്ല ഇതിന്റെ അപകടം ഉണ്ടാവുക. മാത്രവുമല്ല, 2010-ലെ ക്യാമ്പില്‍ 27 പഞ്ചായത്തുകളിലേയും മൂന്ന് നഗരസഭകളിലേയും രോഗികളെ കണ്ടെത്തിയിട്ടുമുണ്ട്. പിന്നീട് അതെങ്ങനെയാണ് ചുരുങ്ങിപ്പോകുന്നത്. ഇതിന്റെ അളവ് ചുരുക്കിക്കൊണ്ടുവന്ന് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നതിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതിനുവേണ്ടി ധാരാളം പണം ചെലവാക്കേണ്ടിവരുന്നു എന്നതാണ് മറ്റൊരു വാദം. സുപ്രീംകോടതി വിധി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ധനസഹായം കമ്പനിയോടോ കേന്ദ്രസര്‍ക്കാറില്‍നിന്നോ ഈടാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. പക്ഷേ, കേരള സര്‍ക്കാര്‍ ഇതുവരെ ഇതിനു തയ്യാറായിട്ടില്ല. അപ്പോള്‍ കമ്പനികളെ പ്രീതിപ്പെടുത്തലാണ് സര്‍ക്കാറിന്റെ സമീപനം. കാരണം ഒരു കമ്പനി നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാല്‍ പിന്നീട് അത് മറ്റുള്ള കമ്പനികള്‍ക്കും ബാധകമാകും എന്ന ഭയം അവര്‍ക്കുണ്ട്'' -അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.
മുഹമ്മദ് റിയാസാണ് ഇപ്പോഴത്തെ ചാര്‍ജുള്ള മന്ത്രി. ഒരു തവണ മാത്രമാണ് അദ്ദേഹം സെല്‍യോഗത്തിനെത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായ കളക്ട്രേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം അഞ്ചുമാസമായി നടന്നിട്ടുമില്ല.
കീടനാശിനി പ്രയോഗം നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് 1990-കളില്‍ തുടങ്ങിയ സമരം ദുരിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍ക്കു നീതി ലഭിക്കാനായി മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരേണ്ടി വരികയാണ്. സാധാരണക്കാരായ മനുഷ്യരുടെ നേതൃത്വത്തിലായിരുന്നു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരങ്ങളെല്ലാം ഇക്കാലമത്രയും നടന്നുവന്നത്. പല നേതൃത്വങ്ങളിലൂടെ, എന്‍ഡോസള്‍ഫാന്‍ ബാധിതരും കുടുംബങ്ങളും ഈ അവകാശപോരാട്ടം മുന്നോട്ടു കൊണ്ടുപോകുകയാണ്. ജീവിതകാലം മുഴുവന്‍ സമരം ചെയ്യേണ്ടിവരുന്ന മനുഷ്യരെക്കുറിച്ച് ചിന്തിച്ചുനോക്കൂ. യാഥാര്‍ത്ഥ്യബോധത്തോടേയും മികച്ച ആസൂത്രണത്തിലൂടെയും പരിഹരിക്കാവുന്നതേയുള്ളൂ കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍. ഒരു ജനതയെ ആയുസ് മുഴുവന്‍ തെരുവില്‍ സമരത്തിനിറക്കേണ്ട സാഹചര്യം എന്താണ്. ഭരണകൂടം ചെയ്ത ഒരു പ്രവൃത്തിയുടെ ദുരിതഫലമാണ് ഇവര്‍ അനുഭവിക്കുന്നത്. അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാതെ എത്രകാലം ഈ മനുഷ്യരെ ദുരിതത്തില്‍ നിര്‍ത്തും.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates