രമേശ് ചെന്നിത്തല/ ഫോട്ടോ: മനു മാവേലിൽ/ എക്സ്പ്രസ് 
Reports

'എക്‌സ്‌ക്ലൂസീവ്' ലീഡര്‍

അഞ്ചുവര്‍ഷം മുന്‍പ് ഇടതുമുന്നണി സര്‍ക്കാര്‍ വരുമ്പോള്‍ ഇവിടെയൊരു പ്രതിപക്ഷം ഉണ്ടോ എന്നു ചോദിച്ചുപോകുന്ന അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും കാര്യം

രേഖാചന്ദ്ര

ഞ്ചുവര്‍ഷം മുന്‍പ് ഇടതുമുന്നണി സര്‍ക്കാര്‍ വരുമ്പോള്‍ ഇവിടെയൊരു പ്രതിപക്ഷം ഉണ്ടോ എന്നു ചോദിച്ചുപോകുന്ന അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും കാര്യം. പലപ്പോഴും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ പലതും ഉത്തരം നല്‍കാതെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്നത്. 2017 ആഗസ്തിലെ നിയമസഭാ സമ്മേളനം കഴിയുമ്പോഴുണ്ടായിരുന്ന കണക്കനുസരിച്ച് സാമാജികര്‍ ഉന്നയിച്ച അറുന്നൂറോളം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പോലും നല്‍കിയിരുന്നില്ല.
 
മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പിനെക്കുറിച്ച് അസംബ്ലിയില്‍ ഉന്നയിച്ച 113 ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ വിടുകയായിരുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമുള്ള ശക്തി പലപ്പോഴും പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല. എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്ഥിതി പഴയപോലെ അല്ല. ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ പോരിനിറങ്ങുന്ന പിണറായി വിജയന്‍ എല്ലാ ദിവസവും ആക്രമിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും മുള്‍മുനയില്‍ നിര്‍ത്താനുമാകുന്ന തരത്തില്‍ കരുത്താര്‍ജ്ജിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് അസുഖബാധിതനായി സംസാരിക്കാനാകാതിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അഭാവം കോണ്‍ഗ്രസ്സിനെ അലട്ടിയിരുന്നു. പക്ഷേ, ഉമ്മന്‍ചാണ്ടിയില്‍നിന്ന് നേതൃത്വം ഏറ്റെടുക്കാനാകുമെന്ന ആത്മവിശ്വാസം നേടിയ ചെന്നിത്തലയെയാണ് ഇപ്പോള്‍ കാണുന്നത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ചെന്നിത്തലയുടെ ഈ പരിണാമം, കേരള രാഷ്ട്രീയത്തിന് ഗുണകരമാകുമെന്നുറപ്പാണ്.

പ്രളയവും കൊവിഡും ഓഖിയുമടക്കം ദുരന്തങ്ങളുടേയും ദുരിതങ്ങളുടേയും കാലമായിരുന്നു കേരളത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല. ഇത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബ്ബലമാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. അതേസമയം സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെന്ന നിലയില്‍ ഭരണപക്ഷ കക്ഷികള്‍ക്ക് കൂടുതല്‍ അനുകൂലാവസ്ഥയുണ്ടായിട്ടുണ്ട്. പലപ്പോഴും പ്രതിസന്ധിയില്‍ ആടിയുലഞ്ഞ ഒരു സംസ്ഥാനത്തില്‍, ഭരണപക്ഷത്തിനെ വിമര്‍ശിക്കാനോ ആക്ഷേപങ്ങളുന്നയിക്കാനോ പറ്റിയ സാഹചര്യമായിരുന്നില്ല. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ പ്രഭാവത്തില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് ഏറെക്കുറെ മങ്ങിപ്പോയിരുന്നു. എന്നാല്‍, കൊവിഡില്‍ പകച്ചുനിന്ന നാളുകളില്‍, ക്രിയാത്മകമായും വിമര്‍ശനാത്മകമായും പ്രതികരിക്കുന്ന പ്രതിപക്ഷത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അതിന്റെ നേതൃത്വത്തിലേക്ക് ചെന്നിത്തല ഉയര്‍ന്നുവരുന്നതുമാണ് നമ്മള്‍ കണ്ടത്. കൊവിഡ് കാലത്ത്, കഴിഞ്ഞ ഏപ്രിലില്‍, വിവരശേഖരണത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന സ്പ്രിങ്ക്‌ളര്‍ കരാറിനെക്കുറിച്ച് ചെന്നിത്തല ഉന്നയിച്ച ആക്ഷേപങ്ങള്‍ ആദ്യം തള്ളിക്കളയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പലര്‍ക്കും യഥാര്‍ത്ഥ പ്രശ്‌നം ആദ്യം മനസ്സിലായില്ലെങ്കിലും സ്വകാര്യതയേയും വിവരങ്ങളുടെ മൂല്യത്തേയും വിപണിയേയും എല്ലാം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അത് തുടക്കമിട്ടു. അതില്‍ അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തുകയും കരാര്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഒടുവില്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള ഇടപാടില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറി.

മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, പി ചിദംബരം

കേരളത്തില്‍ വലിയ ചലനങ്ങളും വിവാദങ്ങളും ഉണ്ടാക്കിയ ആ സംഭവത്തിനുശേഷം ഇടതടവില്ലാതെ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നതാണ് കണ്ടത്. അടിക്കടി കൊണ്ടുവരുന്ന അഴിമതി ആരോപണങ്ങളിലൂടെ താരതമ്യേന നല്ല പ്രതിച്ഛായയില്‍ നാല് വര്‍ഷം തുടര്‍ന്ന ഇടതു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടുവരെ എത്തിനില്‍ക്കുന്നു അത്.

കേരളം കണ്ടുശീലിച്ച പ്രതിപക്ഷ സമരങ്ങളോ അക്രമങ്ങളോ കലുഷിതമായ തെരുവു പ്രതിഷേധങ്ങളോ ഇല്ലാത്ത അഞ്ചുവര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. കത്തിപ്പടരാന്‍ പാകത്തിലുള്ള ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായെങ്കിലും തെരുവിലെ പോരാട്ടത്തിലേക്ക് രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷം അതിനെ എത്തിച്ചില്ല. പകരം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പുതിയൊരു പ്രതിപക്ഷത്തെക്കൂടിയാണ് കണ്ടത്. കോവിഡ് കാലം തെരുവു പ്രതിഷേധങ്ങള്‍ നടത്തുന്നതില്‍നിന്നു പ്രതിപക്ഷ പാര്‍ട്ടികളെ പിന്തിരിപ്പിക്കുകയും ചെയ്തു. 

സ്പ്രിങ്ക്‌ളര്‍ മുതല്‍ വോട്ടര്‍ പട്ടിക വരെ 

കൊവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനായി കരാറിലേര്‍പ്പെട്ടതാണ് സര്‍ക്കാറിനെ പിടിച്ചുലച്ച ഒരു വെളിപ്പെടുത്തലായി ചെന്നിത്തല കൊണ്ടുവന്നത്. ആളുകളുടെ അനുമതിയില്ലാതെ ഡാറ്റാ ശേഖരിക്കുകയും കമ്പനിക്ക് അവ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ തന്നെ നിയമവകുപ്പിന്റെ അംഗീകാരം കരാറിനുണ്ടായിരുന്നില്ല എന്നത് ആരോപണത്തെ ഗുരുതരമാക്കി. മഹാമാരിയെ പ്രതിരോധിക്കാനാവശ്യമായ സത്വരമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എളുപ്പം ലഭ്യമായ കമ്പനിയെ വിവരശേഖരണത്തിന് ഏല്പിപ്പിക്കുകയായിരുന്നു എന്നും മഹാമാരിയുടെ സമയത്ത് പ്രതിപക്ഷം ദുഷ്ടലാക്കോടെ പെരുമാറുന്നു എന്നുമൊക്കെയുള്ള വാദങ്ങളുമായി സര്‍ക്കാര്‍ പ്രതിരോധിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിലേക്ക് കാര്യങ്ങളെത്തി. ഐ.ടി. വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വത്തിലാണ് കരാറിലേര്‍പ്പെട്ടതെന്ന് ശിവശങ്കര്‍ ചാനലുകള്‍ തോറും അഭിമുഖത്തില്‍ പങ്കെടുത്ത് വെളിപ്പെടുത്തി. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ പോലും ശിവശങ്കറിനെതിരെ ഈ സമയത്ത് രംഗത്തു വന്നിരുന്നു. 

സ്പ്രിങ്ക്‌ളറിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുന്‍പുതന്നെ സ്വര്‍ണ്ണക്കടത്തും ഐ.ടി. വകുപ്പിനു കീഴിലുള്ള കമ്പനിയിലെ സ്വപ്ന സുരേഷിന്റെ നിയമനവും വാര്‍ത്തകളിലേക്ക് വന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണ്ണക്കടത്തുകേസ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിട്ടെങ്കിലും അത് പിന്നീട് തിരിഞ്ഞുകുത്തുന്നതാണ് കണ്ടത്. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ പ്രതിസ്ഥാനത്ത് നിന്ന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി കൂടിയായ പ്രൈവറ്റ് സെക്രട്ടറിയെ സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ കൂടി വിജയമാണെന്നു പറയാം.

സ്വര്‍ണ്ണക്കടത്തിനു പിന്നാലെ ഇതേ ആളുകള്‍ തന്നെ ഉള്‍പ്പെട്ട ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ വീടുനിര്‍മ്മാണത്തിന്റെ കരാര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പരിചയമില്ലാത്ത കമ്പനിക്കു കൊടുത്തുവെന്നായിരുന്നു ആരോപണം. വൈകാതെ തന്നെ ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തുമെല്ലാം പരസ്പരം ബന്ധപ്പെട്ടതാണെന്ന വെളിപ്പെടുത്തലും ഉണ്ടായി. കരാര്‍ കിട്ടിയ യൂണിടെക് കമ്പനി എം.ഡി. സന്തോഷ് ഈപ്പന്‍ പാരിതോഷികമായി അഞ്ചു ഐ ഫോണുകള്‍ സ്വപ്നയ്ക്ക് നല്‍കിയെന്നു വെളിപ്പെടുത്തല്‍ വന്നു. അതില്‍ ഒരു ഫോണ്‍ ചെന്നിത്തലയാണ് ഉപയോഗിക്കുന്നതെന്നു പ്രത്യാരോപണവുമായി സി.പി.എം രംഗത്തുവന്നെങ്കിലും അത് തങ്ങള്‍ക്കുതന്നെ തിരിച്ചടിയാകുന്നതാണ് കണ്ടത്. ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ കിട്ടിയെന്ന ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കൈയിലാണെന്ന വെളിപ്പെടുത്തല്‍ ചെന്നിത്തലയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥൻ എന്നിവരോടൊപ്പം. പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു നേതാക്കളുടെ സത്യ​ഗ്രഹം

2018-ല്‍ ഇടതുസര്‍ക്കാര്‍ സംസ്ഥാന ത്ത് ബ്ര്യുവറികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ നടത്തിയ ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിച്ചതാണ് സര്‍ക്കാരിനുമേല്‍ ചെന്നിത്തലയ്ക്ക് അതിനുമുന്‍പുണ്ടായ പ്രധാന വിജയം. ബ്ര്യുവറി ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് ആരോപണം വന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ റദ്ദാക്കി പ്രശ്‌നം സര്‍ക്കാര്‍ ഒതുക്കിത്തീര്‍ത്തു. കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലായി ബ്രുവറി, ഡിസ്റ്റിലറി ലൈസന്‍സ് അനുവദിച്ചതായിരുന്നു സംഭവം. 

പമ്പയിലെ ത്രിവേണിയില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ കേരള ക്ലേസ് ആന്റ് സെറാമിക് പ്രൊഡക്ട്സിന് അനുമതി കൊടുത്തതിലെ അഴിമതിയായിരുന്നു മറ്റൊന്ന്. കോടികള്‍ വിലമതിക്കുന്ന മണല്‍ സൗജന്യമായി നല്‍കി മറിച്ചുവില്‍ക്കുന്നു എന്നായിരുന്നു ആരോപണം. വനംവകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥലമായിരുന്നു ഇത്. നിയമം ലംഘിച്ചാണ് കളക്ടര്‍ അനുമതി നല്‍കിയത്. പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തില്‍നിന്നും സര്‍ക്കാരിനു പിന്‍വാങ്ങേണ്ടിവന്നു. 

അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തലയ്ക്ക് സഹപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ കൂടുതല്‍ സ്വീകാര്യതയും വിശ്വാസ്യതയും ഉണ്ടാക്കിക്കൊടുത്തു. പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും വിവരം കിട്ടാത്തവിധം സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങളും രേഖകളും പുറത്തുവിടാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയെന്ന് പറയുന്ന കരാര്‍. ഇത് തീരദേശമേഖലയില്‍ തിരഞ്ഞെടുപ്പിനെപ്പോലും ബാധിക്കുന്ന രീതിയില്‍ ഓളങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ വിജയമാണ്. ഫയലുകള്‍ കണ്ടില്ല, ഒപ്പിട്ടത് അറിഞ്ഞില്ല, ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപാട് എന്നിങ്ങനെയുള്ള വാദമുയര്‍ത്തി ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്തോറും കൂടുതല്‍ രേഖകള്‍ പുറത്തുവിടാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. 

ജനങ്ങളുമായുള്ള സംവാദം കൂടുതല്‍ പ്രശ്‌നങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു ആഴക്കടല്‍ ഇ.എം.സി.സി കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഐശ്വര്യകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയില്‍ തീരദേശത്തെ ഒരു പ്രശ്‌നം എന്ന നിലയില്‍ ഇക്കാര്യം പങ്കുവെച്ചത്. അതിന്റെ ഗൗരവം പെട്ടെന്നുതന്നെ തിരിച്ചറിയാനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അടുത്ത ദിവസം തന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്താനും ചെന്നിത്തലയ്ക്ക് കഴിഞ്ഞു. 

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുയര്‍ത്തിയ വോട്ടര്‍ പട്ടിക വിവാദവും ചെന്നിത്തലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പറയാം. വോട്ടര്‍ പട്ടിക പ്രശ്‌നം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇടപെടുന്നതുവരെ കാര്യങ്ങളെത്തിച്ചു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗത്തെ സജീവമാക്കി നിര്‍ത്തിയതില്‍ ചെന്നിത്തലയുടെ പങ്ക് ചെറുതല്ല. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മാത്രം എന്ന നിലയില്‍നിന്നു വിവാദങ്ങളുടെ ഒരു നിരതന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത തരത്തില്‍ വിവരങ്ങളുടെ ഉറവിടങ്ങള്‍ 'അടഞ്ഞുകിടന്ന' കാലമായിരുന്നു പിണറായി സര്‍ക്കാരിന്റേത്. സര്‍ക്കാരുമായി ബന്ധപ്പെട്ട് കാര്യമായ എക്‌സ്‌ക്ലൂസിവുകളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കാനുമായില്ല. സര്‍ക്കാരിന്റെ പത്രക്കുറിപ്പുകളും അന്വേഷണ ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളും മാത്രമായിരുന്നു പ്രധാനമായും വാര്‍ത്ത. സാധാരണഗതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവരേണ്ടുന്ന വാര്‍ത്തകള്‍ പ്രതിപക്ഷ നേതാവിലൂടെയാണ് പലപ്പോഴും ജനങ്ങള്‍ അറിഞ്ഞത്. പ്രതിപക്ഷനേതാവ് 'അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക'ന്റെ റോള്‍ ചെയ്യുന്നതാണ് കണ്ടത്.

തിരുവനന്തപുരത്ത് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേയുള്ള സംയുക്ത സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും

കോണ്‍ഗ്രസ് രാഷ്ട്രീയവും ചെന്നിത്തലയും

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം എന്നു പറയുമ്പോഴും കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം അത്രത്തോളം ആത്മവിശ്വാസം പകരുന്നതാണോ എന്നത് വിമര്‍ശനാത്മകമായിത്തന്നെ സമീപിക്കേണ്ടിവരും. കഴിഞ്ഞ ഭരണകാലത്ത് ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ട് സാമാന്യം വിജയകരമായ പരീക്ഷണമായിരുന്നുവെങ്കിലും ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ അഭാവം ചെന്നിത്തലയുടെ പാര്‍ട്ടിയിലെ സ്വാധീനത്തെ ബാധിച്ചിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെന്ന നിലയില്‍, കോണ്‍ഗ്രസ്സിലെ 'മുതിര്‍ന്ന' നേതാവായി അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമുഖത കാട്ടിയെന്നു പറയേണ്ടിവരും. അത്ര ഏകോപിതമായിരുന്നില്ല പ്രവര്‍ത്തനങ്ങള്‍. ഉമ്മന്‍ ചാണ്ടി അസുഖബാധിതനായി പൂര്‍ണ്ണമായും മാറി നിന്ന സമയത്താണ് രമേശ് ചെന്നിത്തലയ്ക്ക് കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടി വന്നത്. എങ്കിലും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏകോപിപ്പിച്ചൊരു പ്രവര്‍ത്തനം നടക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ പല ഘട്ടങ്ങളിലും കഴിഞ്ഞില്ല. ശബരിമലപോലുള്ള പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പകപ്പ് പൊതുവില്‍ കേരളസമൂഹത്തേയും പ്രതിസന്ധിയിലാക്കിയിരുന്നു. 

സംഘടനാ ദൗര്‍ബ്ബല്യമെന്ന നിലയിലാണെങ്കില്‍പ്പോലും മിതവാദ നിലപാടെടുത്ത കോണ്‍ഗ്രസ്സിനു പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് അനുകൂല ഘടകമാക്കി മാറ്റാന്‍ കഴിഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍പ്പോലും മുതിര്‍ന്ന നേതാക്കള്‍ പരസ്പരവിരുദ്ധമായ നിലപാടെടുക്കുന്നതും സൗഖ്യങ്ങളെപ്പോലും ബാധിക്കുന്ന രീതിയില്‍ അവ വഷളാകുന്നതും കണ്ടു. ഈയൊരു ദൗര്‍ബ്ബല്യം മനസ്സിലാക്കിയാകണം ഉമ്മന്‍ ചാണ്ടിയെ സജീവമാകുന്നതിനു നിര്‍ബ്ബന്ധിക്കാന്‍ മുസ്ലിംലീഗിനെപ്പോലെയുള്ളവരെ പ്രേരിപ്പിച്ചത്. ജോസ് കെ. മാണിയെപ്പോലുള്ളവരുമായുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍പ്പോലും ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വരവ് ഒരു പരിധിവരെ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായിട്ടുണ്ടാകാം. 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍.എസ്.എസ്സിന്റെ നോമിനി എന്ന നിലയിലുള്ള പ്രചാരണങ്ങള്‍ ചെന്നിത്തലയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടായിരുന്നു. ഇതില്‍നിന്നു പുറത്തുവരാനും മറികടക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. എങ്കിലും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വിവിധ സഭകളും എല്ലാം സ്വാധീനം ചെലുത്തുന്ന കേരള രാഷ്ട്രീയത്തില്‍ ഇവരെ എത്രത്തോളം രമേശ് ചെന്നിത്തലയ്ക്ക് കൈകാര്യം ചെയ്യാനാകും എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ എത്രത്തോളം ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കും എന്നതും പ്രസക്തമാണ്. ഇത്രയധികം വിഷയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നെങ്കിലും ആ ഘട്ടത്തിലെല്ലാം പൂര്‍ണ്ണമായ പിന്തുണ നല്‍കാന്‍ മുസ്ലിംലീഗ് പോലുള്ള കക്ഷികള്‍ തയ്യാറായിട്ടുണ്ടോ എന്നതും കാണണം.

കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വവും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ അത്രകണ്ട് ആത്മവിശ്വാസത്തിലെടുത്തു എന്നുപറയാന്‍ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടനയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയാണ് ചുമതലപ്പെടുത്തിയതും. ഇതൊക്കെക്കൊണ്ടുതന്നെയാവണം ചെന്നിത്തലയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നു പരസ്യമായി പറയാന്‍ യു.ഡി.എഫ് തയ്യാറാകാത്തതും; പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായിരുന്നെങ്കിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT