Ansiba Hassan, Sudha Menon 
Entertainment

'മുസ്ലിം പൗരനെ സംശയ നിഴലിലാക്കാന്‍ ഏറ്റവും എളുപ്പമുള്ള ആയുധം, ഈ മുദ്ര മാത്രം മതി'; അന്‍സിബയെ പിന്തുണച്ച് സുധ മേനോന്‍

അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കേരള പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിവാദങ്ങള്‍ക്കിടെ നടി അന്‍സിബയ്ക്ക് പിന്തുണയുമായി എഴുത്തുകാരി സുധാ മേനോന്‍. മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധമാണ് ജിഹാദി എന്ന വാക്കെന്നാണ് സുധ മേനോന്‍ കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ഉയര്‍ന്നിരിക്കുന്ന സൈബര്‍ പീഡനം, അപകീര്‍ത്തിപ്പെടുത്തല്‍, മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ കേരള പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

ഒരു മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ഒരു വാക്കാണ് - 'ജിഹാദി'. തെളിവുകള്‍ ആവശ്യമില്ല. വിധിയും വിചാരണയും ആവശ്യമില്ല. ഒരു മുദ്ര മാത്രം മതി. ഒരിക്കല്‍ ആ മുദ്ര പതിഞ്ഞാല്‍, അത് പ്രചരിപ്പിക്കാനും സ്ഥിരപ്പെടുത്താനും എണ്ണമറ്റ ഓണ്‍ലൈന്‍ ഗോസിപ്പ് ചാനലുകളും ട്രോള്‍ സംഘങ്ങളും കാത്തുനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.

പൗരനെ 'അപരന്‍' ആക്കുകയും അയാളുടെ ശബ്ദത്തെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്ന ഈ വര്‍ഗീയ രാഷ്ട്രീയം പുതുമയല്ല. എന്നാല്‍ ആ രാഷ്ട്രീയം കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും സാംസ്‌കാരിക സ്ഥാപനങ്ങളിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് A.M. M. A യിലെ വിവാദം ഉയര്‍ത്തുന്നത്. അന്‍സിബ ഹസന്‍ സുവ്യക്തമായും സംയമനത്തോടെയും സംസാരിച്ചത് അവരുടെ സംഘടനയില്‍ നടന്ന അനീതിയെക്കുറിച്ചും സാമ്പത്തിക സുതാര്യതയെക്കുറിച്ചും നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുമാണ്. ഒരു സംഘടന എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്, അതിന്റെ നേതൃത്വം എന്ത് മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കേണ്ടത് എന്ന അടിസ്ഥാന ജനാധിപത്യ ചോദ്യങ്ങളായിരുന്നു അവര്‍ മാന്യമായി ഉയര്‍ത്തിയത്.

'അന്തസ്സോടെയും സഹാനുഭൂതിയോടെയും നയിക്കാന്‍ കഴിയുന്നവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത്.' അതായിരുന്നു അന്‍സിബയുടെ സന്ദേശം. ഒരു സംഘടനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചോ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ഒരു പൗരന്റെ ജനാധിപത്യാവകാശമാണ്. ആ ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഒരാളെ 'ജിഹാദി'യെന്നോ സമാനമായ വര്‍ഗീയ മുദ്രകളിലൂടെയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, അവരുടെ സ്വഭാവഹത്യ നടത്തുന്നുവെങ്കില്‍ അത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല; കേരളത്തിന്റെ മതേതര പുരോഗമന പൊതുമണ്ഡലത്തോടുള്ള വെല്ലുവിളി കൂടിയാണ് എന്ന് നമ്മള്‍ മനസിലാക്കണം.

അതുകൊണ്ടാണ് ഈ വിഷയത്തെ സിനിമാലോകത്തെ ഒരു ആഭ്യന്തര തര്‍ക്കമായി മാത്രം കാണാന്‍ കഴിയാത്തത്. അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ഉയര്‍ന്നിരിക്കുന്ന സൈബര്‍ പീഡനം, അപകീര്‍ത്തിപ്പെടുത്തല്‍, മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ കേരള പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കണം. വ്യക്തിയുടെ സാമൂഹിക സ്വാധീനമോ രാഷ്ട്രീയ ബന്ധമോ നോക്കാതെ നടപടി സ്വീകരിക്കണം. ഇത് ഒരാളുടെ പ്രതിച്ഛായയുടെ പ്രശ്‌നമല്ല; മറിച്ച് കേരളത്തിന്റെ ഡിജിറ്റല്‍ പൊതുമണ്ഡലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ പ്രശ്‌നമാണ്.

ഇന്ന് അന്‍സിബ.നാളെ അധികാരത്തോട് ചോദ്യം ചോദിക്കുന്ന മറ്റൊരു സ്ത്രീ. അതുകൊണ്ട് എന്റെ ഐക്യദാര്‍ഢ്യം അന്‍സിബയോട് മാത്രമല്ല.. ആര്‍ജ്ജവത്തോടെ ചോദ്യം ചോദിക്കുന്ന ഇന്നാട്ടിലെ എല്ലാവരുടെയും അവകാശത്തോടാണ്. കേരളം ഇന്നും മതേതരവും ജനാധിപത്യപരവുമായ ഒരു പൊതുമണ്ഡലമാണെന്ന വിശ്വാസത്തോടാണ്. അന്‍സിബ നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നു. പ്രിയപ്പെട്ട അന്‍സിബ, പോരാട്ടം തുടരുക... ഒപ്പമുണ്ട്

Amid controversies Sudha Menon supports Ansiba Hassan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴരപ്പൊന്നാന'യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

വെറും 5 മിനിറ്റ് മതി! ഉത്കണ്ഠയും ടെൻഷനും അകറ്റാൻ സഹായിക്കുന്ന ശ്വസനവ്യായാമങ്ങൾ

തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ കൂട്ടത്തോടെ വളഞ്ഞു; നവവധു കുന്നിന് മുകളിലുള്ള ക്ഷേത്രത്തില്‍ നിന്ന് താഴെവീണ് മരിച്ചു

'അമ്മ മരിച്ചു... മൗനം ആചരിക്കണം, കറുത്ത ആംബാൻഡ് ധരിക്കണം'; രണ്ടും സമ്മതിക്കില്ലെന്ന് ഫിഫ; കത്തും വിവാദം

ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു