സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ളയുടെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദയ സുജിത്ത്. ദയയുടെ ട്രാന്‍സിഷന്‍ വിഡിയോക്കെതിരെ വ്‌ളോഗര്‍ ഷെഫീന ബിവി നടത്തിയ അധിക്ഷേപം വലിയ ചർച്ചയായി മാറിയിരുന്നു. ദയയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെ ആ വിഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദയ.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ദയയുടെ പ്രതികരണം. ആദ്യം പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. എന്നാല്‍ അവര്‍ കാരണം ഒരുപാട് പേരുടെ ജീവിതം ബാധിക്കപ്പെട്ടിട്ടുണ്ടെന്നും ദയ പറയുന്നു. അവരെ പിന്തുണയ്ക്കാനും ആളുകളുണ്ടെന്നത് ഭയപ്പെടുത്തുന്നുണ്ടെന്നും ദയ പറഞ്ഞു. ആ വാക്കുകളിലേക്ക്:
ഞാനിപ്പോള്‍ ചെറുതായി എയറിലാണ്. ഇപ്പോള്‍ എയറില്‍ നിന്നും മാറി സ്‌പേസിലേക്ക് എത്തിയിട്ടുണ്ട്. പക്ഷെ കുഴപ്പമില്ല ഞാന്‍ ഓക്കെയാണ്. സത്യമായിട്ടും ഞാന്‍ ഓക്കെയാണ്. സത്യവസ്ഥ പറയാം. കുറച്ച് ദിവസം മുമ്പ് വ്യക്തി ജീവിതത്തില്‍ കുറച്ച് തകര്‍ച്ച വന്നു. ആ സമയത്ത് ഞാന്‍ കരുതി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഇടവേളയെടുക്കാമെന്ന്. എല്ലാ ദിവസവും പോസ്റ്റ് ഇടുകയെന്ന ബാധ്യത ഒഴിവാക്കാമെന്ന് കരുതി. സ്‌ക്രോള്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ പോസ്റ്റ് ഒന്നും ഇടുന്നുണ്ടായിരുന്നില്ല.
അടുത്ത ദിവസം ഞാനങ്ങ് എയറിലായി. പേരൊന്നും പറയുന്നില്ല. അവര്‍ക്ക് വേണ്ടി എന്റെ എനര്‍ജി നഷ്ടപ്പെടുത്താനോ ആ പേര് പറഞ്ഞ് നെഗറ്റീവ് എനര്‍ജി നേടാനോ ഞാനില്ല. ഇതേക്കുറിച്ച് ഇപ്പോള്‍ പറഞ്ഞാല്‍ പിന്നെ പറയില്ല. ഞാനത് മുഴുവനും കണ്ടിട്ടില്ല. കുറച്ച് കുറച്ചേ കണ്ടിരുന്നുള്ളൂ. എന്തായിത്? തിളച്ച എണ്ണയില്‍ കടുകിട്ട ശേഷം, വെള്ളവും കൂടെ ഒഴിച്ചാലുള്ളത് പോലെ പൊട്ടുകയായിരുന്നു. ഞാന്‍ പ്രതികരിക്കേണ്ടെന്ന് കരുതി. എന്റെ ജീവിതവുമായി മുന്നോട്ട് പോകാമെന്ന് കരുതി.
സത്യം പറഞ്ഞാല്‍ അതിറങ്ങിയപ്പോള്‍ മുഴുവന്‍ കണ്ടിരുന്നില്ല. അതിനാല്‍ കാലിന്റെ അടിയിലെ പൊടിയുടെ വിലയേ ഉണ്ടായിരുന്നുള്ളൂ, സത്യമായിട്ടും. ഇഗ്നോര്‍ ചെയ്യാമെന്നാണ് കരുതിയത്. കാരണം ഇതുപോലൊരാള്‍ക്ക് വേണ്ടി എന്റെ ഊര്‍ജ്ജം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി. അവരെ ഞാന്‍ മനുഷ്യനെന്ന് പോലും വിളിക്കുന്നില്ല. വേറെ എന്തോ ജീവിയാണ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് അറിയുന്നത് വേറെ പല സ്ത്രീകളും ഇവര്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന്. ഞാന്‍ മാത്രമല്ല, വേറേയും കുറേ ഇരകളുണ്ട്. ഞാന്‍ പിന്നെ ഇന്‍സ്റ്റഗ്രാമിലേക്ക് തിരികെ വന്നു.
കുറേ ആണുങ്ങള്‍ അവരെ പിന്തുണച്ചു. ചിലര്‍ എന്നെ അനുകൂലിച്ചു. അഭിപ്രായങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലത് അംഗീകരിക്കാനാകില്ല. ഏറ്റവും മികച്ച കാര്യം എനിക്ക് ലഭിക്കുന്ന സ്‌നേഹമാണ്. ഇത് കണ്ട് എന്നെ അറിയുന്നവരുണ്ട്. മോളെ നീ അടിപൊളിയാണെന്ന് പറഞ്ഞ് കുറേപ്പേരുടെ ലവ് കിട്ടുന്നുണ്ട്. ഞാന്‍ ഫോളോ ചെയ്യാത്ത സെലിബ്രിറ്റികള്‍ മെസേജ് അയച്ചു. ഒപ്പമുണ്ടെന്ന് പറഞ്ഞു. എന്റെ കുടുംബക്കാര്‍ വിളിച്ചു.
ഈ ജീവി കാരണം ഒരുപാട് ജീവിതങ്ങളെ ബാധിച്ചിട്ടുണ്ട്. അതിനുള്ള അവകാശം അവര്‍ക്കില്ല. ജീവിതത്തെ ബാധിക്കരുതെന്ന് സ്വയം പറഞ്ഞാലും ചിലര്‍ക്ക് അത് സാധിക്കില്ല. 98 ശതമാനം ആളുകളും അവര്‍ക്കൊപ്പമാണ്. അത് എന്നെ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനൊരു സമൂഹം ഉണ്ടെന്നത് തന്നെ പേടിയുണ്ടാക്കി. ഞെട്ടലല്ല, പേടിയാണ് അനുഭവപ്പെട്ടത്. രണ്ട് ശതമാനം ആളുകളാണ് എന്നെ പിന്തുണച്ചത്. എല്ലാവരും എന്നെ പിന്തുണയ്ക്കണമെന്നല്ല പറഞ്ഞത്. ഞാനിത് ഭീഷണിപ്പെടുത്തുകയല്ല, എന്നെ എതിര്‍ത്തും അനുകൂലിച്ചും വന്നവരെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്. ഭാവിയില്‍ എന്താണ് പറഞ്ഞതെന്ന് നോക്കിയ ശേഷം ഇട്ടുകൊടുക്കാം.
എന്നെ പിന്തുണച്ച എല്ലാ സ്ത്രീകള്‍ക്കും, 94 ശതമാനം സ്ത്രീകളും ആറ് ശതമാനം പുരുഷന്മാരുമായിരുന്നു, അവര്‍ക്കെല്ലാം നന്ദി പറയുന്നു. ഞാന്‍ പോസ്റ്റ് ചെയ്യുന്നതും വ്‌ളോഗും നിര്‍ത്തില്ല. എന്നോട് എത്ര സ്‌നേഹമുണ്ടെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. എനിക്ക് അധികം ഫാന്‍സൊന്നും ഉണ്ടാകില്ലെന്ന് കരുതി. പക്ഷെ സത്യസന്ധമായി എന്നെ സ്‌നേഹിക്കുന്നവരുണ്ടെന്ന് തിരിച്ചറിഞ്ഞു. അതാണ് ഞാന്‍ ആലോചിക്കുന്നത്. ഒരു കൊച്ചു കുഞ്ഞ് ഇനിയും പോസ്റ്റ് ചെയ്യണം, ചേച്ചി കാരണം ഞാന്‍ മേക്കപ്പ് ചെയ്യാന്‍ പഠിച്ചുവെന്ന് മെസേജ് അയച്ചു. ഞാന്‍ ഇതൊക്കെയാണ് നോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates