manoj vengola Samakalika Malayalam Vaarika
Stories

മനോജ് വെങ്ങോല എഴുതിയ കഥ: മഞ്ഞള്‍

മനോജ് വെങ്ങോല

വി.എസിന്റെ വിലാപയാത്ര കണ്ടുകൊണ്ട് ഞങ്ങൾ അത്താഴത്തിനിരുന്നു.

കണ്ണുകൾ ടി.വിയിലേയ്ക്ക് കൂർപ്പിച്ച് ഗ്രാൻഡ്‌മാ ചോദിച്ചു:

“ഇവരിതെവിടേയ്ക്കാണ്?”

പപ്പ പറഞ്ഞു: “വലിയ ചുടുകാട്. അവിടെയാണ് അടക്കം.”

ഗ്രാൻഡ്‌മായുടെ നോട്ടം പപ്പയുടെ നേർക്കായി: “ഒടുക്കം. അങ്ങനെ പറ.. ഏതൊക്കെ വഴികളിലൂടെ നടന്ന കാലുകളാണ്. ഒടുവിൽ അവിടെയെത്തിനിന്നു...”

പപ്പ പുഞ്ചിരിച്ചു: “എല്ലാ വഴികളും അങ്ങനെയല്ലേ മമ്മാ. ഒരാൾ നടന്നുണ്ടാക്കുന്നു. പിറകേ വരാൻ ആളില്ലെങ്കിൽ ആ വഴി തന്നെ ഇല്ലാതാകുമല്ലോ...”

ട്രീസ ഇടപെട്ടു: “അദ്ദേഹത്തിന്റെ കാലിൽ പൊലീസ് ബയണറ്റ് കുത്തിയിറക്കിയിട്ടുണ്ടെന്ന്... ഹോ...”

ഗ്രാൻഡ്‌മാ അവളെ നോക്കി: “നീയെന്തറിഞ്ഞു കുഞ്ഞീ... ചിലരുടെയൊക്കെ ജീവിതം തന്നെ ബലിയാണ്.”

മമ്മിയപ്പോൾ മീൻകറി മൺചട്ടിയോടെ പൊക്കിക്കൊണ്ടുവന്ന് ഡൈനിങ് ടേബിളിനു മുകളിൽ വെച്ചു.

ചുറ്റും ആസ്വാദ്യകരമായ മണമായി.

ചട്ടിയിലേയ്ക്ക് നോക്കി ട്രീസ തിരക്കി:

“എന്തൊരു ചുവപ്പാ. എരിവ് ജാസ്തിയാകും...”

മമ്മി പറഞ്ഞു: “ഇല്ലെടാ... അതിത്തിരി കാശ്മീരി മുളകുപൊടി ഇട്ടതിന്റേയാ. ചുമ്മാ ഉപ്പും മഞ്ഞളുമിട്ടു പുഴുങ്ങിയാ മീങ്കറി ആക്വോ?”

മഞ്ഞളെന്നു കേട്ടപ്പോൾ ഗ്രാൻഡ്‌മാ തലതിരിച്ചു പപ്പയെ നോക്കി.

“ആ ചെറുക്കനെ നീയിന്ന് വിളിച്ചില്ലാരുന്നോ? അവന്റെ പെണ്ണിനെങ്ങനെണ്ട്...”

ഞാൻ പറഞ്ഞു: “ഇപ്പഴും ബോധം വീണിട്ടില്ല...”

ഞങ്ങളുടെ മലയിലെ മഞ്ഞൾകൃഷി നോക്കാൻ നിയമിച്ച ഛത്തീസ്ഗഡുകാരനാണ് ധൻകർ ശ്യാം. കുറച്ചായി അയാൾ ഞങ്ങൾക്കൊപ്പമുണ്ട്. ഇക്കുറി നാലരയേക്കറിലാണ് മഞ്ഞൾ നട്ടിട്ടുള്ളത്. മലയിലെ പണിയെല്ലാം ശ്യാമിന്റെ മേൽനോട്ടത്തിലാണ്. അയാളുടെ ഭാര്യയും വന്നിട്ടുണ്ട്. ട്രീസയുടെ അത്രയേയുള്ളൂ. മുടിയൊക്കെ മൈലാഞ്ചിയിട്ട് ചുവപ്പിച്ച ഒരു ചെറിയ പെണ്ണ്. അവളിപ്പോൾ കിണറ്റിൽ കാൽതെറ്റി വീണ് ആശുപത്രിയിലാണ്.

മമ്മി ഇരുവർക്കും ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്: “പാവത്തുങ്ങൾ.”

ഗ്രാൻഡ്‌മാ പപ്പയെ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുമുണ്ട്:

“കുടികിടപ്പുകാര് പണ്ടും നമക്ക് ഒണ്ടാർന്നു. അവരെ നമ്മൾ നിലനിർത്തണം. നിലയ്ക്ക് നിർത്തണം. നിനക്കത് അറിയാത്തോണ്ടാ ഞാനീ പറയുന്നേ.”

മമ്മി കഥയറിയാതെ തലകുലുക്കും: “നല്ലതാ...”

മറ്റാരും അതിൽ ഇടപെടില്ല.

ഊണ് കഴിഞ്ഞു മുറ്റത്തൂടെ നടന്നുകൊണ്ട് പപ്പ ശ്യാമിനെ വിളിക്കുന്നത് കേട്ടു. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവൻ മലയാളം പഠിച്ചത് നന്നായി. അല്ലെങ്കിൽ പപ്പ എന്തുചെയ്തേനെ? ഒരുപക്ഷേ, നാളെ മലയിൽ പോകേണ്ടിവന്നേക്കും.

പപ്പയുടെ ഡ്രൈവർ പണി എനിക്കത്ര പറ്റുന്നില്ല. ഈ രാഷ്ട്രീയക്കാരുടെ ജീവിതം... ഹോ... എന്തൊരോട്ടമാണ്. വയ്യെന്ന് പറഞ്ഞാൽ ഉടനെ ആളെ മക്കാറാക്കും: “എന്നാ നീയാ ബീടെക്ക് എഴുതിയെടുക്ക്. എത്ര പേപ്പർ പോയെന്ന് അറിയാമോ. അല്ലെങ്കിൽ എന്റെ കൂടെനിന്ന് ഓരോന്ന് കണ്ടു പഠി. ഒരു വഴി തെളിച്ചെടുക്കാൻ മനുഷ്യനിവിടെ പാടുപെടുകയാ...”

അതു കേൾക്കാൻ വയ്യ.

ആർക്കുവേണം പരീക്ഷയും പദവികളും?

മെയിൽ ഒന്നു നോക്കിയേക്കാം എന്നുകരുതി മുകളിലെ കംപ്യൂട്ടർ വെച്ചിരിക്കുന്ന മുറിയിൽ ചെന്നപ്പോൾ ട്രീസയുണ്ട് അതിനു മുന്നിൽ. ഊണുകഴിഞ്ഞ പാടേ വന്നു കുത്തിയിരുപ്പാണ്.

“നീയെന്നതാ നോക്കുന്നേ?”

“ഒന്നുമില്ല. വല്ല അത്യാവശ്യമുണ്ടോ? ഞാൻ മാറണോ?”

“വേണ്ട.”

തിരികെ താഴേയ്ക്ക് പോകാനായി തിരിയുമ്പോൾ അവൾ പറഞ്ഞു:

“നമ്മുടെ ധനകർ ശ്യാമില്ലേ. അയാളൊരു ഗോൻഡുവാണ്...”

“അതെന്തുവാ?”

ചിത്രീകരണം

“നർമദയുടെ തീരത്തെ ട്രൈബ്സാണ്. ഞാനവരുടെ രീതികളൊന്ന് ഗൂഗിൾ ചെയ്യുവാരുന്നു. മഞ്ഞൾകൃഷി എക്സ്‌പേർട്‌സ് ആണ്. നമ്മൾ അവരിൽനിന്നും കുറേ പഠിക്കണം...”

“അപ്പോ കിറുകൃത്യം ആളെയാ നമുക്കു കിട്ടിയേക്കുന്നേ... അല്ലേ?”

അവൾ ചിരിച്ചു: “ഉം.”

“അയാളതാണെന്ന് നീയെങ്ങനറിഞ്ഞു?”

“കഴിഞ്ഞ തവണ മലയിൽ പോയപ്പോ അയാളുടെ വൈഫ് പറഞ്ഞതാ...”

ട്രീസയ്ക്ക് ഹിന്ദിയറിയാം. അവളാ പെണ്ണിനെ കുറേ കിഴിഞ്ഞുകാണും.

പപ്പയും മമ്മിയും കിടന്നുവെന്ന് ഉറപ്പായപ്പോൾ ഗെയ്റ്റിനോട് ചേർന്നുള്ള റെഡ് പാമിന്റെ മറ പറ്റി ഒരു സിഗരറ്റ് വലിച്ചു. ഇരുട്ടിലേയ്ക്ക് പുക പടർന്നലിയുന്നതു കണ്ടപ്പോൾ ശ്യാമിന്റെ ഭാര്യയെ ഓർമവന്നു. അവൻ അവളെ കൂട്ടിക്കൊണ്ടു വന്ന് രണ്ടാഴ്ച കഴിഞ്ഞ് മലയിൽ ചെന്നപ്പോഴാണ് കാണുന്നത്. കറുത്ത് തിളങ്ങുന്ന വള്ളിപോലൊരു പെണ്ണ്. പൂച്ചക്കണ്ണ്. കണ്ണുകളിൽ കാന്തമാണ്. അടുത്തുവരുമ്പോൾ പനിക്കൂർക്കയുടെ ഇല ഞെരടിയ ഗന്ധം. ഒരിക്കലൊന്ന് ചുമലിൽ കൈവച്ചതേ അവൾ ഭയന്ന് ഓടിക്കളഞ്ഞു.

സിഗരറ്റിന്റെ കുറ്റി വലിച്ചെറിഞ്ഞ് സെറ്റിയിൽ വന്നിരുന്നു.

ടി.വിയിൽ വി.എസിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു. ശബ്ദം കുറച്ചുവെച്ചു. ആ ചടങ്ങുകൾ കണ്ടുകൊണ്ട് കാൽനീട്ടി കിടന്നു.

ഇടയ്ക്കാരോ പുറത്തു വന്നപോലെ തോന്നി വാതിൽ തുറന്നുനോക്കി.

മുന്നിൽ വെള്ളയും കാന്തിയും. കാടുകേറി ഇടയ്ക്ക് തേൻ കൊണ്ടത്തരുന്ന ടീംസാണ്.

പുറത്ത് നല്ല കോടയുണ്ട്.

“എന്താഡാ ഈ രാത്രിയിൽ?”

അവർ പറഞ്ഞു: “കുഞ്ഞേ, സാറിനെ കാണണം. വഴി കാണുന്നില്ല.”

“പപ്പ കിടന്നല്ലോ. ഏതുവഴിയാ?”

വെള്ള പറഞ്ഞു: “രാജപാത.”

“മഞ്ഞല്ലേ. രാവിലെ കോടയിറങ്ങിയത് ഒന്നങ്ങു ചാഞ്ഞാൽ റോഡ് കാണാമല്ലോ.”

കാന്തി മുന്നോട്ട് വന്നു: “അതൊന്നുമല്ല. റോഡിപ്പോ അവിടില്ല. സാറിനോടൊന്നു പറ. വന്നു നോക്കണം.”

കള്ളോ? കഞ്ചാവോ? അതോ പഴേ കള്ളിന്റെ മട്ടോ? എന്തോ കാര്യമായിട്ടടിച്ചു വന്നു നിൽക്കുകയാണ് രണ്ടും. തനിയേ വാറ്റിയതാണോ എന്തോ? ചിരിയും ദേഷ്യവും വന്നു.

“ഒന്നു പോയേടാ... റോഡവിടെ കാണും. അല്ലാതെ ആരേലും റോഡ് മോഷ്ടിച്ചു കൊണ്ടുപോകുമോ?”

അവർ മാറിമാറി ആവർത്തിച്ചു: “ചുമ്മാ പറഞ്ഞതല്ല. റോഡു കാണാനില്ല.”

ഞങ്ങൾ പറയാനുള്ളത് പറഞ്ഞു എന്ന ഭാവത്തോടെ ഇരുവരും പോയി. പണിയെടുക്കണം, കാടുകേറണം, കള്ളുകുടിക്കണം എന്നിങ്ങനെ ചില്ലറ ആവശ്യങ്ങൾ മാത്രമുള്ളവരാണ്. ആർക്കും നാളെ എന്നൊന്നില്ല.

ഒരു മഴ പെയ്തിട്ട് മാസം നാലായി.

അല്ലെങ്കിൽ ഉൾക്കാട്ടിലെങ്ങോ ഉരുൾപൊട്ടി റോഡ് ഒലിച്ചുപോയെന്നെങ്കിലും കരുതാം. കോതമംഗലം മുതൽ മൂന്നാർ വരെ നീണ്ടുകിടക്കുന്ന രാജപാത ആരെങ്കിലും എടുത്തു കൊണ്ടുപോകാനോ? ഹ... ഹ... നടന്നതുതന്നെ. രാജപാത വീണ്ടും തുറക്കണമെന്ന ആവശ്യവുമായി നാട്ടുകാർ സമരം തുടങ്ങിയ കാര്യമൊന്നും അവരറിഞ്ഞിട്ടില്ല.

വീണ്ടും ടി.വിക്കു മുന്നിൽ വന്നുകിടന്നു.

അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി.

ചിത്രീകരണം

ഉറക്കത്തിൽ ഞാൻ എന്നത്തേയും പോലെ പനിക്കൂർക്ക മണത്തു. ഇലകൾ ആർത്തുതുടങ്ങിയ മഞ്ഞൾച്ചെടികളുടെ ഇടയിലൂടെ നടക്കുകയായിരുന്നു. കാറ്റടിച്ചപ്പോൾ അവയെല്ലാം ഒരേ ദിശയിലേയ്ക്ക് ചാഞ്ഞുചാഞ്ഞു പോകുന്നത് എന്നെ രസിപ്പിച്ചു. ശ്യാമേ... എടാ എന്നു ഞാൻ ഉറക്കെ വിളിച്ചു. ആരും മറുവിളി തന്നില്ല. കാട്ടുകല്ലുകൾ പെറുക്കി ഉണ്ടാക്കിയ ഒരു തിട്ടിന്റെ മുകളിൽ കയറിനിന്ന് മലയുടെ അടിവാരത്തേയ്ക്ക് നോക്കിയപ്പോൾ യാത്രക്കാർ ഉപേക്ഷിച്ച രാജപാത കണ്ടു. അതിന്റെ ഓരം പറ്റിയൊഴുകുന്ന നീരൊഴുക്കിൽ ശ്യാം ചൂണ്ടലിടുന്നു. ദൂരെ വാഹനങ്ങൾ തിരക്കിട്ടു പായുന്ന നാഷണൽ ഹൈവേ. മഞ്ഞൾച്ചെടികൾക്കിടയിലൂടെ നടന്നുനടന്ന് ഞാനൊരു കാട്ടുവേപ്പിന്റെ ചുവട്ടിലെത്തി. അവിടെയൊരു കല്ലിൽ മുടി ഈരിക്കൊണ്ട് ഇരിക്കുകയാണവൾ. എന്നെ കണ്ടതും എഴുന്നേറ്റു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൾ ചേലയുടെ തുമ്പ് തലവഴി ഒന്നൂടെ വലിച്ചു പുതച്ചു. പേടിക്കണ്ട, ഞാൻ പറഞ്ഞു. ചുമലിൽ കൈവച്ചപ്പോൾ അവൾ കിലുകിലെ വിറച്ചു. അരക്കെട്ടിൽ കൈചേർത്ത് ഞാനവളെ എന്നോടടുപ്പിച്ചു. അവൾ ബലം പിടിച്ചെതിർത്തു. എനിക്ക് തെല്ല് ദേഷ്യം തോന്നി. എങ്കിലും അവളുടെ കുഞ്ഞുമുലകൾ എന്റെ കൈകളിൽ ഉരസുന്നതറിഞ്ഞ് ആ എതിർപ്പും ഒരാവേശമായി. ഒരിട അവളെന്റെ ചുമലിൽ കടിച്ചു. ഇക്കുറി ഞാൻ പിടിവിട്ട് അവളുടെ കവിളത്ത് ആഞ്ഞടിച്ചു. അവൾ കാട്ടുവേപ്പിലേയ്ക്ക് വേച്ചുവീണു. എന്റെ കൂറ്റൻ ശരീരം അവളുടെ മേലേയ്ക്ക് അമർത്തിക്കൊണ്ട് ഞാൻ പിറുപിറുത്തു: അടങ്ങിക്കിട. കമ്പോ കല്ലോ, എന്താണെറിയില്ല, കയ്യിൽ കിട്ടിയതെന്തോ വച്ച് അവളെന്റെ പള്ളയ്ക്ക് കുത്തി. ഞാൻ അമർച്ചയോടെ ഒന്നുയർന്നു. ആ നിമിഷം അവൾ എന്നെ തള്ളിയകറ്റി മുന്നോട്ടോടി. പിറകേ ഓടാനുള്ള ആയമെടുക്കാൻ ഞാൻ അല്പം വൈകി. ഒരു ഞൊടികൊണ്ട് അവളൊരു കാട്ടുപൂച്ചയെപ്പോലെ രണ്ടു തിട്ടുകൾ ചാടിക്കടന്നു. പിന്നെ നോക്കുമ്പോൾ അവൾ, ഉപയോഗിക്കാത്ത കിണറിന്റെ വേലി തകർത്തുകൊണ്ട് താഴേയ്ക്ക് വീഴുകയാണ്. ഞാനൊരാന്തലോടെ കുറേനേരം താഴ്ചയിൽ തലയടിച്ചുവീണ അവളെ നോക്കിനിൽക്കുന്നുണ്ട്. പിന്നെ ഏറ്റവും ഉറക്കെ അവളുടെ ഭർത്താവിനെ വിളിക്കുന്നു. കാൽവഴുതി വീണതായി വിശ്വസിപ്പിക്കുന്നു. ഞങ്ങളിരുവരും ചേർന്ന് അവളെ കരയ്ക്ക് കയറ്റി കാറിൽ ആശുപത്രിയിൽ എത്തിക്കുന്നു. അവൾ മരിച്ചിട്ടില്ല എന്നു കേൾക്കുമ്പോൾ ഞാൻ നടുങ്ങുന്നു. അവൾ മരിക്കാനായി കുരിശുവരയ്ക്കുന്നു. നല്ലൊരു നടനെപ്പോലെ അവളുടെ ഭർത്താവിനെ ചേർത്തുപിടിക്കുന്നു. പപ്പയെ വിളിച്ചു വിവരം പറയുന്നു. പപ്പ വരുന്നു. പേടിക്കണ്ട, ഒന്നും സംഭവിക്കില്ല, ഞങ്ങൾ കൂടെയുണ്ടെന്ന് ആശ്വസിപ്പിക്കുന്നു. അയാൾ എന്നെ കെട്ടിപ്പിടിച്ച് കരയുന്നു. ഞാനും കരഞ്ഞുപോകുന്നു...

എന്തൊരു സ്വപ്നം? എന്നിട്ടും ഞാൻ നന്നായി ഉറങ്ങി.

രാവിലെ മൊബൈൽ ശബ്ദിക്കുന്ന കേട്ടാണ് ഉണർന്നത്.

ഗിരിവർഗ കോളനിയുടെ സമഗ്ര വികസനത്തിനു പദ്ധതികൾ വരുമെന്ന് ബി.ഡി.ഒ അയച്ച വാട്‌സാപ് മെസേജ് ആണ്. നാശങ്ങൾ. ഇതൊക്കെ എന്തിനാണോ എനിക്ക് അയച്ചുതരുന്നത്? വീടുകളുടെ നവീകരണം, കാട്ടാനശല്യം തടയൽ, തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും 150 തൊഴിൽദിനങ്ങൾ ഉറപ്പാക്കൽ എന്നിങ്ങനെ സമഗ്രമായ വികസന പദ്ധതിയാണത്രെ. പപ്പാ കുറെ ഓടും. കൂടെ ഞാനും. അങ്കണവാടിയുടെ പുനരുദ്ധാരണം, റോഡുകളുടെ നിർമാണം, ഓപ്പൺ സ്റ്റേജ് എന്നിവയുമുണ്ട്.

ഓരോ ആലോചനകളോടെ ഫോണിൽ കിള്ളുമ്പോൾ വീണ്ടും മെസേജ്. ഇത്തവണ പപ്പയുടെ ഓഫീസിലെ പയ്യനാണ്. ഇന്നത്തെ പ്രോഗ്രാംസാണ്. ചില മീറ്റിങ്ങുകൾ.

കരിയർ അറ്റ് ജർമനി എന്ന ജർമൻ ലാംഗ്വേജ് അക്കാദമി. സഹകരണസംഘത്തിൽ കർഷകർക്കായി ഫെസിലിറ്റേഷൻ സെന്റർ. ഒപ്പം മിനി കോൺഫറൻസ് ഹാളും സൂപ്പർ മാർക്കറ്റ് ഗോഡൗണും. അതു രണ്ടും കഴിഞ്ഞാൽ, നേരെ ലൈവ്‌ലിഹുഡ് ബിസിനസ് ഇൻകുബേഷൻ സെന്ററും ബാംബു ബസാറും. ഇതെല്ലാം നിരങ്ങിത്തീരുമ്പോൾ പാതിരയാകും. പിന്നെ എപ്പോൾ പോയി നോക്കാനാണ്, രാജപാത അവിടെത്തന്നെ ഉണ്ടോയെന്ന്?

ബാത്ത്റൂമിൽ കയറി ഫ്രഷായി വന്നപ്പോഴേയ്ക്കും മമ്മി അടുക്കളയിലുണ്ട്. ചായ കിട്ടി.

ചായക്കപ്പുമായി സിറ്റൗട്ടിൽ വന്നിരുന്നു. ഗ്രാൻഡ്‌മാ രാവിലെ എഴുന്നേറ്റ് ബൈബിൾ വായിക്കുന്ന ശബ്ദം കേൾക്കാം.

മമ്മി അടുത്ത് വന്ന് ഓർമിപ്പിച്ചു:

“രാവിലെ ആശുപത്രിയിൽ പോയി അന്വേഷിച്ചിട്ട് മതി ബാക്കി എന്തും? എന്താ ആ പെങ്കൊച്ചിന്റെ അവസ്ഥ? നിനക്ക് വല്ല ബോധവുമുണ്ടോ? അവനൊറ്റയ്ക്കേ ഉള്ളൂ അവിടെ. ഓർമ വേണം?”

ഞാൻ തലയാട്ടി.

അവിടിരുന്ന് ‘രാജപാത’ എന്ന് സേർച്ച് ചെയ്തു നോക്കി.

എ.ഡി.1878-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ ബാലരാമവർമയുടെ ഉത്തരവിനെത്തുടർന്ന് നിർമിച്ച റോഡാണ്. മൂന്നാറിൽ എത്തിച്ചേരുന്നതിനായി തിരുവിതാംകൂർ സ്റ്റേറ്റ് പി.ഡബ്ല്യു.ഡി നിർമിച്ച റോഡ്. ആ പ്രൗഢിയും അന്തസ്സും ചില്ലറയാണോ?

ഇന്നിപ്പോൾ ആരും ആ വഴി പോകുന്നില്ല. ശരിതന്നെ. കോതമംഗലത്ത് നിന്നും നേര്യമംഗലം അടിമാലി പള്ളിവാസൽ വഴി NH റോഡുണ്ടല്ലോ. ആളും വണ്ടിയും NH വഴിയാണ് പോകുന്നതും. പോകട്ടെ. എന്നാലും രാജപാത രാജപാതയാണ്.

അന്തോണിപുരം മുതൽ നല്ലതണ്ണി കല്ലാർ ടീ എസ്റ്റേറ്റ് വരെ ഏതാണ്ട് അഞ്ചാറ് കിലോമീറ്റർ ദൂരത്തിൽ റോഡ് വനമേഖലയിൽ കൂടിയാണ് കടന്നുപോകുന്നത്. ഈ ഭാഗം റോഡ് വനംവകുപ്പ് കയ്യേറി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പണ്ടേ പരാതിയുണ്ട്. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയും ഇതാണവസ്ഥ. ഇതുവഴി പോകുന്ന കാൽനടയാത്രക്കാരെപോലും അവർ കടത്തിവിടാറില്ലെന്നും കേൾക്കുന്നു. രാജപാത വക റോഡ് ഫോറസ്റ്റുകാർ പൂർണമായും അടച്ചിരിക്കുകയാണത്രേ..

അതെവിടുത്തെ നിയമം? ഹുങ്കല്ലാതെ മറ്റെന്ത്?

ബ്രെയ്ക്ഫാസ്റ്റ് കഴിക്കാൻ ചെന്നിരുന്നപ്പോൾ വെള്ളയും കാന്തിയും പറഞ്ഞ കാര്യം പപ്പയോട് സൂചിപ്പിച്ചു.

പപ്പാ ചുമ്മാ ചിരിച്ചതേ ഉള്ളൂ. ഗ്രാൻഡ്‌മാ പറഞ്ഞു:

“ഇത്രേം കാലമായിട്ടും രാജപാതയുടെ തകർന്ന ഭാഗങ്ങൾ നന്നാക്കി എടുക്കണമെന്ന് ആർക്കും തോന്നാഞ്ഞതെന്താ? തിരുവിതാംകൂർ ഭരിച്ചിരുന്ന സേതുലക്ഷ്മി പാർവതി ഭായിയെ ദിവാൻ അടക്കമുള്ളവർ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ റോഡ് ഉണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്...”

ചിത്രീകരണം

ആരും അത് കേട്ടതായി തോന്നിയില്ല.

കാറിൽ കയറുമ്പോൾ പപ്പാ പറഞ്ഞു:

“നീയെന്നെ ജർമൻ അക്കാദമിയിൽ ആക്കിയിട്ട് നേരെ ഹോസ്പിറ്റലിൽ പോകണം. എന്നിട്ടവിടെ നിൽക്ക്. മീറ്റിങ് കഴിയുമ്പോ ഞാൻ വിളിക്കാം. അപ്പൊ വന്നാ മതി. അവന് ഒറ്റയ്ക്കായി എന്ന തോന്നൽ ഉണ്ടാവല്ല്...”

ഞാൻ സമ്മതിച്ചു.

ആശുപത്രിയിൽ ചെന്നപ്പോൾ ഐ.സി.യുവിനു മുൻപിലെ ഇടനാഴിയിൽ ശ്യാം നിൽപ്പുണ്ട്. രാത്രി മുഴുവൻ അയാളാ നിൽപ്പ് നിൽക്കുകയായിരുന്നോ എന്നു ഞാൻ സംശയിച്ചു.

ചിലപ്പോൾ ആയിരിക്കും. പറയാൻ വയ്യ.

ഞാൻ പറഞ്ഞു: “ഞാനിവിടെ നിൽക്കാം. നീ പോയി കുളിച്ചു ഭക്ഷണം കഴിച്ചു വാ...”

അയാൾ മടിച്ചു. വീണ്ടും നിർബന്ധിച്ചപ്പോൾ പുറത്തേയ്ക്ക് പോയി.

ഇടയ്ക്കൊരു നഴ്‌സ് വന്നു ചില മരുന്നുകൾ വാങ്ങാനുള്ള നിർദേശം നൽകി. ഫാർമസിയിൽനിന്നും ഞാനതു വാങ്ങി നൽകി. ബോറടിച്ചപ്പോൾ ഒ.പി വരെ നടന്നു. അവിടെ ടി.വിയിലേയ്ക്ക് ദൃഷ്ടിയൂന്നി ചിലരുണ്ട്. ഇപ്പോഴും വാർത്തകളിൽ വി.എസ് തന്നെ. അവതാരക പറയുന്നു:

“വി.എസ്. ഒരു സമരപാത തുറന്നു. അതാണ് ശരിക്കും പാവങ്ങളുടെ രാജപാത...”

ഞാനൊന്നമ്പരന്നു. ഇവരെന്താണീ പറയുന്നത്? ചിലപ്പോൾ നാക്കുപിഴയാകും.

ഞാൻ പിൻവാങ്ങി.

തിരികെ കസേരയിൽ വന്നിരുന്നപ്പോൾ ട്രീസ വിളിച്ചു:

“എങ്ങനുണ്ട്.”

ഞാൻ നഴ്‌സ് എന്നെ അറിയിച്ച കാര്യങ്ങൾ വിവരിച്ചു.

അവൾ പറഞ്ഞു: “ഞാനും മമ്മയും അങ്ങോട്ട് വരുന്നുണ്ട്.”

ഇത്തിരി കഴിഞ്ഞപ്പോൾ അവരിരുവരും സ്കൂട്ടറിലെത്തി.

അപ്പോൾ ഡോക്ടർ എന്നോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു:

“ഒന്നും പറയാറായിട്ടില്ല. വെന്റിലേറ്ററിലേയ്ക്ക് മാറ്റട്ടെ...”

ഞങ്ങൾ തലയാട്ടി. പപ്പയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇടയ്ക്ക് ഞാനും ട്രീസയും ഹാളിനോട് ചേർന്നുള്ള ടീ സ്റ്റാളിൽനിന്നും രണ്ടു ചായ വാങ്ങി കുടിച്ചു. മമ്മയ്ക്ക് വേണ്ടെന്നു പറഞ്ഞു. ചായ കുടിക്കുന്നതിനിടയിൽ ട്രീസ എനിക്ക് പത്രത്തിൽ വന്ന പഴയൊരു ഫീച്ചർ ഫോർവേഡ് ചെയ്തു തന്നു.

ഞാനത് വായിച്ചുനോക്കി. ഒരു ഭാഗത്ത് ഇങ്ങനെ കണ്ടു:

*മഞ്ഞൾകൃഷിയാണ് ഗോൻഡുകളുടെ കുലത്തൊഴിൽ. നല്ല വിളവിനുവേണ്ടി രണ്ടു നൂറ്റാണ്ടു മുൻപ് ഇവർ നരബലി നടത്തിയിരുന്നു. ഗ്രാമത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ത്രീകളേയും കുട്ടികളേയും പുരുഷന്മാരേയും നർമദാദേവിക്ക് ബലി കൊടുത്തിരുന്നു. പലപ്പോഴും ഗ്രാമമുഖ്യന്റെ മക്കളെത്തന്നെ ബലി കൊടുത്തു. ഉള്ളതിൽ ഏറ്റവും മികച്ചതിനെ ദൈവത്തിനു കൊടുക്കുകയായിരുന്നു അവർ. ബലി പൂർത്തിയായാൽ ശരീരം ഭാഗിച്ച് മഞ്ഞൾപാടങ്ങളിൽ കുഴിച്ചിടുന്നതാണ് രീതി. രക്തം തളിക്കും. ഇതോടെ നല്ല ചുവപ്പ് നിറമുള്ള മഞ്ഞൾ വിളയുമെന്നാണ് ഗോൻഡുകളുടെ വിശ്വാസം.

ഇന്നലെ പറഞ്ഞ കാര്യം അവൾ ആവർത്തിച്ചു:

“നമ്മുടെ ധൻകർ ശ്യാം ഒരു ഗോൻഡുവാണ്. ഗോൻഡുകൾ നിഷ്‌കളങ്കരാണ്...”

ഞാനേതോ കൊടിയ കുറ്റകൃത്യം ചെയ്തുവെന്നും അതിൽനിന്നു രക്ഷപ്പെടാനുള്ള പഴുതുകളാണ് ഇവയെന്നും എനിക്ക് തോന്നിത്തുടങ്ങി.

തിരികെ വന്ന് മമ്മയുടെ അടുത്തിരുന്നു. ക്ഷീണം തോന്നിയപ്പോൾ കുറച്ചപ്പുറത്ത് ഒഴിഞ്ഞൊരു ബെഞ്ചിൽ ചെന്ന് തലയ്ക്ക് കൈവച്ചു കിടന്നു. ആ കിടപ്പിൽ മയങ്ങിപ്പോയി.

മയക്കത്തിൽ ഞാൻ വീണ്ടും മലയിലെത്തി. കാർ താഴെ നിർത്തി കയറ്റം നടന്നുകയറിയാണ് വന്നത്. അതിന്റെ കിതപ്പുണ്ട്. ശ്യാമിനേയും പപ്പയേയും കൃഷിഭവനു മുന്നിൽ ഇറക്കിയിട്ടാണ് പോന്നത്. എങ്കിലും അവൻ താമസിക്കുന്ന ഷെഡിനു ചുറ്റും ശ്യാമേ... ശ്യാമേ... എന്നു ചുമ്മാ വിളിച്ചുകൊണ്ടു നടന്നു. അവന്റെ ഭാര്യ വന്നതിനുശേഷം അവൻ താമസിക്കുന്ന ഷെഡിനു മാറ്റമുണ്ട്. വളച്ചാക്കുകൾ വച്ചിരുന്ന ചെറുഷെഡ് ഒരു വീടായിരിക്കുന്നു. മുറ്റത്തൊക്കെ ചെടികൾ നട്ടിരിക്കുന്നു. തൂക്കുപാത്രങ്ങളിൽ വള്ളിപ്പൂച്ചെടികൾ. അരമതിലിൽ വെള്ളം നിറച്ചുവച്ച സ്ഫടികഗോളത്തിൽ മീനോടുന്നു. ഒന്ന് മൂക്ക് വിടർത്തിയാൽ പനിക്കൂർക്കയുടെ മണമാണെങ്ങും. മുറ്റത്തെ അയയിൽ ഉണക്കാനിട്ട കുറച്ചു വസ്ത്രങ്ങൾ. അതിലൊരു ചുവന്ന ചേല എന്റെ മുഖത്തുരസി. ഇന്ന് മറ്റു പണിക്കാർ ആരുമില്ല. വളരെ ദൂരെ അക്കരെ മലയിൽ ഒന്നുരണ്ടു പേർ പൈനാപ്പിളിന്റെ അടിക്കൈ വെട്ടുന്നുണ്ട്. വിളിച്ചാൽ അവർ കേൾക്കില്ല. ഞാൻ മഞ്ഞൾചെടികൾക്കിടയിലൂടെ വെറുതേ നടന്നു. കാറ്റ് വീശുന്നുണ്ട്. അതിന്റെ മൂളക്കമാണ് കേൾക്കുന്നത്. തലയുയർത്തി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ അതേറ്റു പിടിക്കുന്നു. വെയിലിൽ പൂത്താങ്കീരികളുടെ ചിലപ്പ്. മഞ്ഞൾക്കണ്ടങ്ങളുടെ ആദ്യനിര കഴിഞ്ഞാൽ പിന്നെ കാട്ടുകല്ലുകളുടെ തിട്ടാണ്. അവിടെയൊരു വേപ്പുമരമുണ്ട്. അതിനു ചുവട്ടിൽ ശ്യാമിന്റെ ഭാര്യ ഇരിക്കുന്നു. എന്നെ കണ്ടതും അവളെഴുന്നേറ്റ് ചേലയുടെ തുമ്പ് തലവഴി പിടിച്ചിട്ടു. ഞാനിത്ര വിളിച്ചിട്ടും നീയെന്താ മിണ്ടാത്തെ? അവൾ എന്തോ പറഞ്ഞു. അതെനിക്ക് മനസ്സിലായില്ല. അടുത്തു ചെന്നപ്പോൾ പനിക്കൂർക്കയുടെ മണം തീവ്രമായി. അതു സഹിയാതെ ഞാനവളുടെ ചുമലിൽ കൈവച്ചു. അവൾ ഞെട്ടി പിന്മാറി. എങ്കിലും കയ്യിൽ പിടുത്തം കിട്ടി. ആ കൈ പിന്നിലേയ്ക്ക് വളച്ചുകൊണ്ട് ഞാനവളെ എന്നിലേയ്ക്ക് ചേർത്തു. അവൾ കുതറി. ആ കുതറൽ ആസ്വദിക്കുമ്പോലെ വിയർത്ത കഴുത്തിൽ ഉമ്മവച്ചു. അവൾ ഉറക്കെ കരയും മട്ടിലൊരു ശബ്ദം ഉണ്ടാക്കി. മുട്ടുകൈകൊണ്ട് എന്നെ പിന്നിലേയ്ക്ക് ഉന്തി. എനിക്ക് നെഞ്ചു വേദനിച്ചു. പിടി ഒന്നയഞ്ഞു. ആ നിമിഷം കൊണ്ടവൾ രണ്ടു മഞ്ഞൾക്കള്ളി ചാടിക്കടന്നു. പിറകേ കുതിക്കാൻ ശ്രമിക്കെ കാലൊന്ന് മുടന്തി മുന്നോട്ടിരുന്നുപോയി. കൈകുത്തി എഴുന്നേൽക്കുമ്പോഴേയ്ക്കും അവൾ തെല്ല് ദൂരെയായി. നിൽക്ക്... നിൽക്ക്... എന്നു ഞാൻ അമറി. അവൾ കേട്ടില്ല. പിന്നാലെ ഞാനും ഓടി. കാട്ടുകല്ലുകളുടെ തിട്ടു ചാടിക്കടക്കുമ്പോൾ കാൽതെറ്റി ഉപയോഗിക്കാത്ത കിണറിന്റെ വേലി തകർത്തുകൊണ്ട് താഴേയ്ക്ക് വീണത് അവളല്ല, ഞാനാണ്. മുഖമടിച്ചാണ് വീണത്. ബോധം എന്നെ കൈവിട്ടു. എന്നിട്ടും രക്ഷിക്കൂ... രക്ഷിക്കൂ എന്നു ഞാൻ അലറിവിളിച്ചുകൊണ്ടിരുന്നു.

ചിത്രീകരണം

അപ്പോൾ ചുമലിൽ ആരോ ശക്തിയായി ഒരടി തന്നു. മമ്മയാണ്.

“എന്തുവാടാ... കെടന്നു കാറുന്നേ..?”

അരികിൽ ട്രീസയുമുണ്ട്. അവൾ ചിരിക്കുന്നു.

“ആശുപത്രിയാണെന്ന ഒരു ബോധോമില്ലാതെ... എഴുന്നേറ്റിരിക്ക്...”

ട്രീസ പറഞ്ഞു: “പോയി മുഖം കഴുകി വാ...”

മുഖം കഴുകി വന്നപ്പോൾ മമ്മ പറഞ്ഞു:

“ആ ചെറുക്കൻ വന്നില്ലല്ലോ ഇതുവരെ. അവനു വണ്ടി കിട്ടി കാണുകേല. വിളിച്ചിട്ടും കിട്ടുന്നില്ല. നീയൊന്ന് പോയി നോക്ക്.”

ഞാനുടനെ ആശുപത്രിയിൽ നിന്നിറങ്ങി. നേരെ മലയിലേയ്ക്കല്ല പോയത്. വീട്ടിലേയ്ക്കാണ്. ഒന്ന് കുളിച്ചു. നെഞ്ചെരിയുന്ന കാരണം കുറേ വെള്ളം കുടിച്ചു. ഗ്രാൻഡ്‌മായുടെ മുറിയിൽ ചെന്നു നോക്കി. അവരെന്റെ പഴയ ടീ ഷർട്ടിനു ബട്ടൺ തുന്നുന്നു.

എന്നെ കണ്ടപ്പോൾ ചിരിച്ചു. പിന്നെ ടീഷർട്ടിനിടയിൽ കുടുങ്ങിയ ഒരു നീണ്ട മുടിയിഴ എന്റെ നേരെ നീട്ടി: “പുറത്തു കൊണ്ടക്കള.”

ഞാനതു വിരലിൽ ചുറ്റിയെടുത്തു. എന്നിട്ട്, കാറിനുള്ളിൽ കയറും മുൻപ് തട്ടിയെറിഞ്ഞു.

മലയിലെത്തുമ്പോൾ അവിടെ ആളും അനക്കവുമില്ല. എന്നത്തേയും പോലെ ശ്യാമിനെ ഉറക്കെ വിളിച്ചു. ആരും വിളികേട്ടില്ല. ഷെഡിന്റെ വാതിൽ പൂട്ടിയ നിലയിലാണ്. ഞാൻ മഞ്ഞൾ ചെടികൾക്കിടയിലൂടെ നടന്നുനോക്കി. അപ്പോൾ കണ്ടു. കിണറിന്റെ ആൾമറയിൽ പിടിച്ച് താഴേയ്ക്ക് നോക്കി നിൽക്കുകയാണ് അവൻ.

“എന്താണ്?”

അവൻ മിണ്ടിയില്ല. അടുത്തേയ്ക്ക് ചെന്നപ്പോൾ എന്നെ തളർന്നു നോക്കി.

അവനെ തൊടാനാഞ്ഞതും എന്നെ തട്ടിനീക്കി മഞ്ഞൾക്കള്ളിക്ക് മുകളിലൂടെ അവൻ അലർച്ചയോടെ ഓടി. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചുദൂരം പോയി മഞ്ഞൾചെടികൾക്ക് മുകളിലേയ്ക്ക് കമഴ്ന്നുവീണ് അവനെന്തോ വിളിച്ചുപറഞ്ഞു. ആ ഭാഷ ഞാനിങ്ങനെ വിവർത്തനം ചെയ്തു:

‘കുഴിവെട്ടി മൂടടാ... നെറയെ ചൊവപ്പുള്ള മഞ്ഞൾ വളരട്ടെ...”

തിരികെ കാറിൽ കയറാൻ ആയുമ്പോൾ വിൻഡ് സ്‌ക്രീനിൽ ആ മുടിയിഴ ഒട്ടിപ്പിടിച്ചിരിക്കുന്നു. മൈലാഞ്ചിയിട്ടു ചുവപ്പിച്ച ഒറ്റയിഴ. തെളിവ് നശിപ്പിക്കുന്ന സൂക്ഷ്മതയോടെ ഞാനത് നുള്ളിയെടുത്ത് താഴെയിട്ടു. മണ്ണിൽ നിഷ്‌പ്രയാസം അതൊരു രാജപാത വരച്ചു. ഒരു സമരപാത.

---

* ബി.എച്ച്. മെഹ്ത, ബി.ജി. ബാനർജി, കിരൺ ഭാട്ടിയ, ജിജോ ജോൺ പുത്തേഴത്ത് എന്നിവർ ഗോൻഡുകളെക്കുറിച്ചെഴുതിയ ലേഖനങ്ങളോട് കടപ്പാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT