വസ്ത്രത്തിന്റെ പേരിൽ നടിമാർക്കുൾപ്പെടെ വിമർശനങ്ങളുയരാറുണ്ട്. ഇപ്പോഴിതാ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് നടൻ ശിവാജി. ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്.
ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്. 'ശരീരം തുറന്നു കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല.' -ശിവാജി പറഞ്ഞു.
ആളുകൾ ചിലപ്പോൾ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ കരുതും. പക്ഷേ ഉള്ളു കൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല. സ്ത്രീയെന്നാൽ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ.' -ശിവാജി പറഞ്ഞു.
എന്നാൽ പരാമർശത്തിന് പിന്നാലെ ശിവാജിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. 'ഇയാൾ പറയുന്ന വാക്കുകളേക്കാൾ അതിന് കിട്ടുന്ന കയ്യടിയും ആർപ്പുവിളിയുമാണ് നമ്മളെ ഭയപ്പെടുത്തേണ്ടത്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
'തെലുങ്ക് സിനിമയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് പുതിയതൊന്നുമല്ല. അതിന് വിരുദ്ധമായി നിൽക്കുന്നവർ അപൂർവമാണ്' എന്നാണ് മറ്റൊരു കമന്റ്. ഇയാളൊരു സ്ത്രീവിരുദ്ധനാണെന്നാണ് വേറെയൊരാൾ രൂക്ഷമായി പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates