

അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ് മോഹന്‍ലാല്‍. അമ്മയുമായി മോഹന്‍ലാലിനുണ്ടായിരുന്നത് വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു. മോഹന്‍ലാലും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് സിദ്ധുവിന്.
ഒരു സാധാരണ അമ്മ മകന്‍ ബന്ധമായിരുന്നില്ല അത് അതിലും ദിവ്യത്വമുള്ള എന്തോ ആയിരുന്നു മോഹന്‍ലാലും അമ്മയും തമ്മിലുണ്ടായിരുന്നതെന്നാണ് സിദ്ധു പറയുന്നത്. ലോകം പോറ്റിയ ഒരു മകനു ജന്മം നല്‍കാന്‍ കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വര്‍ഗ്ഗ വാതില്‍ ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വര്‍ഗത്തിലേക്കാണെന്നും സിദ്ധു പറയുന്നു. ആ വാക്കുകളിലേക്ക്:
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്. വണ്ടിയില്‍ കയറിയാല്‍ ലാലേട്ടന്‍ ആദ്യം വിളിക്കുക അമ്മയെയാണ്. അമ്മയോട് സംസാരിച്ചതിനു ശേഷം സുചിത്ര ചേച്ചിയെ വിളിക്കും. അമ്മയുടെ അസുഖത്തിന്റെ ആദ്യകാലത്ത് അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ലാലേട്ടന്‍ ഒപ്പമുണ്ടായിരുന്നു ഹോസ്പിറ്റലിലാണ് അദ്ദേഹം താമസിച്ചത്. ആശിര്‍വാദിന്റെ ഒരു സിനിമ നടക്കുന്ന സമയമായിരുന്നു ഹോസ്പിറ്റലില്‍ നിന്നാണ് അദ്ദേഹം ഷൂട്ടിങ്ങിനു വന്നിരുന്നതും തിരികെ ആശുപത്രിയിലേക്കാണ് പോയിരുന്നതും.
അമ്മയ്ക്ക് സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ അമ്മയെ നോക്കുന്ന ചേച്ചിയെ വിളിച്ച് അമ്മയുടെ കാതില്‍ ഫോണ്‍ വെച്ചുകൊടുക്കാന്‍ പറയും എന്നിട്ട് ലാലേട്ടന്‍ സംസാരിക്കും. സുചിത്ര ചേച്ചി അമ്മയുടെ അടുത്ത് ഇല്ലാത്തപ്പോള്‍ ലാലേട്ടന്‍ സുചിത്ര ചേച്ചിയെ വിളിച്ചാല്‍ ആദ്യം ചോദിക്കുക അമ്മയെ വിളിച്ചോ സംസാരിച്ചോ എന്നാണ്. ഒരു സാധാരണ അമ്മ മകന്‍ ബന്ധമായിരുന്നില്ല അത് അതിലും ദിവ്യത്വമുള്ള എന്തോ ഒന്ന്.
ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് അമ്മ വീണ്ടും ഹോസ്പിറ്റലില്‍ ആയപ്പോള്‍ ലാലേട്ടന്‍ വളരെ ഡിസ്റ്റര്‍ബ്ഡ് ആയിരുന്നു. എപ്പോഴും വിവരങ്ങള്‍ വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കും. ഫോണില്‍ ഡോക്ടര്‍മാരുമായി സംസാരിക്കും. ഒഴിവു കിട്ടുമ്പോള്‍ എല്ലാം തൊടുപുഴയില്‍ നിന്ന് എറണാകുളത്ത് പോയി അമ്മയെ കാണും.
ബറോസിന്റെ ഡബ്ബിങ് സമയത്ത് ഒരു ദിവസം ലാലേട്ടന്റെ കൂടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പോയിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു അമ്മയെ കാണാന്‍ പറ്റുമോ. കാണാലോ അതിനെന്താ, എന്താ അങ്ങനെ ചോദിച്ചത് എന്ന് ലാലേട്ടന്‍. അല്ല പുറത്തുനിന്ന് ഒരാള്‍ കാണാന്‍ വരുമ്പോള്‍ വല്ല ഇന്‍ഫെക്ഷനോ മറ്റോ... പൂര്‍ത്തിയാക്കാന്‍ ലാലേട്ടന്‍ സമ്മതിച്ചില്ല ഒരു കുഴപ്പവുമില്ല കാണാം.
വീട്ടിലെത്തിയ ഉടനെ അമ്മയുടെ മുറിയിലേക്ക് എന്നെ വിളിച്ചു കൊണ്ടു പോയി. അമ്മയ്ക്ക് മനസ്സിലായോ നമ്മുടെ തിരുവനന്തപുരത്തെ വീട്ടിലൊക്കെ ഒരുപാട് തവണ വന്നിട്ടുള്ള ആളാണ് സിദ്ധാര്‍ത്ഥന്‍. ചെറിയ മൂള ലോടെ വളരെ പതുക്കെ അമ്മ തലഒന്നനക്കി. ആന്റണിക്കും തീരാദുഃഖം ആയിരിക്കും ഈ മരണം. ആന്റണിയുടെ മറ്റൊരു അമ്മയായിരുന്നു ലാലേട്ടന്റെ അമ്മ. ലോകം പോറ്റിയ ഒരു മകനു ജന്മം നല്‍കാന്‍ കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വര്‍ഗ്ഗ വാതില്‍ ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വര്‍ഗത്തിലേക്ക്.
സഹോദരന്റെ മരണ സമയത്ത് പരസ്പരം ആശ്വസിപ്പിക്കാനും ചേര്‍ത്തു നിര്‍ത്താനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന്റെ മരണസമയത്ത് അമ്മയും. ഇനി... എപ്പോഴും അമ്മയെ കാണണം അമ്മ അടുത്തുണ്ടാകണം എന്ന് ആഗ്രഹിച്ച മകന് വേര്‍പാടിന്റെ ഈ ദുഃഖം സഹിക്കാന്‍ ഉള്ള ശക്തി നല്‍കാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു. ലാലേട്ടന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates