കൊച്ചി: നടി ശ്വേത മേനോനെതിരെ വന്ന കേസിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് അമ്മയുടെ പുതിയ ഭരണസമിതി ആദ്യം കണ്ടുപിടിക്കണമെന്ന് നടൻ ബാബുരാജ്. ഇത്രയും ആരോപണങ്ങൾ എനിക്കെതിരെ വരുമ്പോൾ ഞാൻ മത്സരിക്കാൻ നിൽക്കുന്നത് ശരിയല്ല.
അതിന് മുൻപ് ഒരു പത്ത് മാസം അഡ്ഹോക്ക് കമ്മിറ്റിയിൽ ഉണ്ടായിരുന്ന സമയത്തൊന്നും ഈ ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് നോക്കിയപ്പോൾ അത് ശരിയല്ലായെന്ന് തോന്നി. അതുകൊണ്ടാണ് താൻ നാമനിർദേശ പത്രിക പിൻവലിച്ചതെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
"ആര് ജയിച്ചാലും നല്ലൊരു തുടക്കമാകട്ടെ എന്ന് പ്രതീക്ഷിക്കാം. ഏകദേശം ഇപ്പോൾ 300 പേരോളം വന്ന് വോട്ട് ചെയ്തിട്ടുണ്ട്. സംഘടന എന്തായാലും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകും. പുതിയ ആളുകൾ അംഗങ്ങളുടെ കാര്യങ്ങളൊക്കെ നന്നായി നോക്കും. ഞങ്ങൾക്കിടയിൽ നടന്ന വിഴിപ്പലുകൾ കുറേയുണ്ടായിട്ടുണ്ട്. അതിനേക്കുറിച്ച് ഈ അവസരത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല.
പറയേണ്ട അവസരത്തിൽ പറയാം. നിശബ്ദമായി നിന്നത് ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടല്ല. പറഞ്ഞ് പറഞ്ഞ് വീണ്ടും പ്രശ്നമാക്കണ്ടല്ലോ എന്ന് കരുതിയാണ്. എന്നെക്കുറിച്ച് പറഞ്ഞാലല്ലേ ആളുകൾ വിശ്വസിക്കൂ. വേറെ ആരെയെങ്കിലും കുറിച്ച് പറഞ്ഞാൽ വിശ്വസിക്കുമോ. ശ്വേത എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ശ്വേതക്കെതിരെ പോലും ആളുകൾ ആക്രമണം അഴിച്ചുവിട്ടു.
അത് ശ്വേതയ്ക്കും അറിയാം എനിക്കും അറിയാം. അപ്പോൾ എന്നെക്കുറിച്ച് പറഞ്ഞാൽ ആളുകൾക്ക് വിശ്വസിക്കാം, അതുകൊണ്ടാണ് പറഞ്ഞത്. അതെല്ലാം കണ്ടുപിടിക്കട്ടെ. ഈ കേസ് കൊടുത്തത് ആരാണെന്നൊക്കെ അവർ കണ്ടുപിടിക്കണം. അതിന്റെ പിന്നിൽ എന്റെ എന്തെങ്കിലും അംശമുണ്ടെങ്കിൽ ഞാനീ അഭിനയം നിർത്തി പോകും. സംഘടനയിൽ നിന്നല്ല, അഭിനയം നിർത്തിപോകും.
എന്നെക്കുറിച്ച് എന്തും പറയാം, പറഞ്ഞാൽ ആൾക്കാർ വിശ്വസിക്കും. ഇപ്പോൾ ഞാൻ ഭീകരനാണ്, അതാണ് ഇതാണ് എന്നൊക്കെ പറയാം. പുതിയ ഭരണ സമിതി ശ്വേതയ്‌ക്കെതിരെ വന്ന കേസ് ആദ്യം കണ്ടുപിടിക്കണം, പിന്നെ അത് എന്നിലേക്ക് വന്ന വഴിയും കണ്ടുപിടിക്കണം. ഇവിടെ കുറെ വയസായവരുണ്ട്, അസുഖം ബാധിച്ചവരുണ്ട്, അവർക്കൊന്നും ഒരു കുറവും വരാതെ മുന്നോട്ട് പോകട്ടെ എന്നുള്ളതാണ് നമ്മുടെ പ്രാർഥന.
‘അമ്മ’ സ്ട്രോങ്ങ് ആണ്, ‘അമ്മ’യ്ക്കൊപ്പം നമ്മൾ എപ്പോഴും ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം അകത്ത് പറയേണ്ടതല്ലേ. ഈ ‘അമ്മ’ പോലുള്ള സംഘടന ആയതുകൊണ്ടാണല്ലോ നിങ്ങൾ ഇത്ര വലിയ താല്പര്യം എടുക്കുന്നത്. 506 പേരെ ഉള്ളൂ ഇതിനകത്ത്. ഞങ്ങൾ ഈ പറയുന്നപോലെ ആർട്ടിസ്റ്റുകൾ ആയതുകൊണ്ടും അത് കേൾക്കാനും കാണാനും പ്രേക്ഷകർക്ക് താല്പര്യം ഉള്ളതുകൊണ്ടാണ് ഇത് എല്ലാവരും പറയുന്നത്.
ഇപ്പോൾ ഇവിടെ ജനാധിപത്യം കൂടുതലായി ഉണ്ട്. പണ്ടൊക്കെ എന്റെയൊക്കെ തുടക്ക സമയത്ത് എവിടെയാണ് ഇലക്‌ഷൻ നടക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു. ഇലക്‌ഷൻ എന്ന് പറഞ്ഞ സാധനവുമില്ല, നോമിനേഷൻ പേപ്പർ എവിടെയാന്ന് പോലും അറിയില്ല. ജനാധിപത്യം കൂടുതലായി വന്നു, അത് അങ്ങനെ വരണം. എന്തായാലും ഭരണം മുന്നോട്ട് പോട്ടെ നന്നായിട്ട് വരട്ടെ.
ആര് ജയിച്ചാലും നമ്മൾ അവരുടെ കൂടെയാണ്. ഇത്രയും ആരോപണങ്ങൾ നിൽക്കുമ്പോൾ ഞാൻ ഇലക്ഷന് നിൽക്കുന്നത് ശരിയല്ല. അതിനു മുമ്പ് ഒരു 10 മാസം ഈ അഡ്‌ഹോക്ക് കമ്മിറ്റിയുമായി ഞാൻ മുന്നോട്ട് കൊണ്ടുപോയപ്പോൾ ഒന്നും ഈ ആരോപണം ഉണ്ടായിരുന്നില്ല. അപ്പോ ഞാൻ വിചാരിച്ചു ഇലക്‌ഷന് നിൽക്കാം എന്ന്. പിന്നീട് നോക്കുമ്പോൾ അത് ശരിയല്ല എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് മാറിയത്.
അല്ലാതെ ഒരു സമ്മർദമോ ഭീഷണിയോ ഒന്നുമില്ല. 300 പേര് വോട്ട് ചെയ്യാൻ വന്നിട്ടുണ്ടല്ലോ അവർ തീരുമാനിക്കും ആര് ജയിക്കണം ആര് തോൽക്കണം എന്നൊക്കെ. സുഖമില്ലാത്ത ആൾക്കാർ അടക്കം വന്നിട്ടുണ്ട്. അത്രയ്ക്ക് ആവേശമാണ് എല്ലാവര്ക്കും. അവർ തീരുമാനിക്കട്ടെ ആര് ജയിക്കണം എന്ന്.”–ബാബുരാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates