ഇടതുപക്ഷത്തേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും തെറ്റായ, തിരുത്തപ്പെടേണ്ട കാര്യങ്ങളുടെ പൊതുകേന്ദ്രമാക്കി അവതരിപ്പിക്കുന്ന രീതി വ്യാപകമായിരിക്കുകയാണല്ലോ; പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അതുകൂടി. എങ്ങനെയാണ് സി.പി.എമ്മും മുന്നണിയും രാഷ്ട്രീയമായി ഈ സ്ഥിതിയെ മറികടക്കുക?
നെഗറ്റീവ് ക്യാംപെയ്ന്‍ വളരെ സജീവമാണ്. കേരള ഗവണ്‍മെന്റിനോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ സമീപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണമാണ് നമുക്കു സാമൂഹിക പെന്‍ഷനിലടക്കം ഉദ്ദേശിച്ച വേഗതയില്‍ കൊടുക്കാന്‍ പറ്റാതെ വന്നത്. യഥാര്‍ത്ഥത്തില്‍ നമുക്കു കിട്ടേണ്ട പണം സമയത്ത് കിട്ടിയിരുന്നെങ്കില്‍ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടാകാതിരിക്കുമായിരുന്നു എന്നു മാത്രമല്ല, 2500 രൂപയാക്കി വര്‍ദ്ധിപ്പിക്കാനും പറ്റുമായിരുന്നു. നമ്മുടെ വാഗ്ദാനമാണല്ലോ. അതുപോലെ മറ്റു ക്ഷേമപെന്‍ഷനുകളും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. നമ്മുടെ ആഭ്യന്തര വരുമാനം വര്‍ദ്ധിച്ചു. പക്ഷേ, കിട്ടേണ്ട കേന്ദ്രവിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നു. അതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രശ്‌നം; സാമ്പത്തിക പ്രശ്‌നം മാത്രമല്ല, രാഷ്ട്രീയ പ്രശ്‌നം കൂടിയാണ് അത്. തൃശൂരില്‍ ബി.ജെ.പിയുടെ ജയത്തെ പ്രധാനമായും സഹായിച്ചത് കോണ്‍ഗ്രസ്സിന്റെ വോട്ട് പോയതാണ്. എന്നാല്‍, നമ്മുടേതായ ചെറിയ ചോര്‍ച്ച പല ഇടങ്ങളിലും വന്നിട്ടുണ്ട്. ഞങ്ങളും അതു ഗൗരവമായി കാണേണ്ടതാണ്. 2019-ലും ഇപ്പോഴും ഞങ്ങള്‍ക്കു കിട്ടിയത് ഒരു സീറ്റാണ്. കാരണം ദേശീയ രാഷ്ട്രീയമാണ് പ്രധാനം. പൂര്‍ണ്ണമായി പെന്‍ഷനും മറ്റും ഗവണ്‍മെന്റ് കൊടുത്താലും വലിയ മാറ്റമൊന്നും ഈ ഫലത്തില്‍ ഉണ്ടാക്കാന്‍ പറ്റില്ല. രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ നോക്കുമ്പോള്‍ നമുക്കത് മനസ്സിലാക്കാന്‍ കഴിയും. ഇന്ത്യാ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത ഇല്ലായ്മയെക്കുറിച്ച് ഞങ്ങള്‍ പറയുന്നുണ്ടെങ്കിലും, ഞങ്ങളത് വസ്തുതാപരമായി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു സിംപിള്‍ ലോജിക്കില്‍ നോക്കുമ്പോള്‍, ''നിങ്ങളും അവരും ഒന്നായിട്ടല്ലേ നില്‍ക്കുന്നത്, അപ്പോള്‍പ്പിന്നെ അവരല്ലേ ഈ കാര്യത്തില്‍ ഞങ്ങള്‍ക്കു കുറച്ചുകൂടി ഉറപ്പ്'' എന്ന ചിന്ത ശക്തമായിരുന്നു. അതാണ് പ്രധാനമായിട്ടു വന്നത്. മനസ്സിലാക്കേണ്ട കാര്യം, രാജ്യസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഒരു സീറ്റിലാണ് എന്നാണ്. ആലപ്പുഴയില്‍നിന്ന് കെ.സി. വേണുഗോപാല്‍ ജയിച്ചപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് ഈ സ്ഥിതി. രാജ്യസഭാ കാലാവധി ബാക്കിയുള്ളയാള്‍ എന്തിന് ലോക്സഭയിലേയ്ക്ക് മത്സരിച്ചു എന്ന ചോദ്യം ചോദിക്കപ്പെടുന്നില്ല. പൊതുവേ വലതുപക്ഷത്തിന് ഒരു പരിലാളന കിട്ടുന്നു. നേമം നിയമസഭാമണ്ഡലത്തില്‍നിന്ന് ഒ. രാജഗോപാല്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് വല്ലാതെ കുറഞ്ഞു, കെ. മുരളീധരന്‍ തൃശൂരില്‍ തോറ്റ് സുരേഷ് ഗോപി ജയിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് വല്ലാതെ കുറയുന്നു. 2019-ല്‍ നിന്നു 2024-ലേയ്ക്ക് നോക്കുമ്പോള്‍ ഞങ്ങളെക്കാള്‍ വോട്ട് കുറഞ്ഞത് അവര്‍ക്കാണ്. കോണ്‍ഗ്രസ്സില്‍നിന്ന് അപ്പുറത്തേക്ക് ഒഴുക്കുണ്ട്. ഞങ്ങള്‍ കാണുന്നത്, ഞങ്ങള്‍ ഗൗരവമായി പരിശോധിക്കേണ്ട രൂപത്തില്‍ കുറച്ചു വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. അത് ഏതെല്ലാം വിഭാഗങ്ങളില്‍നിന്നാണ്, എന്തുകൊണ്ടു പോയി. അത് എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ വിശ്വാസം വീണ്ടെടുക്കാം എന്നത് ഞങ്ങള്‍ പ്രത്യേകം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
പ്രതിപക്ഷം പലപ്പോഴും ദുര്‍ബലമാണെന്നും നേതാക്കള്‍ തമ്മില്‍ യോജിപ്പില്ല എന്നും പരസ്യമായി തുറന്നുകാട്ടപ്പെട്ടിട്ടും അവര്‍ക്ക് തെരഞ്ഞെടുപ്പു ഫലത്തില്‍ കരുത്തു കിട്ടിയതില്‍ ഗവണ്‍മെന്റിന്റെ പല മോശം പ്രവര്‍ത്തനങ്ങളും കാരണമായിട്ടില്ലേ?
മാധ്യമ പരിലാളന വളരെ നന്നായി കിട്ടുന്നവരാണ് കേരളത്തിലെ പ്രതിപക്ഷം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പരസ്യമായി മൈക്കിനു മുന്നില്‍ നടത്തിയതുപോലുള്ള പരാമര്‍ശം എല്‍.ഡി.എഫ് കണ്‍വീനറോ സി.പി.എം സെക്രട്ടറിയോ മറ്റൊരാളുമായി നടത്തിയിരുന്നെങ്കില്‍ എത്ര ദിവസം വാര്‍ത്തയും ചര്‍ച്ചയുമായിരുന്നേനെ. തിരുവനന്തപുരം എം.പിയുടെ പി.എ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെട്ടു. അദ്ദേഹവുമായി ബന്ധമൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ, ഞങ്ങളുടെ ഏതെങ്കിലും പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെട്ട ആളായിരുന്നെങ്കില്‍ എത്ര ദിവസം ചര്‍ച്ച ചെയ്യുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാവ് കൃത്രിമ എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടാണ് എന്റോള്‍ ചെയ്തത്. അതൊന്നും പറയുന്നില്ല. അങ്ങനെയൊരു മാധ്യമ പരിലാളന അവര്‍ക്കു കിട്ടുന്നു. ഞങ്ങളുടെ ഭാഗത്തുനിന്ന് ഇടയ്ക്ക് ചെറിയ പോരായ്മകള്‍ വന്നാല്‍ അതു വല്ലാതെ പര്‍വ്വതീകരിക്കുന്നു, വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കണമെന്നതു ശരിതന്നെ. പക്ഷേ, അതില്‍ ഇത്തരത്തിലുള്ള ചില നിര്‍മ്മിതികള്‍ വളരെ പ്രധാനപ്പെട്ടതാണ്.
ഒരു തുടര്‍ഭരണം ആരും പ്രതീക്ഷിക്കാ ത്തതായിരുന്നു. തുടര്‍ഭരണം കിട്ടാനെന്താണ് കാരണം. ജനങ്ങള്‍ക്കു സംരക്ഷണം കിട്ടുന്ന ഭരണമെന്ന ഫീലിംഗ് എല്‍.ഡി.എഫ് ഗവണ്‍മെന്റിനെക്കുറിച്ച് ഉണ്ടായി. അതില്‍ മുഖ്യമന്ത്രിക്കും ഒരു പ്രധാനപ്പെട്ട റോളുണ്ട്. പ്രളയമാകാം, കൊവിഡ് ആകാം; ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സംരക്ഷണം കിട്ടുന്നു. ആ തോന്നല്‍ തകര്‍ക്കാനുള്ള ഒരു ശ്രമമുണ്ട്. അതു പ്രധാനമാണ്. പിന്നെ, ന്യൂനപക്ഷങ്ങളുടെ വിശ്വാസം മറ്റാരെക്കാള്‍ ഇടതുപക്ഷത്തിനുണ്ട്. അതും ദുര്‍ബ്ബലപ്പെടുത്തണം, ഇതിനു പറ്റുന്ന ഒരു മാസ്റ്റര്‍പ്ലാന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ തുറന്നുകാണിക്കുന്നതിനു നവമാധ്യമങ്ങളും മറ്റും കുറേക്കൂടി നന്നായി ഞങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കും. കുറേക്കൂടി ജനങ്ങളിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയാവുന്ന ടൂളുകളെല്ലാം ഞങ്ങളും സ്വീകരിക്കേണ്ടതുണ്ട്.
അതു തിരിച്ചറിയുന്നു എന്നുള്ളതാണ്, ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അനുഭവങ്ങളിലൊന്ന്, അല്ലേ?
അതെ. നമുക്കറിയാം, ഇന്ത്യയില്‍ ഏറ്റവും കുറച്ചു ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം അടുത്ത വര്‍ഷം കേരളപ്പിറവി ആകുമ്പോഴേയ്ക്കും അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി നമ്മള്‍ മാറും. വീടുകള്‍ കൊടുക്കുന്നു. മറ്റൊരു സംസ്ഥാനത്തുമില്ല ഇത്തരം സൗകര്യങ്ങള്‍. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും നമ്മള്‍ മുന്നിലാണ്. അവയുടെ ഗുണഫലം ആളുകള്‍ക്കു കിട്ടുന്നുണ്ട്. പക്ഷേ, ഇത്തരം പലതരം മാധ്യമ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഞങ്ങളും കുറേക്കൂടി ആസൂത്രിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പിന്നെ, ജനങ്ങള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ നുണപ്രചരണങ്ങള്‍ തള്ളും. കേരളത്തിലും കുറച്ചുകഴിയുമ്പോള്‍ ഇത് മടുപ്പുളവാക്കുന്നതായി മാറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണല്ലോ വലിയ വളഞ്ഞിട്ടാക്രമണം വന്നത്. പക്ഷേ, ജനങ്ങള്‍ അവരുടേതായ നിലപാട് തന്നെ സ്വീകരിച്ചു. ഇപ്പോള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകമായ രാഷ്ട്രീയമാണ്. അതിനനുസരിച്ച് ജനങ്ങള്‍ വിധിയെഴുതി. ഞങ്ങള്‍ നോക്കുമ്പോള്‍, ഇനി വരുന്ന തെരഞ്ഞെടുപ്പുകളുണ്ട്. ഞങ്ങള്‍ക്കു കിട്ടേണ്ട വോട്ടുകളില്‍ രാഷ്ട്രീയമല്ലാത്ത എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ, അതു ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതു ശ്രദ്ധിച്ചിട്ട്, അവരെ ഞങ്ങളുടെകൂടെ ഉറപ്പിച്ചു നിര്‍ത്താനാവശ്യമായ സംഘടനാപരമോ ഭരണപരമോ രാഷ്ട്രീയമോ ആയിട്ടുള്ള നിലപാടുകള്‍ സ്വീകരിക്കും.
സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണം വലിയ തോതില്‍ നടന്നു, നടക്കുന്നു. പക്ഷേ, ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടതുപക്ഷം അവര്‍ക്കൊപ്പം നിന്നത് അവര്‍ ശരിയായി കണക്കിലെടുത്തില്ല എന്നത് കൂടിയാണോ തോല്‍വിക്കു കാരണം?
ഈ പ്രചാരവേല ശക്തമാണ്. ബി.ജെ.പി പറഞ്ഞു, ന്യൂനപക്ഷ പ്രീണനം നടത്തി എന്ന്; മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് പറഞ്ഞു ന്യൂനപക്ഷ വിരോധമാണ് സി.പി.എമ്മിന് എന്ന്. ഈ രണ്ടു ഭാഗവുമുണ്ട്. ന്യൂനപക്ഷ പരിരക്ഷ എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയുടേയും പാര്‍ട്ടി പരിപാടിയുടേയും ഭാഗമാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ പറയുന്നുണ്ട്, ''ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള പോരാട്ടത്തിന്റെ മര്‍മ്മപ്രധാന ഭാഗമാണ് ന്യൂനപക്ഷ പരിരക്ഷ.'' അതായത്, ഞങ്ങളിപ്പോള്‍ എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ എടുക്കുന്ന നിലപാടല്ല. പ്രോഗ്രാമാറ്റിക് അണ്ടര്‍സ്റ്റാന്റിംഗ് ആണ്. കാരണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ഒപ്പം നില്‍ക്കുക എന്നത് ലോകത്തെമ്പാടും കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്ന സമീപനമാണ്. പൗരത്വ പ്രശ്‌നം; മുസ്‌ലിം പ്രശ്‌നം മാത്രമായിട്ടല്ല കാണുന്നത്. മുസ്‌ലിങ്ങളുടെ പ്രശ്‌നമാണ് ഇപ്പോള്‍. പക്ഷേ, പൗരത്വത്തിന് മതം ആധാരമാക്കുന്നതോടുകൂടി മതനിരപേക്ഷ രാഷ്ട്രത്തില്‍നിന്ന് മതരാഷ്ട്രത്തിലേയ്ക്ക് മാറാന്‍ തുടങ്ങുകയാണ്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം, ഏക സിവില്‍കോഡ് വിഷയം ഇതിലെല്ലാമുള്ളത് പൊതുനിലപാട് തന്നെയാണ്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഇത്തരം വിവേചനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുക എന്നുള്ളത് ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്നു എന്ന ഹിന്ദുത്വ പ്രചാരവേലയുണ്ട്. ആ പ്രചാരവേലയ്ക്ക് ആളുകളുടെ മനസ്സില്‍ കുറേക്കൂടി ഇടംകിട്ടാന്‍ പാകത്തില്‍ ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വളരെ ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതു ജനങ്ങളിലേക്കു കുറേക്കൂടി എത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയേണ്ടതുണ്ട്; ഞങ്ങളുടെ പൊസിഷനെന്താണ് എന്ന്, ന്യൂനപക്ഷത്തേയും ജനാധിപത്യവിരുദ്ധമായി സംഘടിപ്പിക്കാന്‍ തടയുന്ന ശക്തികള്‍ക്കെതിരാണ്. ഇസ്‌ലാമിക രാഷ്ട്രത്തിനും ഞങ്ങളെതിരാണ്, ഹിന്ദുത്വ രാഷ്ട്രത്തിനും ഞങ്ങള്‍ എതിരാണ്; എല്ലാ മതരാഷ്ട്ര വാദങ്ങള്‍ക്കും എതിരാണ്. എന്നാല്‍, വിശ്വാസത്തിനു ഞങ്ങള്‍ എതിരല്ല, വിശ്വാസവുമായി ബന്ധപ്പെട്ടതല്ല, മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാന കാര്യം. നുണപ്രചരണങ്ങള്‍ക്കെതിരെ വസ്തുതകള്‍ ആളുകളിലേക്കു കൂടുതല്‍ എത്തിക്കണം. എല്ലാ വിശ്വാസത്തിനും എതിരാണ് വര്‍ഗ്ഗീയത. വിശ്വാസം വിശ്വാസിക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. എന്നാല്‍, വര്‍ഗ്ഗീയത അസ്വസ്ഥത മാത്രം ഉണ്ടാക്കുന്നതാണ്. നമ്മുടെ സമൂഹം മഹാഭൂരിപക്ഷം വിശ്വാസികളുള്ളതാണ്. അവര്‍ക്കിടയില്‍ ഞങ്ങളെക്കുറിച്ച് തെറ്റായ പ്രചരണം ഉണ്ടെങ്കില്‍- അതു നടക്കുന്നുണ്ട്- അതു തുറന്നുകാണിക്കാനും ഒരു മതനിരപേക്ഷ പാരമ്പര്യം ശരിയായ രൂപത്തില്‍ പ്രചരിപ്പിക്കാനും കഴിയേണ്ടതുണ്ട്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ച്ച ആയിരിക്കുമ്പോള്‍ത്തന്നെ വ്യവസായവകുപ്പ് കഴിഞ്ഞ മൂന്നു വര്‍ഷം നടത്തിയ ഇടപെടലുകളേയും നേട്ടങ്ങളേയും കുറിച്ച് എന്താണ് വിശദീകരിക്കാനുള്ളത്?
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാം എന്നുള്ള ആത്മവിശ്വാസം നല്ല രീതിയില്‍ ശക്തിപ്പെട്ടു എന്നതാണ് ഒന്നാമത്തെ കാര്യം. നമ്മളാകെ മോശമൊന്നുമായിരുന്നില്ലെങ്കിലും പൊതുവെ സംരംഭക സമൂഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നില്ല. വിവിധ തലങ്ങളിലെ സംരംഭക സംഘടനകളുമായി ഒരു ആശയവിനിമയം നടത്തുകയാണ് മന്ത്രിയായിക്കഴിഞ്ഞ് ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്. എന്താണ് സംരംഭം തുടങ്ങാന്‍ ഞങ്ങളില്‍നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്? ഞങ്ങളെന്താണ് ചെയ്യേണ്ടത്? പല അഭിപ്രായങ്ങളും അവരുടെ ഭാഗത്തുനിന്നു വന്നു. അതേത്തുടര്‍ന്ന് നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും എന്തൊക്കെയാണ് മാറ്റം വരുത്തേണ്ടത് എന്നു പഠിക്കാന്‍ ഒരു കമ്മിഷനെ വെച്ചു. ആ സന്ദര്‍ഭത്തില്‍ത്തന്നെയാണ് സ്ഥാപനങ്ങളില്‍ നടത്തുന്ന മിന്നല്‍ പരിശോധനകളെക്കുറിച്ച് പരാതിയും വിവാദവുമുണ്ടായത്. ഞങ്ങള്‍ വിവാദങ്ങള്‍ക്കു മറുപടി പറയാതെ ഒരു കേന്ദ്രീകൃത പരിശോധനാ സംവിധാനം- കെ-സിസ് ഉണ്ടാക്കി. അതോടുകൂടി ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വെറുതേയങ്ങു പോയി പരിശോധിക്കാന്‍ പറ്റില്ലെന്നു വന്നു. സോഫ്റ്റ്‌വെയര്‍ ആണ് അതെല്ലാം നിയന്ത്രിക്കുന്നത്. പരിശോധനയ്ക്കുശേഷം അതു സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ-സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.
പിന്നെ, പുതിയ സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി തുടങ്ങി. ലൈസന്‍സുകള്‍ അതിവേഗം ലഭ്യമാക്കുന്നതിനായി കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്). 50 കോടി രൂപ വരെ മുതല്‍മുടക്കുള്ളതാണെങ്കില്‍ മൂന്നു വര്‍ഷത്തേയ്ക്ക് ഒരു ലൈസന്‍സും വേണ്ട. സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം മതി. പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണ് എന്നും മറ്റുമുള്ള കാര്യങ്ങള്‍. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഭാവിയില്‍ പുതുക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. അതു നല്ല മാറ്റമുണ്ടാക്കി. പിന്നെ, 50 കോടിക്ക് മുകളിലുള്ളതിന്റെ കാര്യത്തില്‍ ഒരു നിയമം പാസാക്കി. ഏഴു ദിവസത്തിനുള്ളില്‍ ലൈസന്‍സ് കൊടുക്കണം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ചുവപ്പു വിഭാഗത്തില്‍പ്പെടാത്ത 50 കോടി രൂപ വരെയുള്ള ഏതൊരു എം.എസ്.എം.ഇ സംരംഭവും ആരംഭിക്കാന്‍ ഇന്ന് കേരളത്തില്‍ സാധിക്കും. എല്ലാ വിധ ലൈസന്‍സുകളും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായി കെ-സ്വിഫ്റ്റ് പ്രവര്‍ത്തിക്കുന്നു. അപേക്ഷ നല്‍കിക്കഴിയുമ്പോള്‍ ഓരോ രേഖകള്‍ ആവശ്യപ്പെട്ട് സംരംഭകരെ വീണ്ടും വീണ്ടും നെട്ടോട്ടമോടിക്കുന്ന രീതിയില്ല. പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതോടൊപ്പം തന്നെ നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികള്‍ പുതുക്കിനല്‍കുന്നതിനും കെ-സ്വിഫ്റ്റിലൂടെ സാധിക്കും.
ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികള്‍ രൂപീകരിച്ചുകൊണ്ട് ആരംഭിച്ച ഗ്രിവന്‍സ് റിഡ്രസല്‍ സംവിധാനത്തിലൂടെ സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പു കല്‍പ്പിക്കുന്നതാണ് മറ്റൊരു പ്രധാന കാര്യം. യഥാര്‍ത്ഥത്തില്‍ വ്യവസായ വകുപ്പ് ഒരു ലൈസന്‍സും കൊടുക്കുന്നില്ല. നമുക്കൊരു അധികാരവുമില്ല അതിന്. ഉദാഹരണത്തിന്, മലിനീകരണം ഉണ്ടോ ഇല്ലയോ? അതെന്റെ വകുപ്പല്ല. അല്ലങ്കില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ലൈസന്‍സ് കൊടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം. ഇതെല്ലാം മറ്റു വകുപ്പുകളാണ്. ഈ വകുപ്പുകളിലെയെല്ലാം ഉദ്യോഗസ്ഥരെ ചേര്‍ത്ത് ഒരു സമിതി രൂപീകരിച്ചു. തീരുമാനം 30 ദിവസത്തിനുള്ളില്‍ എടുക്കണം. പൂര്‍ണ്ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് സംരംഭകരില്‍നിന്നു ലഭിക്കുന്ന പരാതി പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍നിന്നു പിഴ ഈടാക്കും. രാജ്യത്തുതന്നെ ആദ്യമായാണ് ഉദ്യോഗസ്ഥരില്‍നിന്നു പിഴ ഈടാക്കുന്ന സംവിധാനം. അങ്ങനെയൊരു 'ഇക്കോ സിസ്റ്റം' കൊണ്ടുവന്നു. അതിന്റെ തുടര്‍ച്ചയായാണ് സംരംഭക വര്‍ഷത്തിലേയ്ക്കു കടന്നത്. അതിന്റെ ഭാഗമായി മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നടത്തി. കേരളത്തില്‍ എം.എസ്.എം.ഇകളുടെ കാര്യത്തില്‍ നമ്മളൊരു പുതിയ മുദ്രാവാക്യം കൊണ്ടുവന്നു; റെസ്‌പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി, റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് (ആര്‍.ഐ.ആര്‍.ഐ). ചെറുകിട സംരംഭങ്ങളാണ് കേരളത്തിനു കൂടുതല്‍ അനുയോജ്യം. നമുക്കു സ്ഥലമില്ല. ഒരുവശത്ത് പശ്ചിമഘട്ടം, തീരമേഖലയില്‍ സിആര്‍സെഡ് നിയന്ത്രണം, നടുക്ക് വെറ്റ്‌ലാന്റ് നിയന്ത്രണം, വനഭൂമി കൂടുതല്‍. ഇങ്ങനെ പല കാര്യങ്ങളുമുണ്ട്, നമ്മള്‍ കണ്ണിലെണ്ണയൊഴിച്ചിരുന്നു ജാഗ്രതയോടെ സംരക്ഷിക്കാന്‍ നിര്‍ബ്ബന്ധിതമായവിധം പാരിസ്ഥിതികമായി വളരെ ദുര്‍ബ്ബലമാണ് കേരളം. അതുകൊണ്ട് ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഉദ്യോഗസ്ഥനെ താല്‍ക്കാലികമായി വെച്ചു. ആദ്യം ഇന്റേണ്‍ ആയിരുന്നു, ഇപ്പോഴത് എക്‌സിക്യൂട്ടീവ് ആക്കി. സംരംഭകത്വത്തിന് ഒരു കൈത്താങ്ങ് കൊടുക്കുക. നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കണ്ണട സാധാരണയായി സംശയത്തിന്റെയാണ്. അതു മാറ്റി വിശ്വാസത്തിന്റെ കണ്ണടയാക്കാന്‍ നമ്മള്‍ തീരുമാനിച്ചു. ഐ.ഐ.എം കാലിക്കറ്റില്‍ പരിശീലനം കൊടുത്തു. ഓരോ ഉദ്യോഗസ്ഥനും ഓരോ ജില്ലയ്ക്കും ടാര്‍ജറ്റ് നിശ്ചയിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന സംരംഭക വര്‍ഷം പദ്ധതിയിലൂടെ 2022-'23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, സംരംഭക വര്‍ഷം 1.0, 2.0 പദ്ധതികളിലൂടെ ഇതുവരെ രണ്ടര ലക്ഷത്തിലധികം സംരംഭങ്ങളും 16,000 കോടിയോളം രൂപയുടെ നിക്ഷേപവും അഞ്ച് ലക്ഷത്തിലധികം തൊഴിലുമുണ്ടായി. 76,807 സ്ത്രീകളും ഈ 23 മാസത്തിനുള്ളില്‍ കേരളത്തില്‍ സംരംഭങ്ങളാരംഭിച്ചു. സംരംഭക വര്‍ഷം 3.0 ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചു. സംരംഭം തുടങ്ങിയിട്ടുണ്ടോ തട്ടിപ്പാണോ എന്നൊക്കെ നോക്കുന്നവരുണ്ട്. ലോകത്തൊരിടത്തും അവരവരുടെ നാട്ടില്‍ സംരംഭം തുടങ്ങിയിട്ടില്ല എന്നു സ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല. ഇവിടെ അത് ആദ്യത്തെ അനുഭവമായിരുന്നു. നമ്മള്‍ ജിയോ ടാഗ് ചെയ്തു. ഓരോ പഞ്ചായത്തിലും തുടങ്ങിയ സംരംഭങ്ങള്‍ ഏതെന്നും ഇപ്പോള്‍ അതിന്റെ സ്ഥിതി എന്താണെന്നും ഇപ്പോള്‍ ഓണ്‍ലൈനില്‍ അറിയാം. സംരംഭങ്ങളുടെ സ്ഥിതി അറിയാന്‍ സര്‍വേ നടത്തി. അതിന്റെ ഭാഗമായി നാനൂറിലധികം സംരംഭങ്ങള്‍ക്കു കൈത്താങ്ങ് കൊടുത്ത് പുനരുജ്ജീവിപ്പിച്ചു. ആദ്യത്തെ വര്‍ഷം 30 ശതമാനം അടച്ചുപൂട്ടുന്നതാണ് പുതിയ ചെറുകിട വ്യവസായ സംരംഭങ്ങളുടെ കാര്യത്തിലെ ദേശീയ ശരാശരി. നമുക്കത് 15 ശതമാനത്തില്‍ താഴെയാണ്. അതായത്, സംരംഭക മനോഭാവം കേരളത്തില്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടം.
എം.എസ്.എം.ഇകള്‍ ദേശീയതലത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ വലിയ പ്രചാരണമാക്കിയിരുന്നല്ലോ. കേരളത്തില്‍ ഈ മേഖലയിലുണ്ടായ കുതിപ്പ് വേണ്ടവിധം പ്രചരിപ്പിക്കപ്പെടാതെ പോയിട്ടുണ്ടോ? വന്‍കിട വ്യവസായങ്ങളാണ് ഇപ്പോഴും വ്യവസായത്തെക്കുറിച്ചുള്ള സങ്കല്‍പ്പം?
അത്ര വലിയ വ്യവസായങ്ങളൊന്നും നമുക്കു സാധ്യമല്ല. എം.എസ്.എം.ഇയില്‍ കുറച്ച് നിക്ഷേപവും കൂടുതല്‍ തൊഴിലവസരങ്ങളുമാണ്. നമുക്കു പ്രധാനമന്ത്രിയുടെ പ്രത്യേക പരാമര്‍ശം കിട്ടി. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി(എസ്.എല്‍.ബി.സി)യുടെ കണക്കു പ്രകാരം ഈ വര്‍ഷം അവര്‍ ഒരു ലക്ഷം കോടിയോളം രൂപയുടെ എം.എസ്.എം.ഇ വായ്പ കൊടുത്തിട്ടുണ്ട്. അത്ര വലിയ കുതിപ്പു വന്നു. മൈക്രോ 'എം'നെ സ്‌മോളിലേയ്ക്ക് കൊണ്ടുവരിക, സ്‌മോളിനെ മീഡിയത്തില്‍ കൊണ്ടുവരിക എന്ന വിധത്തിലാണ് ശ്രമങ്ങള്‍. നൂറു കോടി ടേണോവറുള്ള 1000 വ്യവസായങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം. അപ്പോള്‍ ഒരു ലക്ഷം കോടി ടേണോവറായി. നമ്മുടെ റവന്യൂ വരുമാനം കൂടി, സമ്പദ്ഘടനയ്ക്ക് ചലനാത്മകത വന്നു, തൊഴിലവസരങ്ങള്‍ കൂടി. അതിന് മിഷന്‍ 1000 എന്ന പുതിയ പദ്ധതി കൊണ്ടുവന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യവസായ നയം പ്രഖ്യാപിച്ചത്. ശ്രദ്ധയോടെ ഘട്ടം ഘട്ടമായാണ് ഓരോന്നും ചെയ്തത്.
എയറോസ്‌പേസ്-ഡിഫന്‍സ് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-റോബോട്ടിക്‌സ്, ബയോടെക്‌നോളജി, ഇലക്ട്രിക് വെഹിക്കിള്‍സ്, നാനോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഏറ്റവും സാധ്യതകളുള്ള നവീന മേഖലകള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കുന്ന വ്യവസായ നയം. 22 മുന്‍ഗണനാമേഖലകള്‍ കണ്ടെത്തിക്കൊണ്ട് ഈ മേഖലകളില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് 18 സബ്‌സിഡികള്‍ പ്രഖ്യാപിച്ചു. വ്യവസായ വിപ്ലവം 4.0-ന്റെ ഭാഗമായി വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംരംഭങ്ങള്‍ക്കു ചെലവാക്കുന്ന തുകയുടെ 20 ശതമാനം (പരമാവധി 25 ലക്ഷം രൂപ വരെ) തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ വ്യവസായങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് വൈദ്യുതി നികുതി ഇളവ് നല്‍കുന്ന പദ്ധതി, സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ചാര്‍ജ്ജിലും ഇളവ്, എം.എസ്.എം.ഇ ഇതര സംരംഭങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജി.എസ്.ടി വിഹിതം അഞ്ച് വര്‍ഷത്തേയ്ക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി, 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വന്‍കിട, മെഗാ സംരംഭങ്ങളില്‍ തൊഴിലാളികള്‍ക്കു മാസവേതനത്തിന്റെ 25 ശതമാനം (പരമാവധി 5000 രൂപ വരെ) തൊഴിലുടമയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് തിരികെ നല്‍കുന്ന പദ്ധതി ഇതൊക്കെ നയത്തിന്റെ ഭാഗമാണ്. മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍. 27 പാര്‍ക്കുകള്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചുകഴിഞ്ഞു. രണ്ടു പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റുള്ളവ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഓരോ പാര്‍ക്കിനും മൂന്ന് കോടി രൂപ വരെ സാമ്പത്തിക സഹായം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. അതിന് ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ നോട്ടിഫിക്കേഷന്‍ കൊടുക്കും. ഗവണ്‍മെന്റ് പാര്‍ക്ക് പോലെ തന്നെയാണ് ഈ പാര്‍ക്കും. കൈമാറാം. സിംഗിള്‍ വിന്‍ഡോ ബോര്‍ഡ് അതിനുവേണ്ടി മാത്രം രൂപീകരിക്കുകയാണ്. ഉദ്ഘാടനത്തിനു മുന്‍പുതന്നെ നോട്ടിഫിക്കേഷന്‍ കൊടുക്കും. കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര എന്നിവയ്ക്കായി ലാന്റ് അലോട്ട്‌മെന്റ് പോളിസി തയ്യാറാവുകയാണ്. 50 കോടി രൂപ വരെ മുതല്‍മുടക്കുന്നവര്‍ ആദ്യം 20 ശതമാനം അടച്ചാല്‍ മതി. ബാക്കി തുല്യ ഇന്‍സ്റ്റാള്‍മെന്റുകളായി അടയ്ക്കാന്‍ അവസരം നല്‍കും. 50 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ മൊറട്ടോറിയവും നല്‍കും. നൂറുകോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപം എങ്കില്‍ ആദ്യം 10 ശതമാനം അടച്ചാല്‍ മതി മോറോട്ടോറിയവും ലഭിക്കും. സംരംഭം നടത്തി നഷ്ടത്തില്‍ ആയവര്‍ക്ക് എക്‌സിറ്റ് പോളിസിയും ആവിഷ്‌കരിക്കും.
മുന്‍പ് യു.ഡി.എഫ് സര്‍ക്കാരുകള്‍ നടത്തിയ ആഗോള നിക്ഷേപക സംഗമം, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഏകജാലക സംവിധാനം ഇതൊന്നും വേണ്ടത്ര ഗുണം ചെയ്തില്ല എന്ന തിരിച്ചറിവു കൂടിയാണോ നമ്മുടെ മുന്നിലുള്ളത്?
വലിയ നിക്ഷേപങ്ങളൊന്നും അതുമായി ബന്ധപ്പെട്ട് കണ്ടിട്ടില്ല. അതില്‍ക്കൂടുതല്‍ ഇപ്പോള്‍ ഈ മീറ്റ് ദ ഇന്‍വെസ്റ്ററുമായി ബന്ധപ്പെട്ട് ഉണ്ടാകും. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനുവരിയില്‍ ഒരു നിക്ഷേപക സംഗമം നടത്തുന്നുണ്ട്. ജൂണ്‍, ജൂലൈയില്‍ വ്യവസായ നയത്തിനു തുടര്‍ച്ചയായി നാല് നയങ്ങള്‍ കൂടി പ്രഖ്യാപിക്കും. ലോജിസ്റ്റിക് നയം, കയറ്റുമതി നയം, ഇന്ത്യയില്‍ ആദ്യമായി എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് (ഇ.എസ്.ടി) നയം, ഗ്രഫിന്‍ നയം. ഇതു നാലും വന്‍കിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട നയങ്ങളാണ്. കേരളം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഒരു പ്രധാന കേന്ദ്രമായി മാറാന്‍ പോവുകയാണ്. നമ്മുടെ ദൗര്‍ബ്ബല്യങ്ങളാണല്ലോ നേരത്തെ പറഞ്ഞത്. നമ്മുടെ കരുത്ത് വന്‍തോതില്‍ നൈപുണ്യമുള്ള മനുഷ്യശേഷിയാണ്. അതു വളരെ പ്രധാനമാണ്. പിന്നെ, സ്ഥലത്തിന്റെ കാര്യത്തില്‍ പുതിയൊരു സമീപനം സ്വീകരിക്കുകയാണ്; ലാന്‍ഡ് പൂളിംഗ്. നിയമം പാസാക്കി. ചട്ടം തയ്യാറാകുന്നു. യോജ്യമായ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വികസിപ്പിക്കുകയും അതു വ്യാവസായിക ആവശ്യത്തിനുള്‍പ്പെടെ നല്‍കുകയും ചെയ്യുന്ന രീതി. അതിനു സ്ഥല ഉടമകളില്‍ 75 ശതമാനം പേരുടെയെങ്കിലും അനുമതി വേണം. എങ്കിലാണ് വിജ്ഞാപനം ചെയ്യുക. വികസിപ്പിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ഉടമയ്ക്ക് തിരിച്ചുനല്‍കും. അപ്പോഴേയ്ക്കും അതിന്റെ മൂല്യം പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടാകും. പല സ്ഥലങ്ങളിലും ചെയ്തു വിജയിച്ചതാണ് ഇത്.
കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ ബാധിക്കുന്നത് ഹര്‍ത്താലും സമരങ്ങളുമാണ് എന്നത് പഴയ ഒരു പ്രചാരണമാണ്. അതു കുറേയൊക്കെ മാറി. അതിന്റെ സ്ഥാനത്തേയ്ക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുറ്റപ്പെടുത്തലുകളും പഴികളും ആരോപണങ്ങളും വരുന്നു. അതിനെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്?
നമ്മുടെ പ്രധാനപ്പെട്ട നേട്ടങ്ങള്‍; മാറ്റങ്ങള്‍ ഇത് സമൂഹത്തില്‍ വേണ്ടത്ര അവതരിപ്പിക്കപ്പെടുന്നില്ല. ഐ.എ.എസ് കിട്ടിയ ഒരാള്‍ അത് രാജിവച്ച് കേരളത്തില്‍ സംരംഭം തുടങ്ങി വികസിപ്പിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. അതാണ് തെര്‍മോ പെന്‍പോള്‍; സി. ബാലഗോപാല്‍. അതു വിജയിച്ചു. അപ്പോള്‍ കേരളം മോശമല്ല. അങ്ങനെ പലതും വേണ്ടവിധം ആളുകളില്‍ എത്തുന്നില്ല. ബ്ലഡ് ബാഗ് ഉണ്ടാക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്ന് കേരളത്തിലാണ്. അത് എത്ര പേര്‍ക്കറിയാം? കൊവിഡ് വന്നപ്പോള്‍ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഡീ ഡൈമര്‍ കേരളത്തില്‍ ഉല്പാദിപ്പിച്ച് പേറ്റന്റ് വാങ്ങിയ അഗാപ്പേ എന്ന കമ്പനി ഇപ്പോള്‍ ലോകോത്തര മെഡിക്കല്‍ ഡിവൈസ് കമ്പനിയാണ്. കൃത്രിമ പല്ലുണ്ടാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി മൂവാറ്റുപുഴയിലാണ്. അങ്ങനെ പലതും. അതായത് 20 ശതമാനം മെഡിക്കല്‍ ഡിവൈസ് കമ്പനികള്‍ ഇവിടെയാണ്. ഇതൊന്നും മാധ്യമങ്ങള്‍ പൊതുവെ പറയുന്നില്ല. അതു മാറണം. കെ.പി.പി.എല്‍ നമ്മള്‍ ഏറ്റെടുത്തു. പ്രധാനപ്പെട്ട പത്രങ്ങള്‍ ഉള്‍പ്പെടെ 22 മാധ്യമങ്ങള്‍ കെ.പി.പി.എല്‍ ഉപയോഗിക്കുന്നു. അച്ചടിക്കുന്നവര്‍പോലും ആ മാറ്റത്തിന്റെ വാര്‍ത്ത വേണ്ടത്ര കൊടുക്കുന്നില്ല. വിവാദങ്ങളാണെങ്കില്‍ ആവശ്യമില്ലാതെ സൃഷ്ടിക്കുകയും ചെയ്യും. പലതരത്തിലുള്ള വിവാദങ്ങള്‍. സംരംഭക സമൂഹത്തിന് ആത്മവിശ്വാസം നല്‍കാതിരിക്കാനുള്ള ഒരു ശ്രമം ബോധപൂര്‍വ്വം കേരളത്തില്‍ നടക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വര്‍ദ്ധിക്കുന്നു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ത്തന്നെ പലതിലും ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടല്ലോ. പത്ത് ഇടത്ത് ശമ്പളം മുടങ്ങിയത് മന്ത്രിതന്നെ നിയമസഭയില്‍ പറയുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചു മാസ്റ്റര്‍ പ്ലാനില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം റിവ്യൂ ചെയ്യുന്നുണ്ട്?
പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള കണ്‍സപ്റ്റ് മാറേണ്ടതുണ്ട്. അവ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളല്ല; ശമ്പളം ഗവണ്‍മെന്റ് കൊടുക്കുക എന്നത് പ്രായോഗികമല്ല. ഗവണ്‍മെന്റ് തന്നെ അതു നടത്തണമെന്ന് പൊതുസമൂഹത്തിന് ആവശ്യമില്ല. അവ ലാഭമുണ്ടാക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളായിരിക്കണം, മത്സരാധിഷ്ഠിതമായിരിക്കണം. അതിനു പറ്റുന്ന രൂപത്തില്‍ ഉല്പാദനച്ചെലവ് നിയന്ത്രിക്കാന്‍ കഴിയണം. ഈ സര്‍ക്കാര്‍ വരുമ്പോള്‍, 2011-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൊടുക്കാത്ത സ്ഥാപനങ്ങള്‍ വരെയുണ്ടായിരുന്നു. പ്രൈവറ്റ് കമ്പനിയാണെങ്കില്‍ വാര്‍ഷിക പൊതുയോഗത്തില്‍ വയ്ക്കണം. ഇപ്പോഴത് കര്‍ക്കശമാക്കി. സാമ്പത്തിക വര്‍ഷം കഴിഞ്ഞ് മൂന്നു മാസത്തിനകം പ്രവര്‍ത്തന റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണം. അത് കൃത്യമായിരിക്കണം. നിയമനങ്ങളെല്ലാം പലതരത്തിലായിരുന്നു. മാനേജിംഗ് ഡയറക്ടര്‍മാരുടെ നിയമനങ്ങള്‍ പലപ്പോഴും ആരോപണങ്ങള്‍ക്ക് ഇടയാക്കി. അതെല്ലാം ഞങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു വിട്ടു. ഗവണ്‍മെന്റിനോ മാനേജ്‌മെന്റിനോ ഒരുതരത്തിലും അതില്‍ ഇടപെടാന്‍ പറ്റില്ല. ടെസ്റ്റ് മാത്രമുള്ളതിനു പ്രത്യേക സോഫ്റ്റ്‌വെയര്‍ നടപ്പാക്കി. ടെസ്റ്റിന് ഇരിക്കുമ്പോള്‍ എല്ലാ കംപ്യൂട്ടറിലും ചോദ്യങ്ങള്‍ കിട്ടും; അതു വ്യത്യസ്ത ചോദ്യങ്ങളായിരിക്കും. അങ്ങനെ നിയമനങ്ങള്‍ സുതാര്യമാക്കി. എല്ലാ ബോര്‍ഡിലും രണ്ട് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി. ധനകാര്യം, സാങ്കേതികവിദ്യ എന്നിങ്ങനെ. ബോര്‍ഡുകള്‍ക്ക് ഒരു ഓഡിറ്റ് കമ്മിറ്റിയെ വെച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കാന്‍ പോള്‍ ആന്റണി കമ്മിറ്റി രൂപീകരിച്ചു. അവരുടെ ശുപാര്‍ശകള്‍ വന്നു. എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിലേയ്ക്കു വരണ്ട. സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ ഗവണ്‍മെന്റിന്റെ അനുമതി വേണ്ടതുള്ളൂ. ബാക്കി അവിടെത്തന്നെ തീരുമാനമെടുക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. ഓട്ടോക്കാസ്റ്റ് പോലെ ചില കമ്പനികള്‍ ഇതുവരെ ലാഭമുണ്ടാക്കിയിട്ടേ ഇല്ല. കുറേ കമ്പനികള്‍ വലിയ പ്രശ്‌നത്തില്‍ നില്‍ക്കുന്നവയാണ്. പ്രവര്‍ത്തന മൂലധന പ്രതിസന്ധി പ്രശ്‌നമാണ്. ഞങ്ങള്‍ ഒരു ബി ടു ബി നടത്തി; കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമായി. അതിനെ അടിസ്ഥാനപ്പെടുത്തി പുതിയ ഓര്‍ഡറുകള്‍ കിട്ടുന്നു. പക്ഷേ, മൂലധനമില്ല. ഗവണ്‍മെന്റിലേക്ക് എഴുതി, ധനകാര്യവകുപ്പില്‍ പോയി അനുമതി നേടണം. ആദ്യം ഒരു ചെറിയ ഗഡു കൊടുക്കും. അപ്പോഴേയ്ക്കും ക്വോട്ട് ചെയ്ത തുകയ്ക്ക് കൊടുക്കാന്‍ പറ്റാത്തവിധത്തില്‍ അസംസ്‌കൃത സാധനങ്ങള്‍ക്കു വിലകൂടും. ഇതിനൊരു പരിഹാരത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ സാമ്പത്തികസ്ഥിതി കുറച്ചു പ്രശ്‌നമായതുകൊണ്ട് ഉദ്ദേശിച്ച രൂപത്തില്‍ പണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പരിമിതിയുണ്ട്. കുറേ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പോകുന്നുണ്ട്. ചില മേഖലകള്‍ക്ക് വലിയ പ്രതിസന്ധിയുണ്ട്. ഒന്ന്, ഇലക്ട്രിക്കല്‍, ടെല്‍ക്ക്, ട്രാക്കോ, കെല്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രധാന കമ്പനികള്‍. കൊവിഡ് സമയത്ത് എടുത്ത ഓര്‍ഡറുകള്‍ ആ വിലയ്ക്ക് കൊടുക്കാന്‍ പറ്റാത്തവിധത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വലിയ വര്‍ദ്ധന വന്നു. അതോടുകൂടി കൊടുക്കുന്തോറും നഷ്ടം കൂടുകയാണ്. പിന്നെ, ടെക്‌സ്‌റ്റൈല്‍ മില്ലുകളാണ്. നമുക്കറിയാവുന്നതുപോലെ തമിഴ്‌നാട്ടിലെ മില്ലുകളൊക്കെ പൂട്ടി. നഷ്ടം വലിയ പ്രശ്‌നമാണ്. കോട്ടണിന്റെ വില വല്ലാതെ കൂടി, നൂലിന്റെ വില കുറഞ്ഞു. ഉല്പാദനം കൂടുന്നതിനനുസരിച്ചു നഷ്ടം കൂടുന്ന സ്ഥിതി. ഈ രണ്ട് മേഖലയാണ് നമുക്കു പ്രശ്‌നം. കോട്ടണ്‍ ബോര്‍ഡ് രൂപീകരിക്കുന്നുണ്ട്. സീസണില്‍ വില കുറവുള്ളപ്പോള്‍ കോട്ടണ്‍ സംഭരിക്കും. ഇതാണ് ഇപ്പോള്‍ നോക്കുന്നത്. എന്നാലും എത്രമാത്രം കഴിയും എന്നറിയില്ല. കോട്ടണിന്റെ വില കൂടിക്കൊണ്ടിരിക്കുകയും നൂലിന്റെ വില ഉയരുകയും ചെയ്യുന്നില്ലെങ്കില്‍ പ്രതിസന്ധി വരും. അപ്പോള്‍ വൈവിധ്യവല്‍ക്കരണം വേണ്ടിവരും, വേറെ രീതിയിലേയ്‌ക്കൊക്കെ പറ്റുമോ എന്നു നോക്കുന്നുണ്ട്.
നിരവധി ആളുകള്‍ ആശ്രയിക്കുന്ന പരമ്പരാഗത മേഖല നേരിടുന്നത് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണോ. എന്താണതില്‍ സര്‍ക്കാര്‍ ചെയ്യുന്നത്?
കശുവണ്ടി, കയര്‍, കൈത്തറി മേഖലകള്‍ പൊതുവെ ബുദ്ധിമുട്ടു നേരിടുന്നവയാണ്. ഈ വര്‍ഷം 14000 മെട്രിക് ടണ്‍ കശുവണ്ടി ഇറക്കുമതി ചെയ്തു. അതുകൊണ്ട് കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സിലൊക്കെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കുറേക്കാലമായി അടച്ചുകിടക്കുന്ന കമ്പനികള്‍ക്കുവേണ്ടി ബാങ്കുകളുമായി ചില ധാരണകളുണ്ടാക്കി. പക്ഷേ, അതിന്റെ പത്ത് ശതമാനംപോലും പലര്‍ക്കും അടയ്ക്കാന്‍ പറ്റുന്നില്ല. കാലാവധി നീട്ടിക്കൊടുത്തിട്ടും ആ പ്രതിസന്ധി നിലനില്‍ക്കുന്നു. അതിന്റെ പ്രധാന കാരണം ഉല്പാദനച്ചെലവ് കൂടുതലാണ്. അന്തര്‍ദ്ദേശീയ തലത്തിലേക്കാള്‍ മൂന്നു നാല് മടങ്ങ് കൂടുതലാണ് നമ്മുടെ ഉല്പാദനച്ചെലവ്. ഞങ്ങള്‍ ഈ മൂന്നു മേഖലയേയും പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. കശുവണ്ടി മേഖലയ്ക്ക് പാക്കേജ് നടപ്പാക്കി. ഇതാദ്യമായി സ്വകാര്യ കമ്പനികളിലെ തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ് കുടിശിക 20 കോടി സര്‍ക്കാര്‍ അടയ്ക്കും. ഇതുകൂടാതെ ആധുനികവല്‍ക്കരണത്തിനും സ്ത്രീ സൗഹൃദാന്തരീക്ഷമുണ്ടാക്കുന്നതിനും അഞ്ചുകോടി വീതം. ഇതുകൂടാതെ, അവര്‍ക്കു മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഇന്‍സെന്റീവ് കൊടുക്കും. കയറുല്പന്നങ്ങളുടെ കാര്യത്തില്‍ സംഭരണം മാത്രമേയുള്ളൂ, വിപണനമില്ല. ഗോഡൗണുകളില്‍ വന്‍തോതില്‍ കെട്ടിക്കിടന്നു നശിക്കുന്നു; ഓരോ വര്‍ഷവും ഗോഡൗണിനു വാടക കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ വലിയ ഒരു ശ്രമത്തിലൂടെ അതു കുറച്ചു. വില കുറച്ചിട്ടാണെങ്കിലും വിറ്റുതീര്‍ത്തു. ഒരു കമ്മിറ്റിയെ വെച്ച്, അവരുടെ ശുപാര്‍ശകള്‍ നടപ്പാക്കി. തൊഴിലാളികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് കൊടുത്ത് പുതിയ മോഡലുകള്‍ ഉണ്ടാക്കാന്‍ പ്രാപ്തരാക്കുന്നു. നേരത്തേ, വില്‍ക്കാന്‍ പറ്റുന്നതാണോ എന്നു നോക്കുന്നില്ല, ഉണ്ടാക്കുന്നത് വിലയ്ക്കു വാങ്ങി സംഭരിക്കുന്നു. ആളുകള്‍ ഹാപ്പിയാണ്. പക്ഷേ, അങ്ങനെ ഒരു ഗവണ്‍മെന്റിനു പോകാന്‍ പറ്റില്ലല്ലോ. പുതിയ ഡിസൈനില്‍ ഉല്പാദനം തുടങ്ങി. നല്ല രീതിയില്‍ പതുക്കെ കയറിവരുന്നുണ്ട്. കുറച്ചു പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരം ഉല്പന്നങ്ങള്‍ക്കു വലിയ സാധ്യതയുണ്ട്. കൈത്തറിയുടെ സ്‌കൂള്‍ യൂണിഫോം മാര്‍ക്കറ്റാണ് കുറച്ച് ആശ്വാസമാകുന്നത്. പുതിയ കൈത്തറി ഡിസൈനുകള്‍, ചേന്ദമംഗലത്തും നാടുകാണിയിലുമായി രണ്ടു കൈത്തറി ഗ്രാമങ്ങള്‍, അങ്ങനെ പ്രയാസപ്പെട്ടാണെങ്കിലും പരാമ്പരാഗത മേഖലയെ തിരിച്ചുകൊണ്ടു പ്രതാപകാലത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്; കാരണം അത് വലിയൊരു ജനവിഭാഗത്തിന്റെ ജീവിതമേഖലയാണ്. സാമ്പത്തിക പരിമിതികളുണ്ടെങ്കിലും സര്‍ക്കാര്‍ അതിന് മുന്‍ഗണന കൊടുക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates