മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി അശ്വന്ത് കോക്ക്. ജയിലര്‍ 2 ട്രെയിലര്‍ റിവ്യു വിഡിയോയിലാണ് യൂട്യൂബറുടെ പ്രതികരണം. തനിക്ക് തെറ്റ് പറ്റിയെന്നും ഇനി മേലില്‍ മദ്യപിച്ച് വാഹനം ഓടിക്കില്ലെന്നും അശ്വന്ത് പറയുന്നു. താന്‍ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യമാണ് മദ്യപിച്ച് വാഹനമോടിച്ചതെന്നും അശ്വന്ത് പറയുന്നു.
''എന്റെ വിഡിയോ ഇനി കാണണ്ട, ഞാന്‍ ഭയങ്കര മോശക്കാരന്‍ ആണെന്ന് പലരും പറയുന്നു. ഞാനത് അംഗീകരിക്കുന്നു. തെറ്റുകള്‍ സംഭവിക്കും. മനുഷ്യന് തെറ്റുകള്‍ പറ്റും. പെന്‍സിലിന്റെ പുറകില്‍ എന്തിനാണ് ഇറേസര്‍ എന്ന് പണ്ട് ജോണ്‍ ഡണ്‍ ചോദിച്ചിട്ടുണ്ട്. പെന്‍സിലിന്റെ പുറകില്‍ ഇറേസര്‍ വെക്കുന്നത് എഴുതുമ്പോള്‍ തെറ്റും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്.'' അശ്വന്ത് പറയുന്നു.
''മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. പക്ഷെ ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്. ഇനിയൊരിക്കലും ചെയ്യില്ല. എന്നെ ഒരിക്കല്‍ കൂടെ മദ്യപിച്ച് വാഹനമോടിക്കുന്നതായി ആര്‍ക്കും കാണാന്‍ സാധിക്കില്ല. കേരള പൊലീസിന് അതിനുള്ള അവസരം ഞാന്‍ കൊടുക്കില്ല.'' എന്നും അശ്വന്ത് പറയുന്നു.
''പക്ഷെ എന്നത്തേയും പോലെ കേരള പൊലീസ് വലിയവരാണ്. അവര്‍ എല്ലാത്തിലും മികച്ചവരാണ്. ഞാന്‍ ആകെ ചെയ്യുന്ന തെറ്റ് ഇതാണ്. നിയമിവിരുദ്ധമായ ഞാന്‍ ചെയ്യുന്ന ഏക കാര്യം ഇതാണ്. ഇനി ഞാനിത് ചെയ്യില്ല. ഞാന്‍ എനിക്ക് നല്‍കുന്ന വാക്കാണിത്'' അശ്വന്ത് പറയുന്നു.
കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കോക്ക് പിടിയിലാകുന്നത്. കോഴിക്കോട് നടക്കാവ് വച്ചായിരുന്നു സംഭവം. അശ്വന്ത് കോക്ക് സഞ്ചരിച്ച വാഹനം മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയതോടെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യൂട്യുബറെ കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates