കഥ ഇന്നുവരെ  ഫെയ്സ്ബുക്ക്
Entertainment

മനസ് നിറയ്ക്കും ഈ പ്രണയക്കാഴ്ച; കഥ ഇന്നുവരെ റിവ്യു

കുട്ടിക്കാലത്ത് സ്കൂളിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരിയോട് തോന്നുന്ന പ്രണയം മുതൽ മധ്യവയസിലെത്തി നിൽക്കുമ്പോഴുള്ള അയാളുടെ പ്രണയം വരെയാണ് ചിത്രം പറയുന്നത്.

ഹിമ പ്രകാശ്

വ്യത്യസ്തമായ പ്രണയങ്ങൾ ഒറ്റ ചരടിൽ കോർത്തെടുത്താൽ എങ്ങനെയിരിക്കും, ഒറ്റവാക്കിൽ പറഞ്ഞാൽ കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ കാതൽ ഇതാണ്. സിനിമയുടെ ടൈറ്റിൽസ് എഴുതി കാണിക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ചിത്രങ്ങളിലെ പഴയകാല പ്രണയ ​രം​ഗങ്ങളും ഡയ​ലോ​ഗുമെല്ലാം കടന്നുവരുന്നുണ്ട്. ബിജു മേനോൻ അവതരിപ്പിക്കുന്ന രാമചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ നാല് കാലഘട്ടങ്ങളിലൂടെ, അല്ലെങ്കിൽ വ്യത്യസ്തമാർന്ന അയാളുടെ നാല് പ്രണയങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നോൺലീനിയർ ആയാണ് സിനിമയുടെ സഞ്ചാരം. ഓരോ പ്രണയങ്ങളും ഒന്നിനൊന്ന് വേറിട്ടതാണെന്നതാണ് സിനിമയുടെ ഒരു ഹൈലൈറ്റ്.

കുട്ടിക്കാലത്ത് സ്കൂളിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരിയോട് തോന്നുന്ന പ്രണയം മുതൽ മധ്യവയസിലെത്തി നിൽക്കുമ്പോഴുള്ള അയാളുടെ പ്രണയം വരെയാണ് ചിത്രം പറയുന്നത്. രാമചന്ദ്രന്റെ ജീവിതത്തിന്റെ നാല് ഘട്ടവും കണക്ട് ചെയ്യുന്നതിൽ ഒരുപരിധി വരെ സംവിധായകൻ വിഷ്ണു മോഹൻ വിജയിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പ്രേക്ഷകർക്ക് കൺഫ്യൂഷനും ഉണ്ടാകുന്നുണ്ട്. വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും.

'എങ്ങനെ നീ മറക്കും' എന്ന സിനിമയിലെ ദേവദാരൂ പൂത്തു എന്ന ​ഗാനം സിനിമയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. അത് വളരെ നന്നായി തന്നെ വർക്കായി. തിരക്കഥയിലുള്ള ഒതുക്കമില്ലായ്മ ആസ്വാദനത്തിൽ പലയിടങ്ങളിലും ഒരു കല്ലുകടിയായി മാറുന്നുണ്ട്. പ്രത്യേകിച്ച് ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ പൂർണതയില്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഇത് കഴിഞ്ഞോ എന്ന് പലയിടങ്ങളിലും പ്രേക്ഷകരിൽ തോന്നലുണ്ടാക്കുന്നുണ്ട്.

ആദ്യ പകുതിയിൽ ഭക്തിയുടെ മേമ്പൊടിയേടെയാണ് സിനിമയുടെ സഞ്ചാരം. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വൈഡ് ഷോട്ടിലേക്കാണ് ആദ്യം കാമറ തിരിയുന്നതും. പിന്നെ പലയിടങ്ങളിലായി ഭക്തിയും ക്ഷേത്രവുമൊക്കെ കൂടെ കൂടെ കടന്നുവരുന്നുണ്ട്. ​പദ്മനാഭ സ്വാമി ക്ഷേത്രവും എരുത്താവൂർ ക്ഷേത്രവും ​ഗണപതിയുമെല്ലാം സംവിധായകൻ കൃത്യമായി കൊണ്ടുവരുന്നുണ്ട് സിനിമയിൽ.

പ്രണയം പോലെ തന്നെ പ്രണയത്തകർച്ചയും സംസാരിക്കുന്നുണ്ട് സിനിമ. ബിജു മേനോൻ മേതിൽ ദേവിക കോമ്പിനേഷൻ രം​ഗങ്ങളൊക്കെ നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. ഒരുപാട് പെർഫോമൻസ് ആവശ്യപ്പെടുന്ന ഒരു കഥാപാത്രമല്ല മേതിൽ ദേവികയുടെ ലക്ഷ്മി എന്ന കഥാപാത്രം, വളരെ സിംപിൾ ആയ റോളാണ്. എന്നാലും അരങ്ങേറ്റ ചിത്രത്തിൽ അത്ര നിരാശപ്പെടുത്തിയിട്ടില്ല മേതിൽ ദേവിക.

49 കാരനായ രാമചന്ദ്രനെന്ന കഥാപാത്രം ബിജു മേനോനിൽ വളരെ ഭദ്രമായിരുന്നു. അനു മോഹൻ - നിഖില വിമൽ കോമ്പോയാണ് മറ്റൊന്ന്. അടുത്ത കാലത്ത് പുറത്തിറങ്ങിയ നിഖിലയുടെ സിനിമകൾ വച്ച് നോക്കുമ്പോൾ ഈ സിനിമയിൽ എക്സ്പ്രഷൻ മാത്രമല്ല ഡയലോ​ഗും കുറച്ചേറെയുണ്ട് നിഖിലയ്ക്ക്. ആലപ്പുഴയിലെ യുവ രാഷ്ട്രീയ നേതാവായ ജോസഫായാണ് അനു മോഹനെത്തുന്നത്.

സിനിമയിൽ അടുത്തതായി കടന്നുവരുന്നത് ഇടുക്കിയിലെ മദ്യഷോപ്പിലെ ജീവനക്കാരന്റെ പ്രണയമാണ്. ഈ നാല് കഥാപാത്രങ്ങളിലും കുറച്ച് വൈകാരികമായി തോന്നുന്നത് മദ്യഷോപ്പിലെ താടിക്കാരന്റെയും നസീമയുടെയും പ്രണയമാണ്. ഹക്കിം ഷാജഹാനും അനുശ്രീയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം മനസിലാണ് എന്ന് അടിവരയിട്ടു പറയുന്നുണ്ട് ഇവരുടെ പ്രണയത്തിലൂടെ സംവിധായകൻ.

കഥ ഇന്നുവരെയിലെ ഏറ്റവും വേറിട്ട പ്രണയവും ഇവരുടേത് തന്നെയായിരുന്നു. പ്രണയ നായകനായി താടിക്കാരനായി ഹക്കിം പ്രേക്ഷകരുടെ മനം കവർന്നു, ഒപ്പം അനുശ്രീയുടെ കരിയറിലേയും മികച്ച കഥാപാത്രങ്ങളിലൊന്നാകും നസീമ. ഏറ്റവും എടുത്തു പറയേണ്ട കഥാപാത്രം അപ്പുണ്ണി ശശിയുടേതാണ്. വൈകാരിക രം​ഗങ്ങളിലുൾപ്പെടെ അപ്പുണ്ണി ശശി കൈയ്യടി നേടി.

ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. കാലഘട്ടങ്ങളെ അതുപോലെ തന്നെ അവതരിപ്പിക്കാൻ ജോമോന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയുടെ ഭം​ഗിയുള്ള ചില ഫ്രെയിമുകളും ചിത്രത്തിൽ കാണാം. അശ്വിൻ ആര്യന്റെ പശ്ചാത്തല സം​ഗീതവും സിനിമയ്ക്കൊപ്പം ചേർന്നു നിന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫീൽ​ഗുഡ് സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം കണ്ടിരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

SCROLL FOR NEXT