മഴ...ഓരോ മഴയും ഓരോരുത്തർക്കും പല രീതിയിലാണ് അനുഭവപ്പെടുക. ചിലർക്ക് മഴ സന്തോഷമാണെങ്കിൽ ചിലർക്ക് അത് ദുഃഖമാണ്, മറ്റു ചിലർക്കാകട്ടെ ഭയമാണ്, ചിലർക്ക് പ്രണയമാണ്.... അങ്ങനെയങ്ങനെ പോകുന്നു മഴയുടെ പല ഭാവങ്ങൾ. സിനിമകളിലും സാഹിത്യത്തിലുമൊക്കെ മഴയുടെ ഇത്തരം ഭാവങ്ങളെ ആവോളം അവതരിപ്പിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ മഴ ബിംബമായും കഥാപാത്രമായും വരുമ്പോള്‍ വികാരങ്ങള്‍ പ്രേക്ഷക മനസ്സിലും ഒരു പേമാരിയായി ആർത്തലച്ച് പെയ്യും.
നനുത്ത കുളിരായും പേമാരിയായും സങ്കടപ്പെയ്ത്തായും അഭ്രപാളിയിലെത്തുമ്പോൾ, പലപ്പോഴും അതിഥി വേഷം മാത്രമല്ല കഥാപാത്രമായി തന്നെ മഴ അവതരിക്കാറുണ്ട്. മഴ സൂപ്പര്‍ സ്റ്റാറായെത്തിയ നിരവധി സിനിമകളുണ്ട് മലയാളത്തിൽ. ഈ മഴക്കാലത്ത് അത്തരം ചില സിനിമകളിലൂടെ ഒന്നു കണ്ണോടിച്ചാലോ.
ഒരേ സമയം മഴയ്ക്ക് പല ഭാവങ്ങൾ സ്വീകരിക്കാനാകുമെന്ന് കാണിച്ചു തന്ന സിനിമകളിലൊന്നായിരുന്നു കമലിന്റെ പെരുമഴക്കാലം. രണ്ട് സ്ത്രീകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയായിരുന്നു സിനിമയുടെ സഞ്ചാരം. അറിയാതെ വന്ന കൈപ്പിഴവിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന്‍റെ മോചനത്തിനായി മാപ്പപേക്ഷിക്കുന്ന ഒരു മുസ്ലീം യുവതിയും പ്രിയപ്പെട്ടവന്‍റെ വേർപാടിൽ ദുഃഖിതയായ അഗ്രഹാരത്തിലെ വിധവയും.
രണ്ടു കുടുംബങ്ങളുടെയും വേദന സിനിമയിലുടനീളം ഒരു പേമാരിയിലൂടെ പറഞ്ഞു തരുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചു. മരിച്ചയാളുടെ ഭാര്യയിൽ നിന്നുള്ള കത്തിനായി അഗ്രഹാരത്തിന്‍റെ പടിവാതിൽക്കൽ പ്രാർഥനയോടെ കഴിച്ചുകൂട്ടുന്ന റസിയയ്‌ക്കും ഭർത്താവിന്‍റെ മരണത്തിലെ മുറിവ് ഉണങ്ങാതെ, സമുദായത്തിന്‍റെയും ആചാരങ്ങളുടെയും ബന്ധനങ്ങളിൽ ഒറ്റപ്പെട്ട ഗംഗക്കും മഴ വ്യത്യസ്‌ത അനുഭവങ്ങളാണ്.
ഒരേസമയം പോരാട്ടത്തിന്റെയും വിരഹത്തിന്റെയും വേഷമെടുത്തണിയുകയാണ് പെരുമഴക്കാലത്തിലെ മഴ. കാവ്യ മാധവൻ, മീര ജാസ്മിൻ, വിനീത്, ദിലീപ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
മഴയെന്നാൽ മലയാളികൾക്ക് ക്ലാരയാണ്. പി പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിൽ ക്ലാരക്കൊപ്പം മഴയും പ്രേക്ഷകനെ പ്രണയത്തിൽ നനയിച്ചു. ജയകൃഷ്ണൻ ക്ലാരയ്ക്ക് ആദ്യമായി കത്തെഴുതുന്ന ആ രാത്രിയിൽ മഴ തോരാതെ പെയ്തു. അവളിൽ നിന്നും ഒടുവിൽ കത്ത് കിട്ടുമ്പോഴും കോരിച്ചൊരിയുന്ന മഴ ഇരുവരുടെയും ബന്ധത്തിൽ പരിസമാപ്തിയുടെ രൂപത്തിലെത്തുന്നുണ്ട്. സിനിമയിൽ നായകന്റെയും നായികയുടെയും ഒപ്പമോ അതിന് മേലെയോ ആണ് മഴയുടെ സ്ഥാനം. പിന്നീടുള്ള കൂടിക്കാഴ്ചയിൽ ജയകൃഷ്ണൻ ക്ലാരയോട് മഴയില്ലെന്ന് പരിഭവപ്പെടുന്ന രംഗവും സംവിധായകൻ ബോധപൂർവം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
12 വർഷത്തോളം മഴയ്ക്കായി കാത്തിരുന്ന ഒരു രാജ്യം. ഭരതൻ ചിത്രത്തിന്റെ ക്ലൈമാക്സിൽ യാഗം നടത്തി പെയ്തിറങ്ങുന്ന മഴയിൽ ആഹ്ലാദ നൃത്തം ചെയ്യുന്ന പ്രജകളെ കാണാം. എന്നാൽ മഴ പെയ്യിക്കാനായി ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിക്കുന്ന വൈശാലിക്കും മാതാവിനും നേരിടേണ്ടി വന്നത് ജീവിതാന്ത്യമാണ്.
"ദും ദും ദും ദുന്ദുഭിനാദം..." എന്ന ഗാനത്തിനൊപ്പം മഴയ്‌ക്ക് പല ഭാവങ്ങളാണ് സംവിധായകൻ നൽകുന്നത്. വരണ്ട ഭൂമിയിലേക്ക് എത്തുന്ന ജീവന്‍റെ മഴത്തുള്ളികൾ അംഗരാജ്യത്തിന്‍റെ ആനന്ദം ചിത്രീകരിക്കുന്നു. മറുവശത്ത് വൈശാലിയുടെ സങ്കടവും അതിലൂടെ പ്രകൃതിയുടെ ക്രോധവും വ്യക്തമാക്കുന്നു. പെരുമഴയിൽ ആർത്തിയുള്ള മനുഷ്യനാൽ അവളും മാതാവും ചവിട്ടിയരയ്‌ക്കപ്പെടുന്നതും ചിത്രത്തിൽ കാണാൻ കഴിയും.
മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ ആസ്പദമാക്കി സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഒരുക്കിയ ചിത്രമാണ് മഴ. ചിത്രത്തിൽ നായകന്‍റേയും നായികയുടേയും പ്രണയം മൊട്ടിടുന്നതിനും തുടര്‍ന്നുള്ള സ്നേഹ നിമിഷങ്ങള്‍ക്കുമൊക്കെ മഴ സാക്ഷിയാകുന്നുണ്ട്. ആഷാഢം പാടുമ്പോള്‍ എന്നുള്ള ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങളും ചിത്രത്തിലുണ്ട്. ഗാനരചനയ്ക്ക് യൂസഫലി കേച്ചേരിക്ക് ആ വര്‍ഷത്തെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. സംയുക്ത വർമ, ബിജു മേനോൻ, സിന്ധു ശ്യാം, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
മകനെ തേടി അലയുന്ന പിറവിയിലെ അച്ഛന്റെ ദുഃഖത്തോടൊപ്പവും ചിത്രത്തിലൂടനീളം മഴ കടന്നുവരുന്നുണ്ട്. പിറവിയിലെ സ്ഥായിയായ വിഷാദവസ്ഥയെ ഷാജി എൻ കരുൺ എന്ന സംവിധായകൻ സണ്ണി ജോസഫിന്‍റെ കാമറയിലൂടെ മഴയായി പകർത്തിയെടുത്തു. 1989ൽ റിലീസ് ചെയ്‌ത് അന്താരാഷ്ട്ര ശ്രദ്ധനേടിയ മലയാള ചലച്ചിത്രത്തിന്‍റെ താളവും പശ്ചാത്തലവും ശബ്‌ദവും മഴ തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates