പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പാക്കപ്പ് വിവരം പുറത്തുവന്നതോടെ ചിത്രത്തിന്റെ അടുത്ത ഘട്ടത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് തിയേറ്ററുകളിലെത്തുക.
'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. പൃഥ്വിരാജും മഞ്ജു വാര്യരും ആദ്യമായി രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രാഹുൽ സദാശിവൻ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിലെ സംഭാഷണങ്ങൾ ടി.ഡി. രാമകൃഷ്ണന്റേതാണ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം.
സെപ്റ്റംബർ 14ന് ആരംഭിച്ച ചിത്രീകരണം ഏകദേശം രണ്ട് മാസം നീണ്ടുനിന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന് പത്ത് ദിവസത്തെ ചിത്രീകരണം മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാരിയർക്ക് 15 ദിവസമായിരുന്നു ചിത്രീകരണമെന്നും റിപ്പേർട്ടുകളുണ്ട്. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നൽകുന്ന പ്രോജക്ട് ധർമ പ്രൊഡക്‌ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ്.
ധർമ പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ കരൺ ജോഹർ, അദർ പൂനവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'സത്യവും മിഥ്യയും തമ്മിലുള്ള യുദ്ധം. ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ ഉടൻ വരുന്നു' എന്ന കുറിപ്പോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ പൃഥ്വിരാജ് പങ്കുവച്ചിരുന്നത്.
മോഹൻലാൽ നായകനായെത്തിയ 'ഒടിയൻ' എന്ന ചിത്രത്തിനുശേഷം മലയാള സിനിമയിൽ വീണ്ടും ഒടിയൻ കഥാപാത്രം ചർച്ചയാകുന്നു എന്നതും ശ്രദ്ധേയമാണ്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത 2018ലെ 'ഒടിയൻ' ചിത്രത്തിൽ മഞ്ജു വാര്യർ തന്നെയായിരുന്നു നായിക. അതേസമയം, 'ലോക' സിനിമയിലും ദുൽഖർ സൽമാൻ ഒടിയനായി അതിഥി വേഷത്തിലെത്തിയിരുന്നു.