പുതിയ ചിത്രം മേപ്പടിയാന്റെ വ്യാജ പ്രിന്റിന് എതിരെ നടൻ ഉണ്ണി മുകുന്ദൻ. തിയറ്ററിൽ മുന്നേറിക്കൊണ്ടിരുന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് വീട്ടിലിരുന്ന് പലരും കാണുന്നു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ലെന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. 4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാൻ. കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണ് തിയറ്ററിൽ എത്തിച്ചത്. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോഴെന്നും താരം പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം
4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാൻ'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്.
കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്‌സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും.
സിനിമയെ ആത്മാർത്ഥമായി സ്‌നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates