

ചെന്നൈ: തമിഴ്നാട്ടിലെ മധുര തനിഷ്ക് ജ്വല്ലറി കവർച്ചയിൽ 6.4 കിലോ സ്വർണം കൂടി കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്തിന്റെ വിലാച്ചേരി മേഖലയിലെ ഒളിത്താവളത്തിൽ നിന്നാണ് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തത്. നിഷാന്തിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒളിത്താവളം വെളിപ്പെട്ടത്. മഡകുളത്തെ ജലസംഭരണിക്ക് സമീപം കുഴിച്ചിട്ട, മോഷ്ടിച്ച 5 കിലോയോളം സ്വർണം നേരത്തെ കണ്ടെടുത്തിരുന്നു.
മധുരയിലെ ടാറ്റ തനിഷ്ക് ഷോറൂമിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ കവർച്ചയ്ക്ക് നാല് ദിവസത്തിന് ശേഷമാണ്, കേസിലെ പ്രധാന പ്രതിയായ 25 വയസ്സുകാരൻ യൂട്യൂബർ എസ്. നിഷാന്തിനെ തിങ്കളാഴ്ച പുലർച്ചെ ധർമ്മപുരി ജില്ലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മധുര പൊലീസ് നിഷാന്തിനെ രാത്രി 8.50-ഓടെ എസ് എസ് കോളനി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
ബെംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ബസിൽ നിന്നാണ് നിഷാന്ത് പിടിയിലാകുന്നത്. ഡ്രൈവർ നിഷാന്തിനെ തിരിച്ചറിയുകയും, രഹസ്യമായി പൊലീസിനെ വിവരം അറിയിച്ചതുമാണ് കേസിൽ നിർണായക വഴിത്തിരിവായത്. അഞ്ചു കിലോമീറ്ററോളം ബസിനെ പിന്തുടർന്ന പൊലീസ്, സേസമ്പട്ടിയിലെ ഒരു ബേക്കറിക്ക് സമീപം വാഹനം നിർത്താൻ ഡ്രൈവറോട് നിർദ്ദേശിച്ചു.
പൊലീസ് വളഞ്ഞെന്ന് മനസ്സിലാക്കിയ നിഷാന്ത് ജനലിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തനിഷ്ക് ജ്വല്ലറി കവർച്ചയിൽ, 10 കിലോ സ്വർണാഭരണങ്ങളും ഒരു കിലോ വജ്രാഭരണങ്ങളും ഉൾപ്പെടെ ഏകദേശം 11 കിലോ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കേസിൽ നിഷാന്തിന്റെ പിതാവ് വി. സുരേഷ് (53), കാമുകി എം. മീനാക്ഷി (22) എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates