വി എസ് അച്യുതാനന്ദൻ (V S Achuthanandan) ഫെയ്സ്ബുക്ക്‌
Entertainment

'അരിവാള് മാത്രം തപ്പി വോട്ടിങ് മെഷീനിൽ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ'; അനുശോചിച്ച് സിനിമാ ലോകം

കമല്‍ ഹാസനും വി എസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ വി എസിന് അന്ത്യാഞ്ജലി നേര്‍ന്നു. തമിഴ് നടനും രാജ്യസഭാ എംപിയുമായ കമല്‍ ഹാസനും വി എസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

'അവഗണിക്കപ്പെട്ടവരുടെ മുന്നണിപ്പോരാളി വിഎസ് അച്യുതാനന്ദന് ഇനി വിശ്രമം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ അദ്ദേഹം വിസ്മരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിച്ചില്ല. കേരളത്തിനും രാജ്യത്തിനും നഷ്ടമായത് ഒരു യഥാര്‍ഥ ജനനായകനെയാണ്. വിട, സഖാവേ',- കമല്‍ ഹാസന്‍ സാമൂഹികമാധ്യങ്ങളില്‍ കുറിച്ചു.

"മലയാളികളുടെ സ്വന്തം സമരനായകന്‍, സഖാവ് വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ" - എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

"വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികൾ..കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വിഎസ് ജീവിക്കുമ്പോൾ ചരിത്രം വിഎസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികൾ. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാർഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമയായി മനുഷ്യ ഹൃദയങ്ങളിൽ എന്നും ജീവിക്കും", -യേശുദാസിന്‍റെ വാക്കുകള്‍.

"ഒരാൾ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തിൽ ഓർക്കപ്പെടണമെങ്കിൽ അയാൾ ഉണ്ടാക്കിയ ഓർമ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികൾ "കണ്ണേ കരളേ" എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്നേഹിച്ചിരിക്കണം.. ബഹുമാനിച്ചിരിക്കണം...!!

ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമിവിടെ... കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ..

കാരണം ഇത് വിഎസ് ആണ്.. പുന്നപ്ര വയലാറിലെ മൂർച്ചയുള്ള വാരിക്കുന്തം.. അതിനെക്കാൾ മൂർച്ചയുള്ള നിലപാടിന്റെ നേരർത്ഥം... എന്റെ മകൻ ആരോപിതൻ ആണെങ്കിൽ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം..

അരിവാള് മാത്രം തപ്പി വോട്ടിങ്മെഷീനിൽ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ.... ഒരു ജനതയുടെ

ഒരേ ഒരു VS...

ലാൽ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക... ഇനി വിശ്രമം" - നടൻ അപ്പാനി ശരത് ഫെയ്സ്ബുക്കിൽ കുറിച്ചു.

ലാൽ സലാം സഖാവേ...എന്നാണ് സംവിധായകൻ ആഷിഖ് അബു കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിന്‍ പോളി,‌‌ ടൊവിനോ, ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങൾ വിഎസിന്റെ ചിത്രം പങ്കുവെച്ചാണ് അനുശോചനം അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു വിഎസിന്റെ വിയോഗം.

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വിഎസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ വസുമതിയും മക്കളായ വിഎ അരുണ്‍കുമാറും വി വി ആശയും മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

Celebrities mourns VS Achuthanandan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT