Anaswara Rajan Facebook
Entertainment

‘മറ്റു നടിമാരുമായുള്ള താരതമ്യം ഇപ്പോൾ ബാധിക്കാറില്ല’; സോഷ്യൽ മീഡിയ തുറക്കാൻ ഭയന്ന കാലമുണ്ടായിരുന്നു', തുറന്നുപറഞ്ഞ് അനശ്വര രാജൻ

എന്ത് തെറ്റാണ് ഞാൻ ചെയ്തത്, എവിടെയാണ് പിഴച്ചത് എന്നൊക്കെ അടുപ്പമുള്ളവരോട് ചോദിക്കുമായിരുന്നു. ചില ദിവസങ്ങളിൽ മുറിയിലിരുന്ന് കരയും.

Author : സമകാലിക മലയാളം ഡെസ്ക്

മറ്റു നടിമാരുമായി താരതമ്യം ചെയ്യപ്പെടുന്നതിനെ ഇപ്പോൾ മത്സരമായി കാണാറില്ലെന്നും അത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും നടി അനശ്വര രാജൻ. ഒരുകാലത്ത് താരതമ്യങ്ങളും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്വന്തം ജോലിയിലും കഴിവുകൾ മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധയെന്നും താരം പറഞ്ഞു.

താരതമ്യങ്ങൾ ട്വിറ്ററിൽ മാത്രമല്ല, മറ്റു ഇടങ്ങളിലും ഉണ്ടാകാറുണ്ടെന്ന് അനശ്വര പറയുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ ശീലമായെന്നും മത്സരമായി കാണുന്നില്ലെന്നും താരം വ്യക്തമാക്കി. 'ഗേൾ ഫോർമുല' എന്ന തെലു​ഗ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അനശ്വര മനസുതുറന്നത്.

'ഒരുകാലത്ത് ഇത്തരം കാര്യങ്ങളെല്ലാം എന്നെ ഒരുപാട് ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്നും എനിക്ക് അറിയാം. ചെയ്യുന്ന സിനിമകൾ, കഥാപാത്രങ്ങൾ, എന്റെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളൊന്നും ഇപ്പോൾ എന്നെ ബാധിക്കാറില്ല,' അനശ്വര പറഞ്ഞു.

താരതമ്യങ്ങളല്ലാതെ മറ്റൊരു കാരണത്താൽ ജീവിതത്തിൽ വളരെ മോശമായൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും അനശ്വര വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ നിന്ന് വലിയ തോതിൽ അധിക്ഷേപങ്ങൾ നേരിട്ടിരുന്ന ആ സമയത്ത് എല്ലാവരും തന്നെ വെറുക്കുന്നതുപോലെ തോന്നിയിരുന്നുവെന്ന് താരം പറഞ്ഞു.

'എന്തിനാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് മനസിലായിരുന്നില്ല. എന്ത് തെറ്റാണ് ഞാൻ ചെയ്തത്, എവിടെയാണ് പിഴച്ചത് എന്നൊക്കെ അടുപ്പമുള്ളവരോട് ചോദിക്കുമായിരുന്നു. സോഷ്യൽ മീഡിയ തുറക്കാനോ യൂട്യൂബിൽ എന്റെ പേര് തിരഞ്ഞുനോക്കാനോ പോലും പേടിയായിരുന്നു. എവിടെയെങ്കിലും എനിക്കെതിരായ അധിക്ഷേപ കമന്റുകൾ കാണുമോ എന്നായിരുന്നു ഭയം. ചില ദിവസങ്ങളിൽ മുറിയിലിരുന്ന് കരയുമായിരുന്നു,' അനശ്വര ഓർത്തെടുത്തു.

ആ മോശം ഘട്ടത്തിൽ നിന്ന് സ്വയം പുറത്തുകടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇപ്പോൾ ആരോഗ്യകരമായ മാനസികാവസ്ഥയിലാണ് താനെന്നും അനശ്വര വ്യക്തമാക്കി. മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താനും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

'എന്നെ ഏറ്റവുമധികം സഹായിച്ചത് എന്റെ ചുറ്റുമുള്ള മനുഷ്യരാണ്. പ്രത്യേകിച്ചും എന്റെ ചേച്ചി. നേര് എന്ന സിനിമയും അതിന് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ സിനിമ എന്റെ ജീവിതം മാറ്റിമറിച്ചു എന്ന് ഞാൻ വെറുതേപറയുന്നതല്ല', അനശ്വര പറഞ്ഞു.

Comparisons with other actresses don't affect me anymore; reveals Anaswara Rajan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം'; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തി നശിച്ചു - വിഡിയോ

'ഐ ആം ​ഗെയിം', 'ഓട്ടം തുള്ളൽ', 'ഹയ്‌വാൻ'; ഈ ദീപാവലി ഒടിടിയിൽ ആഘോഷമാക്കാം

ഏഴുവര്‍ഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു

ഞായര്‍ വരെ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്