എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. സഭയുടെ കീഴിലുള്ള പ്രിയ പ്രതിഭ കറി പൗഡര്‍ യൂണിറ്റിനെ മമ്മൂട്ടി സഹായിച്ചതിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഒരു ദിവസം വൈകി, മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേരുകയായിരുന്നു അദ്ദേഹം. ആ വാക്കുകളിലേക്ക്:
പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഒരു ദിനം വൈകിയ ആശംസയാണിത്. ഇന്നലെ മുഴുവന്‍ ആശംസകളുടെ മഴയായിരുന്നുവല്ലോ. ഇന്ന് മരംപെയ്യട്ടെ. ലോകമറിയാനായി ഇനി പറയുന്ന കഥയാണ് അദ്ദേഹത്തിനായുള്ള ആശംസാവാചകങ്ങള്‍. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള അനേകം ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നാണ് 'പ്രിയ പ്രതിഭ' എന്ന പേരിലുള്ള കറിപൗഡര്‍ നിര്‍മ്മാണം. കച്ചവടമല്ല ലക്ഷ്യം. ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദനിക്കുന്നവര്‍ക്ക് സൗഖ്യം നല്‍കാനുമുള്ള ദൗത്യം. വിവിധ ശാരീരിക വൈകല്യങ്ങളാല്‍ മറ്റു ജോലികളൊന്നും ചെയ്യാന്‍ സാധിക്കാതെ സഭയ്ക്ക് കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് കറിപൗഡര്‍ നിര്‍മാണത്തിന് സജ്ജമാക്കിയത്.
അവരുടെ പുനരുത്ഥാനം കൂടിയായി മാറി അങ്ങനെ അത്. 2002-ല്‍ ചെറിയ തോതിലായിരുന്നു തുടക്കം. വില്പനയില്‍ നിന്നുള്ള വരുമാനം ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് മുതല്‍ കാന്‍സര്‍ രോഗികള്‍ക്കുവരെയായി മാറ്റിവയ്ക്കപ്പെട്ടു. കര്‍ഷകരില്‍ നിന്ന് നേരിട്ട് സമാഹാരിക്കുന്ന ഉത്പന്നങ്ങളാണ് കറിപൗഡറുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. അങ്ങനെയത് അവര്‍ക്കും ഒരു തുണയായിരുന്നു. പക്ഷേ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് മഹാമാരി വന്നതോടെ ഈ സംരംഭം പ്രതിസന്ധിയിലായി. പക്ഷേ അപ്പോള്‍ ദൈവദൂതനെ പോലൊരാള്‍ അവതരിച്ചു. അത് മമ്മൂട്ടിയായിരുന്നു.
കോട്ടയത്ത് കാന്‍സര്‍രോഗികള്‍ക്കുവേണ്ടി നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് 'പ്രിയ പ്രതിഭ'യെക്കുറിച്ച് പറഞ്ഞു. നിറഞ്ഞ മനസ്സോടെ മമ്മൂട്ടി അതിന് കൂട്ടുവന്നു. അദ്ദേഹത്തെവച്ചുള്ള പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവിടാന്‍ വലിയ കമ്പനികള്‍ തയ്യാറായി നില്‍ക്കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയുള്ള പ്രചാരണദൗത്യം. മമ്മൂട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭയെ'ക്കുറിച്ച് ലോകമറിഞ്ഞു, തളര്‍ച്ചമാറി ആ പ്രസ്ഥാനം വീണ്ടും തളിര്‍ത്തു. ഇന്ന് നാടെങ്ങും അതിന്റെ രുചി നിറയുമ്പോള്‍ കുറെയേറെ ജീവിതങ്ങള്‍ ചിരിക്കുന്നു, കുറെയേറെ വയറുകള്‍ നിറയുന്നു.
'അവന്‍ താണവരെ ഉയര്‍ത്തുന്നു,ദു:ഖിക്കുന്നവരെ രക്ഷയിലേക്ക് കയറ്റുന്നു'വെന്ന ബൈബിള്‍ വചനമാണ് ഈ വേളയില്‍ ഓര്‍മിക്കുന്നത്. എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത്. മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍. ദൈവകൃപ എപ്പോഴും ജീവിതത്തില്‍ നിറയട്ടെ.
-ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates