കൊച്ചി: താരസംഘടനയായ അമ്മയിൽ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് നടി അൻസിബ ഹസൻ. അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് താൻ മുൻപ് പരാതി അറിയിക്കാതിരുന്നതെന്നും അൻസിബ പറഞ്ഞു. ഒരു ചെറിയ കാര്യം പറഞ്ഞ് വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പരാതി കൊടുത്തു. മൂന്നു മണിക്കൂർ പൊലീസ് സ്റ്റേഷനിൽ അക്ഷരാർഥത്തിൽ ഉപദ്രവിക്കപ്പെട്ടു.
അതിന്റെ ട്രോമ ഇതുവരെ മാറിയിട്ടില്ല. ഒരു കാര്യവുമില്ലാതെ എന്തിനാണങ്ങനെ ചെയ്തതെന്ന് ഇപ്പോഴും രാത്രികളിൽ ആലോചിക്കാറുണ്ടെന്നും അൻസിബ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. “അമ്മ സംഘടനയിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിനൊപ്പം ഞാൻ നിൽക്കാറുണ്ട്. ശരിയല്ലാത്തതിനൊപ്പം നിൽക്കാറുമില്ല. എന്റെ എതിർപ്പ് ഞാൻ പ്രകടിപ്പിക്കും. മിനുട്സിൽ അത് എഴുതാറുമുണ്ട്. ടിനി ടോമിനെതിരെ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചോട്ടേ. എന്നേക്കാൾ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ വന്ന ഒരാളുടെ കാര്യത്തിൽ എനിക്കെന്തിനാണ് ആശങ്ക ?.
ആ കമ്മിറ്റിയിലുള്ളവരിൽ പ്രായം കൊണ്ടാണെങ്കിലും ജോലി കൊണ്ടാണെങ്കിലും ഏറ്റവും ജൂനിയറായ ആൾ ഞാനാണ്. മതപരിവർത്തനത്തിന്റെ കാര്യം എന്നോട് നേരിട്ട് പറഞ്ഞതല്ല. പല അംഗങ്ങളോടും അദ്ദേഹമത് പറഞ്ഞിട്ടുണ്ട്. അത് കേട്ട എല്ലാവരും എനിക്ക് അനുകൂലമായി സാക്ഷി പറയാൻ വരുമോയെന്ന് എനിക്കറിയില്ല.
എക്സിക്യൂട്ടീവ് അംഗമായ നീന കുറുപ്പ് ചേച്ചി ഇക്കാര്യം കേട്ടിട്ടുമുണ്ട്, എന്നോടത് പറഞ്ഞിട്ടുമുണ്ട്. ഫെബ്രുവരി 21-നാണ് എല്ലാം കൊണ്ടും മടുത്ത് രാജിവെച്ചത്. മൂന്നു മണിക്കൂറാണ് പൊലീസ് സ്റ്റേഷനിലിരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. വ്യക്തിപരമായ കാരണങ്ങളും ജോലിത്തിരക്കുകളും ഉള്ളതുകൊണ്ട് രാജിവെയ്ക്കുന്നുവെന്നാണ് പറഞ്ഞത്.
എനിക്കെത്ര ജോലിയുണ്ടെന്ന് ഇവിടെയെല്ലാവർക്കും അറിയാം. അധികാരത്തർക്കമുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാൻ അമ്മയുടെ വർക്കിങ് കമ്മിറ്റിയിലും പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാൻ തയ്യാറെടുത്ത അന്നുമുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അനൂപ് ചന്ദ്രൻ എനിക്കെതിരെ വിഡിയോ വരെ പോസ്റ്റ് ചെയ്തു.
അതിനെതിരെ ഞാൻ പരാതി കൊടുത്തിരുന്നു. ആ പരാതി അവിടെ സ്വീകരിച്ചിട്ടില്ല. അമ്മയുടെ നിയമാവലി അനുസരിച്ച് അസോസിയേഷനെതിരെ സംസാരിക്കുന്നവരെ പുറത്താക്കാൻ പറ്റും. അമ്മയ്ക്കെതിരെ സംസാരിച്ച ചില സ്ത്രീകളുമുണ്ട്. അവരെയും പുറത്താക്കുമെന്നാണ് എനിക്ക് കിട്ടിയ മറുപടി.
എനിക്കുവേണ്ടി സംസാരിച്ചവരെ പുറത്താക്കേണ്ട എന്ന് വിചാരിച്ച് ആ പരാതിയുടെ പിന്നാലെ ഞാൻ പോയില്ല. അതന്വേഷിക്കാൻ പോലും ആരും ശ്രമിച്ചില്ല". -അൻസിബ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates