ബെംഗളൂരു; കർണാടകയിൽ തിയറ്ററുകൾ തുറന്നതിനു പിന്നാലെ സംഘർഷം. നൂറു ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് ഇന്നു മുതലാണ് സംസ്ഥാനത്ത് തിയറ്ററുകൾ പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ തിയറ്ററുകളിൽ ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞാണ് ആരാധകർ അക്രമാസക്തരായത്. തിയറ്ററുകൾക്ക് നേരെ കല്ലെറിയുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ലാത്തിവീശി.
കർണാടകയിലെ വിജയപുരയിലെ തിയറ്ററിന് നേരെയാണ് ആക്രമണമുണ്ടായത്. നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമയാണ് ഡ്രീംലാൻഡ് തിയറ്ററിൽ കളിച്ചിരുന്നത്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവായിരുന്നു. ടിക്കറ്റ് വിൽപ്പന പൂർത്തിയായതോടെ ഗെയ്റ്റുകൾ അടച്ചതാണ് ഒരുവിഭാഗം ആരാധകരെ പ്രകോപിതരാക്കിയത്. ടിക്കറ്റ് കിട്ടാത്തതിന് തിയറ്ററിന്റെ ഗെയ്റ്റ് തകർക്കുകയും തിയറ്ററിനു നേരെ കല്ലെറിയുകയും ചെയ്തു.
തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വിജയപുരയിലെ തിയറ്ററുകളിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുദീപിന്റെ കൂടാതെ ദുനിയ വിജയിന്റെ സിനിമയും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. താരങ്ങളുടെ ഫാൻസാണ് അക്രമാസക്തരായതെന്നാണ് വിവരം. കല്ലേറിന്റേയും ഗേറ്റ് തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയേറ്ററുകളിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ആദ്യ ഡോസ് കൊവിഡ് വാക്സീൻ എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates