തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയായ നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്റെ ജീവിത പങ്കാളി. ഇന്നലെ (07-11-2026) യാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. താൻ പ്രാർഥിച്ചയാളെ തനിക്ക് ജീവിത പങ്കാളിയായി ലഭിച്ചിരിക്കുകയാണെന്ന് താരം കുറിച്ചു.
"07.11.26. ഞാൻ പ്രാർഥിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. ഇത് രണ്ട് ഹൃദയങ്ങളുടെ വെറും വാഗ്ദാനമല്ല, ദൈവസാന്നിധ്യത്തിൽ എടുത്ത ഒരു പ്രതിജ്ഞയാണ്. എന്റെ ഉള്ളിലെ കൊച്ചു കുട്ടി, ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണ്.
ഇതൊരു വിവാഹം മാത്രമല്ല; ജീവിതകാലം മുഴുവൻ നീളുന്ന ചെറിയ ചെറിയ നിമിഷങ്ങൾ, ഒടുങ്ങാത്ത ചിരികൾ, ഒരുമിച്ചുള്ള വളർച്ച, പരസ്പരമുള്ള തിരഞ്ഞെടുക്കൽ, അങ്ങനെ സ്നേഹം നിറഞ്ഞ ഒരു വീട് കെട്ടിപ്പടുക്കുക - ഇതെല്ലാമാണ് ഈ ജീവിതം".- അഞ്ജു കുറിച്ചു. കോട്ടയം സ്വദേശിയായ അഞ്ജുവിന്റേയും റോഷന്റെയും വിവാഹ നിശ്ചയം രണ്ട് വർഷം മുൻപാണ് കഴിഞ്ഞത്.
അടുത്തിടെ പ്രതിശ്രുത വരൻ സർപ്രൈസ് ആയി പ്രൊപ്പോസ് ചെയ്ത ചിത്രങ്ങൾ അഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2013 ൽ ‘നേരം’ എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ‘ഓം ശാന്തി ഓശാന’, ‘പ്രേമം’, ‘ഞാൻ പ്രകാശൻ’, ‘കവി ഉദ്ദേശിച്ചത്’, ‘ജാക്ക് ഡാനിയേൽ’ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates