ലോകമെമ്പാടും ആരാധകരുള്ള ചുരുക്കം ചില നടിമാരിലൊരാളാണ് ഐശ്വര്യ റായ്. ആരാധകർ സ്നേഹത്തോട് ആഷ് എന്ന് വിളിക്കുന്ന ഐശ്വര്യയുടെ 52-ാം പിറന്നാൾ ആണിന്ന്. പ്രിയതാരത്തിന് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകർ.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി മികച്ച പ്രകടനങ്ങളിലൂടെ ഐശ്വര്യ അമ്പരപ്പെടുത്തിയിട്ടുണ്ട്. വർണിക്കാനാകാത്ത അഴക് കൊണ്ട് മാത്രമല്ല, ചടുലമായ നൃത്തചുവടുകൾ കൊണ്ടും ഐശ്വര്യ ആരാധക മനം കീഴടക്കിയിട്ടുണ്ട്. ഐശ്വറായ്‌യുടെ മറക്കാനാകാത്ത ചില ഡാൻസ് പെർഫോമൻസുകളിലൂടെ.
മണിരത്നം സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗുരു. ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിൽ ബർസോ രെ എന്ന ഗാനം ഒരിക്കലും സിനിമാ പ്രേക്ഷകർക്ക് മറക്കാനാകില്ല. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഗുൽസാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും. ഐശ്വര്യയുടെ കുട്ടിത്തം നിറഞ്ഞ അഭിനയവും മനോഹരമായ നൃത്തചുവടുകളും ദൃശ്യഭംഗിയുമാണ് ഈ പാട്ടിനെ ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നത്.
ഇന്നും സിനിമാ പ്രേക്ഷകർ ചർച്ച ചെയ്യുന്ന ചിത്രമാണ് ഐശ്വര്യയും ഷാരുഖ് ഖാനും ഒന്നിച്ചെത്തിയ ദേവദാസ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം 2002 ലാണ് റിലീസിനെത്തുന്നത്. മാധുരി ദീക്ഷിത്, കിരൺ ഖേർ, സ്മിത ജയ്‌കർ, വിജയേന്ദ്ര ഘാട്ട്‌ഗെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിൽ മാധുരിയും ഐശ്വര്യയും ഒന്നിച്ചുള്ള നൃത്തരംഗം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇസ്മയിൽ ദർബാർ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. കവിതാ കൃഷ്ണമൂർത്തി, കൃഷ്ണകുമാർ കുന്നത്ത് (കെകെ), ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
2005 ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രമാണ് ബണ്ടി ഔർ ബബ്ലി. അഭിഷേക് ബച്ചനും റാണി മുഖർജിയും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി എത്തി. ചിത്രത്തിലെ ഖജ്‌രാ രേ എന്ന പാട്ടും സൂപ്പർ ഹിറ്റായി മാറി. ഐശ്വര്യ, അഭിഷേക്, അമിതാഭ് ബച്ചൻ എന്നിവരുടെ പെർഫോമൻസ് തന്നെയാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്.
സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് ധൂം 2. ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ബിപാഷ ബസു, ഉദയ് ചോപ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആക്ഷൻ രംഗങ്ങൾ കൊണ്ടും നായികമാരുടെ ഗ്ലാമറസ് പ്രദർശനം കൊണ്ടും ചിത്രം ഏറെ ശ്രദ്ധ നേടി. ചിത്രത്തിലെ ദിൽ ലഗാ നാ എന്ന ഗാനത്തിനും ആരാധകരേറെയാണ്.
ബോബി ഡിയോൾ, ഐശ്വര്യ റായി എന്നിവർ പ്രധാന വേഷങ്ങളിലെത്തി 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഔർ പ്യാർ ഹോ ഗയ. രാഹുൽ റവൈൽ ആണ് ചിത്രം സംവിധാനം ചെയ്തത്. നസ്രത്ത് ഫത്തേ അലി ആണ് ചിത്രത്തിനായി സംഗീത സംവിധാനമൊരുക്കിയത്. ചിത്രത്തിലെ തോടാ സാ പെഹലാ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. ഐശ്വര്യയുടെ പെർഫോമൻസ് തന്നെയാണ് ഹൈലൈറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates