ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് താരം. പാർക്കിൻസൺസും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോൾ. ഭക്ഷണം കഴിക്കുന്നതുപോലും നിർത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയെന്നും നടിയുടെ സഹോദരി വിജയമ്മ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതോടെയാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നെന്നും വിജയമ്മ വ്യക്തമാക്കി.
ഭക്ഷണം കഴിക്കാതായതോടെ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ഡയപ്പർ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കനകലത വിവാഹമോചനം നേടിയിരുന്നു. നടിക്ക് കുട്ടികളില്ല. 34 വർഷമായി കനകലതയുടെ കൂടെയുള്ള വിജയമ്മയാണ് ഇപ്പോൾ കാര്യങ്ങളൊക്കെ നോക്കുന്നത്. സഹോദരന്റെ മകനും സഹായത്തിനുണ്ട്.
പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates