മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ അനൂപ് മേനോന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തകുമാരിയെ കൈരളി ടിവിയ്ക്ക് വേണ്ടി ഇന്റര്‍വ്യു ചെയ്തതിന്റെ ഓര്‍മകളാണ് അനൂപ് മേനോന്‍ പങ്കുവെക്കുന്നത്. മോഹന്‍ലാലിനെ നേരില്‍ കാണുന്നതിനും മുമ്പായിരുന്നു അമ്മയുമായുള്ള അഭിമുഖം.
അന്ന് തനിക്ക് ഉച്ച ഭക്ഷണം നല്‍കിയതും, തിരികെ പോകാന്‍ നേരം തലയില്‍ ചുംബിച്ച് അനുഗ്രഹിച്ചതുമെല്ലാം കുറിപ്പില്‍ അനൂപ് മേനോന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അമ്മ പകര്‍ന്നു നല്‍കിയ സ്‌നേഹവും ഊഷ്മളതയുമാണ് മോഹന്‍ലാലില്‍ കാണാന്‍ സാധിക്കുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
അമ്മ, അവര്‍ ആ പേര് തന്നെയായിരുന്നു. മക്കളേ എന്ന ഹൃദയസ്പര്‍ശിയായ വിളിയിലൂടെ പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും അവര്‍ അമ്മയായി. ലാലേട്ടന്റെ അമ്മ എന്ന നിലയിലാണ് കൈരളി ടിവിയില്‍ അവതാരകനായിരിക്കുമ്പോള്‍ ഞാന്‍ അവരുമായി അഭിമുഖം നടത്തുന്നത്. എനിക്ക് അന്ന് 23 വയസാണ്. മിസ്റ്റര്‍ എല്ലിനെ വ്യക്തിപരമായി അറിയില്ല. സൂപ്പര്‍ സ്റ്റാറിന്റെ വീട്ടിലേക്ക്, അദ്ദേഹത്തിന്‍റെ അമ്മയോട് സംസാരിക്കാന്‍ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ഞാന്‍.
ഞാന്‍ വിറയ്ക്കുകയും വയറിനകത്ത് തീപിടിച്ചതു പോലൊരു അവസ്ഥയിലുമായിരുന്നു. അപ്പോഴാണ് ഊഷ്മളമായ ചിരിയോടേയും, കനിവുള്ള കണ്ണുകളോടെയും അവര്‍ വരുന്നതും എന്നെ ആ വീട്ടിലെ ഒരാളാക്കി മാറ്റുന്നതും. അവതാരകനായുള്ള എന്റെ കരിയറില്‍ അതാദ്യമായി ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാതായി. അവര്‍ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടവേളകളില്‍ തന്റെ ലാലുവിന്റെ കഥകള്‍ പറയുകയും ചെയ്തു. ദീര്‍ഘനാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയ ബന്ധുവിനോടെന്ന പോലെ.
ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം തരികയും ചായ കുടിച്ചിട്ടേ പോകാവൂവെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. പോകാന്‍ നേരം എന്റെ തലയില്‍ ചുംബിച്ച് മോന്‍ സിനിമയില്‍ വരും കെട്ടോ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. 200 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന, നിസ്സഹായനായ 23 കാരന് ആ വാക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മകനെ കണ്ടുമുട്ടിയപ്പോള്‍ തന്റെ ഊഷ്മളതയും സ്‌നേഹം അവര്‍ അവനിലേക്കും പകര്‍ന്നു നല്‍കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു.
കനലിന്റെ ഷൂട്ടിങ്ങിനിടെ അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. അമ്മയ്ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വന്ന സമയമാണ്. അദ്ദേഹത്തെപ്പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നൊരു മകനെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. അത് നിങ്ങളുടെ ആത്മാവിന്റെ നന്മ മാത്രമല്ല ലാലേട്ടാ, അത്തരമൊരു അമ്മയും വ്യക്തിയും കൂടെ ആയതിനാലാണ്. ആ സ്‌നേഹം പൂര്‍ണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങളെല്ലാവരും അമ്മയെ മിസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates