തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പലപ്പോഴും തുറന്നുപറയാറുള്ള നടനാണ് ബോബി ഡിയോൾ. മദ്യത്തിന് അടിമയായതിനെക്കുറിച്ചുമൊക്കെ ബോബി തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ആ ഇരുണ്ടകാലത്തെ വീണ്ടും ഓർത്തെടുക്കുകയാണ് നടൻ. 'ആപ് കി അദാലത്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നിങ്ങൾ നിരാശപ്പെടുമ്പോൾ, നിങ്ങളോട് തന്നെ സഹതാപം തോന്നും. ഇത് മനുഷ്യസഹജമാണ്. നിങ്ങളുടെ ലോകം അവസാനിച്ചതായി നിങ്ങൾക്ക് തോന്നും, ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നും, അപ്പോൾ നിങ്ങളെ ശാന്തമാക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ അടിമയാകും. എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു.
ഞാനും മദ്യപാനം ആരംഭിക്കുകയും അതിന് അടിമയാകുകയും ചെയ്തു. എന്നാൽ എന്റെ ഭാര്യ എന്നെ അതിൽ നിന്ന് കരകയറാൻ സഹായിച്ചു. താന്യ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. വീടിന്റെ സാമ്പത്തിക കാര്യങ്ങൾ അവൾ നോക്കി. അവൾ ജോലി ചെയ്യുകയും വീട്ടിലെ എല്ലാ ചിലവുകളും വഹിക്കുകയും ചെയ്തു.
എന്റെ കുട്ടികൾ ഞാൻ എന്തുകൊണ്ടാണ് എപ്പോഴും വീട്ടിലിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവരുടെ അമ്മ ഓഫീസിൽ പോകുന്നുവെന്നും ചോദിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ഉള്ളിൽ എന്തോ ഒന്ന് സംഭവിച്ചു, ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ തീരുമാനിച്ചു". -ബോബി ഡിയോൾ പറഞ്ഞു.
ആ സമയത്ത് തന്റെ ദാമ്പത്യജീവിതം പ്രതിസന്ധിയിലാണെന്ന തരത്തിൽ കിംവദന്തികൾ പ്രചരിച്ചിരുന്നുവെന്നും എന്നാൽ തന്റെ ഭാര്യ തന്നെ നന്നായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. "ഒരു തമാശ കേൾക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.
സ്ത്രീകൾ മാനസികമായും വൈകാരികമായും വളരെ ശക്തരാണ്. എന്റെ ഭാര്യ ഒരിക്കലും എന്നെ വിട്ടുപോയില്ല. മദ്യപാനം നിർത്തിയില്ലെങ്കിൽ എന്നെ ഉപേക്ഷിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തുമായിരുന്നു, പക്ഷേ അവൾ ഒരിക്കലും അത് ചെയ്തില്ല".- ബോബി വ്യക്തമാക്കി.
മദ്യപാനത്തിന് പുറമേ, അമിതമായി ഓൺലൈൻ ഷോപ്പിങ് ചെയ്യുന്ന ശീലവും തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ പതിവായി തന്റെ ചെലവുകൾ ചൂണ്ടിക്കാണിക്കുകയും ബില്ലുകൾ കാണിച്ച് അത് തന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും ഇതോടെ താൻ അതിൽ നിന്ന് പുറത്തു കടന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അനുരാഗ് കശ്യപിന്റെ 'ബന്ദർ', ആലിയ ഭട്ടിനൊപ്പമുള്ള 'ആൽഫ', വിജയ്‌യുടെ 'ജന നായകൻ' എന്നിവയാണ് ബോബി ഡിയോളിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates