ആമിർ ഖാന്റെ ഡ്രീം പ്രൊജക്ട് ആണ് മഹാഭാരത. വർഷങ്ങളായി ആമിറിന്റെ ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് ആരാധകർക്കിടയിൽ ചർച്ച നടക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിർ. മഹാഭാരത സിനിമയാക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ആമിർ ഖാൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"അത് എന്റെ സ്വപ്നമാണ്, ഒരു ദിവസം അത് യാഥാർഥ്യമാകുമോ എന്ന് നമുക്ക് നോക്കാം. അതിനുള്ള അവസരം ലഭിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു, പക്ഷേ അതൊരു വലിയ ഉത്തരവാദിത്വമാണ്. ഇന്ത്യക്കാർക്ക് അതിനോട് വളരെ ശക്തമായ ബന്ധമുണ്ട്. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.
ഭഗവദ്ഗീത വായിക്കാത്ത, അല്ലെങ്കിൽ മുത്തശ്ശിയിൽ നിന്ന് അത് കേൾക്കാത്ത ഒരു ഇന്ത്യക്കാരനും ഇല്ലെന്ന് ഞാൻ കരുതുന്നു. എല്ലാ ഇന്ത്യക്കാർക്കും തൃപ്തികരമായ രീതിയിൽ ഒരു സിനിമ നിർമ്മിക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്വവുമാണ്". - ആമിർ പറഞ്ഞു.
"ഞാൻ പലപ്പോഴും പറയാറുണ്ട്, മഹാഭാരത നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഞാൻ ഈ സിനിമ നിർമ്മിക്കുകയാണെങ്കിൽ, എല്ലാ ഇന്ത്യക്കാർക്കും അഭിമാനം തോന്നുന്ന രീതിയിൽ അത് ചെയ്യും. അക്കാര്യം ഞാൻ ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു. ലോർഡ് ഓഫ് ദ് റിംഗ്സ്, അവതാർ പോലെ വലിയ വിനോദ ചിത്രങ്ങൾ ഹോളിവുഡിൽ കണ്ടിട്ടുണ്ട്.
ഞാൻ എന്റെ സമയം എടുക്കുന്നത്, അത് ശരിയായി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ്." -ആമിർ കൂട്ടിച്ചേർത്തു. മഹാഭാരത ആമിർ ഖാന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. 2025 ൽ രാജ് ഷമാനിയുമായി നടത്തിയ സംഭാഷണത്തിൽ ആമിർ ഖാൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
"ഒരുപക്ഷേ ഇത് ചെയ്ത ശേഷം, എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നും. ഇതിന് ശേഷം എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ഈ സിനിമയുടെ വിഷയം അങ്ങനെയായിരിക്കും." എന്നാണ് ആമിർ അന്ന് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates