അയ്യപ്പ ബൈജു എന്ന കള്ളു കുടിയനായി മിമിക്രി വേദികളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കലാകാരനാണ് പ്രശാന്ത് പുന്നപ്ര. കള്ളു കുടിയനായുള്ള പ്രശാന്തിന്റെ പെർഫോമൻസിന് ആരാധകരേറെയായിരുന്നു. എന്നാൽ മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ പ്രശാന്തിന് ലഭിക്കാതെ പോയി.
സിനിമയിലും കുടിയൻ കഥാപാത്രങ്ങൾ സ്ഥിരം തേടിയെത്തിയതോടെയാണ് അത്തരം അവസരങ്ങളോട് പ്രശാന്ത് നോ പറഞ്ഞത്. അതേസമയം, തമിഴിൽ നിരവധി പടങ്ങളിൽ പ്രശാന്ത് വേഷമിടുകയും ചെയ്തു. ഇപ്പോഴിതാ താൻ സിനിമയിൽ അവസരങ്ങളൊന്നും ചോദിച്ച് പോയിട്ടില്ലെന്ന് പറയുകയാണ് പ്രശാന്ത്.
ജീവിക്കാൻ പോയ കൂട്ടത്തിൽ അറിയാതെ കലയിലേക്ക് വന്ന് പെട്ട ഒരാളാണ് താനെന്നും അല്ലാതെ കലാകാരനാകണമെന്ന ഇഷ്ടം കൊണ്ടോ എന്തെങ്കിലുമാകണമെന്ന് വിചാരിച്ചോ വന്ന ഒരാളല്ല താനെന്നും പ്രശാന്ത് പറയുന്നു. റീൽ ആൻഡ് റിയൽ മീഡിയ വർക്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത്. "ദൈവത്തിന്റെ ഓരോ ഇതാണ്.
ഞാൻ അവസരങ്ങളൊന്നും ചോദിച്ചിട്ടില്ല. അത് സത്യമായിട്ടുള്ള കാര്യമാണ്. ഞാൻ അവസരങ്ങൾ ചോദിക്കാറില്ല. ചിലർ പറയും, അങ്ങനെ വിചാരിക്കല്ലേ പ്രശാന്തേ എന്ന്. നിങ്ങളുടെ കർമം എന്താണോ അത് കൃത്യമായി നിങ്ങൾ ചെയ്യുക എന്നുള്ളതാണ്. അവിടെ നോക്കരുത് എന്ന് പറയും. പ്രോഗ്രാമൊക്കെ ചെയ്യാൻ പോകുമ്പോൾ ഞാനിങ്ങനെയൊക്കെ ചെയ്യുമെന്ന് എന്റെ തൊട്ട് അടുത്തുള്ളവർക്ക് പോലും അറിയത്തില്ലായിരുന്നു.
കർട്ടൻ കെട്ടുക, ബോക്സ് വയ്ക്കുക ഇതൊക്കെ കഴിഞ്ഞാട്ടാണ് നമ്മളീ പരിപാടി കളിക്കുന്നത്. ജീവിക്കാൻ വേണ്ടി നമ്മളൊരു പരിപാടിക്ക് പോയി, പല പല തൊഴിലിന് പോയി. ചെയ്യാത്ത ജോലികളില്ല. എന്നു പറഞ്ഞാൽ അതുപോലത്തെ സംഭവങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്. പെയിന്റിങ്ങിന് പോകുമ്പോൾ, വലിയൊരു വീടിന്റെ പെയിന്റിങ്ങിന് പോകുമ്പോൾ, ആ മുറിക്ക് അകത്തിരുന്ന് ഞങ്ങൾ പ്രാക്ടീസ് ചെയ്യും.
അങ്ങനെ പറഞ്ഞുമൊക്കെയാണ് നമ്മൾ വന്നത്. ഈ ജോലി നമ്മൾ ജീവിക്കാൻ പോയ കൂട്ടത്തിൽ അറിയാണ്ട് കലയിലേക്ക് വന്ന് പെട്ട ഒരാളാണ്. അല്ലാതെ കലാകാരനാകണമെന്ന ഇഷ്ടം കൊണ്ട് അല്ലെങ്കിൽ എന്തെങ്കിലുമാകണമെന്ന് വിചാരിച്ച് വന്ന ഒരാളല്ല. അങ്ങനെ വന്നു.
കൂട്ടുകാരെവിടെ പോകുന്നു. അവിടെയാണ് നമ്മളും പോകുന്നത്. ഗ്ലാമർ ഉള്ളവരൊക്കെയാണ് കലാ രംഗത്തുള്ളത് എന്നാണ് നമ്മുടെ മനസിൽ. പക്ഷേ നമ്മളെപ്പോലെയുള്ളവരും വേണമെന്ന കാര്യം എനിക്കറിയത്തില്ലായിരുന്നു". - പ്രശാന്ത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates