റിലീസിന് മുൻപ് തന്നെ ഏറെ സംസാര വിഷയമായി മാറിയ ഷെയ്ൻ നിഗം ചിത്രം 'ഹാൽ' ട്രെയിലർ പുറത്തിറങ്ങി. പ്രണയ ചിത്രമാണെങ്കിലും മലയാളത്തിൽ ഇതുവരെ സംസാരിക്കാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു പ്രമേയവുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുഎ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്.
ക്രിസ്ത്യൻ, മുസ്ലിം പ്രണയവും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ടിംഗും, മുസ്‌ലിം വിരുദ്ധതയും മറ്റുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ട്രെയിലർ ഒട്ടേറെ ചർച്ചകൾക്ക് തുടക്കമിടുമെന്നുറപ്പാണ്. ഒരു റാപ്പറായാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നിർദ്ദേശിച്ചിരുന്നു.
സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്.
എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ 'ഹാല്‍' സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചിത്രത്തിന് യുഎ 16 + സർട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല,
സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ,
ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്,
ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates