ന്യൂഡൽഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജി പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ജനുവരിയിൽ ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകി. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.
2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17 ന് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം താരത്തെ ആക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു. എറണാകുളത്തെ വിചാരണക്കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates