ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി നായകൻമാരായും സൂപ്പർ സ്റ്റാറുകളുമൊക്കെയായി മാറിയ ഒരുപാട് പേരുടെ കഥകൾ നമുക്കറിയാം. അക്കൂട്ടത്തിലേക്ക് ഒരു പുതിയ മുഖം കൂടി കടന്നുവന്നിരിക്കുകയാണ്. പാലക്കാട് സ്വദേശിയായ ഷഫീഖ് മുസ്തഫ.
രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണത്തെ ആസ്പദമാക്കി സോണി ലിവിൽ പുറത്തിറങ്ങിയ ‘ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷൻ കേസ്’ എന്ന വെബ് സീരിസിലൂടെയാണ് ഷഫീഖ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത സീരിസിൽ രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതിയായിരുന്ന ശിവരശൻ എന്ന കഥാപാത്രത്തെയാണ് ഷഫീഖ് അവതരിപ്പിച്ചത്. സീരിസിലേക്ക് എത്തിയതിനേക്കുറിച്ചും ശിവരശൻ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിന്റെയുമൊക്കെ സന്തോഷം സമകാലിക മലയാളത്തോട് പങ്കുവയ്ക്കുകയാണ് ഷഫീഖ്.
അയ്യപ്പനും കോശിയിലും ഒരു ചെറിയ കഥാപാത്രത്തിലൂടെയാണ് ഷഫീഖിന്റെ അഭിനയത്തിലേക്കുള്ള വരവ്. ഹണ്ട് പോലെ ഒരു ബിഗ് പ്രൊജക്ടിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്?
കൊച്ചിയിൽ സർവൈവ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു നടനാണ് ഞാൻ. മറ്റു ഓഡിഷനുകളൊക്കെ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഹണ്ടിന്റെയും ഓഡിഷൻ നടക്കുന്നത്. കാസ്റ്റ് ബേ എന്ന കാസ്റ്റിങ് കമ്പനി ആണ് എന്നെ ഈ സീരിസിലേക്ക് സെലക്ട് ചെയ്യുന്നത്. അവർ അഭിനേതാക്കളെ തേടുന്ന സമയം ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.
പിന്നീട് അവർ എന്നോട് രണ്ട് മൂന്ന് സീനുകൾ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും അത്തരം വിഡിയോസ് ചെയ്ത് ഞാൻ അയക്കുകയും ചെയ്തു. പിന്നീട് മുംബൈയിൽ വെച്ച് ലുക്ക് ടെസ്റ്റുമുണ്ടായിരുന്നു. അതിന് ശേഷമാണ് ശിവരശൻ എന്ന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹണ്ടിലെ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു നിമിഷം ജീവിതത്തിൽ ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ?
സിനിമയിൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇതുപോലെ വലിയൊരു കാരക്ടർ ആയിരിക്കുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അയ്യപ്പനും കോശിയിലും എനിക്കാകെ മൂന്നോ നാലോ സീനേ ഉള്ളൂ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതും ഒരു വലിയ പ്രൊജക്ട് ആയിരുന്നു. എന്റെ ആദ്യത്തെ അവസരമായിരുന്നു അത്. അതുപോലെ സച്ചി സാറിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റി. അദ്ദേഹം തന്നെയാണ് എന്നെ ഓഡിഷൻ ചെയ്തതും.
ശിവരശൻ വളരെ ഇന്റലിജന്റ് ആയ സ്ട്രോങ് ആയ ഒരു കഥാപാത്രമാണ്. അധികം റെഫറൻസുകളുമില്ല. ശിവരശൻ ആകാനുള്ള തയ്യാറെടുപ്പുകൾ എങ്ങനെയായിരുന്നു?
എൽടിടിഇ-യെക്കുറിച്ച് പഠിക്കാൻ ആ സമയത്തെ അവരുടെ കുറേ അഭിമുഖങ്ങളും ഡോക്യുമെന്ററികളും ന്യൂസ് പേപ്പർ കട്ടിങ്സുമൊക്കെ ഞാൻ കണ്ടിരുന്നു. പിന്നെ എനിക്ക് കുറച്ച് മാധ്യമ സുഹൃത്തുക്കളുണ്ട്. അവരോടൊക്കെ സംസാരിച്ചിരുന്നു. ആരും അറിയാതെ ഷൂട്ട് ചെയ്യുന്ന ഡോക്യുമെന്ററി പോലെയുള്ള വിഡിയോകളൊക്കെ കണ്ടിരുന്നു.
പ്രധാനമായും ഇതൊക്കെ തന്നെയാണ് ചെയ്തത്. സെലക്ട് ചെയ്തത് മുതൽ ഷൂട്ടിങ് തുടങ്ങുന്ന അന്നുവരെ എനിക്ക് ആകെ 20 ദിവസമാണ് കിട്ടിയത്. കഥ എന്താണെന്ന് മുഴുവൻ എനിക്ക് അറിയില്ലായിരുന്നു. എന്റെ ഭാഗം മാത്രമാണ് എന്നോട് പറഞ്ഞിരുന്നത്.
ഏറ്റവും വെല്ലുവിളി എന്തായിരുന്നു?
ഹണ്ടിലേത് എന്റെ മുഴുനീള കഥാപാത്രമാണ്. അതിന്റേതായ ടെൻഷനും ഉണ്ടായിരുന്നു. പിന്നെ ശ്രീലങ്കൻ തമിഴ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത് പഠിക്കുന്നതിന്റെയൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞതും ചിലപ്പോൾ ഭാഷ പഠിച്ചത് തന്നെയായിരിക്കും. നമ്മൾ മലയാളി അല്ലേ, നമ്മൾ എത്ര പിടിച്ചാലും ചിലപ്പോൾ സ്ലാങ് കയറി വരും. അങ്ങനെ വരാതെ നോക്കുക എന്നതായിരുന്നു പ്രധാനം.
ശ്രീലങ്കൻ തമിഴ് ഡബ്ബ് ചെയ്തത് ഞാൻ തന്നെയാണ്, ബാക്കിയൊക്കെ സിങ്ക് സൗണ്ടായിരുന്നു. ചില സമയങ്ങളിൽ ഡയലോഗുകളിൽ മാറ്റം വരും. ചില സമയത്ത് രാത്രിയിലായിരിക്കും ഡയലോഗ് കൈയിൽ കിട്ടുക. രാജ കറുപ്പ് സാമി എന്നൊരാൾ ഉണ്ടായിരുന്നു ഞങ്ങളെ തമിഴ് പഠിപ്പിക്കാൻ.
സീൻ എടുക്കുന്നതിന് മുൻപ് അദ്ദേഹം വന്ന് നമുക്ക് പറഞ്ഞു തരും. അദ്ദേഹമാണ് ഭാഷ പഠിക്കാനൊക്കെ നമ്മളെ സഹായിച്ചത്. പിന്നെ ഇത്രയും വലിയൊരു കഥാപാത്രമായതു കൊണ്ട് തന്നെ അത് നന്നായി ചെയ്യണമെന്നായിരുന്നു മനസിൽ. മൊത്തം 30 ദിവസമായിരുന്നു എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്.
ഒരു രജനി ഫാൻ കൂടിയാണ് ശിവരശൻ. അത് കൃത്യമായി സ്ക്രീനിലും നമുക്ക് മനസിലാകുന്നുണ്ട്. സംവിധായകൻ പറഞ്ഞതിനപ്പുറം കൈയിൽ നിന്ന് എന്തെങ്കിലും ചെയ്തിരുന്നോ?
കൈയിൽ നിന്ന് ഇടേണ്ട സംഭവങ്ങളൊക്കെ ചെയ്തിരുന്നു. രജനി സാറിന്റെ നോട്ടം പോലെ തോന്നി എന്നൊക്കെ സീരിസ് കണ്ടിട്ട് പലരും പറഞ്ഞിരുന്നു. മാസ് തോന്നി എന്നൊക്കെ ചിലർ പറഞ്ഞു. പഴയ കാലത്തെ രജനി സാറിനോട് സാമ്യം തോന്നിയിരുന്നു എന്നൊക്കെ ആളുകൾ പറയുന്നുണ്ട്. നമ്മൾ അങ്ങനെ വേണമെന്ന് വിചാരിച്ചൊന്നും ചെയ്തത് അല്ല.
ഒറ്റക്കണ്ണൻ ആണ് ശിവരശൻ. ആ ലുക്കിനെക്കുറിച്ച്?
ഷൂട്ട് തുടങ്ങുന്നതിന് മുൻപ് എന്നോട് ശരീരഭാരം കൂട്ടണമെന്ന് പറഞ്ഞിരുന്നു. 20 ദിവസം കൊണ്ട് ഞാൻ അഞ്ച് കിലോ കൂട്ടി. അത്രയേ കൂട്ടാൻ പറ്റിയുള്ളൂ, കാരണം അത്രയും സമയമേ എനിക്ക് കിട്ടിയുള്ളൂ. പിന്നെ കണ്ണിൽ ലെൻസ് ഒക്കെ വച്ചു നോക്കിയപ്പോൾ കറക്ട് ലുക്ക് എല്ലാവർക്കും തോന്നി. കുറേ സമയം ലെൻസ് വച്ച് അഭിനയിക്കുന്നതിൽ കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ സീനൊക്കെയാണെങ്കിൽ കുഴപ്പമില്ല. ചില ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽക്കേണ്ട അവസ്ഥ വരുമല്ലോ. അങ്ങനെയുള്ളപ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുകയൊക്കെ ചെയ്യുമായിരുന്നു. അതൊരു ബുദ്ധിമുട്ടായിരുന്നു.
ലൊക്കേഷൻ രസകരമായിരുന്നോ?
ലൊക്കേഷനൊക്കെ ഭയങ്കര അടിപൊളിയായിരുന്നു. നാഗേഷ് സാറിനോട് നമുക്ക് എന്തുവേണമെങ്കിലും സംസാരിക്കാം. സംശയങ്ങളൊക്കെയുണ്ടെങ്കിൽ ചോദിക്കാം, തമാശ പറയാം. ഭയങ്കര സീരിയസ് ആയിട്ടുള്ള സെറ്റ് ഒന്നുമായിരുന്നില്ല. എന്റെ കൂടെ അഭിനയിച്ചവരിൽ കൂടുതലും സൗത്തിൽ നിന്നുള്ള അഭിനേതാക്കളായിരുന്നു. അതുകൊണ്ട് അവരുമായി നല്ല ബന്ധമായിരുന്നു. എല്ലാവരും കൂടി ഒരുമിച്ച് ഒരു കാരവനിലൊക്കെയായിരിക്കും ഇരിക്കുക. ഒന്നിച്ചിരുന്നുള്ള കഥ പറച്ചിലൊക്കെയായി രസമായിരുന്നു.
വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള സംവിധായകനാണ് നാഗേഷ് കുകുനൂർ. അദ്ദേഹത്തോടൊപ്പമുള്ള അനുഭവം?
നമ്മൾ വളരെയധികം പഠിക്കേണ്ട ഒരു വ്യക്തിയാണ് നാഗേഷ് സാർ. ഭയങ്കര എനർജെറ്റിക് ആയിട്ടുള്ള ഒരു സംവിധായകനാണ് അദ്ദേഹം. വളരെ സ്നേഹ സമ്പന്നനായ ആളാണ്. നമുക്ക് ഭയങ്കരമായി ഇഷ്ടപ്പെടും. നമ്മളോടും അങ്ങനെ തന്നെയാണ് പെരുമാറുന്നത്. ഒരു സീൻ നന്നായാൽ നമ്മളെ അഭിനന്ദിക്കാൻ അദ്ദേഹം ഒരിക്കലും മറക്കാറില്ല. ആദ്യം തന്നെ വന്ന് അത് നമ്മളോട് പറയും. നമ്മൾ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്.
സംവിധായകൻ തന്നെ കൊള്ളാമെന്ന് വന്നു പറയുമ്പോൾ നമുക്ക് തന്നെ അഭിമാനം തോന്നുന്ന കാര്യമാണ്. ലൊക്കേഷനിൽ സീനിയർ താരങ്ങളുമൊക്കെയായി നല്ല കണക്ഷനുണ്ടായിരുന്നു. ബക്സുമൊക്കെയായി (ഭഗവതി പെരുമാൾ) നല്ല ബന്ധമുണ്ടായിരുന്നു. ഹോട്ടലിൽ ഒന്നിച്ച് താമസിക്കുന്ന സമയത്ത് ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിക്കാനൊക്കെ പോകുമായിരുന്നു.
ക്ലൈമാക്സ് രംഗം കുറച്ച് ഹെവി ആയിരുന്നല്ലോ?
ക്ലൈമാക്സിൽ ആദ്യം കുറച്ച് സംശയമൊക്കെ ഉണ്ടായിരുന്നു. എന്താണ്, എങ്ങനെയാണ് ചെയ്യുക എന്നൊക്കെയുള്ള കാര്യങ്ങളിൽ. ലൊക്കേഷനിൽ വന്ന് ചെയ്തപ്പോൾ ഒറ്റ ടേക്കിൽ തന്നെ അത് സെറ്റായി. ആത്മഹത്യ ചെയ്യുന്ന ഭാഗമൊക്കെ ഒന്നോ രണ്ടോ ടേക്കിൽ തന്നെ സെറ്റായി. പിന്നെ വെടിവയ്പ് സീനുണ്ടല്ലോ. നമുക്ക് ആദ്യമായിട്ടാണല്ലോ കൈയിൽ തോക്ക് ഒക്കെ കിട്ടുന്നത്.
മറക്കാനാകാത്ത അനുഭവം എന്തെങ്കിലുമുണ്ടോ?
മറക്കാനാകാത്ത അനുഭവം ഈ സീരിസ് തന്നെയാണ്, ഇത് എനിക്ക് സംഭവിച്ചത്. ഞാൻ വളരെ ചെറിയൊരു നടനാണ്. ആകെ ഒരു സിനിമയിൽ മാത്രം മുഖം കാണിച്ചിട്ടുള്ള ഒരാളാണ്. അപ്പോൾ ഈ സീരിസ് തന്നെ എനിക്ക് മറക്കാൻ പറ്റുന്നില്ല. ഇനി എത്രകാലം കഴിഞ്ഞാലും മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
അഭിനയത്തിലേക്ക്?
അഞ്ചാം ക്ലാസ് മുതൽ സുഹൃത്തുക്കൾക്കൊപ്പം നാടകം കളിക്കുമായിരുന്നു. കേരളോത്സവം പോലെയുള്ള പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അതുപോലെ പ്രഛന്ന വേഷം ചെയ്യുമായിരുന്നു. കോളജ് കഴിഞ്ഞപ്പോൾ ഇതൊക്കെ നിർത്തി ഞാൻ ഗൾഫിലേക്ക് പോയി. അപ്പോൾ നാടകവുമായി ബന്ധപ്പെട്ട് നിൽക്കുന്ന നമ്മുടെ സുഹൃത്തുക്കളൊക്കെ ഷോർട്ട് ഫിലിമിലൊക്കെ അഭിനയിക്കാൻ തുടങ്ങി. ആ സമയത്ത് എനിക്കിതൊന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു.
എന്റെ ഒരു സുഹൃത്ത് പറഞ്ഞു, വെറുതേ നീ അവിടെ നിന്നിട്ട് എന്തിനാ. ഇവിടെ വന്ന് ഇത് തന്നെ ശ്രമിച്ചു കൂടെ എന്ന്. ഒരു സ്കിൽ കൈയിലുണ്ടായിട്ട് നമ്മൾ അവിടെപ്പോയി നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ എന്ന്. പിന്നെ നാട്ടിൽ വന്ന ശേഷം തിരികെ ഗൾഫിൽ പോയില്ല. 2015 മുതൽ ഞാൻ ഇതിൽ തന്നെയായിരുന്നു. പിന്നെ സീരിസ് കണ്ടിട്ട് ഒരുപാട് ആളുകൾ അഭിനന്ദനമറിയിച്ചിരുന്നു.
സിനിമാ രംഗത്ത് നിന്ന് നിർമാതാവ് സന്ദീപ് സേനൻ, അഹമ്മദ് കബീർ (കേരള ക്രൈം ഫയൽസ്), ഗോവിന്ദ് വിഷ്ണു (ദാവീദ് സംവിധായകൻ) തുടങ്ങിയവരൊക്കെ വിളിച്ച് സംസാരിച്ചിരുന്നു. പുതിയ പ്രൊജക്ടുകളുടെ സംസാരങ്ങളൊക്കെ നടക്കുന്നുണ്ട്. നിലവിൽ ഒന്നും അന്തിമഘട്ടത്തിലെത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates