ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി അന്‍സിബ. ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചത് തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ആവശ്യപ്പെടാനല്ല. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിഡിയോ തടയാന്‍ ഇടപടണമെന്ന് അഭ്യര്‍ത്ഥിക്കാനാണെന്നാണ് അന്‍സിബ പറയുന്നത്. കേസില്‍ എഫ്‌ഐആര്‍ ഇട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കള്ളം പറയുകയായിരുന്നു അന്‍സിബ ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറപ്പിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അന്‍സിബ ആരോപിച്ചു. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്നും അതാണ് നിങ്ങളുടെ വാതിലില്‍ മുട്ടുന്നതെന്നും അന്‍സിബ പറഞ്ഞു. ആ വാക്കുകളിലേക്ക്:
ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല.മറിച്ച്, ഇന്‍സ്റ്റാഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കാനാണ് ഞാന്‍ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.
എന്നാല്‍, കേസില്‍ എഫ്.ഐ.ആര്‍. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കുന്നത്.
പരാതിയില്‍ FIR രജിസ്റ്റര്‍ ചെയ്യാതെ പ്രതികള്‍ പരാമര്‍ശിച്ച, ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകള്‍ക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇതേ പ്രതി നല്‍കിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് എന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലില്‍ ഞാന്‍ മുട്ടിക്കൊണ്ടേയിരിക്കും.
അന്‍സിബ ഹസ്സന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates