Parvathy Thiruvothu എക്‌സ്പ്രസ് ഫോട്ടോ
Entertainment

'പ്രതികൾക്ക് മിനിമം തടവ്, മാക്സിമം പരി​ഗണന; ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടം പോലുമില്ല'

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിയിൽ പ്രതികരിച്ച് പാർവതി തിരുവോത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കു 20 വർഷം കഠിനതടവ് വിധിച്ചതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. വിധിയെ വിമർശിച്ചുള്ള കുറിപ്പുമായാണ് പാർവതി രം​ഗത്തെത്തിയത്.

'പ്രതികൾക്കു മിനിമം തടവും മാക്സിമം പരി​ഗണനയുമാണ്. ഞങ്ങൾ സ്ത്രീകൾക്കു ജീവിക്കാൻ ഒരിടം പോലുമില്ല. ശരി, അതു തിരിച്ചറിയുന്നു'- എന്ന കുറിപ്പോടെയാണ് പ്രതികരണം. സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചതിന്റെ കാർഡ് പങ്കിട്ടായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള പ്രതികരണം.

'ക്രിമിനലുകൾ അപേക്ഷിക്കുമ്പോൾ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം. ശേഷം നിയമത്തെ അതിജീവിക്കണമെന്നുമാണോ'- പാർവതി കുറിച്ചു.

കേസിലെ ആറ് പ്രതികൾക്കുള്ള ശിക്ഷ സംബന്ധിച്ച വിധി വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് പ്രസ്താവിച്ചത്. തടവിനൊപ്പം പ്രതികൾ അര ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. സെന്‍സേഷനലായ കേസാണെന്നും, പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്നും കോടതി വ്യക്തമാക്കി.

ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ശിക്ഷയിന്മേല്‍ വാദത്തിനിടെ പ്രതികള്‍ കുടുംബപ്രാരാബ്ധങ്ങള്‍ ഉന്നയിച്ച ശിക്ഷയിന്മേല്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു. വീട്ടില്‍ വൃദ്ധയായ അമ്മ മാത്രമേയുള്ളൂവെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും മുഖ്യപ്രതി പള്‍സര്‍ സുനി ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ക്ക് ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെടുന്നത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാ​ഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പൾസർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നൽകുകയായിരുന്നു എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ​ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

Actress Parvathy Thiruvothu has reacted to the sentencing of six accused, including Pulsar Suni, to 20 years in rigorous imprisonment in the actress attack case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കി യുഎഇ

ലൈം​ഗികാതിക്രമ കേസ്; മുൻകൂർ ജാമ്യം തേടി സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്

SCROLL FOR NEXT