മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ബിജു മേനോൻ. ഇപ്പോഴിതാ തന്റെ മാതാപിതാക്കളോടുള്ള സ്നേഹത്തെക്കുറിച്ച് ബിജു മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് പറ്റിയില്ലെന്നും ബിജു മേനോൻ പറഞ്ഞു.
സ്നേഹിച്ച് കൊതി തീർന്നില്ല, പലതും അറിയാനുണ്ടായിരുന്നു, പലതും കൊടുക്കാമായിരുന്നു എന്നൊക്കെ അവരില്ലാത്തപ്പോൾ തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ അവറാച്ചൻ ആൻഡ് സൺസിന്റെ പ്രൊമോഷന്റെ ഭാഗമായി രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജു മേനോൻ.
"ഞങ്ങൾ വളർന്ന് വന്ന സാഹചര്യത്തിൽ അച്ഛനോട് ഒരു പേടിയുള്ളൊരു ബഹുമാനവും സ്നേഹവുമൊക്കെ ആണുണ്ടായിരുന്നത്. അവരോട് പല കാര്യങ്ങളും ചോദിക്കാൻ നമുക്ക് തന്നെ അറിയാതെ ഉള്ളിൽ ഒരു പേടിയുണ്ടാകും. അവരും ഒരുപാട് ടെൻഷനിലൊക്കെ ആയിരിക്കും. പലതും ചോദിക്കാൻ നമുക്കൊരു പേടിയുണ്ടാകും.
നമ്മുടെ ഒരാവശ്യം ചിലപ്പോൾ അവരെ ബുദ്ധിമുട്ടിക്കുമെന്ന് നമുക്കറിയാം. പക്ഷേ ഇപ്പോൾ നമുക്കതില്ല. ഇപ്പോൾ നമ്മുടെ മക്കളുടെ അടുത്ത് നമ്മൾ കുറച്ചു കൂടി ആക്സസബിൾ ആണ്. അച്ഛൻ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞത്, ശരിയാണെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. സ്നേഹിച്ച് കൊതി തീർന്നില്ല, പലതും അറിയാനുണ്ടായിരുന്നു, പലതും കൊടുക്കാമായിരുന്നു എന്നൊക്കെ അവരില്ലാത്തപ്പോൾ നമുക്ക് തോന്നും. നമുക്ക് വേണമെങ്കിൽ അത് പറ്റുമായിരുന്നു.
പക്ഷേ നമ്മളും എന്നും കൂടെ ഉണ്ടാകുമെന്നൊക്കെ കരുതി പലപ്പോഴും കാര്യമാക്കാറില്ല. നാളെയോ മറ്റന്നാളോ ആകട്ടെ എന്ന് പറഞ്ഞ് മാറ്റി വയ്ക്കും. എനിക്ക് അച്ഛനെ ഒന്ന് ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു. പിന്നെയാകാം നാളെയാകാം എന്ന് പറഞ്ഞിരുന്ന് എനിക്കത് പറ്റിയില്ല. അച്ഛനെയും അമ്മയെയും എനിക്കത് ചെയ്യാൻ പറ്റിയില്ല.
അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്യാമായിരുന്നുവെന്ന് നമുക്കിപ്പോൾ തോന്നും. അവരില്ലാത്തപ്പോൾ, ഇപ്പോൾ നമുക്കത് ഭയങ്കരമായും സങ്കടം തോന്നും. പിന്നെ അവർ അന്ന് ചെയ്തിരുന്നുത്, അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് അവർ ചെയ്തു തന്നിരുന്ന കാര്യങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഇപ്പോൾ ഞാനൊരു അച്ഛനായപ്പോൾ എനിക്കത് മനസിലായി, ഓരോ കാര്യങ്ങളുടെയും സ്ട്രെസും സ്ട്രെയിനുമൊക്കെ. ഒരാളെ ഒരു ലെവലിലേക്ക് ആക്കുന്നതിന്റെ പാട് അറിയാം. അതൊക്കെ അവർ എത്ര മനോഹരമായാണ് കൈകാര്യം ചെയ്തത്. ഇത്രയും മക്കളുണ്ടായിട്ടും എന്നൊക്കെ പറയുമ്പോൾ. അപ്പോൾ നമുക്ക് വലിയ ബഹുമാനം തോന്നും".- ബിജു മേനോൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates