Shwetha Menon, Mammootty ഇൻസ്റ്റ​ഗ്രാം
Entertainment

മമ്മൂട്ടിയുടെ നായികയായി 16-ാം വയസിൽ ബി​ഗ് സ്ക്രീനിലേക്ക്, കരിയറിൽ വിടാതെ വിവാ​ദങ്ങളും; മലയാള സിനിമയിലെ ബോൾഡ് ആക്ട്രസ്

പലപ്പോഴായി വിവാദങ്ങളും വിമർശനങ്ങളും ​ഗോസിപ്പുകളുമെല്ലാം ശ്വേതയെ തേടിയെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തി മുൻനിര നായികയായി മാറിയ നടിമാരിലൊരാളാണ് ശ്വേത മേനോൻ. മോഡലിങ് രം​ഗത്ത് നിന്നാണ് ശ്വേതയുടെ സിനിമയിലേക്കുള്ള വരവ്. മലയാളത്തിലും ബോളിവുഡിലുമായി ഒട്ടേറെ സിനിമകളിൽ ശ്വേത ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. 1991 ൽ മമ്മൂട്ടി നായകനായെത്തിയ അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേതയുടെ സിനിമ അരങ്ങേറ്റം.

ആമിർ ഖാനും അജയ് ദേവ്​ഗണും നായകനായെത്തിയ ഇഷ്ക് എന്ന ചിത്രത്തിലൂടെയാണ് ശ്വേത ബോളിവുഡിലേക്കെത്തുന്നത്. അഭിനയവും അവതാരകയുമൊക്കെയായി ഇപ്പോഴും വളരെ സജീവമാണ് ശ്വേത. പലപ്പോഴായി വിവാദങ്ങളും വിമർശനങ്ങളും ​ഗോസിപ്പുകളുമെല്ലാം ശ്വേതയെ തേടിയെത്തിയിട്ടുണ്ട്.

വെൽക്കം ടു കൊടൈക്കനാൽ, കൗശലം, നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. നാൽപ്പതിനടുത്ത് ഹിന്ദി ചിത്രങ്ങളിലാണ് ശ്വേത ഇതിനകം അഭിനയിച്ചത്. തമിഴ്, കന്നഡ ചിത്രങ്ങളിലും ശ്വേത തന്റെ സാന്നിധ്യം അറിയിച്ചു.

2006ൽ ‘കീർത്തിചക്ര’ എന്ന ചിത്രത്തോടെയാണ് ശ്വേത വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത്. പകൽ, തന്ത്ര, രാക്കിളിപ്പാട്ട്, പരദേശി, റോക്ക് ആൻഡ് റോൾ, ലാപ്ടോപ്പ്, മധ്യ വേനൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കേരള കഫേ, പോക്കിരിരാജ, സിറ്റി ഓഫ് ഗോഡ്, രതിനിർവേദം, സാൾട്ട് ആൻഡ് പെപ്പർ, ഉന്നം, തത്സമയം ഒരു പെൺകുട്ടി, ഒഴിമുറി, ഇവൻ മേഘരൂപൻ, മുംബൈ പൊലീസ്, കളിമണ്ണ്, ചേട്ടായീസ്, കമ്മാരസംഭവം എന്നിങ്ങനെ രണ്ടാം വരവിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് സാധിച്ചു.

പാലേരിമാണിക്യം, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്വേത നേടി. ഒരിടയ്ക്ക് വെള്ളിത്തിരയിൽ മലയാളികൾ ശ്വേതയെ കണ്ടിരുന്നില്ല. ആ സമയത്ത് മിനി സ്ക്രീൻ രം​ഗത്ത് റിയാലിറ്റി ഷോകളിലൂടെ സജീവമായി ശ്വേത. സോൾട്ട് ആൻഡ് പെപ്പർ, രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലെ ശ്വേതയുടെ അഭിനയവും ഏറെ പ്രശംസ നേടി. എന്നാൽ കരിയറിൽ സക്സസ് ആയി നിൽക്കുമ്പോഴും പല തരത്തിലുള്ള വിവാദങ്ങളിൽ ശ്വേത അകപ്പെട്ടിട്ടുണ്ട്.

2004 ൽ ഒരു ഫാഷൻ ഷോയിൽ ഇന്ത്യൻ പതാക ശരീരത്ത് ചുറ്റി റാംപിലെത്തിയ ശ്വേതക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. കാമസൂത്രയുടെ ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ ശ്വേത അഭിനയിച്ചതും വിവാദമായി മാറി. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിലൂടെയും ശ്വേത ഒരിടയ്ക്ക് വിവാ​ദങ്ങളിൽ നിറഞ്ഞു. ചിത്രത്തിനായി തന്റെ പ്രസവ രം​ഗം ചിത്രീകരിക്കാൻ ശ്വേത അനുവദിച്ചതും വലിയ വിമർശനങ്ങൾക്ക് കാരണമായി.

പ്രസവം എന്ന പ്രക്രിയയെ ശ്വേതയും സംവിധായകൻ ബ്ലെസിയും ചേർന്ന് വില്പന ചരക്കാക്കി മാറ്റി എന്നായിരുന്നു പ്രധാനമായി ഉയർന്ന വിമർശനം. കൊല്ലത്ത് വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കോൺ​ഗ്രസ് നേതാവ് പീതാംബര കുറുപ്പ് ശ്വേതയോട് മോശമായി പെരുമാറിയതും വാർത്തകളിൽ ഇടം നേടി. സംഭവത്തിൽ ശ്വേതയോട് പീതാംബര കുറുപ്പ് ക്ഷമ പറയുകയും ചെയ്തു. ഇപ്പോഴിതാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മത്സരിക്കാനൊരുങ്ങവേ ശ്വേതയ്ക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടു.

അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് ശ്വേതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് ശ്വേതയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുന്നത്. മനോജ് ടി യാദവ് സംവിധാനം ചെയ്ത ജങ്കാർ ആണ് ശ്വേതയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Cinema News: Actress Shwetha Menon career and hit movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT