ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ചിത്രത്തിൽ അതിഥി വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തിയിരുന്നു. കുറച്ചു സമയമേ ധ്യാൻ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു.
ആ കഥാപാത്രത്തിനായി ധ്യാനിനെ തന്നെ തനിക്ക് വേണമെന്നുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ അൽത്താഫ് സലിം. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓടും കുതിര ചാടും കുതിര സിനിമയ്ക്ക് ഒടിടിയിൽ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും അൽത്താഫ് സംസാരിച്ചു. "ധ്യാൻ നായകനായ ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്.
വളരെ സ്ട്രെയ്റ്റ് ആയി സംസാരിക്കുന്ന ഒരാളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ എന്തോ ഒരു ആത്മബന്ധമുണ്ട്. ഞങ്ങൾ തമ്മിൽ ഇടയ്ക്കേ വിളിക്കാറുള്ളൂ. വിളിച്ചാലും സിനിമയായിരിക്കില്ല സംസാരിക്കാറ്, വേറെ പല കാര്യങ്ങളുമൊക്കെയായിരിക്കും. 'ഓടും കുതിര ചാടും കുതിര' ചെയ്യുന്ന സമയത്ത് എനിക്ക് ധ്യാനിനെ തന്നെ വേണമെന്നുണ്ടായിരുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ ധ്യാനിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം ചെയ്യുന്ന സിനിമകൾ. അതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ ഇപ്പോഴും അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിൽ കുറേ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാനുണ്ട്. അതിന്റെ ഭാഗമായാണ് ഞാൻ ഓടും കുതിരയിലേക്ക് അദ്ദേഹത്തെ വിളിച്ചത്.
വളരെ വൃത്തിയായിട്ട് അദ്ദേഹം ചെയ്യുകയും ചെയ്തു. വളരെ പ്രൊഫഷണൽ ആണ്. ചിലപ്പോൾ അടുത്ത് തന്നെ അദ്ദേഹം നായകനായിട്ടുള്ള പടത്തിൽ ഞാൻ അഭിനയിക്കും. എന്നെ സംബന്ധിച്ച് തിയറ്റർ തന്നെയാണ് അൾട്ടിമേറ്റ്. കാശ് മുടക്കിയാൾക്ക് കാശ് തിരിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ മുൻഗണന.
അത് കഴിഞ്ഞാട്ടാണ് ബാക്കി നമ്മുടെ സംതൃപ്തിക്കും അഭിനന്ദനങ്ങൾക്കുമൊക്കെ വിലയൊള്ളൂ. പല കാരണങ്ങൾ കൊണ്ട് ചില സിനിമകൾ വർക്കാകും, വർക്ക് ആകില്ല. ഓടും കുതിര ചാടും കുതിര ഒടിടിയിൽ വന്നപ്പോൾ ഒരുപാട് പേര് വ്യക്തിപരമായി മെസേജ് അയക്കുന്നുണ്ട്. അവരോടെല്ലാവരോടും നന്ദി പറയുക എന്ന് മാത്രമേയുള്ളൂ. അതിൽ കൂടുതൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ".- അൽത്താഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates