

മോഹന്‍ലാലിന്റെ അമ്മയെക്കുറിച്ചുള്ള കുടുംബസുഹൃത്തും ഡോക്ടറുമായ ജ്യോതിദേവ് കേശവദേവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. ശാന്ത ആന്റി 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യവും, മകനും കുടുംബവും നല്‍കിയ സ്‌നേഹവും വാത്സല്യവും പരിചരണവുമാണെന്നാണ് ജ്യോതിദേവ് പറയുന്നത്. നീണ്ടകാലം മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയെ ചികിത്സിച്ചതും ജ്യോതിദേവായിരുന്നു. ആ വാക്കുകളിലേക്ക്:
മോഹന്‍ലാലിന്റെ അമ്മ ശാന്ത ആന്റി, നമ്മുടെയെല്ലാം പ്രിയങ്കരിയായ ശാന്ത ആന്റി, ഇതെഴുതുമ്പോള്‍ ഇന്ന് നമ്മളോടൊപ്പമില്ല. എനിക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ അയല്‍ക്കാരി എന്ന നിലയിലും, ഉറ്റ സുഹൃത്തെന്ന നിലയിലും, എന്റെ അമ്മ സീതാലക്ഷ്മിദേവ്, ആന്റിയുമായി വളരെ അടുപ്പത്തിലായിരുന്നു. ശാന്ത ആന്റിയെ ഞാന്‍ അവസാനമായി കാണുന്നത് ഡിസംബര്‍ 28-ാം(മിനിഞ്ഞാന്ന്) തീയതി ശനിയാഴ്ച കൊച്ചിയിലെ വീട്ടില്‍ വച്ചാണ്. അപ്പോഴേക്കും വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ആന്റിയെ വല്ലാതെ തളര്‍ത്തിയിരുന്നു.
ഞാന്‍ ഒക്ടോബര്‍ 20-ാം തീയതി കൊച്ചിയിലെ വീട്ടില്‍ എത്തുമ്പോള്‍ പതിവുപോലെ നിര്‍ബന്ധിച്ച് ഭക്ഷണം തന്നിട്ട് മാത്രമേ എന്നെ പോകാന്‍ അനുവദിച്ചുള്ളൂ. വീല്‍ ചെയറില്‍, തീന്‍ മേശക്കരികിലെത്തി എല്ലാ വിഭവങ്ങളും ഞാന്‍ ആസ്വദിച്ച് കഴിച്ചുവെന്ന് ആന്റി ഉറപ്പാക്കി. അന്നേ ദിവസം ലാലു ചേട്ടനും , സുചിത്രയും, ആന്റണി പെരുമ്പാവൂരും വീട്ടിലുണ്ടായിരുന്നു. അന്നെനിക്കറിയില്ലാരുന്നു ശാന്ത ആന്റിക്കൊപ്പം ഇങ്ങനെയൊരു അവസരം ഇനി ഒരിക്കലും ഉണ്ടാകില്ല എന്നത്!
ഈ അമ്മയും മകനും തമ്മിലുള്ള അടുപ്പം പതിറ്റാണ്ടുകളായി ഞാന്‍ അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ്. ലാലുച്ചേട്ടന് എത്ര തിരക്കാണെങ്കിലും, ലോകത്തെവിടെയാണെങ്കിലും അമ്മയെ എന്നും വിളിക്കും. അമ്മയെ മാറോടണച്ചു കെട്ടിപ്പിടിച്ച് കവിളത്ത് മുത്തം കൊടുക്കുന്നത് പലയാവര്‍ത്തി കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ശാന്ത ആന്റി 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യവും, ഈ മകനും കുടുംബവും നല്‍കിയ സ്‌നേഹവും വാത്സല്യവും പരിചരണവും കൊണ്ടാണ്.
ശാന്ത ആന്റി അവശയായിട്ട് കുറച്ച് വര്‍ഷങ്ങളായെങ്കിലും നമ്മള്‍ അങ്ങോട്ട് പറയുന്നതെല്ലാം മനസ്സിലാകും. ആംഗ്യ ഭാഷയിലും ശബ്ദത്തിലൂടെയും, നമ്മള്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം മുടവന്‍മുകളിലെ വിശേഷങ്ങള്‍ പറയും; ഇമവെട്ടാതെ ആന്റി ശ്രദ്ധിച്ചു കേള്‍ക്കും. മുടവന്‍മുകളിലെ ഞങ്ങളുടെ അയല്‍ക്കാരായ പ്രസന്നയും ഭര്‍ത്താവ് ഷണ്‍മുഖവും കഴിഞ്ഞ 14 വര്‍ഷങ്ങളായി ആന്റിക്കൊപ്പം കൊച്ചിയില്‍ തന്നെയാണ്. ആന്റിയുടെ ആംഗ്യഭാഷ അവര്‍ എനിക്കും സുനിതക്കും (എന്റെ ഭാര്യ), കൃഷ്ണദേവിനും (എന്റെ മകന്‍) പരിഭാഷപ്പെടുത്തി തരും. പ്രസന്ന, ആന്റിയെ പരിചരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ദൈവത്തിനോട് നന്ദി പറയും. അത്ര ആത്മാര്‍ത്ഥതയോട് കൂടിയാണവര്‍ ആ കൃത്യം വര്‍ഷങ്ങളായി നിര്‍വഹിച്ചുവരുന്നത്!
ശാന്ത ആന്റി മരണപ്പെട്ടു എന്ന വാര്‍ത്ത ആത്മമിത്രമായ എന്റെ അമ്മയോട് പറയാനുള്ള ധൈര്യം എനിക്കില്ല. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് അവര്‍ വീഡിയോ കാളില്‍ പരസ്പരം കണ്ടതും ആശയവിനിമയം നടത്തിയതും. ഈ രണ്ടമ്മമാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്ന ഒരു പ്രത്യേകത ഇവര്‍ രണ്ടുപേരും സമയത്തിന് നല്‍കിയ പ്രാധാന്യമായിരുന്നു .
ദീര്‍ഘകാലം ശാന്ത ആന്റി എന്റെ ചികിത്സയിലായിരുന്നു. ആന്റി ഫോണ്‍ ചെയ്താല്‍ 2 മിനുട്ട് പോലും ദീര്‍ഘിപ്പിക്കുകയില്ല. ''മക്കള്‍ക്ക് നല്ല തിരക്കാണെന്നു എനിക്കറിയാം. ഒരുപാടുപേര്‍ കാത്തിരിക്കുന്നുണ്ടാകും''. ശാന്ത ആന്റിയുടെ 'ടൈം മാനേജ്‌മെന്റ് സ്‌കില്‍സ്' തന്നെയാകാം മകന്റെ വിജയത്തിനു പിന്നിലും. ലാലുച്ചേട്ടന്‍ ഒരു ഇതിഹാസ കഥാപാത്രമായി മാറിയതിന്റെ പിന്നിലും മാതാവിന്റെ പങ്കു വളരെ വളരെ ഏറെയാണ്.
ലാലുച്ചേട്ടന്‍ അദ്ദേഹത്തിന്റെ ഒരു സ്വപ്നം ഞാനുമായി അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. അതിബൃഹത്തായ ഒരു മലയാള സിനിമ മ്യൂസിയമാണത്. അദ്ദേഹത്തിന്റെ അച്ഛന്‍ വിശ്വനാഥന്‍ അങ്കിളിനും ശാന്ത ആന്റിക്കും അവിടെ ഒരു സവിശേഷ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിനും സൂചിത്രയ്ക്കുമൊപ്പം, മായമോളും (വിസ്മയ മോഹന്‍ലാല്‍), അപ്പുമോനും(പ്രണവ് മോഹന്‍ലാല്‍) അവരുടെ അച്ഛമ്മയെ ഒരുപാട് സ്‌നേഹിക്കുന്നവരാണ്. എത്ര തിരക്കാണെങ്കിലും എത്ര അകലെയാണെങ്കിലും മിക്കപ്പോഴും അവര്‍ ഒരുമിച്ചു കൂടാറുണ്ട്.
എല്ലാവരുടെയും പ്രിയപ്പെട്ട ശാന്ത ആന്റിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ അനുഭവം ഇവിടെ വിവരിച്ചതിനു മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. നാം ഇവിടെ കണ്ടത് വാര്‍ദ്ധക്യത്തില്‍, അമ്മയോടൊപ്പം സാന്നിധ്യം കൊണ്ടും സ്‌നേഹംകൊണ്ടും പരിചരിച്ച ഒരു മകന്റെയും കുടുംബത്തിന്റെയും കഥയാണ്. പക്ഷെ കേരളത്തിന്റെ പൊതുവായ ഇന്നത്തെ അവസ്ഥ ഇതല്ല. മിക്ക വീടുകളിലും വൃദ്ധജനങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. അവരുടെ മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ ഒക്കെയും കേരളത്തിന് പുറത്തോ അല്ലെങ്കില്‍ വിദേശത്തോ ആണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും.
നമ്മെ നമ്മളാക്കി മാറ്റിയ അച്ഛനമ്മമാരുടെ വാര്‍ദ്ധക്യത്തില്‍ അവരെ സംരക്ഷിക്കുവാനും സ്‌നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്? ആ നഷ്ടം എങ്ങനെ നികത്താനാകും? നമുക്കാവശ്യം കേരളത്തില്‍ ജീവിച്ചുകൊണ്ട്, ആത്മാര്‍ത്ഥമായി, കഠിനാധ്വാനം ചെയ്യുന്ന യുവതീയുവാക്കളെയാണ്. ശരിയല്ലേ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates