തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്ത നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി, ദേവസേന എന്നീ കഥാപാത്രങ്ങൾ മാത്രം മതി മലയാളികൾക്കുൾപ്പെടെ അനുഷ്കയെ എക്കാലവും ഓർത്തിരിക്കാൻ. ഒരിടയ്ക്ക് തമിഴിലും തെലുങ്കിലും ഒരേ സമയം വമ്പന്‍ ഹിറ്റുകളുടെ ഭാഗമായി അനുഷ്ക. ബാഹുബലി എന്ന ചിത്രം റിലീസ് ചെയ്തതോടെ തെന്നിന്ത്യയിൽ ഏറ്റവുമധികം താരമൂല്യമുള്ള നടിമാരിലൊരാളായി അനുഷ്ക മാറി. ബാഹുബലിക്ക് ശേഷം അധികം സിനിമകളിലൊന്നും താരം പ്രത്യക്ഷപ്പെട്ടില്ല. വളരെ സെലക്ടീവായി മാത്രം അവർ സിനിമകൾ ചെയ്തു. ഇതിനിടെ ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അനുഷ്ക അരങ്ങേറ്റം കുറിച്ചു. പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ അനുഷ്കയുടെ ചില കഥാപാത്രങ്ങളിലൂടെ...
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിന്റെ നായികയായാണ് അനുഷ്ക ഷെട്ടി എത്തിയത്. ചിത്രത്തിലെ താരത്തിന്റെ ദേവസേന എന്ന കഥാപാത്രം ഇന്നും ആരാധകർ നെഞ്ചേറ്റിയ കഥാപാത്രങ്ങളിലൊന്നാണ്. മഹിഷ്മതിയിലെ രാജകുമാരിയായിരുന്നു ദേവസേന. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി: ദ് കൺക്ലൂഷനിലും താരമെത്തിയിരുന്നു.
കാകതീയ രാജവംശത്തിലെ ഭരണാധികാരികളിലൊരാളായ രുദ്രമാദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ രുദ്രമാദേവിയെന്ന ടൈറ്റിൽ റോളിലാണ് അനുഷ്‌കയെത്തിയത്. അല്ലു അർജുൻ, റാണ ദഗ്ഗുബതി എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങൾ.
ഹൊറർ ഫാന്റസി ചിത്രമായാണ് അരുന്ധതി പ്രേക്ഷകരിലേക്കെത്തിയത്. കൊടി രാമകൃഷ്ണയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സോനു സൂദും ചിത്രത്തിൽ അനുഷ്കയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തി. ചിത്രത്തിലും അരുന്ധതിയെന്ന ടൈറ്റിൽ റോളിൽ തന്നെയാണ് അനുഷകയെത്തിയത്.
ജി. അശോക് രചനയും സംവിധാനവും നിർവഹിച്ച ഹൊറർ ത്രില്ലർ ചിത്രമാണ് ഭാഗമതി. ജയറാം, ഉണ്ണി മുകുന്ദൻ, മുരളി ശർമ്മ, ആശ ശരത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദിയിൽ ദുർഗമതി എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തു.
കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രം 2017 ലാണ് റിലീസ് ചെയ്തത്. അനുഷ്കയും നാഗാർജുനയുമായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. വൻ ഹൈപ്പോടെയാണ് ചിത്രമെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ സിനിമ പരാജയപ്പെട്ടു. വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു.
കടമറ്റത്ത് കത്തനാറുടെ ജീവിതം പറയുന്ന ചിത്രമാണ് കത്തനാർ: ദ് വൈൽഡ് സോർസറർ. ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. പ്രഭുദേവയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ അനുഷ്കയുടെ ചിത്രത്തിലെ കഥാപാത്രത്തേക്കുറിച്ച് ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല. കള്ളിയങ്കാട്ട് നീലി ആയാണോ അനുഷ്ക എത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും താരത്തിന്റെ മലയാളത്തിലേക്കുള്ള വരവ് നിരാശപ്പെടുത്തില്ലായെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates