Amritha Suresh, Abhirami Suresh 
Entertainment

'മരിച്ചാലും സമാധാനം കൊടുക്കില്ലേ? ഞങ്ങളെ വെറുതെ വിടൂ'; അച്ഛനെ അനാഥാശ്രമത്തില്‍ തള്ളിയിട്ടില്ലെന്ന് അമൃതയും അഭിരാമിയും

അച്ഛന്റെ സഹോദരങ്ങള്‍ക്കും മറ്റും ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ വേദനിക്കും. ഈ വിഷയം ഇതോടു കൂടി അവസാനിപ്പിക്കണം

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തിനെതിരായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. അച്ഛന്‍ സുരേഷിനെ അവസാനകാലത്ത് സംരക്ഷിച്ചില്ലെന്നും വൃദ്ധസദനത്തിലേക്ക് തള്ളിയെന്നുമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കെതിരെയാണ് താരങ്ങള്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഇരുവരും പ്രചരിച്ചത്. സത്യം അറിയാതെ കല്ലെറുന്നത് നിര്‍ത്തൂവെന്നാണ് അമൃതയും അഭിരാമിയും പറയുന്നത്. ഇരുവരുടേയും വാക്കുകളിലേക്ക്:

ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള തെറ്റായ രീതിയില്‍ പ്രചരിക്കുന്ന വിഷയത്തില്‍ വ്യക്തത നല്‍കാനാണ് വന്നിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനി മുമ്പോട് അനാവശ്യ ചര്‍ച്ചകളുണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ തന്നെ നേരിട്ട് വന്ന് വ്യക്തത തരുന്നത്. ഇന്നലെ പ്രചരിപ്പിച്ച വാര്‍ത്ത ഞങ്ങളുടെ അച്ഛന്‍, അവസാന കാലത്ത് അനാഥാശ്രമത്തിലായിരുന്നു, ഞങ്ങള്‍, അമൃതയും അഭിരാമിയും അമ്മയും അച്ഛനെ അനാഥാശ്രമത്തില്‍ തള്ളി എന്നായിരുന്നു. മല്ലു ട്രെന്റ് ടോക്കര്‍ എന്ന യൂട്യൂബ് ചാനലാണ് ആദ്യം എടുത്തത്.

ഒരു ചര്‍ച്ചയില്‍ പറഞ്ഞൊരു കാര്യം കട്ട് ചെയ്‌തെടുത്ത്, ആള്‍ക്കാരിലേക്ക് ഒരു ടോപ്പിക് ആക്കാന്‍ ഇട്ടു കൊടുക്കുകയായിരുന്നു. ശ്രീകണ്ഠന്‍ നായര്‍ സാര്‍ നടത്തുന്ന ചര്‍ച്ചയിലെ ഒരു ഭാഗം, ഒരു വരി, മിത്ര കുലം എന്ന കമ്യൂണിന്റെ ഉടമസ്ഥനായ അനില്‍ സാര്‍ വന്ന് സുരേഷ് ഞങ്ങളുടെ കമ്യൂണിന്റെ ഭാഗമായിരുന്നു എന്ന് പറയുന്നത്. ആ ഭാഗം മാത്രം കൃത്യമായി കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയ്ക്ക് ഇട്ടു കൊടുക്കുകയായിരുന്നു. അത് വലിയൊരു വിഷയമായി. ഒരുപാട് പേര്‍ റിയാക്ട് ചെയ്തു. അരിയണ്ണനൊക്കെ ചെയ്ത് കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു. സോഷ്യല്‍ മീഡിയയേയും വ്‌ളോഗര്‍മാരേയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ ഒരു കുടുംബത്തെ വേദനിപ്പിക്കാനായി ചെയ്യരുത്.

ഒരു കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ടോ നാലോ വാക്ക് വച്ചാകരുത് ജഡ്ജ് ചെയ്യുന്നതും പറയുന്നതും. വസ്തുതാപരിശോധന നടത്തിയ ശേഷം മാത്രമേ ഒരു കുടുംബത്തെ, ആരെയാണെങ്കിലും വലിച്ചിടാന്‍ പാടുള്ളൂ.

ഞങ്ങളുടെ അച്ഛന്‍ പല കമ്യൂണുകളിലും ഓര്‍ഗനൈസേഷനുകളിലും പങ്കാളിയായിട്ടുള്ള ആളായിരുന്നു. ഈ ചര്‍ച്ചയില്‍ പറയുന്ന കമ്യൂണിന്റെ ട്രസ്റ്റിയും കൂടിയാണ് അച്ഛന്‍. മിത്ര കുലത്തില്‍ ഞങ്ങളും പലതവണ പോയിട്ടുണ്ട്. അച്ഛന്‍ ഇതേപോലെ ഒരുപാട് കമ്യൂണുകളുടെ ഭാഗമായിട്ടുള്ള ആളാണ്. അവരെ സംഗീതം പഠിപ്പിക്കുക, അവരെ സ്റ്റേജില്‍ കൊണ്ടുവരിക, അവരുടെ കൂടെ സമയം ചെലവിടുക, തുടങ്ങിയ കാര്യങ്ങളിലൊക്കെ സജീവമായ ആളാണ്. അത് അച്ഛന് ചെയ്യാന്‍ ഇഷ്ടമുള്ളൊരു കാര്യമായിരുന്നു. അച്ഛന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്ന മക്കളുമല്ല ഞങ്ങള്‍. ഞങ്ങളും ആവുന്ന വിധത്തില്‍ അതിന്റെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്.

അങ്കിള്‍ ആ ചര്‍ച്ചയില്‍ പറഞ്ഞത് സുരേഷ് സാര്‍ അടക്കമുള്ള പലരും ഞങ്ങളുടെ കമ്യൂണിന്റെ ഭാഗമാണ് എന്നാണ്. അല്ലാതെ അച്ഛനെ ഞങ്ങള്‍ അവിടെ കൊണ്ടു പോയി തള്ളിയതല്ല. ഒരാളുടെ ഒരു വാക്ക് കേട്ട് ഞങ്ങളെ കൂട്ടമായി ആക്രമിക്കും മുമ്പ് ഞങ്ങളുടെ ഇത്രയും കാലത്തെ ജീവിതം മുഴുവന്‍ വ്‌ളോഗുകളിലൂടേയും മറ്റും ദിവസവും കണ്ടവരാണ് നിങ്ങള്‍. അച്ഛന്‍ അതിലൊക്കെ എത്ര ആക്ടീവായിരുന്നുവെന്ന് ഞങ്ങളേക്കാളും നിങ്ങള്‍ക്ക് അറിയാം. എന്നിട്ടും ഇത് കേട്ടപ്പോഴേക്കും ഇവളുമാര്‍ അങ്ങനെ തന്നെയാണെന്ന് പറയാമോ. ഞങ്ങളെപ്പറയുന്നത് ശീലമായി. പക്ഷെ ഞങ്ങളുടെ അമ്മയെ പറയുന്ന സാഹചര്യം വരുന്നത് ഞങ്ങളുടെ കുടുംബത്തെ വളരെ വിഷമിപ്പിച്ചിട്ടുണ്ട്.

അച്ഛന്റെ സഹോദരങ്ങള്‍ക്കും മറ്റും ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ വേദനിക്കും. ഈ വിഷയം ഇതോടു കൂടി അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതിനെ എടുത്തൊരു ചര്‍ച്ചയാക്കരുത് എന്നതിനാലാണ് ഈ വിശദീകരണം. അനില്‍ അങ്കിള്‍ തന്നെ ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ ഈ കാര്യമത്രയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എത്ര പേരിലേക്ക് അതെത്തുമെന്ന് അറിയില്ല. അതിനാലാണ് മിണ്ടാതിരിക്കാതെ ആദ്യമേ തന്നെ വിശദീകരിക്കുന്നത്. ആരെങ്കിലും ഇനിയും ഇതുമായി മുന്നോട്ട് പോയാല്‍ നിയമപരമായി നടപടിയെടുക്കും.

മരിച്ചു പോയ ഒരാള്‍ക്കും സമാധാനം കൊടുക്കില്ല എന്ന ലക്ഷ്യത്തോടെ ഉപദ്രവിക്കാന്‍ വരുന്നത് വളരെ കഠിനഹൃദയര്‍ക്കേ സാധിക്കൂ. അത് സാഡിസ്റ്റ് സമീപനം. നിങ്ങളെ കുടുംബത്തിലെ ഒരാളെക്കുറിച്ച് ഇങ്ങനെ കേട്ടാലെ നിങ്ങള്‍ക്ക് മനസിലാകൂ. ഞങ്ങളുടെ അച്ഛനേയും അമ്മയേയും അന്നും നോക്കിയിട്ടുള്ളത്, ഇന്നും അങ്ങനെ തന്നെയാണ്. ഞങ്ങളുടെ അച്ഛനേയും അമ്മയേയും എങ്ങനെ നോക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇത് ആളുകള്‍ക്ക് ഇട്ടു കൊടുത്ത മല്ലു ട്രെന്റ് ടോക്‌സിനെതിരെ നിയമനടപടിയെടുക്കും. എല്ലാത്തിനും ഒരു പരിധിയുണ്ട്. നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുളള അവകാശം ഞങ്ങള്‍ക്കുമുണ്ട്.

Amritha Suresh and Abhirami Suresh slams social media discussions about their father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട, മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല'; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്‍

'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും

മണിപ്ലാന്റ് സമ്പത്ത് വർധിപ്പിക്കുമോ?

യുഎഇയിലൊക്കെ പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടല്ലോ, അവിടെയൊന്നും ജനങ്ങള്‍ കയര്‍ക്കുന്നില്ലെന്ന് സുരേഷ് ഗോപി

'ഗ്യാസ് കിട്ടാനില്ല; സ്വിഗ്ഗി ഇല്ലെങ്കിൽ പട്ടിണിയാകുന്ന മനുഷ്യന്റെ ആഢംബര അലസതകൾക്ക് പ്രകൃതി നൽകുന്ന ചെറിയ കൊട്ടാണിത്'

SCROLL FOR NEXT