ആലപ്പി അഷ്റഫ്, എം പദ്മകുമാർ ഫെയ്സ്ബുക്ക്
Entertainment

'സബ്സ്ക്രൈബേഴ്സിനെ കൂട്ടാനുള്ള തറവേല'; ആലപ്പി അഷ്റഫിനെതിരെ പദ്മകുമാർ

ഒടുവിലിൻ്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തി

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ രഞ്ജിത്ത് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ മർദിച്ചു എന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു. ആറാംതമ്പുരാൻ സെറ്റിൽ വച്ച് താൻ സാക്ഷിയായ ഒരു സംഭവത്തേക്കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറഞ്ഞത്. ഇപ്പോൾ ആലപ്പി അഷ്റഫിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം പദ്മകുമാർ. സബ്സ്ക്രൈബേഴ്സിനെ കൂട്ടാനുള്ള തറവേലയാണ് ഇത് എന്നാണ് പദ്മകുമാർ വിമർശിച്ചത്. ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയ ചെറിയ സംഭവമായിരുന്നു അത് എന്നാണ് ആറാംതമ്പുരാൻ സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പദ്മകുമാർ പറയുന്നത്.

എം പദ്മകുമാറിന്റെ കുറിപ്പ്

ഞാൻ M പത്മകുമാർ, ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. Dr. ബാലകൃഷ്ണനും ഹരിഹരൻ സാറും ശശിയേട്ടനും (l V ശശി) ഷാജി യേട്ടനും രഞ്ജിയും ഉൾപ്പെടെ. രഞ്ജി എന്നു ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.

രഞ്ജിത്ത് എന്ന സംവിധായകനുമേൽ, എഴുത്തുകാരനു മേൽ ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. അതിൻ്റെ ശരിതെറ്റുകൾ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം… പക്ഷെ ഇപ്പോൾ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷറഫിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. 'ആറാം തമ്പുരാൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു; രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു,ഇദ്ദേഹം ഉൾപ്പെടെ… ഇതാണ് ശ്രീ ആലപ്പി അഷറഫിൻ്റെ സാക്ഷിമൊഴി. 1996 ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!

ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന 'ആറാം തമ്പുരാൻ'എന്ന സിനിമയിൽ മുഴുവൻ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാൻ. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് Subscription കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിൻ്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്… അതും 28 വർഷങ്ങൾക്കു ശേഷം! അന്ന് ആ സെറ്റിൽ ഉണ്ടായിരുന്ന ലാലേട്ടനും നിർമ്മാതാവ് സുരേഷ്കുമാറും സംവിധായകൻ ഷാജി കൈലാസും ഉൾപ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും!

അവസരങ്ങൾക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരൻമാരെ അഹങ്കാരികൾ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരിൽ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാൻ കണ്ടിട്ടുള്ളത്… തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷെ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിൻ്റെ റേറ്റിംഗ് കൂട്ടാൻ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികൾ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT