ഡോ. എം.ആർ. രാജഗോപാൽ എന്ന ഡോക്ടർക്ക് ചികിത്സ ഒരു ധ്യാനമാണ്. ഇത് അദ്ദേഹം പറയുന്നതല്ല. അസംഖ്യം രോഗികൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുഭവമാണ്. 1970-ൽ ഡോക്ടറായ, വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും വിശ്രമത്തെക്കുറിച്ചു ചിന്തിക്കുന്നത് അസാധ്യമെന്നു ചിന്തിക്കുന്ന ഡോക്ടർ. അനസ്‌തേഷ്യയിലാണ് എം.ഡി. അതും ഡൽഹി എയിംസിൽനിന്ന്. പക്ഷേ, കേരളത്തിൽ പാലിയേറ്റീവ് കെയർ ആശയത്തിന്റെ വളർച്ചയിലും വ്യാപനത്തിലും നടുനായകത്വം വഹിക്കാനായി നിയോഗം. സംസ്ഥാന സർക്കാരിന്റെ പാലിയേറ്റീവ് കെയർ നയരൂപീകരണത്തിലും സുപ്രധാന പങ്കുവഹിച്ചു. എങ്കിലും തനിക്കു മുൻപേ ഇതു തുടങ്ങിവച്ചവരും തനിക്കൊപ്പം സഞ്ചരിച്ചവരുമായ നിരവധിപ്പേരുടെ ശ്രമങ്ങളെക്കുറിച്ചു പറയുമ്പോഴാണ് നൂറുനാവ്. അദ്ദേഹത്തിന്റെ പദാവലിയിൽ 'ഞാൻ' കുറവും 'ഞങ്ങൾ' കൂടുതലുമാണ്; പിന്നെ നമ്മളും. സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവരുടെ വേദനകളിലേക്കു കടക്കാൻ മരുന്നു മാത്രമല്ല, ഒരു വാക്കും ഒരു നോട്ടവും ഒരു കൊച്ചു സ്പർശവുംപോലും എത്ര വലിയ ഇടപെടലാകുമെന്ന് ചുറ്റുപാടുകളോടു പറയാൻ ഇഷ്ടമാണ്. അത് ഒരാളെക്കൂടിയെങ്കിലും ഈ വഴിക്കു നടത്താൻ കാരണമായെങ്കിലോ. ഇങ്ങനേയും ജീവിക്കാം എന്ന സന്ദേശം ഒരിടത്തും അദ്ദേഹം പറഞ്ഞിട്ടും എഴുതിയിട്ടുമില്ല. പക്ഷേ, കൊത്തിവെച്ചിരിക്കുന്നു. ഡോ. രാജഗോപാലിന്റെ ജീവിതത്തിൽ കൊത്തിവെച്ചതാണത്. നിസ്സാരമല്ല കാര്യം.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ അതേ വർഷം തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തെ മുട്ടക്കാട് ഗ്രാമത്തിലാണ് ജനനം. പിന്നെയുമൊരു പതിറ്റാണ്ട് തികയാറായപ്പോഴാണ് ഐക്യകേരളം പിറന്നത്. കേരളത്തിന് അറുപത്തിയെട്ടും അദ്ദേഹത്തിന് എഴുപത്തിയാറുമാണ് വയസ്സ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. ഹൗസ് സർജനായിരിക്കുമ്പോൾ ആദ്യാനുരാഗത്തിൽ പങ്കാളിയായ ഡോ. ചന്ദ്രികയാണ് ജീവിതപങ്കാളി. രണ്ട് ആൺമക്കൾ എൻജിനീയർമാർ. ഒരാൾ ബെംഗളൂരുവിലും ഒരാൾ യു.എസിലും. ''കുറച്ചു കൂടിയൊക്കെ അടിച്ചുപൊളിച്ചു കഴിയാമായിരുന്നു എന്നൊരു ആഗ്രഹം ചന്ദ്രികയ്ക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ജോലി ചെയ്യാനൊന്നും എളുപ്പമാകില്ല. അവർ പരിമിതമായ ആഗ്രഹങ്ങളുമായൊക്കെ അങ്ങനെ ജീവിച്ചു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കാര്യത്തിലും അധികം പേർക്കും ഞാൻ ചെയ്യുന്നത് സന്തോഷമായിരിക്കും എന്നാണ് എന്റെ വിശ്വാസം. അര വട്ടാണല്ലോ എന്നു വിചാരിക്കുന്നവരും ഉണ്ടാകുമായിരിക്കും കുറച്ചൊക്കെ'' -ഡോ. എം.ആർ. രാജഗോപാൽ പറയുന്നത് പാലിയേറ്റീവ് കെയറിനു കേരളത്തിൽ വേരോടാൻ നേരിട്ടല്ലാതേയും ഭാഗമായവരെക്കുറിച്ചുകൂടിയാണ്.
പാലിയേറ്റീവ് കെയര്‍ കൂടുതലായി ആളുകള്‍ക്കു സ്വീകാര്യമായ കാലത്താണോ നമ്മള്‍ ഇപ്പോഴുള്ളത്?
ഒരുപാടൊന്നും ആയിട്ടുണ്ട് എന്നു തോന്നുന്നില്ല. നിരവധി തെറ്റിദ്ധാരണകളുണ്ട്. അതുകൊണ്ട് രോഗികള്‍ക്കാണ് ബുദ്ധിമുട്ട്. രോഗി ഒരുപാട് കഷ്ടപ്പെടും. ഏറ്റവും സാധാരണമായി കാണുന്ന രണ്ടു തെറ്റിദ്ധാരണകള്‍: ഒന്ന്, ഇതു മരിക്കാറായവര്‍ക്കാണ്. അപ്പോള്‍ ദരിദ്രര്‍ക്ക്, പ്രത്യേകിച്ചും ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ക്കു കുറച്ചുകൂടി വേഗത്തില്‍ ആശ്വാസം കിട്ടും. കുറച്ചേറെ വിദ്യാഭ്യാസമുള്ള ആളുകളില്‍ ഈ തെറ്റിദ്ധാരണ കൂടുതലായിരിക്കും. ഞങ്ങളുടെ അടുത്ത് അങ്ങനെയുള്ള ഒരുപാടുപേര്‍ എത്തുന്നത് അവസാനത്തെ നാല്‍പ്പത്തിയെട്ട്, 24 മണിക്കൂറിലായിരിക്കും. ഒന്നര വര്‍ഷം രോഗമായിരുന്ന്, അത്രയുംകാലം വേദനകളൊക്കെ അനുഭവിച്ചവരായിരിക്കും. തെറ്റിദ്ധാരണകളാണ് കൂടുതല്‍. ഞങ്ങളുടേയും കൂടി ഉത്തരവാദിത്വമാണ് അതു നീക്കേണ്ടത്. അവബോധം ആവശ്യത്തിനുണ്ടാക്കണം. ഞങ്ങളെ കാണുന്നതില്‍ 74 ശതമാനവും അന്നന്നത്തെ കാര്യങ്ങള്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവരാണ്. ബാക്കി 26 ശതമാനം മധ്യവര്‍ഗ്ഗവും ധനികരുമായ ആളുകളുമൊക്കെയായിരിക്കും. മുന്‍പ് ഇവരുടെ എണ്ണം 15 ശതമാനം പോലുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഈ തെറ്റിദ്ധാരണകള്‍ മൂലം ഒരുപാട് കഷ്ടപ്പാടുകള്‍ ഉണ്ടാകുന്നുണ്ട്. സമ്പന്നരായ ആളുകള്‍ക്കു പണ്ടത്തേതിനെക്കാള്‍ കുറച്ചുകൂടി, വളരെക്കുറച്ചുകൂടി മാത്രം കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എന്റെയൊരു തോന്നല്‍, നമ്മുടെ ഗ്രാമങ്ങളില്‍, ഔപചാരിക വിദ്യാഭ്യാസം കുറവായവരില്‍ കൂട്ടുകുടുംബവും എക്സ്റ്റെന്റഡ് കുടുംബങ്ങളും കുറച്ചുകൂടിയുണ്ട്. അവര്‍ക്കിടയില്‍ കുറച്ചുകൂടി പരസ്പരബന്ധമുണ്ട്. നമ്മുടെ നഗരങ്ങളില്‍ അതുപോലെ സമൂഹത്തിന്റെ ഉന്നത നിലയിലുള്ളവരില്‍ അണുകുടുംബങ്ങള്‍ കൂടുതലാണ്. എന്റെയൊക്കെ കുട്ടിക്കാലത്ത് എത്രയോ മരണങ്ങള്‍ കണ്ടിട്ടുണ്ട്. നാട്ടിലും വീട്ടിലും. അന്നു മരണം അടുത്തവരുടെ അടുക്കല്‍നിന്നു കുട്ടികളെ ഓടിച്ചുവിടുകയൊന്നുമില്ല. നമ്മളതിന്റെ ഭാഗമാണ്. രോഗവും മരണവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ആരും പഠിപ്പിക്കാതെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ, ഇപ്പോള്‍ കുട്ടികള്‍ മരണം കാണുന്നേയില്ല. ഞങ്ങളുടെ കൂടെ ഒരു മാസത്തേയ്ക്കു ട്രെയിനിംഗിനു വന്ന, ഈയിടെ പാസ്സായ ഡോക്ടര്‍ അഞ്ചുവര്‍ഷം എം.ബി.ബി.എസ് പഠിക്കുകയും ഒരു വര്‍ഷം ഹൗസ് സര്‍ജനായിരിക്കുകയും ചെയ്തിട്ട്, ഒരാള്‍ മരിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ ഇപ്പോഴാണ് കാണുന്നത് എന്നാണ് പറഞ്ഞത്. അതായത്, മരണം അപരിചിതമാകുന്നു; അപ്പോള്‍ രോഗവും, മരിക്കും എന്ന വിചാരവും മനസ്സില്‍ വരുന്നില്ല. ഇതില്ലാതെ ജീവിക്കുമ്പോള്‍ രോഗം വന്നാല്‍ അതു നേരിടാന്‍ കുറച്ചുകൂടി പ്രയാസമായിരിക്കും.
കാന്‍സര്‍ അതിജീവിതരുടെ ജീവിതം രോഗികള്‍ക്കൊരു പ്രചോദനം, ആശ്വാസം എന്ന നിലയില്‍ ആഘോഷിക്കുന്നത് സമീപകാലത്ത് കൂടുതലാണല്ലോ. അത് യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ രോഗികളുടേയും അവര്‍ക്കു പ്രിയപ്പെട്ടവരുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ?
ഉണ്ടെന്നാണ് എന്റെ പരിപൂര്‍ണ്ണ വിശ്വാസം. പക്ഷേ, അതിന്റെ ഇടയ്ക്ക് ഒരു കാര്യം പറഞ്ഞോട്ടെ. പാലിയേറ്റീവ് കെയര്‍ മരണത്തോടടുത്തവര്‍ക്കു മാത്രമുള്ള ശുശ്രൂഷയാണ് എന്ന തെറ്റിദ്ധാരണ ഉള്ളതുപോലെത്തന്നെ കാന്‍സറിനു മാത്രം എന്ന തെറ്റിദ്ധാരണയുമുണ്ട്. 2017-ല്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് കമ്മിഷന്‍ റിപ്പോര്‍ട്ടുണ്ട്. ആധികാരികമാണത്. അതുപ്രകാരം, ആകെയുള്ള രോഗസംബന്ധമായ ദുരിതത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് കാന്‍സര്‍. ബാക്കിയെല്ലാം മറ്റു രോഗങ്ങളാണ്. ഞങ്ങള്‍ ഇവിടെ കാണുന്നതില്‍ത്തന്നെ പകുതിയോളം കാന്‍സറും പകുതി മറ്റു രോഗങ്ങളുമാണ്. ഏതു രോഗത്തിനുള്ള ദുരിതത്തിനും പാലിയേറ്റീവ് കെയര്‍ കിട്ടേണ്ടതാണ്. അതൊരു കാര്യം. പിന്നെ, ഞങ്ങള്‍ പാലിയേറ്റീവ് കെയര്‍ ചെയ്യുന്നവര്‍ പഠിക്കാനുള്ളതാണ് ആ അവബോധം. ഞങ്ങള്‍ ആവശ്യത്തിനു സാധാരണക്കാരിലേയ്ക്ക് ഇറങ്ങിച്ചെന്നില്ല. ശരിക്കും പണ്ടത്തേതില്‍നിന്ന് എത്രയോ വ്യത്യാസം വന്നു കാന്‍സറിന്റെ കാര്യത്തില്‍. ഞാന്‍ ഒരു കാന്‍സര്‍ വിദഗ്ദ്ധനൊന്നുമല്ലെങ്കിലും ഏതാണ്ട് മൂന്നില്‍ രണ്ട് കാന്‍സറും നേരത്തെ കണ്ടുപിടിച്ചാല്‍ ഇന്നു ചികിത്സിച്ചു മാറ്റാം എന്നു വിചാരിക്കുന്നു. പക്ഷേ, ചികിത്സിച്ചു മാറ്റപ്പെടുന്നത് എത്രയാണ്? വളരെ കുറവാണ്. എന്തുകൊണ്ട്? അതു നേരത്തെ കണ്ടുപിടിക്കപ്പെടുന്നില്ല, കണ്ടുപിടിച്ചാലും ശരിയായ ചികിത്സ സമയത്തു കിട്ടുന്നില്ല. അപ്പോള്‍, ഈ അവബോധം നല്ലതാണ്. കാന്‍സര്‍ എന്നു കേട്ടാല്‍ 'അയ്യോ' എന്നു പറയുന്നതിനു പകരം, ഇതു മാറ്റാന്‍ പറ്റുന്നതാണോ, അതിന് എന്തു ചെയ്യണം എന്ന് ആലോചിക്കാന്‍ ഒരു കുടുംബത്തിനു കഴിയണം. ആ മനോഭാവത്തിലേയ്ക്കു വരാന്‍ ഈ ബോധവല്‍ക്കരണ പരിപാടികള്‍ സഹായിക്കും. അതോടൊപ്പം ഒരു ചെറിയ തോന്നലുള്ളത്, എപ്പോഴും ഈ യുദ്ധമാണ്. വാര്‍ എഗെന്‍സ്റ്റ് കാന്‍സര്‍. കാന്‍സറിനെതിരെ യുദ്ധം. ശത്രുവാണ്. ഈ യുദ്ധത്തില്‍ രോഗം മാറാത്തവര്‍ ആരാണ്? തോറ്റവര്‍. യഥാര്‍ത്ഥത്തില്‍ അവര്‍ തോറ്റവരൊന്നുമല്ല. അവര്‍ ഈ യാത്രയില്‍ക്കൂടി ഒന്നര വര്‍ഷം പോയെങ്കില്‍ എന്തുമാത്രം മനോധൈര്യം വേണം. അവരെ അങ്ങനെ തോറ്റവരായി വില കുറച്ചു കാണിക്കാന്‍ പാടില്ല. അതു മാത്രമല്ല. യുദ്ധത്തില്‍ തോറ്റാല്‍ എല്ലാം തീര്‍ന്നില്ലേ, പിന്നെ ഒന്നുമില്ലല്ലോ. അങ്ങനെയല്ലല്ലോ യാഥാര്‍ത്ഥ്യം. പിന്നെ രോഗത്തോടൊത്തുള്ള ജീവിതമുണ്ടല്ലോ. അതില്‍ എത്രത്തോളം അര്‍ത്ഥം നിറയ്ക്കണം. ഈ യുദ്ധം, ശത്രു എന്നതിനു പകരം കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധം വേണം. ചികിത്സിച്ചു മാറ്റാവുന്ന കാന്‍സറാണ് അധികവും. അതു ചികിത്സിച്ചു മാറ്റാം. ഇല്ലാത്തതാണെങ്കില്‍ ബാക്കിയുള്ള ജീവിതത്തിലെത്ര ജീവിതം നിറയ്ക്കാം എന്നുള്ള ചിന്ത അതോടൊത്ത് വരണം. ശത്രുവായി, അവന്‍ ജയിച്ചു, ഞാന്‍ തോറ്റു എന്നു വിചാരിക്കുന്ന ഒരു അപകടം രോഗത്തെ നേരിടുന്നത് യുദ്ധമായി കാണുമ്പോഴുണ്ട്.
ആ അപകടത്തിനെതിരായ അവബോധം നൽകൽകൂടിയാണ് ഉണ്ടാകേണ്ടത് അല്ലേ?
അതെ. മറുവശം കൂടി സ്വീകരിച്ചില്ലെങ്കിൽ ഈ തോറ്റവർ നശിച്ചുപോകില്ലേ, മാനസികമായി തളർന്നുപോകില്ലേ.
പാലിയേറ്റീവ് കെയർ കേരളത്തിൽ സുപരിചിതമായതിൽ താങ്കളുടെ പ്രവർത്തനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ടല്ലോ. ചെറുപ്പകാലത്ത്, അടുത്ത വീട്ടിലെ ബന്ധുവിന് കാൻസർ വന്നു വേദന കൊണ്ടു നിലവിളിക്കുമ്പോൾ ഒരിക്കലല്ലാതെ മറ്റൊരിക്കൽക്കൂടി ആ രോഗിയെ പോയി കാണാൻ പേടി അനുവദിച്ചില്ല എന്ന് എഴുതിയിട്ടുണ്ടല്ലോ. അവിടെനിന്നാണ് പിന്നീട് നിരവധി ആളുകളെ സ്വാധീനിച്ച മാറ്റം. ജീവിതം രൂപപ്പെട്ടതിനെക്കുറിച്ചു പറയാമോ?
ആദ്യത്തെ ഒരു കാര്യം, കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനം എന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ടതാണ്; പക്ഷേ, അതു ഞാനാണ് തുടങ്ങിവച്ചത് എന്ന ഒരു സജഷൻ വേണ്ട. എന്നുവച്ചാൽ, അത് ഞാനിതിൽ പിച്ചവെച്ചു നടക്കുന്ന കാലത്ത് ഇതിൽ താൽപ്പര്യമുള്ള കുറേപ്പേർ കൂടെക്കൂടി. ഇവരെല്ലാം കൂടി ചേർന്നിട്ടാണ് ചെയ്തത്. കോഴിക്കോട്ടെ ഡോക്ടർ സുരേഷ്, അദ്ദേഹത്തിന്റെ സുഹൃത്തായി അന്നു ഞങ്ങളുടെ കൂടെ വന്ന വൈദ്യശാസ്ത്രവുമായി ഔപചാരികമായി ഒരു ബന്ധവുമില്ലാത്ത അശോക്; അവർ എത്രയോ ആണ് ചെയ്തു കൂട്ടിയത്. അതൊക്കെ മാറ്റിവച്ച് ഇതെല്ലാം കൂടി ഞാൻ എന്റെ ക്രെഡിറ്റായി എടുക്കുകയല്ല. ഞങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയാണ് പറയുന്നത്.
ഈ പറഞ്ഞതുപോലെ, എന്റെയൊരു അയൽവാസി വേദനകൊണ്ട് നിലവിളിക്കുന്നു, ഞാൻ ഒന്നുപോയി കണ്ടു. പിന്നെ അങ്ങോട്ട് പോയില്ല. പേടിച്ചു. പേടിയല്ല, ശരിയായ വാക്ക് നിസ്സഹായതയാണ് എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. നിസ്സഹായതയിൽനിന്ന് അൽപ്പം പേടിയും കൂടി വരുന്നുണ്ടോ എന്നറിഞ്ഞുകൂടാ. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു. അവിടെ നിറയെ വേദനയുടെ ചിത്രങ്ങളല്ലേ, ദുരിതം നിറഞ്ഞ ചിത്രങ്ങളല്ലേ. ഇന്ന് അതിലും കുറവുണ്ട്. എന്നാലും ഉണ്ട്. രോഗം കണ്ടുപിടിക്കണം, ചികിത്സിക്കണം എന്നു പഠിച്ചു. ചികിത്സയ്ക്കു വഴങ്ങാത്തവരെ എന്തു ചെയ്യണം എന്നു പഠിപ്പിച്ചില്ല. മരണത്തോട് അടുക്കുമ്പോഴാണ് വ്യക്തിക്കും കുടുംബത്തിനും കുറേ അധികം വിഷമമുണ്ടാകുന്നത് എന്നു നമ്മൾ കാണുന്നുണ്ട്. അതിന് എന്തു ചെയ്യണം എന്നു പഠിപ്പിച്ചില്ല. അപ്പോൾ, അവിടെ നമ്മുടെ നൂതന വൈദ്യശാസ്ത്രം അതിൽനിന്നൊക്കെ ഒളിച്ചോടുകയാണ്. ആരും ഉത്തരം വാക്കുകളിൽ പറഞ്ഞുതന്നില്ല. പക്ഷേ, കണ്ടുപഠിച്ച ഒരു കാര്യം ദുരിതം കണ്ടാൽ അവിടെനിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറിക്കോ, അതു നമ്മുടെ പണിയല്ല, ചികിത്സിക്കാനുള്ള രോഗമുണ്ടോ അതിനെ ചികിത്സിക്കുക എന്നാണ്. ഇതു വലിയ പ്രശ്‌നമായി തോന്നി. അപ്പോൾപ്പിന്നെ അതിനു വല്ലതും ചെയ്യാൻ പറ്റുമോ എന്ന് ആലോചിച്ചു തുടങ്ങി. വേദന മാറ്റാൻ ശ്രമിച്ചു. വേദന മാത്രമല്ല, അവരുടെ പ്രശ്‌നമെന്ന് അവർ എന്നെ പഠിപ്പിച്ചു. രോഗികളാണ് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നത്. അങ്ങനെയായിരുന്നു ആ മൂവ്മെന്റ്.
രോഗിക്ക് എപ്പോഴാണ് പാലിയേറ്റീവ് കെയർ തുടങ്ങേണ്ടത്?
ഇതിനേപ്പറ്റി വളരെ വ്യക്തമായ ആഗോള നയമുണ്ട്. എപ്പോൾ ദുരിതം തുടങ്ങുന്നോ അപ്പോൾ തുടങ്ങണം. അതായത് രോഗം തുടങ്ങുമ്പോഴേ ചിലപ്പോൾ വേണ്ടിവരും. എന്നുവച്ച് ഇതുമാത്രം മതി എന്നല്ല. ഒന്നിച്ചു ചേർത്ത് ചെയ്യണം. ഇവരെയെല്ലാം കൂടി പാലിയേറ്റീവ് കെയർ കേന്ദ്രത്തിലേക്കു വിടണം എന്നല്ല. അതൊന്നും നടപ്പുള്ള കാര്യമല്ല. പത്തു വർഷമായി ലോകാരോഗ്യ സംഘടനയുടെ ഒരു ഡിക്ലറേഷൻ വന്നിട്ട്. രോഗ ചികിത്സയോട് ഒന്നിച്ചു കൊണ്ടുപോവുക. അപ്പോൾ, എല്ലാ ഡോക്ടറും എല്ലാ ന്യൂറോളജിസ്റ്റും എല്ലാ എച്ച്.ഐ.വി ഫിസിഷ്യനും എല്ലാ ഓങ്കോളജിസ്റ്റും എല്ലാവരും പാലിയേറ്റീവ് കെയറിന്റെ തത്വങ്ങൾ അറിഞ്ഞിരിക്കണം. കേട്ടാൽ ആർക്കെങ്കിലും ദേഷ്യം വരുമോ എന്ന് അറിഞ്ഞുകൂടാ. പക്ഷേ, നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്.
2017-ൽ ഇന്ത്യയിൽ കേന്ദ്ര ആരോഗ്യനയത്തിൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തി. നടപ്പാക്കാനുള്ള കാലതാമസം നമ്മുടെ നാട്ടിൽ സാധാരണ ഉണ്ടാകുന്നതാണ്. മറ്റൊന്ന്, എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ 2019-ൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തി. അതുവരെ, വേദന എങ്ങനെയാണ് മാറ്റുന്നതെന്ന് പാഠ്യപദ്ധതിയിൽ ഇല്ല. ജീവിതാന്ത്യ ശുശ്രൂഷ എങ്ങനെയെന്ന് അന്നുവരെ പാഠ്യപദ്ധതിയിൽ ഇല്ല. അതിപ്പോൾ വന്നിട്ടുണ്ട്. 2022 മുതൽ നഴ്സിംഗ് പഠനത്തിലും അത് ഔപചാരികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൾപ്പെടുത്തിയിരിക്കുന്നതൊന്ന്, നടപ്പിൽ വരുത്തുന്നത് വേറൊന്ന്. ഞങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയാവുന്ന ഒരു പ്രവർത്തനം അതിലാണ്.
മറ്റു വിഭാഗങ്ങളിലെപ്പോലെ പാലിയേറ്റീവ് കെയറിൽ എം.ഡി എടുക്കാൻ കഴിയുമോ ഇപ്പോൾ?
കഴിയും. അതുണ്ട് ഇപ്പോൾ. കേരളത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട് എം.ഡി പാലിയേറ്റീവ് കെയർ. വെല്ലൂരുണ്ട്. സെന്റ് ജോൺസ് ഉണ്ട്. എല്ലാംകൂടി കുറേയുണ്ട്. അതിൽ ഡി.എൻ.ബി കോഴ്സുണ്ട്. പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റുകളെ പഠിപ്പിക്കുന്നത് 2014-ൽ തുടങ്ങി. കുറച്ചെണ്ണമേ ആയിട്ടുള്ളൂ. പക്ഷേ, ഞാൻ ഈ പറയുന്നത് എല്ലാ ഡോക്ടർമാരും കുറച്ചു പാലിയേറ്റീവ് കെയർ പഠിച്ചിരിക്കേണ്ട കാര്യമാണ്.
ആരോഗ്യ പ്രവർത്തകർ ഏറെ പ്രകീർത്തിക്കപ്പെടുന്ന ഒരു വിഭാഗമാണ്. പക്ഷേ, അതിനൊത്ത വിധം അവർ രോഗികളോട്, വേദനിക്കുന്നവരോട് നന്നായി പെരുമാറുന്നുണ്ടോ?
തുറന്നു പറയാം. പ്രകീർത്തിക്കപ്പെടുന്നുണ്ടോ എന്ന് എനിക്കു സംശയമുണ്ട്. അങ്ങനെ ആയിരുന്നു. ഒരുസമയത്ത് ഡോക്ടർ ദൈവത്തെപ്പോലെ ആയിരുന്നു. പരിപൂർണ്ണ വിശ്വാസം. പക്ഷേ, അന്നു ഡോക്ടർമാർ തന്നെയാണ് ചികിത്സിക്കുന്നത്. ഞാൻ ഈ പറഞ്ഞതിനോട് ചിലപ്പോൾ ആളുകൾക്കു ദേഷ്യംവരും. അന്നു ഡോക്ടർമാരാണ് ആരോഗ്യസേവനം നൽകിയിരുന്നത്. ഇന്ന് ഹെൽത്ത് കെയർ ഇൻഡസ്ട്രിയാണ്. ഈ ഡോക്ടർക്കു ചെയ്യേണ്ടത് ചെയ്യാൻ ആ ആശുപത്രിയുടെ പ്രോട്ടോക്കോൾ അനുസരിച്ചേ പറ്റൂ. ആ ആശുപത്രിയുടെ പ്രോട്ടോക്കോൾ ഡോക്ടർമാർ രോഗിയുടെ കാര്യം മാത്രം നോക്കി തീരുമാനിക്കുന്നതല്ല. ആശുപത്രി നടക്കണമല്ലോ, കമേഴ്സ്യൽ ഇന്ററസ്റ്റ് ഉണ്ടല്ലോ. ഹെൽത്ത് കെയർ ഇൻഡസ്ട്രി എന്ന് ഒരുളുപ്പുമില്ലാതെ നമ്മൾ പറയുന്നില്ലേ ഇപ്പോൾ? ഇതൊരു 1980-കൾ വരെ കേട്ടിട്ടില്ലായിരുന്നു. ഞാൻ 1970 മുതൽ ഡോക്ടറാണ്. ആദ്യത്തെ 17 വർഷം ഞാൻ ഈ വാക്ക് കേട്ടിട്ടില്ല. കോഴിക്കോട് ജോലി ചെയ്യുമ്പോൾ അവിടെ ആദ്യത്തെ സി.ടി സ്‌കാൻ വന്നപ്പോൾ അതിനെ പ്രമോട്ട് ചെയ്യാൻ വന്ന ലേഡി റെപ്രസന്റേറ്റീവ് ആണ് ഹെൽത്ത് കെയർ ഇൻഡസ്ട്രി എന്ന വാക്ക് ആദ്യമായി എന്നോടു പറഞ്ഞത്. വ്യവസായമാകുമ്പോൾ വ്യവസായത്തിന്റെ ലക്ഷ്യമെന്താണ്? എന്തിനാണ് വ്യവസായം നടത്തുന്നത്? ലാഭമുണ്ടാക്കാനല്ലേ? ഞാൻ നാളെ രോഗിയാകുമ്പോൾ എന്റെ ബുദ്ധിമുട്ടിൽനിന്ന് എത്ര കൂടുതൽ ലാഭമുണ്ടാക്കുന്നോ അത്രയും ഇൻഡസ്ട്രി മിടുക്കൻ/മിടുക്കി. ഇവിടെയൊരു വലിയ പ്രശ്‌നമുണ്ട്. ഡോക്ടറല്ല ഇപ്പോൾ നടത്തുന്നത്. ഇൻഡസ്ട്രിയാണ്. ഡോക്ടർ ഒരു പാവയാണ്. അറിയുന്നില്ല. നമ്മളാണ് നടത്തുന്നത് എന്ന തെറ്റിദ്ധാരണയിൽ നടക്കുന്ന ഒരു പാവ. പക്ഷേ, മാനേജ്മെന്റ് വിദഗ്ദ്ധർ പറയുന്ന ഒരു കാര്യമുണ്ട്. തെറ്റുകൾ കണ്ടുപിടിക്കാനാണ് കൂടുതൽ താൽപ്പര്യം. നമ്മൾ 300 പ്രാവശ്യം ഒരു വഴിയിൽക്കൂടി പോയിട്ട് ഒരു പ്രാവശ്യം ഒരു തടസ്സം വന്നാൽ അതേ ഓർക്കുകയുള്ളൂ എന്നു പറഞ്ഞതുപോലെ ഇവിടെയും നെഗറ്റീവ്സ് ആണ് നമ്മൾ കൂടുതൽ കാണുന്നത്. പക്ഷേ, എന്റെ പരിപൂർണ്ണ വിശ്വാസം, ഒരുമാതിരി നൈതികമായി പ്രവർത്തിക്കാൻ അവസരം കൊടുത്താൽ അധികം ഡോക്ടർമാരും അങ്ങനെയായിരിക്കും പ്രവർത്തിക്കുക. ഡോക്ടർ എന്നു പറഞ്ഞതുകൊണ്ട് ഒരു ഇൻസെൻസിറ്റീവ് ആനിമൽ ആയിപ്പോകുന്നില്ലല്ലോ. അധികം പേരും രോഗിയുടെ ശുശ്രൂഷ നേരാംവണ്ണം ചെയ്യും, ഭംഗിയായി ചെയ്യും. ഇതിന് അപവാദങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അധികം പേരും ചെയ്യും. അതിനുള്ള ഒരു ഹെൽത്ത് കെയർ പശ്ചാത്തലം, നയം എല്ലാമുണ്ടാകണം. ഇതൊരു പ്രശ്‌നമായിട്ട് തിരിച്ചറിയണം. എങ്കിലും ഡോക്ടർമാർ അത്രയും പ്രവർത്തിക്കണോ എന്നു ചോദിച്ചാൽ ഞാൻ ഇപ്പോഴും പറയും, അതേതു മേഖലയിലാണെങ്കിലും അങ്ങനെത്തന്നെയാണ് എന്ന്. മാധ്യമപ്രവർത്തനത്തിലാണെങ്കിലും അങ്ങനെത്തന്നെയാണ്. എത്രയോ അധികം പേരും കാണുന്നത് അതേവിധം റിപ്പോർട്ട് ചെയ്യുന്നവരാണ്. അതുപോലെ ഡോക്ടർമാരിലും ഭൂരിപക്ഷം രോഗികളോട് നന്നായി പെരുമാറുന്നവരാണ്. എന്തായാലും ഉള്ളിൽ കുറച്ച് സഹാനുഭൂതി ഉണ്ടാകാതിരിക്കുമോ, ഞങ്ങളെ അതു കാണാതിരിക്കാൻ പഠിപ്പിച്ചിട്ടുണ്ടെങ്കിലും. ആശുപത്രി നടക്കണമെങ്കിൽ ഇൻഡസ്ട്രി വേണം എന്നാണെങ്കിലും ആ ആശുപത്രിയും കുറച്ചുകൂടി രോഗിയിൽ കേന്ദ്രീകരിക്കാൻ നിർബ്ബന്ധിതമാകണം. അങ്ങനെ ആകണമെങ്കിൽ റെഗുലേഷൻസ് വേണം. ഇന്ന് ഇന്ത്യയിൽ ഹെൽത്ത് കെയർ ഇൻഡസ്ട്രിക്ക് ഒരു നിയന്ത്രണവുമില്ല. ഒരു കൺട്രോളുമില്ലാതെ അവർക്കു പ്രവർത്തിക്കാം. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് എന്നൊക്കെ പറയും. പക്ഷേ, നിയന്ത്രണം ആവശ്യമുണ്ട്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഒരു ഡോക്ടർക്ക് ഇത്രയും സ്വാതന്ത്ര്യമില്ല. അവർക്ക് പ്രോട്ടോക്കോൾ അനുസരിച്ചേ ചെയ്യാൻ പറ്റൂ. ഏറ്റവും നല്ലത് ഇതാണെന്നു പറഞ്ഞാലും അതനുസരിച്ചേ ചെയ്യാൻ പറ്റുകയുള്ളൂ. ഇവിടെയെനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. അതൊരു സിസ്റ്റത്തിൽപ്പെട്ട് വരണം. വ്യക്തികളുടെ പ്രശ്‌നമല്ല.
ഹെൽത്ത് കെയർ ഇൻഡസ്ട്രിയെ മനുഷ്യമുഖമുള്ളതാക്കി മാറ്റാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഗവൺമെന്റിന് അല്ലേ. അവർ അതു ചെയ്യുന്നുണ്ടോ?
ഗവൺമെന്റ് എന്നത് നമ്മൾകൂടി ഉൾപ്പെടുന്നതല്ലേ. നമുക്കുംകൂടി ചുമതലയുണ്ട്. ആരെങ്കിലുമൊക്കെ ഈ ചോദ്യങ്ങൾ ചോദിക്കണം. സാമാന്യം പരിഷ്‌കൃതമായ ഏതു രാജ്യത്തും ജി.ഡി.പിയുടെ അഞ്ച് ശതമാനമെങ്കിലും ആരോഗ്യ പരിരക്ഷാ മേഖലയ്ക്കു നീക്കിവയ്ക്കും. യു.എസിലെ നമുക്കു നോക്കണ്ട. 18 മുതൽ 20 ശതമാനം വരെയൊക്കെയാണ് അവർ ചെലവാക്കുന്നത്. ആരോഗ്യമാണ് ഏറ്റവും വലിയ ധനം എന്ന തത്വം നമ്മൾ മറന്നുപോയി. ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നത് 1.2 ശതമാനം മാത്രം. പരമാവധി 1.3 ശതമാനം വരെ. നമ്മൾ അതിന് അത്രയും പ്രാധാന്യമേ കൊടുക്കുന്നുള്ളൂ. ഇതു ശരിയല്ലല്ലോ, നമ്മൾ സമ്പത്ത് മുഴുവൻ എന്തിനാണ് ചെലവഴിക്കുന്നത്, ആരോഗ്യത്തിനു കുറച്ചുകൂടി പ്രാധാന്യം കൊടുക്കണ്ടേ? നമ്മുടെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ഓരോ ഡോക്ടറുടേയും മുന്നിൽ എന്തൊരു തിരക്കാണ്? വാർഡുകളിലെ സ്ഥിതിയും അതുതന്നെ. ഒരു നഴ്സ് എത്ര രോഗികളെയാണ് നോക്കേണ്ടിവരുന്നത്. അതൊരു വലിയ പ്രശ്‌നമാണ്. യാഥാർത്ഥ്യബോധത്തോടെ ജോലി ഏൽപ്പിക്കണം. കൂടുതൽ ആളുകൾ വേണം. അതു പറഞ്ഞപ്പോഴാണ് ഓർത്തത്. പുതിയ എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ നൈതികതയെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്.
Mentally Depressed
പലതരം മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുണ്ടല്ലോ. അവരുടെ വേദനകൾ മറവിരോഗികളുടെ കാര്യം പറഞ്ഞതുപോലെ വേണ്ടവിധം മനസ്സിലാക്കപ്പെടുന്നില്ല എന്ന നിരീക്ഷണങ്ങളുമുണ്ടല്ലോ. അവർക്ക് പാലിയേറ്റീവ് കെയർ വേണ്ടതല്ലേ?
വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ഇന്നത്തെ ഹെൽത്ത് കെയർ സിസ്റ്റത്തിൽ എം.ആർ.ഐ സ്‌കാനിൽ കാണാത്തതിനെല്ലാം ഒരു അപ്രാമാണികത്വം വന്നുപോയി. അതേസമയം മാനസികാരോഗ്യ പ്രശ്‌നമുള്ളവർ എത്രത്തോളമായിരിക്കും സഹിക്കുന്നത്. അവർക്ക് ആവശ്യത്തിനുള്ള കെയർ എങ്ങും കിട്ടുന്നില്ല. അതൊരു വലിയ പ്രശ്‌നമാണ്. അവർക്കും തീർച്ചയായും പാലിയേറ്റീവ് കെയർ വേണം. അവർക്കു വേണ്ടതെല്ലാം ചെയ്യുന്നുണ്ടോ? ഇല്ല. എങ്കിലും ഞങ്ങൾ അവരെ സ്വീകരിക്കുന്നുണ്ട്. ഒരു പ്രശ്‌നമുണ്ട്: ഞാനൊരു കാൻസർ രോഗിക്ക് പാലിയേറ്റീവ് കെയർ കൊടുക്കുമ്പോൾ എനിക്കൊരു നൂറ് സംശയങ്ങളുണ്ട്. ഞാനൊരു കാൻസർ വിദഗ്ദ്ധനല്ല. അപ്പോൾ എന്നെ സഹായിക്കാൻ കാൻസർ വിദഗ്ദ്ധർ വേണം. ഭാഗ്യവശാൽ ഞങ്ങൾക്ക് അതിന് ആളുകളുണ്ട്. ഇവരുടെ കാര്യത്തിൽ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം ആവശ്യമായ പിന്തുണയും സഹായവും നൽകും. ഞങ്ങളുടെ ടീമിൽത്തന്നെ മെഡിക്കൽ സോഷ്യൽ വർക്കേഴ്സെല്ലാം കൗൺസലിംഗ് സ്‌കിൽ ഉള്ളവരാണ്. ഞങ്ങൾ കുറേയധികം ചെയ്യും, കഴിയുന്നതുപോലെ. ഞങ്ങളുടെയടുത്ത് രോഗികൾ വന്നാൽ ഇവരുടെ സഹായമില്ലാതെ വേണ്ട ചികിത്സ കൊടുക്കാൻ കഴിയില്ല. മാനസികരോഗങ്ങളുടെ പാലിയേറ്റീവ് കെയർ മറ്റുള്ളതിലെക്കാൾ ശൈശവ ദശയിലാണ്. ആഗോളതലത്തിൽത്തന്നെ അങ്ങനെയാണ് എന്നാണ് എന്റെ വിശ്വാസം. നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും.
രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികയിൽ പാലിയേറ്റീവ് കെയറിനു മികച്ച പ്രാധാന്യം എന്നത് ഒരു ഇനമാകുമോ എന്നെങ്കിലും?
ഞങ്ങൾ വാസ്തവത്തിൽ ശ്രമിച്ചിട്ടുണ്ട്, പലവട്ടം. വിജയിച്ചില്ല. കൂടുതൽ ശ്രമിക്കണം എന്നേയുള്ളൂ. ഈ വർഷം മാർച്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഒരു നിരീക്ഷണമുണ്ടായിരുന്നു: ജീവിതം അവസാനിപ്പിക്കാനുള്ള അനുവാദവുമായി ബന്ധപ്പെട്ട കാര്യമാണ് കോടതിയിൽ ചെന്നത്. ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമായതുകൊണ്ട് പാലിയേറ്റീവ് കെയറും അതിന്റെ ഭാഗമായിത്തന്നെ അവകാശമാണ് എന്നാണ് കോടതി പറഞ്ഞത്. സർക്കാരിന്റെ മറുപടിക്ക് മേയിൽ വെച്ചിരിക്കുകയായിരുന്നു. എന്തായി എന്ന് അറിയില്ല. സ്വഛ്ഭാരത് പോലെ ഒരു സ്വസ്ഥ്ഭാരത് പ്രോഗ്രാം കൂടി വന്നാൽ എത്ര നന്നായിരിക്കും എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇതിനു വലിയ ചെലവൊന്നുമില്ല. നമ്മൾ ഈ നാടു മുഴുവൻ എം.ആർ.ഐ സ്‌കാൻ മെഷീനോ കോബാൾട്ട് മെഷീനോ സ്ഥാപിക്കാൻ നോക്കുകയല്ലല്ലോ. കേരളത്തിൽ പാലിയേറ്റീവ് കെയർ നയം വന്നതുപോലെ രാജ്യം മുഴുവൻ ഇതുണ്ടാക്കണം എന്നൊരു തീരുമാനം വന്നാൽ പെട്ടെന്നു നടക്കും.
പുതുക്കിയ നയത്തിന്റെ അടിയന്തര ഗുണഫലങ്ങൾ എന്തൊക്കെയായിരിക്കും?
പഞ്ചായത്തുകളിൽ നഴ്സ് മാത്രം പോരാ പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച ഡോക്ടർമാരേയും നിയമിക്കണം. ഉള്ളവർക്കു പരിശീലനം നൽകുന്നതിനു പ്രാധാന്യം നൽകണം. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും സർക്കാരും ഒന്നിച്ചു പ്രവർത്തിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കൃത്യമായ മാനദണ്ഡങ്ങൾ നിർണ്ണയിച്ച് സന്നദ്ധസംഘടനകൾക്ക് സർക്കാർ അക്രഡിറ്റേഷൻ നൽകണം. വലിയ ഒരു കുറവ് പുതിയ നയം നടപ്പാകുന്നതോടെ പരിഹരിക്കപ്പെടേണ്ടതുണ്ട്. മിക്ക മെഡിക്കൽ കോളേജുകളിലും പാലിയേറ്റീവ് കെയർ വിഭാഗമില്ല. 2008 മുതൽ നയത്തിലുണ്ട്. നടന്നിട്ടില്ല. തിരുവനന്തപുരവും കോഴിക്കോടും പോലെ വലിയ മെഡിക്കൽ കോളേജുകളിൽപ്പോലും സന്നദ്ധസംഘടന പോയി സഹായിച്ചിട്ടാണ് പാലിയേറ്റീവ് കെയർ ചെയ്യുന്നത്. അതിന് അനുവദിക്കുന്നുണ്ട്.
ആരോഗ്യമേഖലയുടെ മുൻഗണനയിൽ പാലിയേറ്റീവ് കെയറിനു കൂടുതൽ പ്രാധാന്യം കിട്ടാനുള്ള കൂടുതൽ ഇടപെടലുകൾ ആവശ്യമാണ് അല്ലേ?
രണ്ടു ഭാഗവും. നമ്മുടെ ഭരണത്തിൽ ആരോഗ്യത്തിനുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കണം; അതിൽത്തന്നെ പാലിയേറ്റീവ് കെയറിനുള്ള വിഹിതം കൂട്ടണം. കേരളത്തിലെ സർക്കാരിന്റെ മുൻഗണനയിൽ ഇതുണ്ട് എന്നാണ് അനുഭവം. മാർച്ചിനു മുൻപേ പാലിയേറ്റീവ് കെയർ വിഭാഗം തുടങ്ങിയിരിക്കണം എന്നു കഴിഞ്ഞവർഷം ജനുവരിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനു നിർദ്ദേശം നൽകിയിരുന്നു. പത്ത് ലക്ഷം രൂപയും അനുവദിച്ചു. ആ പണം നൽകാൻ ബുദ്ധിമുട്ടു വന്നു എന്നാണ് മനസ്സിലാകുന്നത്. നമ്മൾ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോവുകയായിരുന്നു. അതുകൊണ്ടായിരിക്കണം. പക്ഷേ, അല്ലാതെത്തന്നെ നടത്താവുന്ന കാര്യങ്ങളുണ്ട്. ഉദാഹരണത്തിനു സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട കാര്യം. അതിനു പ്രത്യേകിച്ചു ചെലവൊന്നുമില്ല. പുതുക്കിയ നയത്തിലെ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത കാര്യങ്ങൾ ഇപ്പോൾ നടപ്പാക്കുകയാണ് വേണ്ടത്. കഴിയുന്നത്ര വേഗം സാമ്പത്തിക പിന്തുണയും കൊടുക്കണം.
അനുഭവങ്ങളുടെ വലിയ നിരയിൽ വേദനിപ്പിച്ചുകൊണ്ടോ സന്തോഷിപ്പിച്ചുകൊണ്ടോ പിന്തുടരുന്ന അനുഭവങ്ങളിൽ പലതും ആ വ്യക്തിയുടെ മാത്രമല്ല, കുടുംബത്തിന്റേയും സ്വകാര്യതയുമായിക്കൂടി ബന്ധപ്പെട്ടതായിരിക്കുമല്ലോ. അങ്ങനെയാകാത്തവിധം പറയാവുന്ന, മറ്റുള്ളവർക്കു പ്രചോദനമായോ താക്കീതായോ ഒക്കെ പ്രയോജനപ്പെടാവുന്ന അനുഭവം പറയാൻ കഴിയുമോ?
അതെ. പറഞ്ഞതു ശരിയാണ്. പരാമർശി ക്കപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിനെങ്കിലും തോന്നും, നമ്മുടെ കാര്യമാണല്ലോ എന്ന്. അതു വേദനിപ്പിക്കും. അതുകൊണ്ട് അത്തരം അനുഭവങ്ങൾ പറയാൻ പരിമിതിയുണ്ട്. വേദന ചികിത്സിക്കുന്നതിൽനിന്നു കുറച്ചുകൂടി വിശാലമായി പാലിയേറ്റീവ് കെയറിലേക്ക് എന്നെ കൊണ്ടുവന്ന ഒരു അനുഭവമുണ്ട്. ഒരു രോഗിയുടെ വേദന ഞാൻ മാറ്റിക്കൊടുത്തു, അദ്ദേഹം പോയി ആത്മഹത്യ ചെയ്തു. ഇനി എന്നു വരണം എന്നു ചോദിച്ചു. ഇനി ഇങ്ങോട്ടു വരണ്ട, വേദന മാറിയല്ലോ എന്നു ഞാൻ പറഞ്ഞു. വേദന തിരിച്ചുവന്നാൽ മാത്രം വന്നാൽ മതി. അന്നു രാത്രിതന്നെ അദ്ദേഹം ആത്മഹത്യ ചെയ്തു. അതുവരെ അദ്ദേഹം വിചാരിച്ചിരുന്നത് രോഗം മാറും എന്നാണ്. ഞാൻ വിഷമങ്ങളൊന്നും ചോദിച്ചില്ല. വേദന മാറ്റിക്കൊടുത്തു. വേദന തിരിച്ചുവന്നാൽ വന്നാൽ മതി എന്നു പറഞ്ഞപ്പോൾ എന്റെ രോഗം മാറുകില്ല, ഇനിയും കഷ്ടപ്പെടേണ്ടിവരുമെന്നു മനസ്സിലായി. 42 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കോളേജ് പ്രൊഫസറായിരുന്നു. ഭാര്യയും രണ്ട് കൊച്ചുകുട്ടികളുമുണ്ടായിരുന്നു. രണ്ടു വർഷംകൂടിയെങ്കിലും ജീവിച്ചിരിക്കുമായിരുന്നു. പിള്ളേർക്ക് അച്ഛനുണ്ടായിരുന്നേനെ. ഗുരുനാഥനായിരുന്ന അദ്ദേഹം സ്വന്തം ജീവിതം തന്ന് എന്നെ ഒരു പാഠം പഠിപ്പിച്ചു. 1980-കളിലാണ് ഇത്. പാലിയേറ്റീവ് കെയർ എന്നൊരു പേര് ഞാൻ കേൾക്കുന്നതിനും മുൻപ്. 1993-ൽ ആണ് കോഴിക്കോട് ഔപചാരികമായി പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപിക്കുന്നത്.
അസാധാരണമായവിധം സ്വയം സമർപ്പിച്ച് മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഏതു കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ വളരെ പ്രധാനമാണ്. താങ്കളുടെ അനുഭവമെന്താണ്?
എന്റെ ഭാര്യയും മക്കളും പിന്തുണ തന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയങ്കരമായി കഷ്ടപ്പെട്ടു പോയേനെ. ഞാൻ അനസ്തീഷ്യ പഠിച്ച ആളാണ്. സർക്കാർ സ്ഥാപനത്തിലെ സേവനം വിട്ടു കഴിഞ്ഞുള്ള കാലത്ത് പൈസയുണ്ടാക്കാൻ വലിയ സാധ്യതയായിരുന്നു. ശമ്പളമില്ലാതായ ശേഷം പെൻഷൻകൊണ്ട് ജീവിക്കുകയാണ്. പക്ഷേ, ഈ ചോദ്യത്തിനു മറ്റൊരു പ്രസക്തിയുണ്ട്. ഇത് എന്റെ മാത്രം കാര്യമല്ലല്ലോ. ഒരുപാട് പാലിയേറ്റീവ് കെയർ പ്രവർത്തകരുണ്ട്. ചെയ്യണം എന്ന് അതിയായ ആഗ്രഹമുള്ളവർ. പക്ഷേ, കുടുംബത്തിന്റെ പിന്തുണ കിട്ടുന്നില്ല. അതുകൊണ്ട് വിട്ടുപോകേണ്ടിവന്നവരുണ്ട്. സാധാരണ ജീവിതമേ ആ കുടുംബങ്ങളിലുള്ളവർ ആവശ്യപ്പെടുന്നുള്ളൂ; 'നോർമൽ' ലൈഫ്. ഇത് 'നോർമൽ' അല്ലല്ലോ. എനിക്കെന്റെ സ്വകാര്യ ഭാഗ്യം ഭാര്യയും രണ്ട് ആൺമക്കളും പരിപൂർണമായി എന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നതാണ്.
കാൻസർ അല്ലാത്ത രോഗങ്ങളിൽ ഏതൊക്കെയാണ് പ്രധാനമായും പാലിയേറ്റീവ് കെയർ വേണ്ടിവരുന്നത്?
ഞാൻ നേരത്തെ ലാൻസെറ്റ് കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ചു പറഞ്ഞില്ലേ. അതിലെ കണക്കനുസരിച്ച് ആഗോളതലത്തിൽ നോക്കിയാൽ ഏറ്റവും കൂടുതൽ എച്ച്.ഐ.വി എയ്ഡ്സ് ആണ്. ഇന്ത്യയിൽ അതു ശരിയാകില്ല. ഇവിടെ അത്രയും എച്ച്.ഐ.വി ഇല്ല. കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ്. അതുകഴിഞ്ഞാൽ കാൻസർ. മൂന്നാമത് മറവിരോഗം. അതിനു പാലിയേറ്റീവ് കെയർ ഇപ്പോൾ പൊതുവെ കിട്ടുന്നില്ല. കാരണം, അതുംകൂടി പാലിയേറ്റീവ് കെയറിന്റെ ആശ്വാസം കിട്ടുന്നതാണ് എന്ന് ആളുകൾക്ക് അറിഞ്ഞുകൂടാ. അവിടെയും നമ്മൾ രോഗത്തിനു ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. ഈ മനുഷ്യർ എന്തെല്ലാം കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എന്ന് ആളുകൾ അറിയുന്നില്ല. പലർക്കുമുള്ള തെറ്റിദ്ധാരണ ആ ആൾ മറന്നുപോയില്ലേ, ആ ആൾക്ക് ഒന്നുമില്ലല്ലോ എന്നാണ്. പക്ഷേ, ഭയങ്കര ബുദ്ധിമുട്ടാണ്. വേദനയുണ്ടെങ്കിൽ പറയാൻപോലും പറ്റില്ല. വേദന മാത്രമല്ല. പലർക്കും വിഭ്രാന്തി ഉണ്ടാകും. ഒരുപാടുപേർക്ക്, ആകെ തിരിച്ചറിയുന്ന, പരിചിതമായ ഒരു മുഖം ഓക്കെ ആണ്. പരിചയമില്ലാത്ത ഒരാൾ കയറിവന്നാൽ പേടിയാണ്. ഇതുപോലെ ദുരിതമുള്ള വേറൊന്നുമില്ല. നാളെ ദൈവം ഇങ്ങോട്ടു വന്ന്, ''രാജഗോപാലേ, ഇതാ പിടിച്ചോ; നിനക്ക് ഇതിൽ ഒന്ന് എടുത്തേ പറ്റൂ. കാൻസർ വേണോ മറവിരോഗം വേണോ'' എന്നു ചോദിച്ചാൽ ഞാൻ ചാടിപ്പിടിക്കും കാൻസറിനെ. അത്രയ്ക്കു ബുദ്ധിമുട്ടാണ് അൽഷിമേഴ്സ്. അതൊരു വലിയ വിഭാഗമാണ് കേരളത്തിലും. ഇവിടെ മറ്റു സംസ്ഥാനങ്ങളിലേക്കാൾ കുറച്ചുകൂടി കൂടുതലായിരിക്കും. കാരണം ഇവിടെ ആളുകൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നല്ലോ. ആയുർദൈർഘ്യം കൂടുതലല്ലേ. പിന്നെ, ഞരമ്പു സംബന്ധമായ മറ്റു രോഗങ്ങൾ. കുറച്ചുകൂടി എണ്ണത്തിൽ കുറവായിരിക്കുമെങ്കിലും ഹൃദയത്തിന്റെ, കിഡ്നിയുടെ, കരളിന്റെ രോഗങ്ങളും സന്ധി സംബന്ധമായ രോഗങ്ങളും.
വൈദ്യശാസ്ത്രത്തിന്റെ മറ്റു മേഖലകളിലും - ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ മേഖലകളിലും - കൂടി പാലിയേറ്റീവ് കെയർ വരേണ്ടതല്ലേ?
തീർച്ചയായും. പിന്നെ, ന്യൂറോ പാലിയേറ്റീവ് കെയർ എന്ന പേരിൽ ന്യൂറോളജിസ്റ്റുകളുടെ ഒരു വിഭാഗമുണ്ട്. അവർ ഇപ്പോൾത്തന്നെ നൂറിലധികം ന്യൂറോളജിസ്റ്റുകളെ പാലിയേറ്റീവ് കെയർ പഠിപ്പിച്ചു കഴിഞ്ഞു. ഞങ്ങൾ ഓങ്കോളജിസ്റ്റുകൾക്കുവേണ്ടി രണ്ട് കോഴ്സ് ഓൺലൈനിൽ നടത്തിയിരുന്നു. രണ്ടിലും നിറയെ ആളുകളുണ്ടായിരുന്നു. ശാസകോശ വിദഗ്ദ്ധർക്കുവേണ്ടി രണ്ടു കോഴ്സ് കഴിഞ്ഞു. ആളുകൾക്കു താൽപ്പര്യമുണ്ട്. എല്ലാവരും കൂടി എത്ര പേരുണ്ട്, ഇത് ആകെയുള്ളവരുടെ എത്ര ശതമാനമാണ് എന്നു ചോദിച്ചാൽ, ഇങ്ങനെയൊക്കെയല്ലേ എല്ലാം തുടങ്ങുന്നത് എന്നാണ് എന്റെ മറുപടി. രോഗി ശ്വാസംമുട്ടി പേടിച്ച് വന്നാൽ ആ വിദഗ്ദ്ധൻ, ''വലിയ വിഷമമുണ്ടല്ലേ, നിങ്ങൾക്ക് ആശ്വാസം തരാം'' എന്നു പറഞ്ഞിട്ട് തുടങ്ങിയാൽത്തന്നെ പാലിയേറ്റീവ് കെയർകൂടി ചേർന്നുകഴിഞ്ഞു. പിന്നെ, രോഗം കണ്ടുപിടിക്കാൻ പോയി എം.ആർ.ഐ ചെയ്തിട്ടു വാ എന്നു പറയുന്നതിനുപകരം ശ്വാസംമുട്ടൽ കുറയ്ക്കാനുള്ള മരുന്നും അതുമായി ബന്ധപ്പെട്ട പരിശോധനകളും കൊടുക്കുന്നതിനൊപ്പം ഇതുംകൂടി ആയാൽ ഒരു ഇന്റഗ്രേഷൻ വരും. പിന്നെ, അവർക്ക് ആശ്വാസം കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കിൽ പാലിയേറ്റീവ് കെയർ സ്പെഷലിസ്റ്റ് വരും.
പ്രായം പാലിയേറ്റീവ് കെയറിൽ എങ്ങനെയാണ് ബാധിക്കുക. കുട്ടികൾക്കും വിവിധ പ്രായങ്ങളിലുള്ള മുതിർന്നവർക്കും നൽകുന്നതിലെ വ്യത്യാസം ഏതുവിധമാണ്?
കുട്ടികളുടെ പ്രശ്‌നം കുറച്ചു ക്രൂരമാണ്. പാലിയേറ്റീവ് കെയർ മുഴുവനല്ല, വേദനയ്ക്കു ചികിത്സ എന്നു പറഞ്ഞാൽത്തന്നെ ഇന്ത്യയിലാകെ നാലു ശതമാനം ആളുകൾക്കേ കിട്ടുന്നുള്ളൂ. 96 ശതമാനം ആളുകളും നരകയാതന അനുഭവിക്കുകയാണ്. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അത് ഒരു ശതമാനത്തിൽ താഴെപ്പേർക്കു മാത്രമേ കിട്ടുന്നുള്ളൂ. കുട്ടികളെ നമുക്ക് എന്തിഷ്ടമാണ്. ആ ഇഷ്ടം കൊണ്ടുതന്നെ ക്രൂരത കാണിക്കുന്നു. ഒന്ന്, പാലിയേറ്റീവ് കെയർ ചെയ്യുന്ന സ്ഥലങ്ങളിൽത്തന്നെ കുട്ടികളെ നോക്കാൻ നമുക്കിവിടെ സൗകര്യമില്ല എന്നു പറഞ്ഞുവിടുന്നു. അതിനെക്കാൾ വലിയ ഒരു പ്രശ്‌നം, നിങ്ങൾക്ക് പാലിയേറ്റീവ് കെയർ വേണമെങ്കിൽ നിങ്ങൾക്കു പോകാം; മുതിർന്ന ആളാണെങ്കിൽ. കുട്ടിക്കു പറ്റുമോ. അച്ഛനും അമ്മയും കൊണ്ടുപോകാൻ തീരുമാനിക്കണം. പാലിയേറ്റീവ് കെയർ മരിക്കാറായവരുടെ ചികിത്സയാണ് എന്നു വിചാരിക്കുന്നതുകൊണ്ട് അവർ തയ്യാറാകില്ല. സ്‌നേഹംകൊണ്ട് അച്ഛനും അമ്മയും കുട്ടിയെ കഷ്ടപ്പെടുത്തുന്നു. ഡോക്ടർമാർക്ക് ഇന്ന് അറിയാത്ത കുറേ കാര്യങ്ങൾ കൂടി ക്രമേണ മനസ്സിലായിക്കൊള്ളും. എന്തായാലും തൽക്കാലം കുട്ടി കഷ്ടപ്പെടുകയാണ്. ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്, രോഗത്തോട് ഫൈറ്റ് ചെയ്യുകയാണ്. ഫൈറ്റ് ചെയ്യാൻ സ്‌കോപ്പില്ലാത്തിടത്തും ഫൈറ്റ് ചെയ്യുകയാണ്. സ്‌നേഹംകൊണ്ട് എന്നാണ് പറയുന്നത്.
കേരളത്തിൽ പാലിയേറ്റീവ് കെയറിന് സർക്കാർ തലത്തിൽ നൽകുന്ന പ്രാധാന്യം എത്രത്തോളം ഫലപ്രദമാണ്?
വളരെ ഫലപ്രദമാണ്. പക്ഷേ, നയം നടപ്പാക്കൽ എവിടെയുമെത്തിയിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ, സർക്കാരിന്റെ ചുമതല എന്നാൽ, നമ്മുടെ കൂടി ചുമതലയാണ്. 2000-ൽ ആണ് ഞങ്ങൾ ഇങ്ങനെയൊരു നയം ഉണ്ടാക്കണമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിലെ പരിചയമുള്ള ഒരു മന്ത്രിയെ സമീപിക്കുന്നത്. ഒന്നും നടന്നില്ല. പക്ഷേ, 2005-ൽ പോയി പറഞ്ഞപ്പോൾ വളരെ വ്യത്യസ്തമായിരുന്നു പ്രതികരണം. അതിന്റെ പ്രധാന കാരണം അപ്പോഴേയ്ക്കും മാധ്യമങ്ങൾ വഴിയും സാധാരണക്കാരുടെ പങ്കാളിത്തം കൊണ്ടും അതിന് ഒരുപാട് ശ്രദ്ധ കിട്ടി. പാലിയേറ്റീവ് കെയർ നല്ല കാര്യമാണെന്ന് ആളുകൾ പറഞ്ഞു. അപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായി. 2008-ൽ പാലിയേറ്റീവ് കെയർ നയം വന്നു. ഒരു വികസിത രാജ്യത്തിൽ ആദ്യമായിട്ടാണ്. അതിന്റെ ഭാഗമായി ഇന്ന് കേരളത്തിൽ ഓരോ പഞ്ചായത്തിലും പാലിയേറ്റീവ് കെയറിനു മാത്രമായി ഒരു മുഴുവൻസമയ നഴ്സ് ഉണ്ട്. അവർ കിടപ്പുരോഗികളെയെല്ലാം വീട്ടിൽ പോയി കാണും, വേണ്ടതു ചെയ്യും. മൂത്രമൊഴിക്കുന്ന ട്യൂബ് മാറ്റാനുണ്ടെങ്കിൽ, ഭക്ഷണം കഴിക്കുന്ന ട്യൂബ് മാറ്റാനുണ്ടെങ്കിൽ പോയി മാറ്റിക്കൊടുക്കും. പൊതുവെ ശുശ്രൂഷക്കാര്യമൊക്കെ നോക്കും. എന്തൊരു വലിയ കാര്യമാണത്. ആവശ്യമുള്ളതിന്റെ ഒരംശമേ ആകുന്നുള്ളു എന്നതു വേറൊരു കാര്യം. 2019-ൽ വീണ്ടും സർക്കാരിനെ സമീപിച്ചു. നയം പരിഷ്‌കരിക്കണമെന്ന് അഭ്യർത്ഥിച്ചു. സർക്കാർ വളരെ താൽപ്പര്യത്തോടെ അതിനു കമ്മിറ്റിയെയൊക്കെ വെച്ചു നയം പരിഷ്‌കരിച്ചു. അതനുസരിച്ച് കൂടുതൽ പാലിയേറ്റീവ് കെയർ പരിശീലനം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും സർക്കാരും ചേർന്ന പ്രവർത്തനം ഇതൊക്കെ പറഞ്ഞിട്ടുണ്ട്. കൊവിഡ് വന്ന് എല്ലാം തകിടംമറിഞ്ഞു. ഇനിയിപ്പോൾ 2019-ലെ പുതുക്കിയ നയം നടപ്പാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates