കളങ്കാവല്‍ സിനിമയെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സിനിമയുടെ റിവ്യു വിഡിയോയില്‍ വിനായകനേയും മമ്മൂട്ടിയേയും കുറിച്ചുള്ള പരാമര്‍ശമാണ് ഭരദ്വാജിനെ വെട്ടിലാക്കിയിരിക്കുന്നത്. കളങ്കാവലിന്റെ റിവ്യുവില്‍ മമ്മൂട്ടിയെ വില്ലനായും വിനായകനെ നായകനായും അവതരിപ്പിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.
''കളങ്കാവലിന്റെ കഥയിലേക്ക് കടക്കും മുമ്പ് സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിക്കാം. നിങ്ങളുടെ പക്കല്‍ വെളുത്ത നിറമുള്ള കാണാന്‍ സുന്ദരനായ മമ്മൂട്ടിയുണ്ട്. മറുവശത്ത് ഇരുണ്ട നിറമുള്ള വിനായകനും. ഇന്‍സ്റ്റന്റ് ടെംപ്‌റ്റേഷന്‍ മമ്മൂട്ടിയെ നല്ലവനായും വിനായകനെ വില്ലനായും അവതരിപ്പിക്കാനാകും. പക്ഷെ ജിതിന്‍ കെ ജോസ് തന്റെ അരങ്ങേറ്റ സിനിമയില്‍ മമ്മൂട്ടിയെ സീരിയല്‍ കില്ലറായും അയാളെ പിടിക്കുന്ന പൊലീസുകാരനായി വിനായകനേയും അവതരിപ്പിക്കുകയാണ്'' എന്നാണ് ഭരദ്വാജ് രംഗന്‍ പറഞ്ഞത്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഭരദ്വാജിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. സിനിമയുടെ കാസ്റ്റിങിനെ അഭിനന്ദിക്കാനാണ് ശ്രമിച്ചതെങ്കിലും ഭരദ്വാജിന്റേത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് പലരുടേയും വിമര്‍ശനം.
''ഇരുണ്ട നിറമുള്ള നടനെ നായകനാക്കിയത് നിങ്ങളെ ഞെട്ടിച്ചുവോ? സ്ത്രീ ജോലിയ്ക്ക് പോകുന്ന സിനിമ കാണുമ്പോള്‍ വാഹ് വിപ്ലവം എന്നായിരിക്കുമോ നിങ്ങളുടെ അടുത്ത പ്രതികരണം. മിസ്റ്റര്‍ ഭരദ്വാജ് രംഗന്‍ നിങ്ങളൊരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അര്‍ഹിക്കുന്നുണ്ട്. മനുഷ്യന്മാര്‍ക്കിടയില്‍ കളര്‍ ഗ്രേഡിങ് സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. വെളുത്ത നിറമെന്നാല്‍ വിജയവും ഇരുണ്ട നിറമെന്നാല്‍ കഷ്ടപ്പാടുമാണ്. പരസ്യങ്ങള്‍ ഓര്‍മയില്ലേ. കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി പിന്നീട് ക്രീം തേക്കുന്നതോടെ രണ്ട് മടങ്ങ് വെളുക്കുന്നതും പിന്നാലെ ജോലിയും കാമുകനുമൊക്കെയായി വിജയത്തിലേക്ക് കുതിക്കുന്നത്. അതെല്ലാം ഒരു മാനസികാവസ്ഥയുടെ അടയാളപ്പെടുത്തലാണ്. ഇപ്പോഴും അതുണ്ട്.'' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പ്രതികരിച്ചത്.
മുതിര്‍ന്ന സിനിമാനിരൂപകന്‍ ഇത് പറയുമ്പോള്‍ അത് നിരൂപണം അല്ല, മസില്‍ മെമ്മറിയാണ്. ഉള്ളിന്റെ ഉള്ളില്‍ പലരും നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് കൊണ്ടു നടക്കുന്നുണ്ട്. ഭരദ്വാജ് രംഗനോട് പറയാനുള്ളത്, സിനിമ വളരുകയാണ്. പ്രേക്ഷകര്‍ വളരുകയാണ്. നിങ്ങള്‍ക്കൊന്താണ് പ്രശ്‌നം? എന്നും വിഡിയോയില്‍ യുവാവ് ചോദിക്കുന്നത്. നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ഭരദ്വാജിന് സോഫ്റ്റ് വെയര്‍ അപ്പ്‌ഡേറ്റ് ആവശ്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍ ഭരദ്വാജ് രംഗന്റെ പരാമര്‍ശം ക്ലീഷേകളെ പൊളിച്ചെഴുതുന്നതിനെ അഭിനന്ദിച്ചതാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വാക്കുകള്‍ അടര്‍ത്തി മാറ്റിയെടുത്തതിന്റെ പ്രശ്‌നമാണെന്നും അവര്‍ പറയുന്നു. ഭരദ്വാജ് പറഞ്ഞത് പൊതുവെ കാണുന്ന രീതിയെക്കുറിച്ചാണെന്നും അത് പൊളിക്കുകയാണ് കളങ്കാവല്‍ ചെയ്തതെന്നുമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates