തങ്കലാൻ ഫെയ്സ്ബുക്ക്
Entertainment

ലുക്കിൽ മാത്രമല്ല പെർഫോമൻസിലും ഞെട്ടിച്ച് വിക്രം; 'തങ്കലാൻ' പക്കാ പാ രഞ്ജിത് ചിത്രം

തങ്കലാനിൽ ഏറ്റവും എടുത്തു പറയേണ്ടത് താരങ്ങളുടെ പെർഫോമൻസാണ്.

ഹിമ പ്രകാശ്

അടിച്ചമർത്തൽ, അസമത്വം, ജാതി രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളേക്കുറിച്ച് പലപ്പോഴായി സിനിമയിലൂടെ സംസാരിച്ചിട്ടുള്ള സംവിധായകനാണ് പാ രഞ്ജിത്. അതുകൊണ്ട് തന്നെ പാ രഞ്ജിത് ഒരു സിനിമയുമായെത്തുമ്പോൾ ആ സിനിമയിൽ എന്തെങ്കിലുമൊന്ന് പ്രേക്ഷകർ പ്രതീക്ഷിക്കും. തങ്കലാൻ പ്രഖ്യാപിച്ചപ്പോഴും ആ പ്രതീക്ഷ തന്നെയായിരുന്നു ഓരോ സിനിമ പ്രേക്ഷകനും. കാത്തിരിപ്പുകൾക്ക് ശേഷം തങ്കലാൻ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. തങ്കലാൻ റിലീസിന് സ്വാതന്ത്ര്യ ദിനത്തോളം മികച്ച മറ്റൊരു ദിവസം ഇല്ലായെന്ന് ഉറപ്പാണ്.

കഥ, തിരക്കഥ

യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാനൊരുക്കിയിരിക്കുന്നത്. കെജിഎഫ് (കോലാർ ​ഗോൾഡ് ഫീൽഡ്)നെ പശ്ചാത്തലമാക്കിയാണ് തങ്കലാന്റെ പ്രമേയം. ബ്രിട്ടീഷ് ഭരണകാലത്ത് കെജിഎഫിലെ സ്വർണം കണ്ടെത്താനായി എത്തുന്ന ഒരുകൂട്ടം ആളുകളും‌‌ അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

മണ്ണിനോടും പൊന്നിനോടുമുള്ള മനുഷ്യരുടെ ആർത്തിയും മണ്ണിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരെക്കുറിച്ചും ബ്രിട്ടീഷ് അടിച്ചമർത്തലും നമ്മുടെ മണ്ണ് നമ്മുടേതാണെന്നും അത് മറ്റാർക്കും തട്ടിയെടുക്കാനാകില്ലെന്നും ചിത്രം അടിവരയിട്ടു പറയുന്നുണ്ട്. നമ്മളിപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അതിന് വേണ്ടി നമ്മുടെ പൂർവികർ ഒരുപാട് കഷ്ടപ്പാടുകളും ത്യാ​ഗങ്ങളും സഹിച്ചിട്ടുണ്ടെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. പാ രഞ്ജിതും തമിഴ് പ്രഭയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

വളരെ പതിയെ ആണ് തങ്കലാന്റെ കഥ മുന്നോട്ട് പോകുന്നത്. സിനിമ തുടങ്ങുന്നതു തന്നെ വളരെ സ്ലോ ബേസിലാണ്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും സിനിമയിൽ പ്രേക്ഷകന് ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. പാ രഞ്ജിത്തിന്റെ മറ്റു ചിത്രങ്ങളിലേതു പോലെ തന്നെ ജാതിയും ബുദ്ധിസവും മേലാള - കീഴാള അടിച്ചമർത്തലുകളുമെല്ലാം ചിത്രം സംസാരിക്കുന്നുണ്ട്.

പെർഫോമൻസ്

തങ്കലാനിൽ ഏറ്റവും എടുത്തു പറയേണ്ടത് താരങ്ങളുടെ പെർഫോമൻസാണ്. വ്യത്യസ്ത ​ഗെറ്റപ്പുകളിലെത്തി ചിയാൻ വിക്രം തന്നെയാണ് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചത്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള വിക്രമിന്റെ ട്രാൻസ്ഫർമേഷനൊക്കെ എടുത്ത് പറയേണ്ടതാണ്. വിക്രമിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന പ്രകടനമാണ് പാര്‍വതി തിരുവോത്തും നടത്തിയിരിക്കുന്നത്. മാളവിക മോഹനന്റെ പ്രകടനും എടുത്തു പറയേണ്ടതാണ്. പശുപതി, ഡാനിയേല്‍ കാല്‍റ്റഗിറോണ്‍ തുടങ്ങിയവരുടെയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാണാനാവുക.

മേക്കപ്പും വസ്ത്രങ്ങളും

കാലഘട്ടത്തെ ഒരുപരിധി വരെ കൃത്യമായി അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. മേക്കപ്പിലും വസ്ത്രങ്ങളിലുമെല്ലാം അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട് സംവിധായകൻ. വിക്രം, പാർവതി, മാളവിക തുടങ്ങിയവരുടെയെല്ലാം ലുക്ക് തീർച്ചയായും കൈയ്യടി നേടുന്നതാണ്.

മേക്കിങും ആക്ഷൻ രം​ഗങ്ങളും

അപ്പോകലിപ്റ്റോ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. മേക്കിങ് തന്നെയാണ് തങ്കലാന്റെ ​ഗ്രാഫ് ഉയർത്തിയതും. ഫിക്ഷനും റിയലിസവും കൂടിച്ചേർന്നാണ് സിനിമ മുന്നോട്ട് പോകുന്നത്. ചെറിയൊരു ഹൊറർ എലമെന്റും സിനിമയിലുണ്ട്.

എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രത്തിന്റെ ആക്ഷൻ രം​ഗങ്ങളാണ്. നിരവധി ആക്ഷൻ രം​ഗങ്ങളുള്ള ചിത്രമാണ് തങ്കലാൻ. ആക്ഷൻ രം​ഗങ്ങൾ അതി​ഗംഭീരമെന്ന് പറയാനാകില്ലെങ്കിലും മികവ് പുലർത്തിയിട്ടുണ്ട്.

വിഎഫ്എക്സ്, പശ്ചാത്തല സം​ഗീതം, ഛായാ​ഗ്രഹണം

വിഎഫ്എക്സ് വരുന്ന ഭാ​ഗങ്ങളിലൊക്കെ കുറച്ചു കൂടി മികവ് പുലർത്താമെന്ന് തോന്നി. ​മയിൽ, പാമ്പ്, കരിമ്പുലി തുടങ്ങിയ മൃ​ഗങ്ങളൊക്കെ വരുന്ന സീനുകളിലെ വിഎഫ്‌എസ് കറക്ടായി വർക്കൗട്ടായില്ല. സിനിമയുടെ മൂഡിനെ തന്നെ വിഎഫ്എക്സിലുള്ള പോരായ്മ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പ്രധാന കല്ലുകടിയായി മാറുന്നതും വിഎഫ്എക്സ് തന്നെയാണ്.

തങ്കലാനിൽ ഏറ്റവും കൈയ്യടി നേടുന്നത് പശ്ചാത്തല സം​ഗീതത്തിനാണ്. തുടക്കം മുതൽ അവസാനം വരെ പശ്ചാത്തല സം​ഗീതവും സിനിമയ്ക്കൊപ്പം സഞ്ചരിച്ചു. ജിവി പ്രകാശ് കുമാറാണ് സം​ഗീതവും പശ്ചാത്തല സം​ഗീതവുമൊരുക്കിയിരിക്കുന്നത്. ആക്ഷൻ രം​ഗങ്ങളിലൊക്കെ പശ്ചാത്തല സം​ഗീതം കറക്ടായി വർക്കായിട്ടുണ്ട്.

എ കിഷോർ കുമാറിന്റെ ഛായാ​ഗ്രഹണമാണ് തങ്കലാന്റെ മറ്റൊരു ഹൈലൈറ്റ്. സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ചില ഫ്രെയിമുകളും ദൃശ്യങ്ങളുമൊക്കെ തങ്കലാനിലുണ്ട്.

ക്ലൈമാക്സ്

ചിത്രത്തിന്റെ ക്ലൈമാക്സ് ശരിക്കും പ്രേക്ഷകരിൽ രോമാഞ്ചമുണർത്തുന്നതാണ്. ചെറിയൊരു ഇമോഷണൽ സംഭവങ്ങളിലൂടെയാണ് ക്ലൈമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും അവസാനം കെജിഎഫിന്റെ ചരിത്രം പറയുന്ന നിരവധി ഫോട്ടോകളും സംവിധായകൻ സിനിമയിൽ പ്രേക്ഷകർക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആ ഫോട്ടോ​കൾ കൂടി കാണുമ്പോഴാണ് തങ്കലാൻ ശരിക്കും നമ്മുടെ ഹൃദയത്തിലേക്ക് കയറുന്നത്. ഒരു പക്കാ പാ രഞ്ജിത് ചിത്രമെന്ന് ഉറപ്പിച്ച് പറയാം തങ്കലാൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

SCROLL FOR NEXT