ലോകയിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ ഉറപ്പായും പോകുമെന്ന് നടൻ ആസിഫ് അലി. താനൊരു സൂപ്പർ ഹീറോ മൂവി ഫാൻ ആണെന്നും തന്റെ ഒരുപാട് വർഷത്തെ ഒരാഗ്രഹമായിരുന്നു ഒരു സൂപ്പർ ഹീറോ മൂവി ചെയ്യണമെന്നുള്ളതെന്നും ആസിഫ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ പ്രൊമോഷനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് ഈ മാസം 19 ന് റിലീസിനെത്തും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. "ലോകയിലേക്ക് വിളിച്ചാൽ ഉറപ്പായും പോകും. ഡൊമിനിക്കുമായി എനിക്ക് ഒരുപാട് നാളത്തെ ബന്ധമുണ്ട്. ലോകയുടെ എല്ലാ അപ്ഡേറ്റ്സുകളും അതുപോലെ ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ സംസാരിച്ചിട്ടുണ്ട്.
കുട്ടികളുടെ കാര്യം പറഞ്ഞത് എന്താണെന്നുവച്ചാൽ, അടുത്തിടെ ഞാൻ ചെയ്ത സിനിമകൾ അവർക്ക് കാണാൻ പറ്റിയത് വളരെ കുറവാണ്. കിഷ്കിന്ധാ കാണ്ഡം അവർക്ക് മനസിലാകില്ല. അത് കുറച്ചു കൂടി പക്വതയാർന്ന പ്രേക്ഷകർക്ക് കാണാനുള്ളതാണ്. അതാണ് ഞാൻ ഉദ്ദേശിച്ചത്. ഇപ്പോൾ തലവനാണെങ്കിലും ലെവൽ ക്രോസ് ആണെങ്കിലും കുറച്ചു കൂടി പക്വതയുള്ളവർക്ക് കാണാൻ പറ്റിയ സിനിമകളാണ്.
സർക്കീട്ട് കുട്ടികൾക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. ലോക പോലെയൊരു സിനിമ തിയറ്ററിൽ പോയി അവർ കണ്ടപ്പോൾ, പ്രത്യേകിച്ച് ഹോളിവുഡ് ലെവൽ തിരക്കഥയും മേക്കിങ്ങുമൊക്കെയുള്ള ഒരു സിനിമ. അവഞ്ചേഴ്സ് ഒക്കെ കണ്ട് ഇഷ്ടപ്പെട്ട കുട്ടികൾക്ക് ഉറപ്പായിട്ടും മലയാളത്തിലെ ആദ്യത്തെ അനുഭവം തന്നെയായിരിക്കും ഇത്. എന്റെ ചെറുപ്പത്തിൽ വന്നൊരു സിനിമയാണ് ഓ ഫാബി.
അന്ന് ആ സിനിമയൊരു അത്ഭുതമായിരുന്നു. അന്ന് കിരീടം കാണണോ, ഓ ഫാബി കാണണോ എന്ന് ചോദിച്ചാൽ ഞാൻ ഓ ഫാബി എന്നേ പറയുകയുള്ളൂ. പണ്ട് നമ്മൾ തിയറ്ററിൽ പോയി കാണാൻ ആഗ്രഹിക്കാത്ത പല സിനിമകളും ഇന്ന് നമ്മുടെ ഫേവറീറ്റ് ലിസ്റ്റിലുള്ള സിനിമകളാണ്. അന്നെനിക്കത് മനസിലാക്കാൻ പറ്റി.
അതാണ് ഞാൻ ഉദ്ദേശിച്ചത്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്നൊരു ഇന്നസെന്റ് അങ്കിളിന്റെ ഒരു പടമുണ്ട്. ആ സിനിമ പിന്നെ എപ്പോഴെങ്കിലും കാണാൻ പറ്റിയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഇപ്പോൾ എന്റെ കുട്ടികളുടെ പ്രായത്തിൽ അവർക്ക് ആസ്വദിക്കാൻ പറ്റുന്നതിനേക്കാൾ മുകളിലാണ് കഴിഞ്ഞ വർഷം ഞാൻ ചെയ്ത പടങ്ങൾ എല്ലാം.
ഞാനൊരു സൂപ്പർ ഹീറോ മൂവി ഫാൻ ആണ്. എന്റെ ഒരുപാട് വർഷത്തെ ഒരാഗ്രഹമായിരുന്നു ഒരു സൂപ്പർ ഹീറോ മൂവി ചെയ്യണമെന്നുള്ളത്. ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ളൊരു സിനിമയോ സ്ക്രിപ്റ്റോ എന്റെ അടുത്തേക്ക് ഇതുവരെ വന്നിട്ടില്ല. വന്നു കഴിഞ്ഞാൽ ഉറപ്പായും ചെയ്യും". - ആസിഫ് അലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates